| Thursday, 28th November 2024, 9:23 pm

യാതൊരുവിധ ഭീഷണിയും നേരിട്ടിട്ടില്ല, അനാവശ്യ ചർച്ചകൾ മലയാള സിനിമയ്ക്ക് ദോഷം മാത്രം; 'ടർക്കിഷ് തർക്കം' വിവാദത്തിൽ സണ്ണി വെയ്ൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മതനിന്ദ നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് ‘ടര്‍ക്കിഷ് തര്‍ക്കം’ എന്ന സിനിമ തിയേറ്ററുകളില്‍നിന്ന് പിൻവലിച്ചതിന് പിന്നാലെ വലിയ ചർച്ചകളാണ് ആരംഭിച്ചിരിക്കുന്നത്.

സിനിമ തിയേറ്ററുകളില്‍നിന്ന് പിൻവലിച്ചതോടെ ചിത്രത്തിന്റെ നിർമാതാവിനോട് വിശദീകരണം തേടി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും രംഗത്ത് വന്നിരുന്നു. ഇപ്പോൾ വിഷയത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ടർക്കിഷ് തർക്കം എന്ന ചിത്രത്തിലെ നായകന്മാരിൽ ഒരാളായ സണ്ണി വെയ്ൻ.

ടർക്കിഷ് തർക്കം എന്ന സിനിമയുമായി ബന്ധപ്പെട്ട് യാതൊരു വിധ ഭീഷണിയും താൻ നേരിട്ടിട്ടില്ലെന്നും സിനിമ പിൻവലിക്കുവാനുണ്ടായ കാരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ കൃത്യമായ ഉത്തരം ലഭിച്ചില്ലെന്നും സണ്ണി പറയുന്നു. സിനിമ പിൻവലിച്ച കാര്യം സോഷ്യൽ മീഡിയയിലൂടെയാണ്‌ അറിയുന്നതെന്നും ഇത്തരത്തിലുള്ള സംഭവങ്ങൾ മലയാള സിനിമക്ക് ദോഷം മാത്രമേ ഉണ്ടാക്കുകയുള്ളൂവെന്നും സണ്ണി വെയ്ൻ പറഞ്ഞു. വിഷയത്തെ കുറിച്ചുള്ള അനാവശ്യ ചർച്ചകൾ ഒഴിവാക്കണമെന്നും സണ്ണി വെയ്ൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

‘ചെറിയ വേഷത്തിലാണങ്കിലും, ഞാനും കൂടെ ഭാഗമായ ടർക്കിഷ് തർക്കം എന്ന സിനിമയുമായി ബന്ധപ്പെട്ട് യാതൊരു വിധ ഭീഷണിയും എനിക്ക് നേരിട്ടിട്ടില്ല എന്ന് ഞാൻ അറിയിക്കുന്നു. സിനിമ പിൻവലിക്കുവാനുണ്ടായ സാഹചര്യത്തെ കുറിച്ച് ഞാൻ നിർമാതാവിനോട് തിരക്കിയപ്പോൾ കൃത്യമായ ഒരുത്തരം എനിക്ക് ലഭിച്ചിരുന്നില്ല. മാത്രവുമല്ല പിൻവലിച്ച വിവരം ഞാൻ അറിയുന്നത് സോഷ്യൽ മീഡിയയിലൂടെയുമാണ്.

എന്തുകൊണ്ടായാലും ഇത്തരത്തിലുള്ള ദൗർഭാഗ്യകരമായ അവസ്ഥകൾ ഒഴിവാക്കപ്പെടേണ്ടതായിരുന്നു. ഇത് മലയാള സിനിമയ്ക്ക് ഒരുതരത്തിലും ഗുണം ചെയ്യില്ലെന്നും മറിച്ച് ദോഷമേ ഉണ്ടാക്കുകയുള്ളൂ എന്നുമാണ് എൻ്റെ എളിയ അഭിപ്രായം. ഇതിൻ്റെ മേലുള്ള അനാവശ്യ ചർച്ചകൾ ഒഴിവാക്കണമെന്നും മലയാളസിനിമ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നു,’സണ്ണി വെയ്ൻ പറയുന്നു.

പരാജയപ്പെട്ട സിനിമയെ രക്ഷിക്കാൻ മതനിന്ദ മനഃപൂർവം സൃഷ്ടിച്ചതാണോയെന്ന ചോദ്യമായി നിരവധിയാളുകൾ മുന്നോട്ട് വന്നിരുന്നു. ഇസ്‌ലാമോഫോബിയയെ സിനിമാക്കാരും കച്ചവട താത്പര്യങ്ങള്‍ക്കായുള്ള ഒരു സാധ്യതയായി കാണുന്നത് ഈ നാടിന് താങ്ങാനാവില്ലെന്നായിരുന്നു മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ വി.ടി. ബല്‍റാം ഇതിനോട് പ്രതികരിച്ചത്.

സണ്ണി വെയിന്‍, ലുക്ക്മാന്‍, ഹരിശ്രീ അശോകന്‍ തുടങ്ങിയവര്‍ ഒന്നിച്ച ചിത്രമാണ് ടര്‍ക്കിഷ് തര്‍ക്കം.മുസ്‌ലിം സമുദായത്തിന്റെ ഖബറടക്കത്തെ പ്രമേയമാക്കിയാണ് ചിത്രം കഥ പറയുന്നത്. ഒരു പള്ളിയും അവിടെ നടക്കുന്ന ഖബറടക്കവുമായി ബന്ധപ്പെട്ടുണ്ടാക്കുന്ന ചില തര്‍ക്കങ്ങളുമാണ് ടര്‍ക്കിഷ് തര്‍ക്കം പറയുന്നത്.

Content Highlight: Sunny Weyne’s Facebook Post About Turkish Tharkkam Movie

We use cookies to give you the best possible experience. Learn more