ഐ.പി.എല്‍ 2023 സീസണില്‍ ആകെ കളിച്ച ഏഴ് മത്സരങ്ങളില്‍ അഞ്ച് തോല്‍വിയുമായി പോയിന്റ് ടേബിളിന്റെ താഴെ തട്ടിലാണ് ഡേവിഡ് വാര്‍ണര്‍ നയിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. തങ്ങളുടെ പ്രതാപകാലത്തിന്റെ ഓര്‍മകള്‍ അയവിറക്കി അടിവാരത്ത് കൂടുകൂട്ടിയിട്ട് ഇന്നേക്കിത് അഞ്ചാം വര്‍ഷമാണ്.
ഇത്തവണ കളിച്ച മത്സരങ്ങളില്‍ രണ്ട് ജയം മാത്രമാണ് ടീമിന് ഇതുവരെ സ്വന്തമാക്കാനായത്. പഞ്ചാബിനും കൊല്‍ക്കത്തക്കും എതിരായ മാച്ചുകളില്‍ മാത്രമാണ് ടീമിന് വിജയിക്കാനായത്. ദല്‍ഹിയുമായുള്ള അവസാന മാച്ചില്‍ 144 റണ്‍സ് പോലും ചെയ്‌സ് ചെയ്ത് കേറാന്‍ അവര്‍ക്കായിരുന്നില്ല. ഏഴ് റണ്‍സിനാണ് ദല്‍ഹി ക്യാപിറ്റല്‍സ് ഹൈദരാബാദിനെ കീഴടക്കിയത്.
ഇപ്പോഴിതാ ടീമിന്റെ ദുരന്തത്തിന് ആക്കം കൂട്ടിക്കൊണ്ട് ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിന് പരിക്ക് പറ്റിയെന്ന വാര്‍ത്തകളും പുറത്ത് വന്നിരിക്കുകയാണ്. സണ്‍റൈസേഴ്‌സ് തന്നെയാണ് അവരുടെ ട്വിറ്റര്‍ പേജിലൂടെ വാഷിങ്ടണിന് പരിക്ക് പറ്റിയെന്നും താരത്തിന് സീസണിലെ വരാനിരിക്കുന്ന ബാക്കി മത്സരങ്ങള്‍ നഷ്ടപ്പെട്ടേക്കാമെന്നും സൂചന നല്‍കിയിരിക്കുന്നത്.
🚨 INJURY UPDATE 🚨
Washington Sundar has been ruled out of the IPL 2023 due to a hamstring injury.
Speedy recovery, Washi 🧡 pic.twitter.com/P82b0d2uY3
— SunRisers Hyderabad (@SunRisers) April 27, 2023
ഹാംസ്ട്രിങ്ങിനേറ്റ പരിക്കാണ് താരത്തിന് പണിയായതെന്നാണ് റിപ്പോര്‍ട്ട്. ഇത്തവണ ഐ.പി.എല്ലില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും വരാനിരിക്കുന്ന മത്സരങ്ങളില്‍ ടീമിന് മുതല്‍ കൂട്ടാകുമെന്ന് കരുതിയ താരമായിരുന്നു വാഷി.
ഏഴ് മത്സരങ്ങളില്‍ നിന്ന് 60 റണ്‍സാണ് താരത്തിന് ഇതുവരെ നേടാനായത്. 24 റണ്‍സാണ് ഈ സീസണിലെ ഉയര്‍ന്ന സ്‌കോര്‍. മൂന്ന് വിക്കറ്റ് മാത്രമേ ഇത്തവണ വീഴ്ത്താനായുള്ളൂ എന്നത് കണക്കിലെടുത്താല്‍ പോലും വാഷിയുടെ അഭാവം ടീമിന് ബുദ്ധിമുട്ടുണ്ടാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
സുന്ദര്‍ ടീമിലുണ്ടാകില്ലെന്ന് ഹൈദരാബാദ് പറഞ്ഞെങ്കിലും പകരം ആരെ കളിപ്പിക്കണമെന്ന കാര്യത്തില്‍ ഇതുവരെ അപ്‌ഡേഷനൊന്നും വന്നിട്ടില്ല.
Content Highlight: Sunrisers all rounder got ingured during ipl