2024 ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം കയ്യിലേറ്റുവാങ്ങി മാഞ്ചസ്റ്റര്‍ സിറ്റിയുടെ റോഡ്രി മെസിയും റൊണാള്‍ഡോയും അടങ്ങുന്ന എലീറ്റ് ലിസ്റ്റിലേക്ക് കാലെടുത്തുവെച്ചിരുന്നു. ഏറെ വിവാദങ്ങളാണ് റോഡ്രിക്ക് പുരസ്‌കാരം നല്‍കിയതുമായി ബന്ധപ്പെട്ട് ഉടലെടുത്തത്. റയല്‍ മാഡ്രിഡിന്റെ ബ്രസീല്‍ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറിന് ലഭിക്കേണ്ടിയിരുന്ന പുരസ്‌കാരമാണ് റോഡ്രി തട്ടിയെടുത്തതെന്നായിരുന്നു ഒരു കൂട്ടം ആരാധകരുടെ വാദം.
ബാലണ്‍ ഡി ഓറിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ കെട്ടടങ്ങിയതോടെ ഇപ്പോള്‍ സൂപ്പര്‍ ബാലണ്‍ ഡി ഓറിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് സജീവമാകുന്നത്. അഞ്ച് വര്‍ഷത്തിന് ശേഷം മാത്രം 2029ല്‍ മാത്രമാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുക്കുകയെങ്കിലും ഇപ്പോഴേ സൂപ്പര്‍ ബാലണ്‍ ഡി ഓറും ചര്‍ച്ചയിലേക്കുയര്‍ന്നിരിക്കുകയാണ്.
ഫുട്‌ബോളിലെ ഏറ്റവും വലിയ വ്യക്തിഗത പുരസ്‌കാരമായാണ് സൂപ്പര്‍ ബാലണ്‍ ഡി ഓര്‍ വിലയിരുത്തപ്പെടുന്നത്. എട്ട് തവണ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കിയ മെസിക്ക് തന്നെയാണ് നിലവില്‍ ഈ പുരസ്‌കാരത്തിന് ഏറ്റവുമധികം സാധ്യത കല്‍പിക്കുന്നത്.
പുറത്തുവന്നുകൊണ്ടിരിക്കുന്ന പവര്‍ റേറ്റിങ്ങുകളില്‍ ലയണല്‍ മെസിയുടെ പേരാണ് ഒന്നാമത്. രണ്ടാമതാകട്ടെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. ഇരുവര്‍ക്കും കടുത്ത ഭീഷണിയുയര്‍ത്തി ബ്രസീല്‍ ലെജന്‍ഡ് റൊണാള്‍ഡോ നസാരിയോ മൂന്നാമതുണ്ട്.
സിനദിന്‍ സിദാന്‍, ജിയാന്‍ലൂജി ബഫണ്‍, പൗളോ മാല്‍ഡീനി, റൊണാള്‍ഡീന്യോ, ആന്ദ്രേ ഇനിയേസ്റ്റ, സാവി, റൂഡ് ഗില്‍ട്ട് തുടങ്ങിയവരാണ് റേറ്റിങ്ങില്‍ ഇടം നേടിയ മറ്റ് പ്രധാന താരങ്ങള്‍.
കായിക ലോകത്തിലെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ പുരസ്‌കാരമായിട്ടാണ് സൂപ്പര്‍ ബാലണ്‍ ഡി ഓര്‍ വിലയിരുത്തപ്പെടുന്നത്. 30 വര്‍ഷക്കാലത്തെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ക്കാണ് ഈ പുരസ്‌കാരം ലഭിക്കുക.
