Film News
അവര്‍ക്ക് ഇഷ്ടമില്ലാത്ത നടന്‍ നല്ല സിനിമകള്‍ ചെയ്താലും അഭിനയിക്കാന്‍ അറിയില്ലെന്ന് പറയും: സണ്ണി വെയ്ന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Nov 08, 04:28 am
Wednesday, 8th November 2023, 9:58 am

സിനിമകള്‍ക്ക് നേരെ വരുന്ന വിമര്‍ശനങ്ങളെ പറ്റി പറയുകയാണ് സണ്ണി വെയ്ന്‍. ചില ആളുകള്‍ക്ക് പണ്ട് മുതല്‍ക്ക് തന്നെ ഇഷ്ടമില്ലാത്ത അഭിനേതാക്കളുണ്ടാകാമെന്നും, എത്ര നല്ല സിനിമകള്‍ ചെയ്താലും അയാള്‍ക്ക് അഭിനയിക്കാന്‍ അറിയില്ലെന്നാകും ആളുകള്‍ പറയുന്നതെന്നും താരം പറയുന്നുണ്ട്.

ആളുകളുടെ കാഴ്ച്ചപാടുകള്‍ അങ്ങനെയാണെന്നും ചില സംവിധായകരുടെ സിനിമകളും അവര്‍ക്ക് അങ്ങനെ തന്നെയാവാമെന്നും താരം കൂട്ടിചേര്‍ത്തു. വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സണ്ണി വെയ്ന്‍.

‘ചിലര്‍ക്ക് പണ്ട് മുതല്‍ക്ക് തന്നെ ഇഷ്ടമില്ലാത്ത അഭിനേതാക്കളുണ്ടാകാം. ആ അഭിനേതാക്കള്‍ എത്ര നല്ല സിനിമ ചെയ്താലും അവര്‍ പറയുന്നത് ആള്‍ക്ക് അഭിനയിക്കാന്‍ അറിയില്ലെന്നാകും. അങ്ങനെ മാത്രമെ പറയുകയുള്ളൂ.

അവരുടെ മൈന്‍ഡും മെന്റാലിറ്റിയും അങ്ങനെയാണ്. ചില സംവിധായകരുടെ സിനിമകളും അവര്‍ക്ക് അങ്ങനെ തന്നെയാവും. അവര്‍ക്ക് ആ സംവിധായകരുടെ സിനിമകള്‍ ഫോളോ ചെയ്യാന്‍ തന്നെ പറ്റില്ല. ഓരോരുത്തരും അവരുടെ ടേസ്റ്റിന് അനുസരിച്ചാണ് ഓരോന്നും പറയുന്നത്,’ സണ്ണി വെയ്ന്‍ പറഞ്ഞു.

അതേസമയം സണ്ണി വെയ്നും ഷെയിന്‍ നിഗവും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘വേല’. ക്രൈം ഡ്രാമ ഴോണറില്‍ പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ശ്യാം ശശി ആണ്. നവംബര്‍ പത്തിനാണ് ‘വേല’ തിയേറ്ററുകളില്‍ എത്തുന്നത്.

പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ഉല്ലാസ് അഗസ്റ്റിന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് ഷെയിന്‍ നിഗം അവതരിപ്പിക്കുന്നത്. മല്ലികാര്‍ജുനന്‍ എന്ന പൊലീസ് കഥാപാത്രമായി സണ്ണി വെയ്നും അഭിനയിക്കുന്നുണ്ട്.


Content Highlight: Sunny Wayne About Negative Reviews In Movies