| Sunday, 5th November 2023, 3:22 pm

രണ്ട് സിനിമകള്‍ വേണ്ടെന്ന് വെച്ചു; ആ സ്ഥാനത്ത് മറ്റൊരാളെ കാണാന്‍ പോലുമെനിക്ക് സാധിച്ചില്ല: സണ്ണിവെയ്ന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആര്‍.ഡി.എക്സിന്റെ വന്‍ വിജയത്തിന് ശേഷം ഷെയിന്‍ നിഗം നായകനായെത്തുന്ന സിനിമയാണ് ‘വേല’. ഷെയിന്‍ നിഗത്തിനൊപ്പം സണ്ണി വെയ്‌നും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നവംബര്‍ 10നാണ് വേല തീയേറ്ററുകളിലേക്കെത്തുന്നത്.

പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയില്‍ ഷെയിന്‍ നിഗം ‘ഉല്ലാസ് അഗസ്റ്റിന്‍’ എന്ന പൊലീസ് ഉദ്യോഗസ്ഥനെയും സണ്ണിവെയ്ന്‍ ‘മല്ലികാര്‍ജുനന്‍’ എന്ന പൊലീസ് കഥാപാത്രത്തെയുമാണ് അവതരിപ്പിക്കുന്നത്.

ഇപ്പോള്‍ ഈ സിനിമക്ക് വേണ്ടി താന്‍ രണ്ട് സിനിമകള്‍ വേണ്ടെന്ന് വെച്ച കാര്യത്തെ കുറിച്ച് തുറന്ന് പറയുകയാണ് സണ്ണിവെയ്ന്‍. ഒപ്പം ‘വേല’ക്ക് വേണ്ടി നടത്തിയ തയ്യാറെടുപ്പുകളെ പറ്റിയും സംസാരിക്കുന്നു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് താരമിത് പറഞ്ഞത്.

‘ഡയറക്ടറും റൈറ്ററും പറയുന്നത് പോലെയാണ് ഞാന്‍ ഈ സിനിമക്ക് വേണ്ടി ഓരോ കാര്യങ്ങളും ചെയ്തിട്ടുള്ളത്. സിനിമയിലെ ഈ കഥാപാത്രത്തിന് വേണ്ടി പ്രത്യേക സ്ലാങ്ങ് പഠിച്ചിരുന്നു. ഹെയറില്‍ ചെറിയ മാറ്റങ്ങളൊക്കെ വരുത്തിയിരുന്നു.

പിന്നെ ബോഡിയിലും മാറ്റങ്ങള്‍ വരുത്തി. വേല സിനിമക്ക് വേണ്ടിമാത്രം കുറച്ച് വയറ് വെച്ചു. ഈ സിനിമയുടെ തയ്യാറെടുപ്പിന്റെ ഭാഗമായിട്ട് രണ്ട് സിനിമകള്‍ വേണ്ടെന്ന് വെച്ചിരുന്നു. ഈ സിനിമയിലെ കഥാപാത്രത്തെ അത്രയും ഇഷ്ടപ്പെട്ടത് കൊണ്ടായിരുന്നു അങ്ങനെയൊക്കെ ചെയ്യാന്‍ തയ്യാറായത്.

ഷൂട്ട് തുടങ്ങുന്നതിന് രണ്ടാഴ്ച്ച മുമ്പ് ലൊക്കേഷനടുത്ത് പോയി താമസിച്ചിരുന്നു. അവിടെയുള്ളവരുടെ കള്‍ച്ചറൊക്കെ പഠിക്കാനും മറ്റുമായിരുന്നു അത്. പിന്നെ ചെയ്യുന്ന കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ മനസിലാക്കേണ്ടിയിരുന്നു. അതിന്റെ ഭാഗമായിട്ട് സിനിമാ ക്രൂവിന്റെ ടീച്ചിങ്ങ് കോഴ്‌സ് പോലുമുണ്ടായിരുന്നു.

ഈ സിനിമയുടെ കഥയെനിക്ക് തുടക്കത്തില്‍ തന്നെ ഇഷ്ടമായിരുന്നു. എന്റെ കഥാപാത്രത്തിന്റെ പേര് ഇതില്‍ മല്ലികാര്‍ജുനന്‍ എന്നായിരുന്നു. അത് കേട്ടപ്പോള്‍ തന്നെ ആ സ്ഥാനത്ത് മറ്റൊരാളെ കാണാന്‍ പോലുമെനിക്ക് സാധിച്ചില്ല. എങ്ങനെയെങ്കിലും ഈ കഥാപാത്രത്തെ ചെയ്യണമെന്നെനിക്ക് ഉണ്ടായിരുന്നു. കഥ കേട്ടയുടനെ നമ്മളെന്നാണ് ഈ സിനിമ ചെയ്യുന്നതെന്നാണ് ഞാന്‍ ചോദിച്ചത്,’ സണ്ണിവെയ്ന്‍ പറഞ്ഞു.

Content Highlight: Sunny Wayne Talks About Vela Movie

We use cookies to give you the best possible experience. Learn more