ഫ്രാന്‍സ് ഫുട്ബോള്‍ മാഗസിന്‍ അതിന്റെ 30ാം വാര്‍ഷികം ആഘോഷിച്ച 1989ലാണ് ഈ പുരസ്‌കാരം ആദ്യമായും അവസാനമായും കൈമാറിയത്. റയലിന്റെ ഇതിഹാസ താരം ആല്‍ഫ്രെഡോ ഡി സ്റ്റെഫാനോയാണ് സൂപ്പര്‍ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടി ഫുട്‌ബോള്‍ ചരിത്രത്തില്‍ തന്റെ സ്ഥാനം അടയാളപ്പെടുത്തിയത്.
ഫുട്ബോളിന്റെ ചരിത്രത്തില്‍ തന്നെ ഒരിക്കല്‍ മാത്രമാണ് സൂപ്പര്‍ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നല്‍കിയിട്ടുള്ളത്. ഇതുകൊണ്ട് തന്നെ ആ പുരസ്‌കാരം എത്രത്തോളം പ്രസ്റ്റീജ്യസ് ആണെന്ന് വ്യക്തമാകും.
1956 നും 1960 നും ഇടയില്‍ റയല്‍ മാഡ്രിഡിനായി 308 ഗോളുകള്‍ നേടിയതിന് പിന്നാലെയാണ് ഈ പുരസ്‌കാരം സ്റ്റൈഫാനോയെ തേടിയെത്തിയത്. 1957ലെയും 1959ലെയും ബാലണ്‍ ഡി ഓര്‍ പുരസ്‌കാര ജേതാവും സ്റ്റെഫാനോ തന്നെയായിരുന്നു.
അന്ന് ലെജന്‍ഡുകളായ യോഹാന്‍ ക്രൈഫിനെയും മൈക്കല്‍ പ്ലാറ്റിനിയെയും പിന്തള്ളിയാണ് സ്റ്റെഫാനോ സൂപ്പര്‍ ബാലണ്‍ ഡി ഓറില്‍ മുത്തമിട്ടത്.
യൂറോപ്യന്‍ താരങ്ങളെ മാത്രമായിരുന്നു അന്ന് പുരസ്‌കാരത്തിനായി പരിഗണിച്ചിരുന്നത്. എന്നാല്‍ ജനിച്ചത് ബ്യൂണസ് ഐറിസിലാണെങ്കിലും സ്പാനിഷ് പാസ്പോര്‍ട്ട് ഉള്ളതിനാലാണ് ഡി സ്റ്റെഫാനോയെ ഈ പുരസ്‌കാരത്തിനായി പരിഗണിച്ചത്.
അക്കാലയളവില്‍ ബാലണ്‍ ഡി ഓറിന് പോലും യൂറോപ്യന്‍ താരങ്ങളെ മാത്രമാണ് പരിഗണിച്ചിരുന്നത്. ഇതിഹാസ താരം പെലെക്കും മറഡോണക്കും തങ്ങളുടെ കരിയറില്‍ പുരസ്‌കാരം ലഭിക്കാതെ പോയതിന് കാരണവും ഇതുതന്നെയായിരുന്നു. 1995ല്‍ ഇതില്‍ മാറ്റം വരുത്തുകയും മറ്റ് താരങ്ങളെ ബാലണ്‍ ഡി ഓറിനായി പരിഗണിക്കുകയും ചെയ്യുകയായിരുന്നു.
സൂപ്പര്‍ ബാലണ്‍ ഡി ഓറിനും യൂറോപ്യന്‍ താരങ്ങളെ മാത്രമേ പരിഗണിക്കൂ എന്നാണെങ്കില്‍ കൂടിയും മെസിക്ക് ഈ പുരസ്‌കാരം നല്‍കപ്പെടാന്‍ സാധ്യത കല്‍പിക്കുന്നുണ്ട്. കളിക്കുന്നതും കിരീടം നേടിയതും അര്‍ജന്റീനക്ക് വേണ്ടിയാണെങ്കിലും മെസിക്ക് സ്പാനിഷ് പൗരത്വമുണ്ട്.
Content highlight: Super Ballon d’Or predictions