ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദ് 10 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു.
ഹൈദരാബാദിന്റെ തട്ടകമായ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ലഖ്‌നൗ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സന്ദര്‍ശകര്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദ് 9.4 ഓവറില്‍ വിക്കറ്റുകള്‍ നഷ്ടപ്പെടാതെ ലക്ഷ്യം മറികടക്കുകയായിരുന്നു.
ഹൈദരാബാദിന് വേണ്ടി ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും തകര്‍ത്തടിച്ചപ്പോള്‍ അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. ഹെഡ് 30 പന്തില്‍ 89 റണ്‍സാണ് നേടിയത്. എട്ടു വീതം ഫോറുകളും സിക്സുകളും ആണ് ഹെഡിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
മറുഭാഗത്ത് 28 പന്തില്‍ 75 റണ്‍സ് നേടിക്കൊണ്ടായിരുന്നു അഭിഷേകിന്റെ തകര്‍പ്പന്‍ ബാറ്റിങ്. എട്ട് ഫോറുകളും ആറ് സിക്സുമാണ് താരം അടിച്ചെടുത്തത്.
മത്സരത്തില്‍ ഇരുതാരങ്ങളും ചേര്‍ന്ന് 14 സിക്‌സുകള്‍ ആണ് അടിച്ചുകൂട്ടിയത്. ഇതിനു പിന്നാലെ ഒരു ചരിത്രനേട്ടമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന ടീമായി മാറാനാണ് ഓറഞ്ച് ആര്‍മിക്ക് സാധിച്ചത്. 146 സിക്‌സുകളാണ് ഈ സീസണില്‍ ഇതിനോടകം തന്നെ ഹൈദരാബാദ് അടിച്ചുകൂട്ടിയത്.
2018ല്‍ 145 സിക്‌സുകള്‍ നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ റെക്കോഡ് നേട്ടം തകര്‍ത്തുകൊണ്ടാണ് ഓറഞ്ച് ആര്‍മിയുടെ മുന്നേറ്റം.
ഐ.പി.എല്ലില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ ടീം, സിക്‌സുകളുടെ എണ്ണം, വര്‍ഷം എന്നീ ക്രമത്തില്‍
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-146-2024*
ചെന്നൈ സൂപ്പര്‍ കിങ്സ്-145-2018
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-143-2019
ജയത്തോടെ 12 മത്സരങ്ങളില്‍ നിന്നും ഏഴ് വിജയവും അഞ്ചു തോല്‍വിയും അടക്കം 14 പോയിന്റോടെ മൂന്നാം സ്ഥാനത്തേക്ക് മുന്നേറാനും ഹൈദരാബാദിന് സാധിച്ചു.
മെയ് 16ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് ഹൈദരാബാദിന്റെ അടുത്ത മത്സരം. ഓറഞ്ച് ആര്‍മിയുടെ തട്ടകമായ രാജീവ് ഗാന്ധി സ്റ്റേഡിയമാണ് വേദി.
Content Highlight: Sunrisers Hyderabad create a new record oin IPL