ചുരുങ്ങിയകാലം കൊണ്ട് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ നടനാണ് സണ്ണി വെയ്ൻ. ഈയിടെ ഇറങ്ങിയ ‘അപ്പൻ’ എന്ന സണ്ണിയുടെ ചിത്രം വലിയ നിരൂപക പ്രശംസ നേടിയിരുന്നു. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ‘വേല’ ഇപ്പോൾ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്.
നടി മഞ്ജു വാര്യരെ കുറിച്ച് സംസാരിക്കുകയാണ് സണ്ണി. മഞ്ജുവിന് ഒപ്പം അഭിനയിക്കാൻ പോകുമ്പോൾ താൻ വലിയ ആകാംക്ഷയിലായിരുന്നു എന്നാണ് സണ്ണി പറയുന്നത്.
മഞ്ജുവിന്റെ അഭിനയം മോണിറ്ററിൽ കണ്ടിട്ട് അത്ഭുതപ്പെട്ടിട്ടുണ്ട് സണ്ണി സൈന സൗത്ത് പ്ലസിനോട് പറഞ്ഞു. മുൻപ് ചതുർമുഖം എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.
‘അവരുടെ കൂടെ വർക്ക് ചെയ്യുമ്പോൾ ഞാൻ ഭയങ്കര ആകാംക്ഷയിലായിരുന്നു. കാരണം ചുരുങ്ങിയ കാലം കൊണ്ട് അവർ ചെയ്ത പ്രകടനങ്ങൾ കണ്ട് നമ്മൾ നോക്കി നിന്ന് പോയിട്ടുണ്ട്. കന്മദവും കളിയാട്ടവും കണ്ണെഴുതി പൊട്ട് തൊട്ടും അങ്ങനെ ഒരുപാട് സിനിമകൾ കണ്ട് കണ്ടിരിന്നിട്ടുണ്ട്.
പിന്നീട് കാലങ്ങൾക്ക് ശേഷം ഞാൻ സിനിമയിൽ വന്ന് അവരോടൊപ്പം ഒരുമിച്ച് അഭിനയിക്കാൻ ഭാഗ്യം ലഭിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി. അതൊരു ട്രൂ ആർട്ടിസ്റ്റ് ആണ്.
ട്രൂ ആർട്ടിസ്റ്റ് എന്ന് പറഞ്ഞാൽ അഭിനയിക്കുകയാണെന്ന് നമുക്ക് തോന്നില്ല. അവര് പെർഫോം ചെയ്തത് മോണിറ്ററിൽ കാണുമ്പോൾ നമുക്കിങ്ങനെ വൗ എന്ന് പറയാൻ തോന്നും. അഭിനയത്തിൽ എനിക്കത് നല്ലൊരു അനുഭവമായിരുന്നു. അത് പഠിക്കാൻ കഴിഞ്ഞു. പഠിച്ചു എന്ന് പറയുന്നില്ല. അവരെ പോലുള്ളവരുടെ കൂടെ വർക്ക് ചെയ്യുമ്പോഴുള്ള ഗുണം അതാണ്. അങ്ങനെയെല്ലാം പഠിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
രാത്രി 12 മണിക്ക് ഞങ്ങൾ ഒരുമിച്ച് വർക്ക് ചെയ്യുകയാണെങ്കിലും ചിരിച്ച് കളിച്ച് ഭയങ്കര എനർജറ്റിക്കാണ്,’ സണ്ണി പറയുന്നു.
വേലയാണ് സണ്ണിയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിൽ ഷെയ്ൻ നിഗവും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. പൊലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ മല്ലികാർജുനൻ എന്ന പൊലീസ് കഥാപാത്രത്തെയാണ് സണ്ണി അവതരിപ്പിക്കുന്നത്.
Content Highlight: Sunny Wayne Talk About Manju Warrior