ഭുവനേശ്വര്‍: സൂപ്പര്‍ കപ്പില്‍ ഐ ലീഗ് ടീമുകളുടെ ശക്തി തെളിയിച്ച് ഈസ്റ്റ് ബംഗാള്‍ എഫ്.സി ഫൈനലില്‍. ഐ.എസ്.എല്‍ ടീമായ എഫ്.സി ഗോവയെ എതിരില്ലാത്ത ഒരു ഗോളിനു പരാജയപ്പെടുത്തിയാണ് ഈസ്റ്റ് ബംഗാള്‍ കലാശപോരാട്ടത്തിനു അര്‍ഹത നേടിയത്.
78-ാം മിനിറ്റിലായിരുന്നു നൈജീരിയന്‍ താരമായ ഡുഡുവായിരുന്നു ഈസ്റ്റ് ബംഗാളിനായി ഗോള്‍ നേടിയത്. നാല് അരങ്ങേറ്റക്കാരുമായി കളിക്കാനിറങ്ങിയ ഗോവ ഈസ്റ്റ് ബംഗാളിനു മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. ക്വാര്‍ട്ടലില്‍ ജംഷദ്പൂരിനെതിരായ മത്സരത്തിലെ കൈയ്യാങ്കളിയാണ് ഗോവയ്ക്ക് വിനയായത്.
ക്വാര്‍ട്ടറിലുണ്ടായ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് അഞ്ച് ഗോവന്‍ താരങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നു. ഇതോടെയാണ് നാലു അരങ്ങേറ്റക്കാരുമായി കളത്തിലിറങ്ങാന്‍ ഗോവ നിര്‍ബന്ധിതരായത്. പതിനൊന്ന് താരങ്ങളെ കണ്ടെത്താന്‍ തങ്ങള്‍ ബുദ്ധിമുട്ടുകയാണെന്ന് മത്സരത്തിന് മുമ്പ് ഗോവയുടെ പരിശീലകന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഗോവന്‍ ഗോള്‍കീപ്പര് കട്ടിമണിയുടെ തകര്‍പ്പന്‍ പ്രകടനമാണ് ഗോവയുടെ പരാജയത്തിന്റെ ആഴം കുറച്ചത്. കട്ടിമണി നിറം മങ്ങിയിരുന്നെങ്കില്‍ ഗോവയെ ഈസ്റ്റ് ബംഗാള്‍ വന്‍ മാര്‍ജിനില്‍ പരാജയപ്പെടുത്തിയേനെ.
സൂപ്പര്‍ കപ്പിന്റെ കലാശപ്പോരാട്ടം ഏപ്രില്‍ 20നാണ് നടക്കുക. ചൊവ്വാഴ്ച്ച നടക്കുന്ന ബെംഗളൂരു എഫ്.സിയും മോഹന്‍ ബഗാനും തമ്മിലുള്ള മത്സര വിജയികളെയാകും ഈസ്റ്റ് ബംഗാള്‍ ഫൈനലില്‍ നേരിടുക.