ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 10 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു.
ഹൈദരാബാദിന്റെ തട്ടകമായ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ലഖ്നൗ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സന്ദര്‍ശകര്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദ് 9.4 ഓവറില്‍ വിക്കറ്റുകൾ നഷ്ടപ്പെടാതെ ലക്ഷ്യം മറികടക്കുകയായിരുന്നു.
— SunRisers Hyderabad (@SunRisers) May 8, 2024
ഈ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ഒരു ചരിത്രനേട്ടമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. ടി-20 ചരിത്രത്തില്‍ 160+ റണ്‍സ് ഏറ്റവും വേഗത്തില്‍ ചെയ്‌സ് ചെയ്തു വിജയിക്കുന്ന ആദ്യ ടീം എന്ന നേട്ടമാണ് ഓറഞ്ച് ആര്‍മി സ്വന്തം പേരിലാക്കി മാറ്റിയത്.
ഹൈദരാബാദിന് വേണ്ടി ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും തകര്‍ത്തടിച്ചപ്പോള്‍ അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. ഹെഡ് 30 പന്തില്‍ 89 റണ്‍സാണ് നേടിയത്. എട്ടു വീതം ഫോറുകളും സിക്‌സുകളും ആണ് ഹെഡിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
#PlayWithFire, we said… and play with fire, they did 🫶🔥#SRHvLSG pic.twitter.com/7XOkHH2Eh1
— SunRisers Hyderabad (@SunRisers) May 8, 2024
മറുഭാഗത്ത് 28 പന്തില്‍ 75 റണ്‍സ് നേടിക്കൊണ്ടായിരുന്നു അഭിഷേകിന്റെ തകര്‍പ്പന്‍ ബാറ്റിങ്. എട്ട് ഫോറുകളും ആറ് സിക്‌സുമാണ് താരം അടിച്ചെടുത്തത്.
അതേസമയം ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ ജയന്റ്‌സിനായി ആയുഷ് ബധോനി 30 പന്തില്‍ പുറത്താവാതെ 55 റണ്‍സും നിക്കോളാസ് പൂരന്‍ 26 പന്തില്‍ പുറത്താവാതെ 48 റണ്‍സ് നേടി നിര്‍ണായകമായി.
ഈ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ 12 മത്സരങ്ങളില്‍ നിന്നും ഏഴ് വിജയവും അഞ്ചു തോല്‍വിയും അടക്കം 14 പോയിന്റോടെ മൂന്നാം സ്ഥാനത്തേക്ക് മുന്നേറാനും ഹൈദരാബാദിന് സാധിച്ചു.
തോല്‍വിയോടെ ഇത്രതന്നെ മത്സരങ്ങളില്‍ നിന്നും ആറ് വീതം ജയവും തോല്‍വിയും അടക്കം 12 പോയിന്റോടെ രാഹുലും കൂട്ടരും ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
മെയ് 16ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് ഹൈദരാബാദിന്റെ അടുത്ത മത്സരം. ഓറഞ്ച് ആര്‍മിയുടെ തട്ടകമായ രാജീവ് ഗാന്ധി സ്റ്റേഡിയമാണ് വേദി.
മെയ് 16ന് നടക്കുന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് ആണ് ലഖ്നൗവിന്റെ എതിരാളികള്‍. ക്യാപ്പിറ്റല്‍സിന്റെ തട്ടകമായ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
Content Highlight: Sunrisers Hyderabad create a nrew record in T20