ഹൈദരാബാദ്: സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 133 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ കിംങ്സ് ഇലവന്‍ പഞ്ചാബിന് ദയനീയ പരാജയം. 119 റണ്‍സിന് പഞ്ചാബിന്റെ മുഴുവന്‍ വിക്കറ്റും നഷ്ടപ്പെടുകായിരുന്നു. പഞ്ചാബിന്റെ ബാറ്റിങ്ങ് നിരയെ ഹൈദരാബാദിന്റെ ബൗളര്‍മാര്‍ വരിഞ്ഞു മുറുക്കിയപ്പോള്‍ 13 റണ്‍സിന് സ്വന്തം തട്ടകത്തില്‍ ഹൈദരാബാദ് വിജയക്കൊടി നാട്ടുകയായിരുന്നു.
അവസാന ഓവറില്‍ 15 റണ്‍സ് വേണ്ടിയിരുന്ന പഞ്ചാബിനു ഓവര്‍ എറിഞ്ഞ ബേസില്‍ തമ്പി രണ്ടാമത്തെ പന്തില്‍ രാജ്പുതിനെ പുറത്താക്കുകയായിരുന്നു.
55/0 എന്ന നിലയില്‍ നിന്നാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മത്സരം കൈവിട്ടത്. എട്ടാം ഓവര്‍ എറിഞ്ഞ റഷീദ് ഖാന്‍ കെഎല്‍ രാഹുലിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് മത്സരത്തിലെ ആദ്യ പഞ്ചാബ് വിക്കറ്റ് വീഴ്ത്തിയത്. തൊട്ടടുത്ത ഓവറില്‍ ക്രിസ് ഗെയിലിനെ പുറത്താക്കി ബേസില്‍ തമ്പി രണ്ടാം വിക്കറ്റ് നേടി. മയാംഗ് അഗര്‍വാല്‍(12)-കരുണ്‍ നായര്‍(13) കൂട്ടുകെട്ട് വീണ്ടും മത്സരത്തിലേക്ക് പഞ്ചാബിനെ തിരിച്ചുകൊണ്ടുവരുമെന്ന് തോന്നിപ്പിച്ച നിമിഷത്തില്‍ ഷാകിബും റഷീദ് ഖാനും യഥാക്രമം ഇവരുടെ വിക്കറ്റുകള്‍ വീഴ്ത്തി
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സാണ് അടിച്ചെടുത്തത്. അഞ്ചു വിക്കറ്റ് പിഴുതെടുത്ത അങ്കിത് രാജ്പുതിന്റെ ബൗളിങ് മികവിലാണ് പഞ്ചാബ് ഹൈദരാബാദിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.
സ്‌കോര്‍ ബോര്‍ഡ് തുറക്കും മുമ്പ് ക്യാപ്റ്റന്‍ കെയിന്‍ വില്യംസണിനെ അശ്വിന്റെ കൈകളിലെത്തിച്ച് രാജ്പുത് പഞ്ചാബിന് മികച്ച തുടക്കം നല്‍കി. തൊട്ടുപിന്നാലെ 8 പന്തില്‍ 11 റണ്‍സെടുത്ത ധവാനെയും രാജ്പുത് മടക്കി. പിന്നാലെ പതിവുപോലെ കാര്യമായൊന്നും ചെയ്യാതെ സാഹയും കൂടാരം കയറി. 51 പന്തില്‍ നിന്ന് 54 റണ്‍സെടുത്ത മനീഷ് പാണ്ഡെയാണ് ഹൈദരാബാദിനെ 100 കടത്തിയത്. 29 പന്ത് നേരിട്ട ഷക്കീബ് അല്‍ ഹസന്‍ 28 റണ്‍സെടുത്തു. 19 പന്തില്‍ നിന്ന് 21 റണ്‍സുമായി യൂസഫ് പത്താന്‍ പുറത്താകാതെ നിന്നു.
നാല് ഓവറില്‍ വെറും 14 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അങ്കിത് രാജ്പുതിന്റെ അഞ്ചു വിക്കറ്റ് നേട്ടം. മുജീബ് റഹ്മാന്‍ ഒരു വിക്കറ്റും നേടി. നിലവില്‍ ആറു മത്സരങ്ങളില്‍ നിന്ന് അഞ്ചു വിജയം സഹിതം പത്തു പോയന്റുള്ള പഞ്ചാബ് പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ആറു മത്സരങ്ങളില്‍ നിന്ന് നാലു വിജയത്തോടെ എട്ടു പോയന്റുള്ള ഹൈദരാബാദ് മൂന്നാം സ്ഥാനത്തും.