സൂപ്പര്‍ ഡീലക്സ്; ലൈംഗികതയുടെ നാല് മുഖങ്ങള്‍
D Review
സൂപ്പര്‍ ഡീലക്സ്; ലൈംഗികതയുടെ നാല് മുഖങ്ങള്‍
ശംഭു ദേവ്
Friday, 29th March 2019, 8:04 pm

“കാമം” എന്ന വികാരത്തെ ദ്വയാര്‍ത്ഥ വസ്തുതയാക്കാതെ ആവിഷ്‌കരിച്ച ചിത്രമാണ് ആരണ്യ കാണ്ഡത്തിന് ശേഷം ത്യാഗരാജന്‍ കുമാരരാജ ഒരുക്കിയ “സൂപ്പര്‍ ഡീലക്സ്”. വിജയ് സേതുപതി,ഫഹദ് ഫാസില്‍,രമ്യ കൃഷ്ണന്‍,സാമന്ത,സംവിധായകന്‍ മിസ്സ്‌കിന്‍ ,ഗായത്രി, ഭഗവതി പെരുമാള്‍, വിജയ് റാം തുടങ്ങിയവര്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രം. ഹോളിവുഡ് ഫിലിം മേക്കര്‍ ടെറന്റിനോയുടെ ചിത്രങ്ങളില്‍ കണ്ടുവരുന്ന കഥപറച്ചിലിന്റെ ശൈലിയാണ് സൂപ്പര്‍ ഡീലക്സ് എന്ന ചിത്രം പിന്തുടരുന്നത്.

ഒരേ ദിവസം പലരുടെയും ജീവിതത്തില്‍ നടക്കുന്ന വ്യത്യസ്ത സംഭവങ്ങള്‍ നോണ്‍ ലീനിയര്‍ ആയി ഇതിന് മുന്‍പും തമിഴ് സിനിമകളില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ പോലും, ചിത്രം വേറിട്ട് നില്‍ക്കുന്നത് കഥയിലെ ആശയവും അവ പിന്തുടരുന്ന വൈകാരിക നിമിഷങ്ങളുമാണ്. ലൈംഗീകതയെ ആശയമാക്കി മുന്‍പും ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടപ്പോള്‍ നിലവാരമില്ലാത്ത ഹാസ്യത്തിലേക്ക് പോയ ചില ചിത്രങ്ങളുണ്ട്, എന്നാല്‍ സൂപ്പര്‍ ഡീലക്സ് കാമം എന്ന വികാരത്തിന്റെ വിവിധ തലത്തിലേക്കുള്ള എത്തിനോട്ടമാണ്. പൊതു സമൂഹത്തിന്റെ സദാചാര ബോധത്തില്‍ നിന്ന് കൗമാര പ്രായത്തിലെ കുട്ടികള്‍ക്കിടയില്‍ കാമം എന്ന വികാരം ഉണര്‍ത്തുന്ന കൗതുകത്തെ വരെ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്ത ചിത്രം വളരെ വിരളമാണ്.

ഭര്‍ത്താവ് വീട്ടിലില്ലാത്ത നേരത്ത് മുന്‍കാമുകനെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തിയ വെംപ് എന്ന സാമന്ത അവതരിപ്പിക്കുന്ന കഥാപാത്രത്തില്‍ തുടങ്ങി പുരുഷനില്‍ നിന്ന് സ്ത്രീയായി മാറിയ ശില്‍പ്പ എന്ന വിജയ് സേതുപതിയുടെ അച്ഛന്‍ കഥാപാത്രം വരെ… ചിത്രം സംസാരിക്കുന്നത് ഇതിലെല്ലാം ഉള്‍പ്പെടുന്ന ലൈംഗികതയെ കുറിച്ച് മാത്രമല്ല,ആനന്ദം തേടി പോകുന്ന മനുഷ്യര്‍ക്ക് നേരെയുള്ള നേരര്‍കാഴ്ചയുടെ കണ്ണാടിയാണ് ചിത്രം. മനുഷ്യരുടെ പൊതു സദാചാര ബോധം, അന്ധമായ ദൈവവിശ്വാസം എന്നിവയിലേക്ക് ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട് സൂപ്പര്‍ ഡീലക്സ്.

