| Monday, 2nd December 2024, 9:07 pm

എന്നെ കണ്ട ആ കുട്ടിക്ക് ഏഴ് വര്‍ഷം മുമ്പുള്ള സിനിമയാണ് ഓര്‍മ വന്നത്; വലിയ സന്തോഷം തോന്നി: സണ്ണി വെയ്ന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത് സണ്ണി വെയ്ന്‍, സാറ അര്‍ജുന്‍ തുടങ്ങിയവര്‍ ഒന്നിച്ച ചിത്രമാണ് ആന്‍ മരിയ കലിപ്പിലാണ്. ഇവരെ കൂടാതെ അജു വര്‍ഗീസ്, സിദ്ദിഖ്, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരും ഈ സിനിമയില്‍ അഭിനയിച്ചിരുന്നു.

ആന്‍ മരിയ എന്ന കുട്ടിയും പൂമ്പാറ്റ ഗിരീഷ് എന്ന ഗുണ്ടയും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയായിരുന്നു ഈ സിനിമയിലൂടെ പറഞ്ഞത്. ആന്‍ മരിയയായി സാറ എത്തിയപ്പോള്‍ പൂമ്പാറ്റ ഗിരീഷ് എന്ന കഥാപാത്രമായി എത്തിയത് സണ്ണി വെയ്ന്‍ ആയിരുന്നു.

ആന്‍ മരിയ കലിപ്പിലാണ് എന്ന സിനിമക്ക് ശേഷം സണ്ണി വെയ്ന്‍ നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഈ സിനിമ ചെയ്തപ്പോള്‍ നടന് നിരവധി ആരാധകരെ ലഭിച്ചിരുന്നു.

ആന്‍ മരിയയിലൂടെ കിട്ടിയ ആരാധകവൃന്ദം വേറെ തന്നെയായിരുന്നുവെന്ന് തോന്നിയിട്ടില്ലേ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് സണ്ണി വെയ്ന്‍. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘കഴിഞ്ഞ ദിവസം ഞാന്‍ ദുബായ്‌യിലെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ ഇരിക്കുകയായിരുന്നു. എന്റെ ഒരു ഫ്രണ്ടിന്റെ ഹോട്ടലായിരുന്നു അത്. ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഇറങ്ങാന്‍ നേരത്ത് ഫ്രണ്ടിന്റെ ഫാമിലി അവിടേക്ക് വന്നു. എല്ലാവരും വന്ന് ഫോട്ടോസ് എടുത്തു.

ആ കൂട്ടത്തില്‍ ഒരു കുട്ടിയും ഉണ്ടായിരുന്നു. ഒരു പതിനഞ്ച് വയസ് പ്രായമുള്ള കുട്ടിയായിരുന്നു അത്. ആ കുട്ടിയുടെ അമ്മ വന്ന് പറഞ്ഞത് ‘നിങ്ങളെ കണ്ടപ്പോള്‍ ആന്‍ മരിയ കലിപ്പിലെ ആളല്ലേ എന്നാണ് അവള്‍ എന്നോട് ചോദിച്ചത്’ എന്നായിരുന്നു. അത് കേട്ടപ്പോള്‍ എനിക്ക് വലിയ സന്തോഷം തോന്നി.

പിന്നെ ഞാന്‍ അതിനെ കുറിച്ച് ചിന്തിച്ചു. ഇപ്പോള്‍ 2024 ആണ്. ആ സിനിമ ഇറങ്ങിയിട്ട് ഇപ്പോള്‍ ഏഴ് വര്‍ഷമായി. ഏഴ് വര്‍ഷം പിന്നിലേക്ക് പോയി. ആ കുട്ടിക്ക് അന്ന് ഏഴോ എട്ടോ വയസായിരിക്കും. അത്രയും വര്‍ഷങ്ങള്‍ മുമ്പുള്ള സിനിമയാണ് ആ കുട്ടി ഓര്‍ത്തത്. അത്രയേറേ സ്‌നേഹവും ഇഷ്ടവും ആളുകള്‍ക്ക് പൂമ്പാറ്റയോടുണ്ട്,’ സണ്ണി വെയ്ന്‍ പറഞ്ഞു.


Content Highlight: Sunny Wayne Talks About Annmariya Kalippilaanu Movie

We use cookies to give you the best possible experience. Learn more