കണ്ണൂര്‍ സ്‌ക്വാഡിലെ എന്റെ കഥാപാത്രത്തിന് കൂടുതല്‍ ഭാഗങ്ങളുണ്ടായിരുന്നു; തുറന്നു പറഞ്ഞ് സണ്ണി വെയ്ന്‍
Film News
കണ്ണൂര്‍ സ്‌ക്വാഡിലെ എന്റെ കഥാപാത്രത്തിന് കൂടുതല്‍ ഭാഗങ്ങളുണ്ടായിരുന്നു; തുറന്നു പറഞ്ഞ് സണ്ണി വെയ്ന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 7th November 2023, 8:37 am

ഈ അടുത്തിടെ പുറത്തിറങ്ങിയ മലയാള സിനിമകളില്‍ വലിയ വിജയം നേടിയ സിനിമയായിരുന്നു മമ്മൂട്ടി ചിത്രമായ കണ്ണൂര്‍ സ്‌ക്വാഡ്. നവാഗതനായ റോബി വര്‍ഗീസ് രാജായിരുന്നു ചിത്രം സംവിധാനം ചെയ്തിരുന്നത്.

സിനിമയില്‍ കേരളത്തില്‍ നിന്നും നോര്‍ത്ത് ഇന്ത്യയിലേക്ക് രക്ഷപ്പെട്ട് പോകുന്ന പ്രതികളെ പിടികൂടാനായി പോകുന്ന നാല് പൊലീസുക്കാരെ കേന്ദ്രീകരിച്ചായിരുന്നു കഥ മുന്നോട്ട് പോയിരുന്നത്.

കണ്ണൂര്‍ സ്‌ക്വാഡില്‍ ഒരു ചെറിയ വേഷത്തില്‍ സണ്ണി വെയ്നും അഭിനയിച്ചിരുന്നു. കണ്ണൂര്‍ സ്‌ക്വാഡിനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്ന രഘുവെന്ന ഒരു മാധ്യമപ്രവര്‍ത്തകനായാണ് സണ്ണി വെയ്ന്‍ അഭിനയിച്ചത്.

ആ സിനിമയില്‍ തന്റെ കഥാപാത്രത്തിന് കൂടുതല്‍ ഭാഗങ്ങള്‍ ചെയ്യാനുണ്ടായിരുന്നെന്ന് പറയുകയാണ് സണ്ണി വെയ്ന്‍. സില്ലി മോങ്ക്‌സ് മോളീവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘കണ്ണൂര്‍ സ്‌ക്വാഡില്‍ ഒരു ജേര്‍ണലിസ്റ്റിന്റെ കഥാപാത്രമാണെന്നും സിനിമ തുടങ്ങുന്നത് എങ്ങനെയാണെന്നും പറഞ്ഞിരുന്നു. വോയിസ് ഓവര്‍ എന്ന നിലയില്‍ മാത്രമല്ല, തുടക്കത്തില്‍ ടൈറ്റില്‍ പറയുന്നത് എന്റെ കഥാപാത്രമാണെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു.

രഘുവെന്നായിരുന്നു എന്റെ ആ കഥാപാത്രത്തിന്റെ പേര്. അത് വളരെ സോഫ്റ്റായിട്ട് അങ്ങനെ പറഞ്ഞു പോകുന്ന ഒരു കഥാപാത്രമായിരുന്നു. അത് നമ്മളെയങ്ങോട്ട് വളരെ ഇഷ്ടപ്പെടുത്തി കളഞ്ഞു. ആ റോളിന് സിനിമയില്‍ കൂടുതല്‍ ചെയ്യാനുണ്ടായിരുന്നോയെന്ന് ചോദിച്ചാല്‍, ആ സമയത്ത് ഉണ്ടായിരുന്നു.

ക്ലൈമാക്‌സിലേക്ക് ആ കഥാപാത്രമുണ്ടായിരുന്നു. കുറേ സമയമെടുത്ത് ഷൂട്ട് ചെയ്ത ഒരു വലിയ സിനിമയാണ് കണ്ണൂര്‍ സ്‌ക്വാഡ്. പല ലൊക്കേഷനുകളില്‍ ഷൂട്ട് ചെയ്യാനുണ്ടായിരുന്നു. ആ പോയന്റുകളിലെത്താന്‍ പല ആര്‍ട്ടിസ്റ്റുകളുടെയും ഡേറ്റിന്റെ കാര്യങ്ങളിലൊക്കെ ഇഷ്യുവൊക്കെ വന്നത് കാരണം അത് ഷൂട്ട് ചെയ്യുന്നില്ലെന്നാണ് ഡയറക്ടര്‍ പിന്നീട് പറഞ്ഞത്,’ സണ്ണി വെയ്ന്‍ പറയുന്നു.

Content Highlight: Sunny Wayne Talks About His Character In Kannur Squad