ദുൽഖർ സൽമാനൊപ്പം പുതുമുഖ താരമായി സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് കടന്നുവന്ന താരമാണ് സണ്ണി വെയ്ൻ. പിന്നീട് ചുരുങ്ങിയ സമയം കൊണ്ട് വലിയ ശ്രദ്ധ നേടിയെടുക്കാൻ സണ്ണിയ്‌ക്ക് കഴിഞ്ഞിരുന്നു. ഹാസ്യവേഷണങ്ങളിലും സീരിയസ് കഥാപാത്രങ്ങളിലും ഒരുപോലെ തിളങ്ങാൻ സണ്ണിയ്ക്ക് കഴിഞ്ഞിരുന്നു.
ആദ്യ സിനിമയിൽ തുടങ്ങിയ ദുൽഖറും സണ്ണിയുമൊത്തുള്ള സൗഹൃദം ഇന്നും തുടരുന്ന ഒന്നാണ്. പല സിനിമകളിൽ അവരുടെ കോമ്പോ വീണ്ടും ഒന്നിച്ചപ്പോൾ പ്രേക്ഷകർ അത് ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്.
നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ആൻ മരിയ കലിപ്പിലാണ്, കുറുപ്പ് തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് എത്തിയിരുന്നു.
ദുൽഖറിനെ കുറിച്ച് സംസാരിക്കുകയാണ് സണ്ണി. കിങ് ഓഫ് കൊത്ത എന്ന ചിത്രത്തിന് ശേഷം ഉണ്ടായ വിമർശനങ്ങൾ ദുൽഖറിനെ ബാധിക്കില്ല എന്നാണ് സണ്ണി പറയുന്നത്. ദുൽഖറിന്റെ ഹാർഡ് വർക്ക് കണ്ടിട്ട് അത്ഭുതപ്പെട്ടിട്ടുണ്ടെന്നും സണ്ണി സൈന സൗത്ത് പ്ലസിനോട് പറഞ്ഞു.
‘ദുൽഖറിന്റെ തീരുമാനങ്ങളും മുന്നോട്ടുള്ള യാത്രകളും എല്ലാം ആരും പ്രതീക്ഷിക്കാത്ത ഒന്നാണ്. ഒരു പാൻ ഇന്ത്യൻ തലത്തിലേക്ക് ദുൽഖർ എത്തുമെന്ന് ആരെങ്കിലും വിചാരിച്ചിരുന്നോ. അദ്ദേഹത്തിന്റെ ഹാർഡ് വർക്ക് എന്നെ ഭയങ്കരമായിട്ട് കൊതിപ്പിച്ചിട്ടുണ്ട്.
വിമർശനങ്ങൾക്കുള്ള മറുപടിയെല്ലാം അടുത്ത വർക്ക് ചെയ്തു കാണിച്ചുകൊണ്ട് ദുൽഖർ നൽകും. വിമർശനങ്ങളിൽ എപ്പോഴും തലയിൽ കൊണ്ട് നടക്കുന്ന ആളല്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ജയങ്ങളും പരാജയങ്ങളും ഏത് ഫീൽഡിലാണെങ്കിലും ഉണ്ടല്ലോ.
ഭാവിയിൽ ദുൽഖറിന്റെ അൺബിലീവബിൾ പ്രകടനം കണ്ടാൽ പഴയതെല്ലാം കഥകളായി മാറില്ലേ. അത്രേയെ ഉള്ളു,’സണ്ണി വെയ്ൻ പറയുന്നു.
വേലയാണ് സണ്ണിയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിൽ ഷെയ്ൻ നിഗവും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. പൊലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ മലികർജുനൻ എന്ന പൊലീസ് കഥാപാത്രത്തെയാണ് സണ്ണി അവതരിപ്പിക്കുന്നത്.
Content Highlight: Sunny Wayne Talk About Dulqure Salman