Image result for super deluxe review

അനാവശ്യമായി പ്രേക്ഷകന്റെ വായിലേക്ക് നന്മ മരങ്ങളായ കഥാപാത്രങ്ങളിലൂടെ രാഷ്ട്രീയവും, സന്ദേശവും നല്‍കുന്നിടതല്ല ചിത്രത്തിന്റെ സവിശേഷത, താഴെ കിടയിലുള്ള ജീവിതങ്ങളെ സംവിധായകന്‍ തന്റെ ഭാവനയില്‍ മറ്റൊരു ലോകം സൃഷ്ടിച്ച് പ്രേക്ഷകന് സമ്മാനിക്കുന്നു. അനായാസമായി കാര്യങ്ങള്‍ പറയേണ്ടിടത്ത് പറയുന്നുണ്ട്. മൂന്ന് മണിക്കൂര്‍ സാക്ഷ്യം വഹിക്കുന്ന ജീവിതങ്ങളിലൂടെ പ്രേക്ഷകരെ അവരെത്തുന്ന ബോധ്യങ്ങളിലേക്ക് അനായാസമായി അഴിച്ചു വിടാന്‍ സംവിധായകന് സാധിച്ചു. മിസ്സ്‌കിന്‍, നളന്‍ കുമാരസാമി,നീലന്‍ കെ ശേഖറും സംവിധായകനും ചേര്‍ന്നൊരുക്കിയ തിരക്കഥ ചിത്രത്തിന്റെ സവിശേഷതതന്നെയാണ്.

പല കാഴ്ചപാടുകളില്‍ നിന്ന് പല തരത്തിലുള്ള മനുഷ്യരുടെ ജീവിതവും സാഹചര്യത്തിന് അനുയോജ്യമായ സംഭാഷണങ്ങള്‍ ഒരുക്കുന്നതിലും പിഴവ് പറ്റാതെ ചിത്രം പിടിച്ചിരിത്തുന്നുമുണ്ട്. റിയലിസത്തില്‍ നിന്ന് ഒരു സെമി ഫാന്റസിയിലേക്ക് നീങ്ങുന്നുണ്ട് ചിത്രം. അവയെല്ലാം വേണ്ടുന്ന രീതിയില്‍ ചിത്രത്തിന്റെ ഉത്തമ ബോധ്യത്തില്‍ കോര്‍ത്തിണക്കിയ കഥപറച്ചിലായിട്ടാണ് ചിത്രം അനുഭവപ്പെട്ടത്. ഓരോരുത്തരുടെയും ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍….അതേ സമയം പ്രേക്ഷകനെയും കഥാപാത്രങ്ങളുടെ കിതപ്പിനൊപ്പം നിര്‍ത്തുന്നുണ്ട് ചിത്രം. ബന്ധങ്ങളിലെ വിശ്വാസ വഞ്ചനയെ പ്രണയത്തിന്റെ തീവ്രതകൊണ്ടും, സദാചാര ബോധത്തിനെ പരസ്പര അംഗീകരണങ്ങള്‍ കൊണ്ടും, അന്ധ വിശ്വാസത്തിനെ ചോദ്യങ്ങള്‍ നിറഞ്ഞ തിരച്ചറിവിലേക്കും, തല കുഴഞ്ഞ പ്രശ്‌നങ്ങളെ ഫാന്റസികൊണ്ടും ചിത്രം അവസാനിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം ബോധ്യങ്ങള്‍ വ്യക്തിപരവും മാനുഷികമാകുവാനും സാധ്യതയുണ്ട്.

Image result for super deluxe review

കൂട്ടുകാരന്റെ വീട്ടില്‍ ആരുമില്ലാത്ത നേരത്ത് കൂട്ടുകാരുമൊത്ത് ബ്ലൂ ഫിലിം കാണുന്ന നാല് പയ്യന്മാരുടെ പ്രകടനം മുതല്‍ അശ്വന്ത് അശോക് കുമാര്‍ എന്ന കുട്ടിയുടെ പ്രകടനം വരെ മികച്ചതായിരുന്നു. വിജയ് സേതുപതിയുടെ ശില്‍പ എന്ന കഥാപാത്രവും അദ്ദേഹത്തിന്റെ പ്രകടനവും വളരെ ഗൗരവത്തോടെ നോക്കികാണേണ്ട ഒരു ഘടകം തന്നെയാണ് ചിത്രത്തില്‍. പിതാവായി നാട് വിട്ടുപോയ ഒരാളില്‍ നിന്ന് പെണ്‍ രൂപം ഉള്‍ക്കൊണ്ട ഒരാള്‍ക്ക് നാട്ടില്‍ അനുഭവിക്കേണ്ടി വരുന്ന അവസ്ഥകളില്‍ മനുഷ്യന്റെ മാനസിക സംഘര്‍ഷങ്ങളെ വിജയ് സേതുപതി എന്ന നടന്‍ അതേ തീവ്രതയോട്കൂടി അവതരിപ്പിച്ചിട്ടുണ്ട്. പോലീസ് സ്റ്റേഷനിലെ സീനുകളെല്ലാം അതിനുള്ള മികച്ച ഉദാഹരണമാണ്.

