|

കമ്മട്ടിപ്പാടം കാസ്റ്റിംങ് നടക്കുമ്പോള്‍ ദുല്‍ഖറിന്റെയും, വിനായകന്റെയും കൂടെ എന്റെ ഫോട്ടോയും വെക്കാന്‍ നോക്കിയിട്ടുണ്ട്; രസകരമായ ഓര്‍മ്മകള്‍ പങ്കുവച്ച് സണ്ണിവെയ്ന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സണ്ണിവെയ്ന്‍. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് സണ്ണിവെയ്ന്‍ സിനിമാ ലോകത്തേക്ക് എത്തിയത്. ‘അയലത്തെ പയ്യന്‍’ എന്ന ഇമേജോടെയാണ് സണ്ണിവെയിന്റെ ചിത്രങ്ങള്‍ വിജയങ്ങള്‍ കൊയ്തത്.

ഒരു കാലത്ത് രാജീവ് രവിയുടെ സിനിമകളില്‍ അഭിനയിക്കാന്‍ താന്‍ പറഞ്ഞ രസകരമായ കാര്യങ്ങള്‍ ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെക്കുകയാണ് സണ്ണിവെയ്ന്‍.

‘രാജീവ് രവിയുടെ സിനിമകളില്‍ അഭിനയിക്കുക എന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. പക്ഷേ അവസരം നമുക്ക് അങ്ങനെ കിട്ടില്ല. രാജീവ് രവിയുടെ കാസ്റ്റിംങ് അദ്ദേഹത്തിന്റെ മനസ്സില്‍ തോന്നണം. അതുകൊണ്ട് എങ്ങനെയെങ്കിലും അദ്ദേഹത്തിന്റെ മനസ്സില്‍ പതിഞ്ഞിരുന്നെങ്കില്‍ എന്ന് നമ്മള്‍ ആഗ്രഹിക്കും.

കമ്മട്ടിപ്പാടം സിനിമയിയുടെ കാസ്റ്റിംങ് നടക്കുന്ന സമയത്ത് ദുല്‍ഖറിന്റെയും, വിനായകന്റെയും ഫോട്ടോ ഓഫീസില്‍ ഒട്ടിച്ച് വെച്ചിരുന്നു. രാജീവേട്ടനോട് തന്റെ ഫോട്ടോയും ഇവിടെ ഒട്ടിച്ചുവെച്ചോട്ടെ എന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട്, ‘ അത്രമാത്രം ആഗ്രഹമായിരുന്നു രാജീവ് രവിയുടെ ചിത്രങ്ങളില്‍ അഭിനക്കാന്‍ എന്നാണ് സണ്ണിവെയ്ന്‍ പങ്കുവെക്കുന്നത്.

‘രാജിവ് രവിയുടെ സിനിമയില്‍ അഭിനയിക്കാന്‍ വിളിക്കുമ്പോള്‍ ഏത് കഥാപാത്രമാണ് എന്താണ് എന്നൊന്നും ചോദ്യക്കേണ്ട ആവശ്യം വരാറില്ല, കാരണം അദ്ദേഹത്തിന്റെ മനസ്സില്‍ എന്തെങ്കിലും ഉണ്ടാകും. വേറെ ഒരു ലോകം തന്നെയാണ് അദ്ദേഹത്തിന്റെ സിനിമ. ആ സിനിമകളില്‍ അഭിനയിക്കുക എന്നത് ഭാഗ്യമായി കരുതുന്ന ഒരാളാണ് ഞാന്‍ ‘ സണ്ണിവെയ്ന്‍ പറഞ്ഞു.

രാജീവ് രവിയുടെ കമ്മട്ടിപ്പാടം, അന്നയും റസൂലും എന്നീ ചിത്രങ്ങളിലാണ് സണ്ണിവെയ്ന്‍ അഭിനയിച്ചത്.

രാജീവ് രവി സംവിധാനത്തില്‍ സണ്ണിവെയ്ന്‍ കഥാപാത്രമായി എത്തുന്ന ‘കുറ്റവും ശിക്ഷയും’ എന്ന സിനിമയാണ് ഇപ്പോള്‍ റിലീസിന് ഒരുങ്ങുന്നത്. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ സണ്ണിവെയ്ന്‍ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘കുറ്റവും ശിക്ഷയും’. ആസിഫ് അലിയാണ് സിനിമയില്‍ കേന്ദ്രകഥാപാത്രമായെത്തുന്നത്.

സണ്ണിവെയ്‌ന് പുറമെ അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി.ആറാണ് ഈ ചിത്രം നിര്‍മിക്കുന്നത്.

മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സിബി തോമസിന്റെ നേതൃത്തിലുള്ള അഞ്ചു പൊലീസ് ഉദ്യോഗസ്ഥര്‍ ഒരു ജ്വല്ലറി മോഷണത്തെ തുടര്‍ന്ന് കേസന്വേഷണത്തിനായി വടക്കേന്ത്യയിലേക്ക് നടത്തിയ യാത്രയാണ് സിനിമയായിരിക്കുന്നത്.

സുരേഷ് രാജനാണ് ഛായാഗ്രാഹകന്‍. ബി. അജിത്കുമാര്‍ എഡിറ്റിങ്. സംഗീത സംവിധാനം ഡോണ്‍ വിന്‍സെന്റ്. മെയ് 27നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Content Highlights: Sunny Wayne sharing interesting memories about rajeev ravi movie casting