| Friday, 22nd April 2022, 9:46 pm

കോപ്പിയടിച്ചാല്‍ കണ്ടുപിടിക്കില്ലെന്ന് കരുതിയോ? കട്ടെടുത്ത പാട്ടുമായി സണ്‍റൈസേഴ്‌സ് ബാന്‍ഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഏറെ ആരാധകരുള്ള ടീമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഓറഞ്ച് ആര്‍മി എന്ന് വിളിപ്പേരുള്ള ഈ മുന്‍ ചാമ്പ്യന്‍മാര്‍ എന്നും ഐ.പി.എല്ലിന് എന്റര്‍ടെയ്ന്‍മെന്റ് തന്നെയായിരുന്നു.

മറ്റു ചാമ്പ്യന്‍ ടീമുകളെ അപേക്ഷിച്ച് മികച്ച പ്രകടനമാണ് ടീം ഇത്തവണത്തെ ഐ.പി.എല്ലില്‍ പുറത്തെടുക്കുന്നത്. ആദ്യ മത്സരങ്ങളില്‍ അല്‍പമൊന്ന് പിന്നിലേക്ക് പോയെങ്കിലും മികച്ച തിരിച്ചുവരവാണ് ടീം നടത്തിയത്.

ഇപ്പോഴിതാ, സണ്‍റൈസേഴ്‌സ് പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ ട്രെന്റിംഗാവുന്നത്. സണ്‍റൈസേഴ്‌സ് ബാന്‍ഡ് എന്ന പേരില്‍ ഒരു ബാന്‍ഡ് തട്ടിക്കൂട്ടുകയും ടീമിനെ കുറിച്ചുള്ള പാട്ട് പാടുന്നതുമാണ് വീഡിയോയിലുള്ളത്.

ടീമിന്റെ മുഖശ്രീയായ കെയ്ന്‍ വില്യംസണ്‍ തന്നെയാണ് വീഡിയോയിലേയും താരം. ഗിറ്റാര്‍ വായിച്ച് ഈണമിട്ടാണ് വില്ലിച്ചായനും സംഘവും പാട്ട് പാടുന്നത്. ഇതിലെ വരികള്‍ പിരചിതമായിരിക്കുമെന്നും എല്ലാവരും ഒപ്പം പാടണമെന്നും പറഞ്ഞുകൊണ്ടാണ് അവര്‍ പാട്ട് പാടുന്നത്.

‘വീ ആര്‍ ദി സണ്‍റൈസേഴ്‌സ് വീ ആര്‍ ഫ്രം ഹൈദരാബാദ് വീ ലവ് ബിരിയാണി…’ എന്നാണ് പാട്ട് തുടങ്ങുന്നത്. ബ്രയാന്‍ ലാറ, ഡെയ്ല്‍ സ്റ്റെയ്ന്‍, മുരളീധരന്‍ തുടങ്ങി പരിശീലകരുടേയും എല്ലാ ടീം അംഗങ്ങളുടേയും പേരും പാട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇതിന് പുറമെ ടീമിലെ സ്റ്റാഫുകളേയും ഔഫീഷ്യല്‍സിനേയും നെറ്റ് ബൗളര്‍മാരെയും തുടങ്ങി സണ്‍റൈസേഴ്‌സ് ഫാമിലിയിലെ എല്ലാവരേയും പാട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

റാസ്‌കല്‍സ് എന്ന യൂ ട്യൂബേഴ്‌സിന്റെ ‘വീ ആര്‍ സൗത്ത് ഓഫ് ഇന്ത്യ’ പാട്ടിന്റെ ഈണം കോപ്പിയടിച്ചാണ് കെയ്ന്‍ വില്യംസണും കൂട്ടരും പാട്ടുണ്ടാക്കിയിരിക്കുന്നത്. കോപ്പിയടിയാണെങ്കിലും സംഭവം അടിപൊളി തന്നെയാണ്.

എന്തുതന്നെയായാലും നിമിഷനേരംകൊണ്ടു തന്നെ പാട്ട് ആരാധകര്‍ക്കിടയില്‍ തരംഗമായിട്ടുണ്ട്.

ശനിയാഴ്ച റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് സണ്‍റൈസേഴ്‌സിന്റെ അടുത്ത മത്സരം. നിലവില്‍ ആറ് കളിയില്‍ നിന്നും നാല് ജയവുമായി പോയിന്റ് പട്ടികയില്‍ അഞ്ചാമതാണ് ഹൈദരാബാദ്.

Content Highlight: Sunrisers Hyderabad with new song
We use cookies to give you the best possible experience. Learn more