കൊച്ചി: കേരളത്തില്‍ തുടര്‍ഭരണത്തിന് സാധ്യതയുണ്ടെന്ന് നടന്‍ സണ്ണി വെയ്ന്‍. ലോകം മുഴുവന്‍ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയ സമയത്ത് മാനസികമായി ശക്തി പകര്‍ന്ന സര്‍ക്കാരാണ് ഇപ്പോഴത്തെ സര്‍ക്കാരെന്നും അതുകൊണ്ട് തന്നെ ഭരണത്തുടര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്നുമാണ് സണ്ണി വെയ്ന്‍ പറഞ്ഞത്. 24 ന്യൂസിനോടായിരുന്നു നടന്റെ പ്രതികരണം.
‘എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അത് ആരും വളച്ചൊടിക്കാതിരുന്നാല്‍ സന്തോഷം. കഴിഞ്ഞ വര്‍ഷം ലോകമെമ്പാടും ഏറെ നിര്‍ണായകമായ വര്‍ഷമായിരുന്നു. കേരളം എന്ന കൊച്ചു സംസ്ഥാനത്തില്‍ വീട്ടില്‍ നിന്നും പുറത്തിറാങ്ങാന്‍ പോലും ആകാതിരുന്ന സമയത്ത് നമുക്ക് മാനസികമായി ശക്തി പകര്‍ന്ന സര്‍ക്കാരാണ് ഇതെന്ന് പറയാം.
നമുക്ക് ആരൊക്കെയുണ്ടെന്നും നമുക്കൊരു നാളെയുണ്ടെന്നും പ്രതീക്ഷ നല്‍കിയ സര്‍ക്കാരായിരുന്നു ഇത്. അങ്ങനെ നല്‍കിയ ആത്മവിശ്വാസമായിരിക്കാം എന്നെകൊണ്ട് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് പറയിപ്പിക്കുന്നത്,’ സണ്ണി വെയ്ന്‍ പറഞ്ഞു.
പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയ്ക്ക് 90 മുതല്‍ 100 ശതമാനം വരെ മാര്‍ക്ക് നല്‍കുമെന്നും സണ്ണി വെയ്ന്‍ മറ്റൊരു ചോദ്യത്തിന് മറുപടി നല്‍കി. അദ്ദേഹത്തിന്റെ തുറന്നുപറയുന്ന ചില നിലപാടുകള്‍ എനിക്ക് ഇഷ്ടമാണ്. അത് നമുക്ക് ഒരു ഉന്മേഷവും പ്രചോദനവും നല്‍കുന്നതാണെന്നും സണ്ണി വെയ്ന്‍ പറഞ്ഞു.
രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്ന യുവാക്കളോട് രാഷ്ട്രീയം എന്ന് പറയുന്നത് തൊഴിലല്ല, ജനസേവനമാണെന്ന് പറയാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സണ്ണി വെയ്ന്‍ കൂട്ടിച്ചേര്‍ത്തു. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കേണ്ട കാലഘട്ടം കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോകുന്നുണ്ടോായെന്ന ചോദ്യത്തിനും സണ്ണി വെയ്ന്‍ മറുപടി നല്‍കി. പ്രചാരണത്തിന് എത്താന്‍ പലരും വിളിച്ചിട്ടുണ്ട്. പക്ഷെ, ഞാന്‍ അല്‍പം തിരക്കിലാണ്. ഇലക്ഷനും അടുത്തുകഴിഞ്ഞു. അപ്പോള്‍ ഷെഡ്യൂളൊക്കെ നോക്കിയിട്ടായിരിക്കും പോകുന്നതെന്നായിരുന്നു സണ്ണി വെയ്‌നിന്റെ മറുപടി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actor Sunny Wayne about LDF govt and Pinarayi Vijayan