| Tuesday, 21st November 2023, 5:40 pm

നന്നായി അഭിനയിക്കുന്നുണ്ടല്ലോ, ഇതുപോലെ അങ്ങ് ചെയ്തൂടെ; ആ ചിത്രം കണ്ടിട്ട് ദുല്‍ഖര്‍ എന്നോട് പറഞ്ഞു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സണ്ണി വെയ്ന്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയ ചിത്രമാണ് വേല. മല്ലിക അര്‍ജുനന്‍ എന്ന നെഗറ്റീവ് ഷേഡുള്ള പൊലീസ് ഓഫീസറായുള്ള സണ്ണിയുടെ പ്രകടനം പ്രശംസയേറ്റുവാങ്ങിയിരുന്നു. ചിത്രത്തിലെ ഒരു ക്ലിപ്പ് ദുല്‍ഖറിന് കാണിച്ച് കൊടുത്തതിനെ പറ്റി പറയുകയാണ് സണ്ണി വെയ്ന്‍. ക്ലിപ്പ് കണ്ടിട്ട് നന്നായി അഭിനയിക്കുന്നുണ്ടല്ലോയെന്നും ഇതുപോലെ അങ്ങ് ചെയ്തൂടെ എന്നുമാണ് ചോദിച്ചതെന്നും സണ്ണി പറഞ്ഞു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വേലയുടെ ചെറിയൊരു സ്‌ക്രീനിങ് ഉണ്ടായിരുന്നു. കണ്ട സമയത്ത് ഞാന്‍ ചെറിയൊരു സ്‌ക്രിപ്റ്റ് എടുത്ത് വെച്ചിട്ടുണ്ടായിരുന്നു. ഒരു സിനിമയുടെ ഷൂട്ടിനിടക്ക് ഞാന്‍ അത് ദുല്‍ഖറിനെ കാണിച്ചുകൊടുത്തു. നന്നായി അഭിനയിക്കുന്നുണ്ടല്ലോ, ഇതുപോലെ അങ്ങ് ചെയ്തൂടെ എന്ന് ദുല്‍ഖര്‍ പറഞ്ഞു. അങ്ങനെയൊക്കെ പറയുന്ന ഒരു സുഹൃത്താണ്,’ സണ്ണി വെയ്ന്‍ പറഞ്ഞു.

കണ്ണൂര്‍ സ്‌ക്വാഡ് കണ്ട് ദുല്‍ഖര്‍ നടത്തിയ പരാമര്‍ശത്തെ പറ്റിയും സണ്ണി വെയ്ന്‍ സംസാരിച്ചിരുന്നു. ‘അവന്‍ കണ്ണൂര്‍ സ്‌ക്വാഡ് കണ്ടിട്ടുണ്ടായിരുന്നു. സ്‌ക്രീനില്‍ കണ്ടപ്പോള്‍ ഭയങ്കര ഇഷ്ടമായി എന്ന് പറഞ്ഞു. അങ്ങനെ കാണുന്ന സിനിമകളിലെ കാര്യങ്ങളൊക്കെ പറയാറുണ്ട്.

പുള്ളീടെ തീരുമാനങ്ങളും ഇതുവരെയുണ്ടായിരുന്ന യാത്രകളും ആരും പ്രെഡിക്ട് ചെയ്തിട്ടുണ്ടാവില്ല. ഇങ്ങനെ പാന്‍ ഇന്ത്യന്‍ ലെവലിലേക്ക് പോകുമെന്ന് ആരെങ്കിലും ചിന്തിച്ചിരുന്നോ? അദ്ദേഹത്തിന്റെ കഠിനാധ്വാനം എന്നെ ഭയങ്കരമായി കൊതിപ്പിച്ചിട്ടുണ്ട്,’ സണ്ണി വെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

നവംബര്‍ പത്തിനായിരുന്നു വേല റിലീസ് ചെയ്തത്. ഷെയ്ന്‍ നിഗമാണ് ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചത്. പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറഞ്ഞത്.

സിന്‍സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്.ജോര്‍ജ് നിര്‍മിച്ച വേലയുടെ സംവിധാനം ശ്യാം ശശിയും തിരക്കഥ എം. സജാസും നിര്‍വഹിച്ചിരിക്കുന്നു. ബാദുഷ പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ സഹനിര്‍മാതാക്കള്‍. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസാണ് കേരളത്തില്‍ ചിത്രം വിതരണം ചെയ്തത്.

Content Highlight: Sunny Wayne is talking about showing a clip from the film vela to Dulquer

We use cookies to give you the best possible experience. Learn more