സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ ദുൽഖർ സൽമാനൊപ്പമാണ് സണ്ണി വെയ്ൻ എന്ന നടൻ മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. ഹാസ്യ താരമായും ക്യാരക്ടർ റോളുകളിലും പിന്നീട് നായക നടനായി ഉയരാനും സണ്ണിയ്ക്ക് അധികം കാലം വേണ്ടി വന്നില്ല.
ഈയിടെ സണ്ണി അഭിനയിച്ച ‘അപ്പൻ’ എന്ന ചിത്രം നിരൂപക പ്രശംസയും വലിയ ശ്രദ്ധയും നേടിയിരുന്നു. അപ്പൻ എന്ന ചിത്രം തന്നെ ഒരുപാട് പാഠം പഠിപ്പിച്ചിട്ടുണ്ട് എന്നാണ് സണ്ണി പറയുന്നത്. താൻ ഒരു സിനിമ തെരഞ്ഞെടുക്കുന്നത് എങ്ങനെയാണെന്ന് പറയുകയാണ് താരം.
പുതിയ സംവിധായകർ ഒരു കഥയുമായി തന്റെ അടുത്തേക്ക് വരുമ്പോൾ നോ പറയാൻ കഴിയാറില്ലായെന്നും സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ സണ്ണി പറഞ്ഞു.
‘ഞാൻ ഭയങ്കര സെലക്ടീവാണ് അല്ലെങ്കിൽ സെലക്ഷനിൽ ഒരുപാട് ഉയർന്നു എന്നൊന്നും പറയുന്നില്ല. ഞാൻ കൂടുതലും സിനിമകൾ ചെയ്യുന്നത് പുതിയ സംവിധായകരോടൊപ്പമാണ്. കരിയർ തുടങ്ങിയപ്പോൾ മുതൽ പുതുമുഖ സംവിധായകരോടൊപ്പമാണ് വർക്ക് ചെയ്തിട്ടുള്ളത്.
പുതിയ ഒരു സംവിധായകൻ എന്റെ അടുത്തേക്ക് വരുമ്പോൾ എനിക്ക് നോ പറയാൻ ഭയങ്കര ബുദ്ധിമുട്ടുണ്ട്. ആ സ്ക്രിപ്റ്റിലും കഥയിലും ഞാൻ കുറച്ചെങ്കിലും കൺവിൻസ് ആയാൽ ഞാൻ വിചാരിക്കുക അവരിത് എവിടെ വരെയെങ്കിലും എത്തിച്ചില്ലേ അല്ലെങ്കിൽ അവരുടെ ഹാർഡ് വർക്ക് അല്ലേ എന്നാണ്. അപ്പോൾ അവരെ എങ്ങനെയെങ്കിലും സഹായിക്കണം എന്ന് തോന്നും. അങ്ങനെ പല സിനിമകൾ ചെയ്യാറുണ്ട്.
അത്തരം സിനിമകളുടെ വിജയ പരാജയങ്ങളെ കുറിച്ചും ഞാൻ ചിന്തിക്കാറുണ്ട്. അത് നമ്മളെ ബാധിക്കില്ലെങ്കിലും ശ്രദ്ധിക്കാൻ ശ്രമിക്കാറുണ്ട്.
അപ്പൻ എന്ന സിനിമയ്ക്ക് ശേഷം എന്റെ സെലക്ഷനിൽ മാറ്റം വന്നിട്ടുണ്ട്. അപ്പൻ എന്ന സിനിമ എന്നെ ഒരുപാട് പാഠം പഠിപ്പിച്ചിട്ടുണ്ട്. അപ്പന്റെ സ്ക്രിപ്റ്റ് ഞാൻ ഇത് വരെ വായിച്ചതിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു. നല്ല അച്ചടക്കമുള്ള ഒരു തിരക്കഥയായിരുന്നു അത്.
ചില സിനിമകളുടെ തിരക്കഥ വായിച്ചിട്ട് അതിൽ ഒന്നുകൂടി അവർക്ക് ചെയ്യാമോ എന്ന് അവരോട് ചോദിച്ചാൽ ചിലർക്ക് അത് ഇഷ്ടമാവാറില്ല. തിരക്കഥയിൽ ഉള്ള മാറ്റങ്ങൾ തിരിച്ചറിയാൻ തുടങ്ങിയത് അപ്പൻ എന്ന ചിത്രത്തിന് ശേഷമാണ്,’സണ്ണി പറയുന്നു.
വേലയാണ് സണ്ണിയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിൽ ഷെയ്ൻ നിഗവും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. പൊലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ മലിക അർജുനൻ എന്ന പൊലീസ് കഥാപാത്രത്തെയാണ് സണ്ണി അവതരിപ്പിക്കുന്നത്.
Content Highlight: Sunny Wayne Talk About Appan Movie And His Film Selection