| Thursday, 25th May 2023, 9:25 pm

ചരിത്രത്തില്‍ ഒരിക്കല്‍ മാത്രം; രണ്ടാം വാര്‍ണറാകാന്‍ രോഹിത്തിനാകുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ എലിമിനേറ്ററില്‍ വിജയിച്ച് രോഹിത് ശര്‍മയും സംഘവും ക്വാളിഫയറില്‍ പ്രവേശിച്ചിരിക്കുകയാണ്. രണ്ടാം ക്വാളിഫയറില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെയാണ് മുംബൈ ഇന്ത്യന്‍സിന് നേരിടാനുള്ളത്.

ആറാം കിരീടത്തിനായി രോഹിത്തിന് ഇനി വേണ്ടത് രണ്ട് വിജയങ്ങളാണ്. രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തിയാല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയാണ് രോഹിത്തിനും സംഘത്തിനും നേരിടാനുള്ളത്.

എലിമിനേറ്ററില്‍ വിജയിച്ചതിന്റെ ആവേശവും ആത്മവിശ്വാസവും മുംബൈക്കുണ്ടെങ്കിലും ഐ.പി.എല്ലിന്റെ പൂര്‍വകാല ചരിത്രം രോഹിത്തിനും സംഘത്തിനും ഒട്ടും ആശ്വാസം നല്‍കുന്നതല്ല. ഐ.പി.എല്ലിന്റെ 15 സീസണില്‍ 14 തവണയും എലിമിനേറ്ററില്‍ വിജയിക്കുന്ന ടീമിന് കിരീടത്തില്‍ മുത്തമിടാന്‍ സാധിച്ചിട്ടില്ല എന്നതുതന്നെയാണ് ഇതിനുള്ള കാരണം.

ഒരിക്കല്‍ മാത്രമാണ് ഇതിനൊരു അപവാദമുണ്ടായത്. 2016ല്‍ ഡേവിഡ് വാര്‍ണറിന്റെ നേതൃത്വത്തിലിറങ്ങിയ സണ്‍റൈസേഴ്‌സ് കിരീടം ചൂടിയത് എലിമിനേറ്ററടക്കമുള്ള മൂന്ന് മത്സരങ്ങളിലും വിജയിച്ചുകൊണ്ടായിരുന്നു.

2016ല്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനക്കാരായിട്ടായിരുന്നു സണ്‍റൈസേഴ്‌സ് പ്ലേ ഓഫില്‍ പ്രവേശിച്ചത്. 14 മത്സരത്തില്‍ നിന്നും എട്ട് ജയത്തോടെ 16 പോയിന്റായിരുന്നു ഓറഞ്ച് ആര്‍മിക്കുണ്ടായിരുന്നത്.

എലിമിനേറ്റര്‍ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയായിരുന്നു സണ്‍റൈസേഴ്‌സിന് നേരിടാനുണ്ടായിരുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് യുവരാജിന്റെ ബാറ്റിങ് കരുത്തില്‍ 162 റണ്‍സ് നേടി.

163 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ കെ.കെ.ആറിന് 140 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. 20 റണ്‍സിന്റെ വിജയവുമായി സണ്‍റൈസേഴ്‌സ് രണ്ടാം ക്വാളിഫയറിലേക്ക്.

ആദ്യ ക്വാളിഫയറില്‍ രണ്ടാം സ്ഥാനക്കാരായ റോയല്‍ ചലഞ്ചേഴ്‌സിനോട് തോറ്റ ടേബിള്‍ ടോപ്പേഴ്‌സായ ഗുജറാത്ത് ലയണ്‍സായിരുന്നു സണ്‍റൈസേഴ്‌സിന്റെ എതിരാളികള്‍.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലയണ്‍സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടി. 163 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ സണ്‍റൈസേഴ്‌സിനെ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ മുമ്പില്‍ നിന്നും നയിച്ചപ്പോള്‍ നാല് വിക്കറ്റും നാല് പന്തും ബാക്കി നില്‍ക്കെ ഹൈദരാബാദ് ഫൈനലില്‍ പ്രവേശിച്ചു.

ഫൈനലില്‍ ഗോഡ് മോഡിലുള്ള വിരാട് കോഹ്‌ലിയെയും സംഘത്തെയുമായിരുന്നു വാര്‍ണറിന് നേരിടാനുണ്ടായിരുന്നത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സണ്‍റൈസേഴ്‌സ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് നേടി. 69 റണ്ണടിച്ച വാര്‍ണറായിരുന്നു ടോപ് സ്‌കോറര്‍. ക്യാപ്റ്റന് പുറമെ ബെന്‍ കട്ടിങ്ങും യുവരാജ് സിങ്ങും തങ്ങളുടെ സംഭാവനകള്‍ നല്‍കിയതോടെയാണ് സ്‌കോര്‍ ഉയര്‍ന്നത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ആര്‍.സി.ബിക്കായി വിരാട് കോഹ്‌ലിയും ഗെയ്‌ലും ചേര്‍ന്ന് പൊരുതിയെങ്കിലും വിജയലക്ഷ്യം ഭേദിക്കാന്‍ സാധിക്കാതെ വരികയായിരുന്നു. ഒടുവില്‍ എട്ട് റണ്‍സകലെ ആര്‍.സി.ബി കാലിടറി വീണപ്പോള്‍ തങ്ങളുടെ ആദ്യ കിരീടവുമായി സണ്‍റൈസേഴ്‌സ് തിളങ്ങി.

എലിമിനേറ്ററില്‍ വിജയിച്ച് കിരീടമുയര്‍ത്തിയ സണ്‍റൈസേഴ്‌സിന്റെ പാരമ്പര്യം ആവര്‍ത്തിക്കാന്‍ മുംബൈ ഇന്ത്യന്‍സിന് സാധിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

Content Highlight: Sunrisers Hyderabad is the only team in IPL history to win the title after winning eliminator match

Latest Stories

We use cookies to give you the best possible experience. Learn more