ഐ.പി.എല്‍ 2023ലെ 51ാം മത്സരത്തില്‍ രാജസ്ഥാനെ പരാജയപ്പെടുത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. അവസാന പന്ത് വരെ നീണ്ടുനിന്ന ആവേശകരമായ മത്സരത്തില്‍ നാല് വിക്കറ്റിനാണ് സണ്‍റൈസേഴ്‌സ് വിജയിച്ചുകയറിയത്.
സന്ദീപ് ശര്‍മയെറിഞ്ഞ അവസാന ഓവറില്‍ വിജയിക്കാന്‍ 17 റണ്‍സ് വേണമെന്നിരിക്കെ 19 റണ്‍സ് നേടിയാണ് ഓറഞ്ച് ആര്‍മി വിജയം സ്വന്തമാക്കിയത്.
സന്ദീപിന്റെ ആദ്യ പന്തില്‍ ഡബിളോടിയ അബ്ദുള്‍ സമദ് തൊട്ടടുത്ത പന്തില്‍ സിക്‌സര്‍ നേടി. മൂന്നാം പന്തില്‍ വീണ്ടും ഡബിളോടിയതോടെ മൂന്ന് പന്തില്‍ നിന്നും ഏഴ് റണ്‍സായി വിജയലക്ഷ്യം മാറി. നാലാം പന്തിലും അഞ്ചാം പന്തിലും സിംഗിള്‍ പിറന്നതോടെ അവസാന പന്തില്‍ സണ്‍റൈസേഴ്‌സിന് വിജയിക്കാന്‍ വേണ്ടിയിരുന്നത് അഞ്ച് റണ്‍സ്.
ആറാം പന്തില്‍ ഷോട്ട് കളിച്ച അബ്ദുള്‍ സമദ് ജോസ് ബട്‌ലറിന്റെ കയ്യില്‍ ഒടുങ്ങിയതോടെ സവായ് മാന്‍സിങ് സ്്‌റ്റേഡിയം അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിത്തെറിച്ചിരുന്നു. എന്നാല്‍ ആ ഡെലിവെറി ഓവര്‍ സ്റ്റെപ്പിങ്ങിന്റെ പേരില്‍ നോ ബോള്‍ എന്ന് വിധിയെഴുതിയതോടെ അവസാന പന്തില്‍ നാല് റണ്‍സ് എന്ന് വിജയലക്ഷ്യം പുനര്‍നിര്‍ണയിക്കപ്പെട്ടു. സണ്‍റൈസേഴ്‌സ് ഇന്നിങ്‌സിന്റെ 120ാം പന്തില്‍ സിക്‌സര്‍ പറത്തി അബ്ദുള്‍ സമദ് ടീമിന്റെ രക്ഷകനായി.
അര്‍ധ സെഞ്ച്വറി നേടിയ അഭിഷേക് ശര്‍മയും മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ച രാഹുല്‍ ത്രിപാഠിയും ടീമില്‍ നിര്‍ണായകമായെങ്കിലും അവസാന പന്തുകളില്‍ കാമിയോ കളിച്ച ഗ്ലെന്‍ ഫിലിപ്‌സാണ് ടീമിന്റെ വിജയശില്‍പിയായി മാറിയത്. ഏഴ് പന്തില്‍ നിന്നും 25 റണ്‍സ് നേടിയാണ് താരം പുറത്തായത്.
19ാം ഓവറിലെ ആദ്യ മൂന്ന് പന്തും സിക്‌സര്‍ പറത്തിയ ഫിലിപ്‌സ് നാലാം പന്ത് ബൗണ്ടറി കടത്തുകയും ചെയ്തു. എന്നാല്‍ അഞ്ചാം പന്തില്‍ ഹെറ്റിക്ക് ക്യാച്ച് നല്‍കിയ മടങ്ങിയതോടെ രാജസ്ഥാന്‍ വീണ്ടും വിജയം പ്രതീക്ഷിച്ചു. എന്നാല്‍ അവസാന ഓവറിലെ ആ നോ ബോള്‍ രാജസ്ഥാന്റെ പ്രതീക്ഷകളെ തല്ലിക്കെടുത്തുകയായിരുന്നു.
രാജസ്ഥാന്‍ ഉയര്‍ത്തിയ 215 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് വിജയിച്ചതോടെ സണ്‍റൈസേഴ്‌സിന്റെ ഏറ്റവും വലിയ സക്‌സസ്ഫുള്‍ റണ്‍ ചെയ്‌സായും ഇത് മാറി.
പത്ത് മത്സരം കളിച്ച ഹൈരദാബാദിന്റെ നാലാം വിജയമാണിത്. എട്ട് പോയിന്റോടെ ഒമ്പതാം സ്ഥാനത്താണ് സണ്‍റൈസേഴ്‌സ്.
Content Highlight: Sunrisers Hyderabad defeated Rajatshan Royals