|

അപ്പനെ തീര്‍ക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കുന്ന മക്കളും കുടുംബവും; തുറന്നുവിടാന്‍ സമയമായെന്ന് റിലീസ് തിയതി പുറത്തുവിട്ട് സണ്ണി വെയ്ന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സണ്ണി വെയ്‌ന്റെ ഏറ്റവും പുതിയ ചിത്രമായ അപ്പന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 28നാണ് ചിത്രം സോണി ലിവിലെത്തുന്നത്.

നേരത്തെ പുറത്തുവന്ന അപ്പന്റെ ട്രെയ്‌ലറും ടീസറുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ റിലീസ് തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഒരിക്കല്‍ കൂടി ചര്‍ച്ചയാവുകയാണ്.

ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം ഡാര്‍ക് കോമഡി ഴോണറിലാണ് ഒരുക്കിയിരിക്കുന്നത്. അലന്‍സിയറാണ് ചിത്രത്തില്‍ അപ്പനായി എത്തുന്നത്.

അപ്പനെ കൊണ്ട് പൊറുതിമുട്ടിയ മക്കള്‍ ഇയാളെ തീര്‍ക്കാനായി കൂടോത്രം വരെ ചെയ്യുന്നുവെന്ന ചില സൂചനകളാണ് ട്രെയ്‌ലര്‍ നല്‍കുന്നത്. രണ്ടര മിനിറ്റോളം ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ ആദ്യ ഭാഗത്ത് തമാശ രൂപത്തിലാണ് കടന്നുപോകുന്നത്. എന്നാല്‍ അവസാനത്തിലേക്ക് കാര്യങ്ങള്‍ കോമഡിയില്‍ നിന്നും കട്ട ഡാര്‍ക് മോഡിലേക്ക് നീങ്ങുന്നുണ്ട്.

മജുവും ആര്‍. ജയകുമാറും ചേര്‍ന്ന് തിരക്കഥയൊരുക്കിയിരിക്കുന്ന അപ്പന്‍ സംവിധാനം ചെയ്തിരിക്കുന്നത് മജു തന്നെയാണ്. ടൈനി ഹാന്‍ഡ്‌സിന്റെ ബാനറില്‍ ജോസ് കുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

അലന്‍സിയറെയും സണ്ണി വെയ്‌നെയും കൂടാതെ അനന്യ, ഗ്രേസ് ആന്റണി, പോളി വത്സന്‍, രാധിക രാധാകൃഷ്ണന്‍, അനില്‍ കെ. ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അലന്‍സിയര്‍, അഷ്‌റഫ്, ദ്രുപദ് കൃഷ്ണ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമകളിലൊന്നാണ് അപ്പന്‍ എന്നായിരുന്നു നേരത്തെ ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സണ്ണി വെയ്ന്‍ പറഞ്ഞത്. ചിത്രം പ്രേക്ഷകരിലേക്ക് എത്താന്‍ താന്‍ അക്ഷമയോടെ കാത്തിരിക്കുകയാണെന്നും നടന്‍ പറഞ്ഞിരുന്നു.

തമാശയും കോപവും ഭയവും നിറഞ്ഞ അപ്പനെ തുറന്നുവിടാനുള്ള സമയമായി എന്നാണ് റിലീസ് തിയതി പ്രഖ്യാപിച്ചുകൊണ്ട് സണ്ണി വെയ്ന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

Content Highlight: Sunny Wayne movie Appan will be released on Oct 28 in SonyLiv