മമ്മൂട്ടി കമ്പനിയും ദുല്‍ഖറും സണ്ണിയുടെ പോക്കറ്റിലാണല്ലോ; മറുപടിയുമായി താരം
Movie Day
മമ്മൂട്ടി കമ്പനിയും ദുല്‍ഖറും സണ്ണിയുടെ പോക്കറ്റിലാണല്ലോ; മറുപടിയുമായി താരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 6th November 2023, 12:13 pm

ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് നടന്‍ സണ്ണി വെയ്ന്‍. ദുല്‍ഖറും സണ്ണി വെയ്‌നും അഭിനേതാവായി അരങ്ങേറ്റം കുറിച്ച സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള സൗഹൃദം.

മമ്മൂട്ടി കമ്പനി നിര്‍മിച്ച് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് വിതരണത്തിന് എത്തിച്ച കണ്ണൂര്‍ സ്‌ക്വാഡില്‍ ഒരു മാധ്യമപ്രവര്‍ത്തകന്റെ വേഷത്തില്‍ സണ്ണി എത്തിയിരുന്നു.

മമ്മൂട്ടിയുടെ മേക്കപ്പ്മാനും നിര്‍മാതാവുമായ എസ്. ജോര്‍ജ് നിര്‍മിക്കുന്ന വേല എന്ന ചിത്രത്തിലും സണ്ണി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വേല കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ്.

മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി കമ്പനിയും ദുല്‍ഖറും സണ്ണിയുടെ പോക്കറ്റിലാണല്ലോ എന്ന ചോദ്യത്തിന് രസകരമായ മറുപടി നല്‍കുകയാണ് സണ്ണി വെയ്ന്‍. ഒപ്പം കണ്ണൂര്‍ സ്‌ക്വാഡില്‍ ഭാഗമായതിനെ കുറിച്ചും നിര്‍മാതാവ് ജോര്‍ജിനെ കുറിച്ചുമൊക്കെ സണ്ണി വെയ്ന്‍ സംസാരിക്കുന്നുണ്ട്.

ദുല്‍ഖറോ മമ്മൂട്ടി കമ്പനിയോ പോക്കറ്റിലാണോ എന്ന ചോദ്യത്തിന് തനിക്ക് പോക്കറ്റില്ലെന്നായിരുന്നു സണ്ണി പ്രതികരിച്ചത്. ജോര്‍ജേട്ടന്‍ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ജോര്‍ജേട്ടനാണ് വേല നിര്‍മിക്കുന്നത് എന്നറിഞ്ഞപ്പോള്‍ സന്തോഷമാണ് തോന്നിയതെന്നും സണ്ണി പറഞ്ഞു.

വേലയിലെ കഥാപാത്രത്തെ കൂടുതല്‍ മനസിലാക്കാന്‍ ശ്രമിച്ചിരുന്നു. രണ്ടാഴ്ച മുന്‍പേ ലൊക്കേഷന് അടുത്തുള്ള ഒരിടത്ത് പോയി താമസിച്ചിരുന്നു.

ഈ കഥ കേട്ട് കഴിഞ്ഞപ്പോള്‍ തന്നെ ഈ സിനിമയുടെ ഭാഗമാകണമെന്ന് ആഗ്രഹിച്ചിരുന്നു. എന്റെ കഥാപാത്രത്തിന്റെ പേര് മല്ലികാര്‍ജുന്‍ എന്നാണ്. ആ സ്ഥാനത്ത് പിന്നെ വേറെ ഒരാളെ കാണാന്‍ എന്റെ മനസ് അനുവദിച്ചിരുന്നില്ല.

കഥ പറഞ്ഞു കഴിഞ്ഞ ഉടനെ തന്നെ എപ്പോഴാണ് ഇത് ചെയ്യുകയെന്ന് സംവിധായകനോട് ചോദിച്ചിരുന്നു. ഈ സിനിമയ്ക്ക് വേണ്ടി രണ്ട് സിനിമ ഞാന്‍ വേണ്ടെന്ന് വെച്ചു. അത് ഈ കഥാപാത്രത്തോടുള്ള ഇഷ്ടം കൊണ്ട് തന്നെയാണ്, സണ്ണി വെയ്ന്‍ പറഞ്ഞു.

സിനിമയുടെ കഥ പറഞ്ഞ് കഴിഞ്ഞ ശേഷമാണ് കഥാപാത്രത്തിന്റെ പേര് പറയുന്നത്. ആ കഥാപാത്രത്തിന് ഒരു വെയ്റ്റുണ്ടായിരുന്നു. ആ വെയ്റ്റ് ആ പേരിനുമുണ്ടെന്ന് എനിക്ക് തോന്നി.

ഈ കഥാപാത്രം വിക്ടോറിയ കോളേജില്‍ പഠിച്ച ആളാണ്. അയാള്‍ക്ക് ഒരു രാഷ്ട്രീയമുണ്ട്. അദ്ദേഹം പൊലീസില്‍ ചേര്‍ന്ന ശേഷമുള്ള സംഭവങ്ങളും കാര്യങ്ങളുമാണ് സിനിമ പറയുന്നത്. പൊലീസുകാരുടെ ഈഗോയും കാര്യങ്ങളുമെല്ലാം സിനിമയില്‍ കാണിക്കുന്നുണ്ട്.

സിനിമ തുടങ്ങി അവസാനം വരെ നമ്മെ അവിടെ പിടിച്ചിരുത്തുന്ന ഒരു ഘടകം ഇതിലുണ്ട്. ഒരു നല്ല സിനിമ അത്രയേ വേലയെ കുറിച്ച് പറയാനുള്ളൂ.

പിന്നെ വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. കഥാപാത്രങ്ങള്‍ക്കായുള്ള തയ്യാറെടുപ്പുകളെ കുറിച്ച് പറഞ്ഞാല്‍ ഓരോ കഥാപാത്രത്തിന്റേയും ബോഡി ലാംഗ്വേജൊക്കെ ശ്രദ്ധിക്കാറുണ്ട്. എങ്കിലും അതിലുപരിയായി കഥാപാത്രത്തിന്റെ ഇമോഷനെ പഠിക്കാനാണ് ഞാന്‍ ശ്രമിക്കാറ്. ഒരു സെറ്റില്‍ ചെന്നുടനെ കഥാപാത്രമായി മാറാന്‍ കഴിയില്ല. സാവധാനം ആ ട്രാക്കിലേക്ക് കയറുകയാണ്.

പൊലീസുകാരുടെ ഇതുവരെ ആരും കാണാത്ത ഒരു കഥയാണ് ചിത്രം പറയുന്നത്. പൊലീസുകാരുടെ ജീവിതം തന്നെയാണ് സിനിമ പറയുന്നത്, സണ്ണി വെയ്ന്‍ പറഞ്ഞു.

Content Highlight: Sunny Wayne about Dulquer salmaan and Mammootty