| Thursday, 28th March 2024, 12:19 pm

'സെഞ്ച്വറി' അടിക്കാതെ 'ഡബിൾ സെഞ്ച്വറി' നേടി; മറ്റൊരു ടീമിനുമില്ലാത്ത ചരിത്രനേട്ടവുമായി ഹൈദരാബാദ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. കഴിഞ്ഞദിവസം നടന്ന ആവേശകരമായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 31 റണ്‍സിനാണ് ഓറഞ്ച് ആര്‍മി പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സ് ആണ് നേടിയത്.

ഓറഞ്ച് ആര്‍മിക്ക് വേണ്ടി ഹെന്റിച്ച് ക്ലാസന്‍ 34 പന്തില്‍ പുറത്താവാതെ 80 റണ്‍സും അഭിഷേക് ശര്‍മ 23 പന്തില്‍ 63 റണ്‍സും ട്രാവിസ് ഹെഡ് 24 പന്തില്‍ 62 റണ്‍സും ഏയ്ഡന്‍ മര്‍ക്രം 28 പന്തില്‍ പുറത്താവാതെ 42 റണ്‍സും നേടി തകര്‍ത്തടിച്ചപ്പോള്‍ ഹൈദരാബാദ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു.

ഇതിന് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്. ടി-20യില്‍ മത്സരത്തില്‍ ഒരു താരങ്ങളും സെഞ്ച്വറി പോലും സ്‌കോര്‍ ചെയ്യാതെ നേടുന്ന ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ എന്ന നേട്ടമാണ് ഓറഞ്ച് ആര്‍മി സ്വന്തമാക്കിയത്.

ടി-20യില്‍ ഒരു മത്സരത്തില്‍ ഒരു താരവും സെഞ്ച്വറി നേടാതെ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ടീം, സ്‌കോര്‍ എന്നീ ക്രമത്തില്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-277/3

ട്രിന്‍ബാഗോ നൈറ്റ് റൈഡഴ്‌സ്-267/2

സോമര്‍സെറ്റ്-265/5

ശ്രീലങ്ക-260-6

ലൈന്‍സ്റ്റെര്‍ ലൈറ്റിനിങ്-260/3

അതേസമയം മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്കായി  34 പന്തില്‍ 64 റണ്‍സ് നേടി തിലക് വര്‍മയും 22 പന്തില്‍ 42 റണ്‍സ് നേടി ടിം ഡേവിഡും 13 പന്തില്‍ 34 റണ്‍സ് നേടി ഇഷാന്‍ കിഷനും മികച്ച പ്രകടനം നടത്തിയെങ്കിലും 31 റണ്‍സകലെ മുംബൈക്ക് വിജയം നഷ്ടമാവുകയായിരുന്നു.

മാര്‍ച്ച് 31ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് ഹൈദരാബാദിന്റെ അടുത്ത മത്സരം. അഹമ്മദാബാദിലാണ് മത്സരം നടക്കുക. മറുഭാഗത്ത് ഏപ്രില്‍ ഒന്നിന് രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത മത്സരം. മുംബൈയുടെ തട്ടകമായ വാങ്കഡെ സ്റ്റേഡിയമാണ് വേദി.

Content Highlight: Sunrisers Hyderabad create a record the Highest T20 total without a century

We use cookies to give you the best possible experience. Learn more