2022ല്‍ മനസ് നിറച്ച കൊച്ചു സിനിമകള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയും സിനിമ കാണുന്ന രീതിയുമൊക്ക വളരെയധികം മാറിയിട്ടുണ്ട്. കുറച്ച് കാലം മുമ്പ് വരെ നായകനെ നോക്കി സിനിമക്ക് ടിക്കറ്റെടുത്തിരുന്ന മലയാളി ഇന്ന് സംവിധായകനെ നോക്കി സിനമാ കാണാന്‍ തുടങ്ങിയിരിക്കുകയാണ്. മമ്മൂട്ടി സിനിമയാണോ മോഹന്‍ലാല്‍ സിനിമയാണോ എന്ന് ചോദിച്ചിരുന്നവര്‍ ഇന്ന് ചോദിക്കുന്നത് ഏത് സംവിധായകന്റെ സിനിമയാണെന്നാണ്.

അങ്ങനെ 2022 ആകുമ്പോഴേക്കും നിരവധി സൂപ്പര്‍ സംവിധായകരാണ് ഇത്തരത്തില്‍ വളര്‍ന്നുവന്നിരിക്കുന്നത്. ഈ കഴിഞ്ഞ വര്‍ഷം മലയാളത്തിലെ പല അതികായന്മാരും പരാജയപ്പെട്ടപ്പോള്‍, ഇപ്പുറത്ത് കൊച്ച് സിനിമകളുമായി വന്ന ചിലര്‍ ജനപ്രിയ സംവിധായകരായും മാറി. അത്തരത്തില്‍ ജനപ്രിയമായി മാറിയ ചില സംവിധായകര്‍ മലയാളത്തിന് ഇക്കഴിഞ്ഞ വര്‍ഷം സമ്മാനിച്ച സിനിമകളാണ് സൂപ്പര്‍ ശരണ്യ, ജോ ആന്‍ഡ് ജോ, ജയ ജയ ജയ ജയഹേ, സൗദി വെള്ളക്ക തുടങ്ങിയവ.

 

 

സൂപ്പര്‍ ശരണ്യ

2022ന്റെ തുടക്കത്തില്‍ തന്നെ തിയേറ്ററുകളിലെത്തിയ സിനിമയായിരുന്നു സൂപ്പര്‍ ശരണ്യ. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ഹിറ്റ് സിനിമക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത സിനിമയായിരുന്നു ഇത്. നായകന്റെ പ്രണയവും അവനെ ചുറ്റിപറ്റി നടക്കുന്ന കഥകളുമൊക്കെ നിരന്തരം വന്നുകൊണ്ടിരുന്ന മലയാള സിനിമയിലേക്കാണ് നായികയുടെ പ്രണയവുമായി ഒരു സിനിമ വരുന്നത്. ഇതൊരു പുതുമയല്ല എങ്കില്‍ പോലും ഇതൊക്കെ വല്ലപ്പോഴും മാത്രമാണ് നമ്മുടെ സിനിമകളില്‍ സംഭവിക്കുന്നത് എന്നത് നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്.

സിനിമയില്‍ സൂപ്പര്‍ ശരണ്യ എന്ന ടൈറ്റില്‍ റോളിലെത്തിയ അനശ്വര രാജന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്. ആണ്‍കൂട്ടങ്ങളെ മാത്രം ഫോക്കസ് ചെയ്യുന്ന ക്യാമ്പസ് സിനിമകളില്‍ നിന്നും വ്യത്യസ്തമായി പെണ്‍കുട്ടികളുടെ കോളേജ് കഥകളും ഹോസ്റ്റല്‍ ജീവിതവുമൊക്കെ മനോഹരമായി തന്നെ അവതരിപ്പിക്കാന്‍ ഗിരീഷിന് കഴിഞ്ഞിട്ടുണ്ട്.

