'സൂപ്പര്‍ പോരാട്ടം ഇന്നുമുതല്‍'; 'യോഗ്യരാകാന്‍' കേരളത്തിന്റെ സ്വന്തം ഗോകുലം ഇന്ന് നോര്‍ത്ത് ഈസ്റ്റുമായി ഏറ്റുമുട്ടും
Super Cup 2018
'സൂപ്പര്‍ പോരാട്ടം ഇന്നുമുതല്‍'; 'യോഗ്യരാകാന്‍' കേരളത്തിന്റെ സ്വന്തം ഗോകുലം ഇന്ന് നോര്‍ത്ത് ഈസ്റ്റുമായി ഏറ്റുമുട്ടും
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 15th March 2018, 8:51 am

ന്യൂദല്‍ഹി: പ്രഥമ സൂപ്പര്‍ കപ്പിന്റെ യോഗ്യതാ മത്സരങ്ങള്‍ക്ക് ഇന്നു തുടക്കമാകും. ഐ ലീഗില്‍ നിന്നും ഐ.എസ്.എല്‍ നിന്നും നേരിട്ട് യോഗ്യത ലഭിക്കാത്ത നാലു ടീമുകളാണ് സൂപ്പര്‍ കപ്പ് പോരാട്ടത്തിനായി ഏറ്റുമുട്ടുക. ഇന്നു വൈകീട്ട് ഭൂവനേശ്വറില്‍ വെച്ച് നടക്കുന്ന ആദ്യ മത്സരത്തില്‍ ഐ ലീഗ് ക്ലബായ ചര്‍ച്ചില്‍ ബ്രദേഴ്‌സും ഐ.എസ്.എല്‍ ക്ലബ്ബായ ഡെല്‍ഹി ഡൈനാമോസും തമ്മില്‍ ഏറ്റുമുട്ടും.

രണ്ടാം മത്സരത്തില്‍ കേരളത്തിന്റെ ഗോകുലം എഫ്.സി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. യോഗ്യതാ റൗണ്ടില്‍ വിജയിച്ചാല്‍ മാത്രമേ സൂപ്പര്‍ കപ്പ് ഫൈനല്‍ റൗണ്ടിലേക്ക് ടീമുകള്‍ക്ക് പ്രവേശനം ലഭിക്കുകയുള്ളു. അതുകൊണ്ട് തന്നെ മത്സരങ്ങളിലെല്ലാം തീ പാറുമെന്ന് ഉറപ്പാണ്.

ഐ ലീഗില്‍ വന്‍ ടീമുകളെ അട്ടിമറിച്ച് മികച്ച പ്രകടനം കാഴ്ചവെച്ച ഗോകുലം എഫ്.സി സൂപ്പര്‍ കപ്പിലും വിജയം തുടരാമെന്ന ആത്മവിശ്വാസത്തിലാണ്. രണ്ട് ദിവസം മുമ്പ് തന്നെ ഗോകുലം എഫ്.സി ഭുവനേശ്വറില്‍ എത്തിയിരുന്നു.

ഗോകുലത്തിന്റെ പുതിയ പരിശീലകനായ സ്പാനിഷ് പരിശീലകന്‍ ഫെര്‍ണാണ്ടോ ടീമിനൊപ്പം ചേര്‍ന്നു എങ്കിലും ഇന്ന് ബിനോ ജോര്‍ജ്ജിന്റെ ശിക്ഷണത്തില്‍ തന്നെയാകും ടീം കളിക്കിറങ്ങുക. ബിനോ ജോര്‍ജ്ജിന്റെ ഗോകുലം പരിശീലകനായുള്ള അവസാന മത്സരമായേക്കും ഇത്.

ഐ എസ് എല്ലില്‍ അവസാന സ്ഥാനക്കാരായി ഫിനിഷ് ചെയ്ത നോര്‍ത്ത് ഈസ്റ്റിനെയാണ് നേരിടുന്നത് എന്നതു കൊണ്ട് തന്നെ വിജയപ്രതീക്ഷയിലാണ് ഗോകുലം. രാത്രി 8 മണിക്കാണ് ഗോകുലത്തിന്റെ മത്സരം. സൂപ്പര്‍ കപ്പ് മത്സരങ്ങള്‍ സ്റ്റാര്‍സ്‌പോര്‍ട്‌സാണ് പ്രക്ഷേപണം ചെയ്യുന്നത്.