ഫഹദ് ഫാസില്‍ തമിഴില്‍ വേലൈകാരന് ശേഷം അഭിനയിക്കുന്ന ചിത്രമാണ് സൂപ്പര്‍ ഡീലക്സ്… ഭാഷ മാറുമ്പോഴും പ്രകടനം കൊണ്ട് അമ്പരപ്പിക്കുന്നതില്‍ അദ്ദേഹം എന്ന നടന്‍ ഒരിക്കലും പരാജയപ്പെടുന്നില്ല. ഞെട്ടലുകളെ അങ്ങേയറ്റം സൂക്ഷ്മതയില്‍ അവതരിപ്പിച്ചിട്ടുണ്ട് അദ്ദേഹം ഈ ചിത്രത്തില്‍. അളവ് അല്‍പ്പം കൂടിയാല്‍ ഓവര്‍ ആയി പോയേക്കാവുന്ന സന്ദര്‍ഭങ്ങളില്‍ പോലും ഫഹദ് എന്ന നടന്റെ പക്വതയുള്ള പ്രകടനമാണ്. രമ്യ കൃഷ്ണന്‍,സാമന്ത, മിസ്സ്‌കിന്‍,ഗായത്രി, ഭഗവതി പെരുമാള്‍,വിജയ് റാം പ്രകടനം കൊണ്ട് സൂപ്പര്‍ ഡീലക്സിനെ ആഡംബരമാക്കിയവരാണ്.

വിക്രം വേദയുടെ ഛായാഗ്രാഹകന്‍ പി എസ് വിനോദും, മദ്രാസ് പട്ടണം, തലൈവ,കാവിയ തലൈവന്‍, 2.0 എന്ന ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ നിരവ് ഷാ എന്നിവര്‍ ചേര്‍ന്നൊരുക്കിയ ഛായാഗ്രഹണം സിനിമയെ നിലവാരത്തെ ഉയര്‍ത്തുന്ന ഘടകങ്ങളില്‍ ഒന്നാണ്, ഓരോ ഫ്രെയിമിലും കഥാപശ്ചാത്തലത്തിന് യോജിച്ച രീതിയില്‍, വസ്ത്രാലങ്കാരം മുതല്‍ കലാ സംവിധാനത്തില്‍ കൊണ്ടുവന്ന കളര്‍ പാറ്റേണ്‍ വരെ ചിത്രത്തിന്റെ കാഴ്ചാനിലവാരത്തെ മികച്ചതാക്കുന്നുണ്ട്. ഇവയെല്ലാം ചേര്‍ത്ത് മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രമാക്കി സത്യരാജ് നടരാജന്‍ കോര്‍ത്തിണക്കിയിട്ടുണ്ട്.

Image result for super deluxe review

പശ്ചാത്തല വേര്‍ത്തിരിവുണ്ടായിരുന്നിട്ടും ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് പ്രേക്ഷകരുടെ ആസ്വാദനത്തിന് തടസ്സം വരാത്ത രീതിയില്‍ അദ്ദേഹം എല്ലാ രംഗങ്ങളെയും യോജിപ്പിച്ചു.എഡിറ്റിംഗിലെ സാങ്കേതിക വിദ്യകളെ മികച്ച രീതിയില്‍ നിറവേറ്റുവാന്‍ സാധിച്ചിട്ടുണ്ട് പലയിടത്തും. യുവന്‍ ശങ്കര രാജയുടെ സംഗീതം സാഹചര്യ യോജ്യമാണോ എന്നതിനപ്പുറം ബ്ലാക്ക് ഹ്യൂമറില്‍ കഥപറയുന്ന ചിത്രത്തില്‍ സാഹചര്യങ്ങള്‍ക്ക് വിപരീതമായി പരീക്ഷിച്ച സംഗീതമായാണ് അനുഭവപ്പെട്ടത്.

ചിത്രത്തിന്റെ “മൂഡ്” നിലനിര്‍ത്തുന്നതില്‍ യുവന്‍ ശങ്കര രാജയുടെ സംഗീതം എടുത്തു നിന്നു. തപസ് നായക്കിന്റെ ശബ്ദ മിശ്രണവും ചിത്രത്തിന്റെ സാങ്കേതിക വശത്തിന്റെ നിലവാരമുയര്‍ത്തുന്നു. തെരുവിലൂടെയുള്ള സീനുകളില്‍ ചുറ്റുമുള്ള ശബ്ദങ്ങള്‍ കഥയില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്, ചിത്രത്തിലുടനീളം ശബ്ദമിശ്രണത്തിന് ഏറെ പ്രാധാന്യമുള്ളതായി അനുഭവപ്പെട്ടു. ചിത്രത്തിന്റെ കഥപറച്ചില്‍ ശൈലി ശബ്ദകേന്ധ്രികൃതമാണ്.

സൂപ്പര്‍ ഡീലക്സ് തമിഴകത്തില്‍ നിന്ന് മാറ്റത്തിന്റെ മറ്റൊരു പാതയിലേക്കുള്ള അടയാളമാണ്. പറയാന്‍ മടിച്ചു നില്‍ക്കുന്ന വിഷയങ്ങളെ സ്ഥിരം ഫോര്‍മുലകള്‍ക്ക് കുരുതി കൊടുക്കാതെ വേറിട്ട രീതിയില്‍ ധൈര്യത്തോട് പറഞ്ഞ ചിത്രം.