| Sunday, 20th June 2021, 10:17 am

നിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ഏതെങ്കിലും നടീനടന്‍മാരുണ്ടോയെന്ന് നിവിനോട് സണ്ണി വെയ്ന്‍; രസകരമായ മറുപടി പറഞ്ഞ് നിവിന്‍ പോളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ഷൂട്ടിംഗിനിടെയില്‍ തന്നെ ചിരിപ്പിക്കുന്ന നിവിന്‍ പോളിയുടെ സ്വഭാവത്തെപ്പറ്റിയുള്ള രസകരമായ ഓര്‍മ്മകള്‍ പങ്കുവെച്ച് നടന്‍ സണ്ണി വെയ്ന്‍. കൈരളി ടിവിയിലെ ജെ.ബി. ജംഗ്ഷന്‍ എന്ന പരിപാടിയിലാണ് സണ്ണിയുടെ ഈ പരാമര്‍ശം.

‘വളരെ സീരിയസായി ടേക്ക് എടുക്കുമ്പോള്‍ മുന്നില്‍ വന്ന് നിന്ന് നീ എന്നെ ചിരിപ്പിക്കുമായിരുന്നു. നിന്നോട് എനിക്ക് ചോദിക്കാനുള്ള ചോദ്യം, നിന്റെ ഈ ആക്രമണത്തിന് ഇരയാകാത്ത എതെങ്കിലും നടീനടന്‍മാരുണ്ടോ?,’ എന്നായിരുന്നു സണ്ണി വെയ്‌നിന്റെ ചോദ്യം.

അതിന് നിവിന്‍ പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

‘സണ്ണി വളരെ ടെന്‍ഷന്‍ ഉള്ളയാളാണ്. നമ്മുടെ പടം സിങ്ക് സൗണ്ട് ആയിരുന്നു. നമ്മള്‍ എല്ലാ ഡയലോഗും കാണാതെ പഠിച്ച് മനപ്പാഠമാക്കി പറയണം. സണ്ണിയുടെ ഡയലോഗ് ഒക്കെ ഇച്ചിരി കട്ടിയുള്ള വാക്കുകളാണ്.

സണ്ണി എന്റെ ഒരു നല്ല കൂട്ടുകാരനായതുകൊണ്ടും വളരെ അടുത്തിടപെഴകുന്നത് കൊണ്ടും അവന്‍ അത്രയും സീരിയസായ കാര്യങ്ങള്‍ മുമ്പില്‍ നിന്ന് പറയുക എന്നത് എനിക്ക് സങ്കല്‍പ്പിക്കാന്‍ പറ്റുന്നില്ല.

അപ്പോള്‍ ഞാന്‍ പറയും നീ ഒന്ന് പോടാ, നീ ഇങ്ങനെയൊക്കെ പറയുമ്പോള്‍ എന്തോ പോലെ തോന്നും എന്നൊക്കെ ഞാന്‍ പറയും. അപ്പോള്‍ സണ്ണി പറയും, മിണ്ടാതിരിക്ക് ഞാന്‍ ആ മൂഡില്‍ ഇരിക്കട്ടെ എന്നൊക്കെ. നീ എന്തായാലും ഡയലോഗ് തെറ്റിക്കും റോഷന്‍ ചേട്ടന്‍ നിന്നെ വന്ന് ചീത്ത പറയും എന്നൊക്കെ ഞാന്‍ പറയും. പറഞ്ഞ് പറഞ്ഞ് അവന്‍ ഡയലോഗ് തെറ്റിക്കുകയും ചെയ്യും,’ നിവിന്‍ പറയുന്നു.

കായംകുളം കൊച്ചുണ്ണി സിനിമയുടെ ഷൂട്ടിംഗിനിടെയായിരുന്നു ഈ രസകരമായ അനുഭവങ്ങളെന്നും നിവിന്‍ പറയുന്നു. കൊച്ചുണ്ണിയിലെ സണ്ണിയുടെ ഒരു സുപ്രധാന സീന്‍ എടുക്കുന്ന സമയത്തും രസകരമായ അനുഭവമുണ്ടായതായും നിവിന്‍ കൂട്ടിച്ചേര്‍ത്തു.

മഞ്ഞിന്റെ പശ്ചാത്തലത്തില്‍ കുതിരപ്പുറത്ത് സണ്ണി വന്ന് രണ്ട് ആനകള്‍ ആറ് കുതിരകള്‍ എന്ന ഡയലോഗ് പറയേണ്ട സീനിടെയായിരുന്നു സംഭവം.

‘ സണ്ണിയുടെ ഒരു സീന്‍ എടുക്കുന്നതിന് തലേ ദിവസം റോഷന്‍ ചേട്ടന്‍ എന്നോട് പറഞ്ഞു നാളെ നീ പത്ത് മണിയൊക്കെയായിട്ട് വന്നാല്‍ മതിയെന്ന്. രാവിലെ ആറുമണിക്ക് സണ്ണിയുടെ ഒരു സീന്‍ എടുക്കാനുണ്ട് എന്നും പറഞ്ഞു.

ഞാന്‍ റോഷന്‍ ചേട്ടന്‍ പറഞ്ഞതിലും അരമണിക്കൂര്‍ ലേറ്റായിട്ടാണ് എത്തിയത്. നോക്കുമ്പോള്‍ റോഷേട്ടന്‍ താടിയില്‍ കൈയ്യും വെച്ചിരിക്കുകയാണ്. എന്നിട്ട് പറയുകയാണ്, മൂന്നരമണിക്കൂറായി തുടങ്ങിയിട്ട്. അവന്റെ ”ആറ് ആനയും മൂന്ന് കുതിരയും”(ചിരിക്കുന്നു).

കാരണം സണ്ണി വേറൊരു ഷൂട്ട് കഴിഞ്ഞ് അന്ന് കാലത്ത് അഞ്ചുമണിക്കാണ് ലൊക്കേഷനില്‍ എത്തിയത്. ആറ് മണിക്ക് ഷൂട്ടും. ഇവനാണെങ്കില്‍ നേരെ ഉറങ്ങിയിട്ടുമില്ല. അപ്പോഴാണ് കുറച്ച് കട്ടിയുള്ള ഡയലോഗ് കിട്ടുന്നത്. അതോടെ അവന്‍ ആകെ കണ്‍ഫ്യൂസ്ഡ് ആകുകയായിരുന്നു,’ നിവിന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Sunny Wayne Shares Experience With Nivin Pauly

We use cookies to give you the best possible experience. Learn more