ഐ.പി.എല്ലിൽ മറ്റൊരു ടീമിനുമില്ല ഇതുപോലൊരു നേട്ടം; ഒരേയൊരു ഓറഞ്ച് പട
Cricket
ഐ.പി.എല്ലിൽ മറ്റൊരു ടീമിനുമില്ല ഇതുപോലൊരു നേട്ടം; ഒരേയൊരു ഓറഞ്ച് പട
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 4th March 2024, 1:43 pm

2024 ഐ.പി.എല്‍ പുതിയ സീസണ്‍ മാര്‍ച്ച് 22 മുതലാണ് ആരംഭിക്കുക. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെയാണ് നേരിടുക.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ മറ്റൊരു ടീമിനുമില്ലാത്ത ഒരു നേട്ടം സ്വന്തമായുള്ള ടീമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. 2016 സീസണില്‍ ആയിരുന്നു ഓറഞ്ച് ആര്‍മി ഈ നേട്ടം സ്വന്തമാക്കിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ എലിമിനേറ്റര്‍ കളിച്ചുകൊണ്ട് കിരീടം നേടുന്ന ഏകടീമാണ് ഹൈദരാബാദ്.

2016 സീസണില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ 14 മത്സരങ്ങളില്‍ നിന്നും എട്ട് വിജയവും ആറ് തോല്‍വിയും അടക്കം 16 പോയിന്റോടെ മൂന്നാം സ്ഥാനക്കാരായാണ് ഹൈദരാബാദ് പ്ലേ ഓഫില്‍ പ്രവേശിച്ചത്.

എലിമിനേറ്ററില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോല്‍പ്പിച്ചു കൊണ്ടായിരുന്നു ഹൈദരാബാദ് രണ്ടാം ക്വാളിഫയറിലേക്ക് മുന്നേറിയത്. മത്സരത്തില്‍ കൊല്‍ക്കത്തയെ 22 റണ്‍സിനാണ് വാര്‍ണറും കൂട്ടരും പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഉയര്‍ത്തിയ 162 റണ്‍സ് പിന്തുടരാന്‍ ഇറങ്ങിയ കൊല്‍ക്കത്ത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് മാത്രമാണ് നേടിയത്.

രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ലയന്‍സിനെ വീഴ്ത്തിയായിരുന്നു ഹൈദരാബാദ് ഫൈനലിലേക്ക് മുന്നേറിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 162 റണ്‍സിന്റെ വിജയലക്ഷ്യമാണ് സണ്‍റൈസേഴ്‌സിന് മുന്നില്‍ ഉയര്‍ത്തിയത്. ലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ ഹൈദരാബാദ് 19.2 ഓവറില്‍ നാലു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു ഹൈദരാബാദ് കിരീടം നേടിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 208 എന്ന കൂറ്റന്‍ വിജയലക്ഷ്യമാണ് റോയല്‍ ചലഞ്ചേഴ്‌സിന് മുന്നില്‍ വെച്ചത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ബെംഗളൂരുവിന് ഒമ്പത് റണ്‍സകലെ കിരീടം നഷ്ടമാവുകയായിരുന്നു.

മറ്റൊരു ഐപിഎല്‍ സീസണ്‍ കൂടി മുന്നില്‍ വന്നു നില്‍ക്കുമ്പോള്‍ നീണ്ട എട്ടു വര്‍ഷങ്ങള്‍ക്കുശേഷം ഈ സീസണില്‍ ഹൈദരാബാദ് കിരീടം ഉയർത്തുമോ എന്ന് കണ്ടു തന്നെ അറിയണം.

Content Highlight: Sunrisers Hyderabad is the only team to win the IPL after playing in the eliminator