| Tuesday, 7th November 2023, 11:56 pm

ഈയടുത്ത് ഡി.ക്യുവിനെ കാണാൻ പോകുന്നുണ്ട്; തീർച്ചയായിട്ടും അവസരം ചോദിക്കും:സണ്ണി വെയ്ൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിലൂടെ ദുൽഖറിന്റെ കൂട്ടുകാരനായി മലയാളി പ്രേക്ഷകർക്ക് സുപരിചതനായ താരമാണ് സണ്ണി വെയ്ൻ. താരം ദുൽഖർ സൽമാന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ കൂടിയാണ്. ദുൽഖറുമായിട്ടുള്ള അടുത്ത ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സണ്ണി വെയ്ൻ.

ദുൽഖർ ഇപ്പോൾ മലയാളത്തിൽ ഒരു സിനിമ കമ്മിറ്റ് ചെയ്തതായി കൺഫർമേഷൻ കിട്ടിയിട്ടില്ലെന്നും അദ്ദേഹം പൂർണമായി ഒരു സിനിമയിലേക്ക് ഇൻ ആയിക്കഴിഞ്ഞാൽ എന്തായാലും അവസരം ചോദിക്കുമെന്നും സണ്ണി വെയ്ൻ കൂട്ടിച്ചേർത്തു. വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ദുൽഖർ ഇപ്പോൾ മലയാളത്തിൽ ചെയ്യുന്ന സിനിമകളെ കുറിച്ചുള്ള കൺഫർമേഷൻ നടന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. ആദ്യം പുള്ളി കംപ്ലീറ്റ് ആയിട്ട് ഒരു സിനിമയിലേ ഇൻ ആയിക്കഴിഞ്ഞാൽ നമ്മൾക്ക് അവസരം ചോദിക്കാമല്ലോ. തീർച്ചയായിട്ടും അവസരം ചോദിക്കും. ഈയടുത്ത് ഡി. ക്യുവിനെ കാണാൻ പോകുന്നുണ്ട്. അടുത്ത സിനിമയെ കുറിച്ച് ഉള്ള കാര്യമായിട്ട് ഡിസ്കഷനിൽ പോയിട്ട് എന്നിട്ട് ഞാൻ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. പുള്ളിയുടെ കൂടെ സ്ക്രീൻ സ്പേസ് ഷെയർ ചെയ്യാൻ നമുക്ക് നല്ല ആഗ്രഹമുണ്ട്,’ സണ്ണി വെയ്ൻ പറഞ്ഞു.

സണ്ണി വെയ്നും ഷെയിന്‍ നിഗവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയായ വേല’ നവംബര്‍ 10നാണ് തീയേറ്ററുകളിലേക്കെത്തുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ശ്യാം ശശി ആണ്. എം.സജാസാണ് തിരക്കഥ എഴുതിയിട്ടുള്ളത്. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസാണ് വിതരണം ചെയ്യുന്നത്.

ആർ.ഡി.എക്സിന്റെ വൻ വിജയത്തിന് ശേഷം സാം സി.എസ്‌ സംഗീതമൊരുക്കുന്ന ചിത്രമാണ് വേല. പൊലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ‘ഉല്ലാസ് അഗസ്റ്റിൻ’ എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് ഷെയിൻ നിഗം അവതരിപ്പിക്കുന്നത്.

സിനിമയില്‍ സണ്ണി വെയ്ന്‍ ‘മല്ലികാര്‍ജുനന്‍’ എന്ന പൊലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സിദ്ധാർഥ് ഭരതനും ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ്.ജോർജാണ് വേല നിർമിക്കുന്നത്. അതിഥി ബാലൻ പ്രധാന കഥാപാത്രത്തിലെത്തുന്ന വേലയുടെ ഓഡിയോ റൈറ്റ്സ് ടി സീരീസാണ് കരസ്ഥമാക്കിയത്. ബാദുഷ പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ സഹനിർമാതാക്കൾ.

Content Highlight: Sunny Wayn about Dulqer salman

We use cookies to give you the best possible experience. Learn more