| Tuesday, 21st November 2023, 8:18 am

അവന്‍ കണ്ണൂര്‍ സ്‌ക്വാഡ് കണ്ടിരുന്നു, ഭയങ്കര ഇഷ്ടമായെന്ന് പറഞ്ഞു: സണ്ണി വെയ്ന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒക്ടോബര്‍ 19നാണ് മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് പുറത്തിറങ്ങിയത്. നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിക്ക് പുറമേ ശബരീഷ് വര്‍മ, അസീസ് നെടുമങ്ങാട്, റോണി ഡേവിഡ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിത്രത്തില്‍ സണ്ണി വെയ്‌നും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കണ്ണൂര്‍ സ്‌ക്വാഡിന് ചിത്രത്തില്‍ ഇന്‍ട്രൊ പറഞ്ഞത് സണ്ണി വെയ്ന്‍ അവതരിപ്പിച്ച മാധ്യമ പ്രവര്‍ത്തകനായിരുന്നു.

ചിത്രം കണ്ടിട്ട് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞ അഭിപ്രായത്തെ പറ്റി പറയുകയാണ് സണ്ണി വെയ്ന്‍. സ്‌ക്രീനില്‍ കണ്ടിട്ട് ഭയങ്കര ഇഷ്ടപ്പെട്ടുവെന്ന് ദുല്‍ഖര്‍ പറഞ്ഞുവെന്നും ചില സിനിമകളുടെ കാര്യങ്ങള്‍ അങ്ങനെ തന്നോട് സംസാരിക്കാറുണ്ടെന്നും ലെറ്റ്‌സ് ടോക്ക് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

‘അവന്‍ കണ്ണൂര്‍ സ്‌ക്വാഡ് കണ്ടിട്ടുണ്ടായിരുന്നു. സ്‌ക്രീനില്‍ കണ്ടപ്പോള്‍ ഭയങ്കര ഇഷ്ടമായി എന്ന് പറഞ്ഞു. അങ്ങനെ കാണുന്ന സിനിമകളിലെ കാര്യങ്ങളൊക്കെ പറയാറുണ്ട്,’ സണ്ണി വെയ്ന്‍ പറഞ്ഞു.

ദുല്‍ഖറിന്റെ കരിയര്‍ തന്നെ പ്രചോദിപ്പിച്ചിട്ടുണ്ടെന്നും സണ്ണി വെയ്ന്‍ പറഞ്ഞു. ‘പുള്ളീടെ തീരുമാനങ്ങളും ഇതുവരെയുണ്ടായിരുന്ന യാത്രകളും ആരും പ്രെഡിക്ട് ചെയ്തിട്ടുണ്ടാവില്ല. ഇങ്ങനെ പാന്‍ ഇന്ത്യന്‍ ലെവലിലേക്ക് പോകുമെന്ന് ആരെങ്കിലും ചിന്തിച്ചിരുന്നോ? അദ്ദേഹത്തിന്റെ കഠിനാധ്വാനം എന്നെ ഭയങ്കരമായി കൊതിപ്പിച്ചിട്ടുണ്ട്,’ സണ്ണി വെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

നവംബര്‍ 17ന് കണ്ണൂര്‍ സ്‌ക്വാഡ് നെറ്റ്ഫ്‌ളിക്‌സിലും റിലീസ് ചെയ്തിരുന്നു. കേരളത്തിന് പുറത്ത് നിന്നുമുള്ള പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായമായിരുന്നു ചിത്രത്തിന് ലഭിച്ചത്.

വേലയാണ് ഒടുവില്‍ റിലീസ് ചെയ്ത സണ്ണി വെയ്‌ന്റെ ചിത്രം. ഷെയ്ന്‍ നിഗമാണ് ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചത്. പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറഞ്ഞത്.

സിന്‍സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്.ജോര്‍ജ് നിര്‍മിച്ച വേലയുടെ സംവിധാനം ശ്യാം ശശിയും തിരക്കഥ എം. സജാസും നിര്‍വഹിച്ചിരിക്കുന്നു. ബാദുഷ പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ സഹനിര്‍മാതാക്കള്‍. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസാണ് കേരളത്തില്‍ ചിത്രം വിതരണം ചെയ്തത്.

Content Highlight: Sunny Wayne talks about Dulquer Salmaan’s comment after watching Kannur Squad 

We use cookies to give you the best possible experience. Learn more