അന്ന് കുറേപേരുടെ ചിന്ത മാറ്റിയെടുക്കാന്‍ ആ ദുല്‍ഖര്‍ ചിത്രത്തിന് സാധിച്ചു: സണ്ണി വെയ്ന്‍
Entertainment
അന്ന് കുറേപേരുടെ ചിന്ത മാറ്റിയെടുക്കാന്‍ ആ ദുല്‍ഖര്‍ ചിത്രത്തിന് സാധിച്ചു: സണ്ണി വെയ്ന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 3rd December 2024, 7:59 pm

ഹാഷിര്‍ മുഹമ്മദ് തിരക്കഥയെഴുതി സമീര്‍ താഹിര്‍ സംവിധാനം ചെയ്ത സിനിമയാണ് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി. 2013ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, ധൃതിമാന്‍ ചാറ്റര്‍ജി, സണ്ണി വെയ്ന്‍, സുര്‍ജബാല ഹിജാം തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്.

കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഒറീസ, പശ്ചിമബംഗാള്‍, നാഗാലാന്‍ഡ്, സിക്കിം എന്നീ ഏഴു ഇന്ത്യന്‍ സംസ്ഥാനങ്ങളിലായാണ് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയുടെ ചിത്രീകരണം നടന്നത്. കേരളത്തില്‍ നിന്ന് നാഗാലാന്റിലേക്ക് ബൈക്കില്‍ യാത്ര ചെയ്യുന്ന നടത്തുന്ന യുവാക്കളായാണ് സിനിമയില്‍ ദുല്‍ഖറും സണ്ണി വെയ്‌നും എത്തിയത്.

കേരളത്തിലെ യുവാക്കളെ ബൈക്കില്‍ യാത്ര ചെയ്യാന്‍ പ്രേരിപ്പിച്ച സിനിമ കൂടിയാണ് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി. ഈ കാര്യം ആരെങ്കിലും നേരിട്ട് വന്നു പറഞ്ഞ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് സണ്ണി വെയ്ന്‍. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘അത്തരത്തിലൂള്ള ഒരുപാട് അനുഭവങ്ങള്‍ എനിക്ക് ഉണ്ടായിട്ടുണ്ട്. ആ സിനിമ ഇറങ്ങിയ സമയത്ത് ബൈക്കില്‍ യാത്ര ചെയ്യുന്നത് വര്‍ധിച്ചു. ഇപ്പോഴും എല്ലാവരും ഒരു വീക്കെന്‍ഡ് കിട്ടിയാല്‍ ഉടനെ തന്നെ ബൈക്കില്‍ ട്രിപ്പ് പോകും. അങ്ങനെ പോകാത്ത ആളുകള്‍ വളരെ കുറവാണ്.

യാത്ര നമ്മളെ മാറ്റുമെന്ന ചിന്ത യുവാക്കളുടെ ഇടയില്‍ ഉണ്ടാക്കിയെടുത്ത സിനിമയാണ് അതെന്ന കാര്യത്തില്‍ സംശയമില്ല. പണ്ടും യാത്ര ചെയ്യുന്ന ആളുകള്‍ ഉണ്ടായിരുന്നു. പക്ഷെ യാത്രകള്‍ കോമണാകുന്നത് ഈ സിനിമയോടെ ആയിരുന്നു. പിന്നെ സിനിമയിലെ എന്റെ സുനി എന്ന കഥാപാത്രത്തോട് ആളുകള്‍ക്ക് വല്ലാത്തൊരു പ്രിയമായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്,’ സണ്ണി വെയ്ന്‍ പറഞ്ഞു.


Content Highlight: Sunny Wayne Talks About Neelakasham Pachakadal Chuvanna Bhoomi