അടുത്തിടെ മലയാള സിനിമയിലുണ്ടായ ഏറ്റവും വലിയ വിജയമാണ് മമ്മൂട്ടി ചിത്രമായ കണ്ണൂര്‍ സ്‌ക്വാഡ്. നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രം കേരളത്തില്‍ നിന്നും നോര്‍ത്ത് ഇന്ത്യയിലേക്ക് രക്ഷപ്പെട്ട പ്രതികളെ പിടിക്കാനായി പോകുന്ന നാലംഗ പൊലീസ് സംഘത്തെ കേന്ദ്രീകരിച്ചായിരുന്നു. റോണി ഡേവിഡ്, ശബരീഷ് വര്‍മ, അസീസ് നെടുമങ്ങാട് എന്നിവരാണ് മമ്മൂട്ടിക്കൊപ്പം ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായത്.
കണ്ണൂര്‍ സ്‌ക്വാഡില്‍ ഒരു ചെറിയ വേഷത്തില്‍ സണ്ണി വെയ്‌നും അഭിനയിച്ചിരുന്നു. കണ്ണൂര്‍ സ്‌ക്വാഡിനെ പ്രേക്ഷകരിലേക്ക് പരിചയപ്പെടുത്തുന്ന മാധ്യമപ്രവര്‍ത്തകനായാണ് സണ്ണി ചിത്രത്തിലെത്തിയത്.
കണ്ണൂര്‍ സ്‌ക്വാഡ് കാണുമ്പോള്‍ തന്നെ 100 കോടി അടിക്കുമെന്ന് തനിക്ക് തോന്നിയിരുന്നുവെന്ന് പറയുകയാണ് സണ്ണി വെയ്ന്‍. തിയേറ്ററില്‍ വലിയ ജനക്കൂട്ടമായിരുന്നു ഉണ്ടായിരുന്നതെന്നും അടുത്തത് എന്താണെന്ന് അറിയാന്‍ ആളുകള്‍ക്ക് വലിയ ആകാംക്ഷയായിരുന്നുവെന്നും ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സണ്ണി പറഞ്ഞു.
‘കണ്ണൂര്‍ സ്‌ക്വാഡിന്റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ പോയി കണ്ടിരുന്നു. ഒറ്റപ്പാലത്ത് നിന്നുമാണ് ഞാന്‍ ആ സിനിമ കണ്ടത്. വലിയ ജനക്കൂട്ടമുണ്ടായിരുന്നു തിയേറ്ററില്‍. ഇന്റര്‍വെല്‍ ആകുമ്പോഴാണെങ്കിലും സെക്കന്റ് ഹാഫിന്റെ തുടക്കത്തിലാണെങ്കിലും പകുതിയാണെങ്കിലും അടുത്തത് എന്താണെന്ന് ആളുകള്‍ നോക്കിക്കൊണ്ടിരിക്കുന്ന ഒരു മൂഡാണ് കണ്ടത്. സിനിമ കണ്ടപ്പോള്‍ തന്നെ ഇത് ഒരു 100 കോടി നേടുന്ന സിനിമയോ 100 ദിവസം ഓടുന്ന സിനിമയോ ആകുമെന്ന് തോന്നിയിരുന്നു,’ സണ്ണി പറഞ്ഞു.
അപ്പന്‍ സിനിമ തെരഞ്ഞെടുത്തതിനെ പറ്റിയും നിര്‍മാണ പങ്കാളിയാവാന്‍ തീരുമാനിച്ചതിനെ പറ്റിയും താരം അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. ‘ആ സമയത്തെ സാഹചര്യം കൊണ്ടാണ് അപ്പന്‍ പ്രൊഡ്യൂസ് ചെയ്തത്. ആ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ തന്നെ മനസിലായി. ഞാന്‍ എന്റെ ജീവിതത്തില്‍ ഇതുവരെ വായിക്കാത്ത തരത്തിലുള്ള സ്‌ക്രിപ്റ്റ് ആണ് അത്.
നോവല്‍ പോലെയാണ് ആ സ്‌ക്രിപ്റ്റ് വായിച്ചുപോയത്. ഇനി അതുപോലെ ഒരു കഥാപാത്രം ചെയ്യാന്‍ പറ്റുമോ എന്ന് എനിക്ക് സംശയം ഉണ്ടായിരുന്നു. സിനിമ ചെയ്യാമെന്ന് തീരുമാനിച്ചപ്പോള്‍ നിര്‍മാണത്തിലും പങ്കാളിയാവാമെന്ന് വിചാരിച്ചു. ഇനി അങ്ങനെ ഒരു സംഭവം കിട്ടിയില്ലെങ്കിലോ. പ്രൊഡക്ഷന്റെ ഭാഗമാകുമ്പോള്‍ പിന്നെ ആ സിനിമ കാണുമ്പോള്‍ നമുക്ക് തന്നെ ഒരു സുഖം കിട്ടും. എല്ലാവരും അംഗീകരിച്ച ഒരു സിനിമയില്‍ എനിക്ക് കൈ വെക്കാന്‍ പറ്റി എന്ന് പറയാം,’ സണ്ണി പറഞ്ഞു.
Content Highlight: Sunny wayne talks about kannur squad