അനശ്വര രാജന്റെ സിനിമ കാണാന്‍ പോകുന്നു എന്നതിനപ്പുറത്തേക്ക് തണ്ണീര്‍ മത്തന്‍ ദിനങ്ങളുടെ സംവിധായകന്റെ സിനിമ കാണാനാണ് പലരും തിയേറ്ററുകളിലേക്ക് പോയത്. ഒരു സംവിധായകന്റെ രണ്ടാമത്തെ സിനിമയാണ് അയാളുടെ മികവ് എത്ര മാത്രമുണ്ടെന്ന് നമുക്ക് കാണിച്ച് തരുന്നതെന്നാണ് പൊതുവെ പറയപ്പെടുന്നത്. ആ രീതിയില്‍ നോക്കുകയാണെങ്കില്‍ വിജയിക്കാന്‍ ഗിരീഷിന് കഴിഞ്ഞിട്ടുണ്ട്.

ജോ ആന്‍ഡ് ജോ

അത്തരത്തില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ മറ്റൊരു സിനിമയാണ് ജോ ആന്‍ഡ് ജോ. അരുണ്‍ ഡി ജോസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമക്ക് വലിയ പ്രേക്ഷക പ്രീതി നേടാന്‍ സാധിച്ചിരുന്നു. ജോമോളുടെയും ജോമോന്റെയും സഹോദര ബന്ധത്തിനിടയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍, അവരുടെ സുഹൃത്തുക്കള്‍, അങ്ങനെ രണ്ട് ജോയേയും ചുറ്റിപറ്റി നടക്കുന്ന കഥയാണിത്.

സിനിമയില്‍ അവതരിപ്പിക്കപ്പെടുന്ന ആ വീട് നമുക്ക് വീടായി തന്നെ അനുഭവപ്പെടുന്നുണ്ട്, നമ്മുടെയോ അല്ലെങ്കില്‍ നമുക്ക് പരിചയമുള്ള സുഹൃത്തിന്റെ വീടോ ഒക്കെയായി ആ വീട് നമുക്ക് തോന്നും. അതൊക്കെ സംവിധാന മികവിനെയാണ് കാണിക്കുന്നത്. വലിയ താര നിരയൊന്നുമില്ലാതെ വന്ന ഒരു ചെറിയ സിനിമയാണ് ജോ ആന്‍ഡ് ജോ. നിഖില വിമല്‍, നസ്‌ലന്‍, മാത്യു തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എങ്കില്‍ തന്നെയും കുടുംബ പ്രേക്ഷകരെ തിയേറ്ററിലെത്തിക്കാന്‍ സിനിമക്ക് കഴിഞ്ഞു.

ആളുകളെ തിയേറ്ററിലെത്തിക്കാന്‍ സൂപ്പര്‍ സ്റ്റാറുകളോ, വലിയ വലിയ സംവിധായകരുടെയോ ആവശ്യമില്ലെന്ന് തെളിയിച്ച സിനിമകളിലൊന്നാണിത്. സിനിമയില്‍ വന്നുപോകുന്ന ഓരോരുത്തരും അസാധ്യ പെര്‍ഫോര്‍മന്‍സുകളാണ് കാഴ്ച്ചവെച്ചത്. ചിത്രത്തില്‍ നിഖില വിമല്‍ അവതരിപ്പിച്ച ജോമോള്‍ എന്ന കഥാപാത്രത്തിന്റെ പ്രകടനമാണ് എടുത്ത് പറയേണ്ടത്. അവരുടെ വേഷവും നടപ്പും വരെ കഥാപാത്രത്തിന് ചേര്‍ന്ന തരത്തിലായിരുന്നു.

ജയ ജയ ജയ ജയഹേ

2022ലെ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് വിപിന്‍ ദാസിന്റെ ജയ ജയ ജയ ജയഹേ. ഒരു സ്ത്രീക്ക് അവളുടെ കുടുംബത്തില്‍ നിന്നും കിട്ടേണ്ട മൂന്ന് കാര്യങ്ങള്‍ എന്തൊക്കെയാണ്. ഈ ചോദ്യത്തിന്റെ ഉത്തരത്തിലേക്കുള്ള യാത്രയാണ് ഈ സിനിമ. അതിനെ വളരെ രസകരമായി തന്നെ അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുമുണ്ട്. ഈ വര്‍ഷം സോഷ്യല്‍ മീഡിയയിലും മറ്റും ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ സിനിമ കൂടിയാണിത്.

ഭാര്‍ത്താവിന്റെ കാലുമടക്കി തൊഴി കൊള്ളാന്‍ ഡബിള്‍ എം.എയും പിന്നിലിട്ട് വരുന്ന നായികയില്‍ നിന്നും ഭര്‍ത്താവിനെ കാലു മടക്കി തൊഴിക്കുന്ന നായികയിലേക്കുള്ള പരിണാമവും ജയഹേയില്‍ കാണാം. ദര്‍ശനയുടെയും ബേസിലിന്റെയും പ്രകടനങ്ങള്‍ കൂടി ചേരുമ്പോള്‍ പ്രേക്ഷകന്റെ കയ്യടിയുടെ എണ്ണവും കൂടി. സിനിമ കൈകാര്യം ചെയ്യുന്ന വളരെ പ്രസക്തമായ വിഷയത്തെ തമാശയിലുടെ പ്രേക്ഷകരിലെത്തിക്കുന്നതില്‍ വിപിന്‍ വിജയിച്ചിട്ടുണ്ട്.

സൗദി വെള്ളക്ക

കണ്ടിരുന്ന പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും കണ്ണ് നിറക്കുകയും ചെയ്ത സിനിമയാണ് തരുണ്‍ മൂര്‍ത്തിയുടെ സൗദി വെള്ളക്ക. ഇക്കൂട്ടത്തില്‍ എടുത്ത് പറയേണ്ട സിനിമയും അതു തന്നെയാണ്. പ്രൊമോഷന്റെ തിയേറ്ററിലെത്തിയ സിനിമയായിരുന്നു ഇത്. എന്നാല്‍ തിയേറ്ററിലെത്തിയ ആദ്യ ദിവസം കൊണ്ട് തന്നെ പ്രേക്ഷക ഹൃദയത്തിലേറാന്‍ തരുണ്‍ മൂര്‍ത്തിയുടെ സൗദി വെള്ളക്കക്ക് കഴിഞ്ഞു. ഓപ്പറേഷന്‍ ജാവ എന്ന സിനിമ നല്‍കിയ പ്രതീക്ഷയായിരിക്കണം ടിക്കറ്റെയുക്കാന്‍ പ്രേക്ഷകരെ പ്രേരിപ്പിച്ചതെന്ന് ഉറപ്പാണ്.

ഇമോഷണല്‍ ത്രെഡിലൂടെ പോകുമ്പോഴും വളരെ രസകരമായ രീതിയില്‍ ചിത്രത്തില്‍ സിറ്റുവേഷണല്‍ കോമഡികള്‍ കടന്നുവരുന്നുണ്ട്. സമന്‍സ് കൊണ്ടുവരുമ്പോള്‍ ഡെഡ് ബോഡിക്കോ എന്ന ചോദ്യവും, കോടതിയിലെ രംഗങ്ങളിലെ ചില വാചകങ്ങളും തുടങ്ങി പൊട്ടിച്ചിരിപ്പിക്കുന്ന ചില നുറുങ്ങ് സംഭാഷണങ്ങള്‍ ചിത്രത്തിലുണ്ട്. മലയാളത്തില്‍ നിരവധി കോര്‍ട്ട് റൂം ഡ്രാമകള്‍ വന്ന ഈ വര്‍ഷത്തില്‍ ഏറ്റവും മികച്ച കോടതിരംഗങ്ങളും കോടതി നര്‍മങ്ങളുമുള്ള ചിത്രം കൂടിയാണ് സൗദി വെള്ളക്ക.ഈ ചിത്രത്തിലൂടെ തരുണ്‍ മൂര്‍ത്തിയെന്ന എന്ന സംവിധായകനുമേല്‍ പ്രേക്ഷകരുടെ പ്രതീക്ഷ കൂടുതലേറുകയാണ്.

content highlight: super directors in 2022