| Friday, 17th September 2021, 7:45 pm

ജയസൂര്യയുടെ അഭിനയജീവിതത്തിലെ നൂറാമത് ചിത്രം; സണ്ണിയിലെ ആദ്യ ഗാനം പുറത്തിറങ്ങി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയസൂര്യ നായകനാവുന്ന ‘സണ്ണി’യിലെ ആദ്യഗാനം പുറത്തിറങ്ങി. കെ.എസ്. ഹരിശങ്കര്‍ ആലപിച്ച ‘നീ വരും’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തു വന്നിട്ടുള്ളത്.

സാന്ദ്ര മാധവിന്റെ വരികള്‍ക്ക് ശങ്കര്‍ ശര്‍മയാണ് ഈണം നല്‍കിയിരിക്കുന്നത്. നിര്‍മാതാക്കളായ ഡ്രീംസ് എന്‍ ബിയോണ്ട് തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പങ്കുവെച്ചിട്ടുള്ളത്.

മികച്ച പ്രതികരണങ്ങളാണ് പാട്ടിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. പാട്ട് റിലീസ് ചെയ്തതിന് പിന്നാലെ കമന്റുകളുമായി ആരാധകരും എത്തുന്നുണ്ട്.

ജയസൂര്യയുടെ അഭിനയജീവിതത്തിലെ നൂറാമത് ചിത്രമാണ് സണ്ണി. രഞ്ജിത്ത് ശങ്കര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്യുന്നത്.

ഡ്രീംസ് എന്‍ ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേര്‍ന്ന് നിര്‍മ്മിച്ച സണ്ണി ഇരുവരും ഒരുമിക്കുന്ന എട്ടാമത്തെ ചിത്രമാണ്. തന്റെ ജീവിതത്തില്‍ സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ട സണ്ണി എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്.

‘പ്രേക്ഷകര്‍ക്ക് വൈകാരികമായ കഥകള്‍ ഇഷ്ടമാണ്, കൂടാതെ സണ്ണി പോലുള്ള ഒരു സിനിമ ലളിതമായ മനുഷ്യ വികാരങ്ങളുടെ മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്നു, ആഖ്യാനത്തില്‍ പൂര്‍ണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ കഥാപാത്രത്തെ സ്നേഹിക്കാന്‍ അത് പ്രേക്ഷകരെ പ്രേരിപ്പിക്കുന്നു,’ ആമസോണ്‍ പ്രൈം വീഡിയോയിലെ കണ്ടന്റ് മേധാവിയും ഡയറക്ടറുമായ വിജയ് സുബ്രഹ്മണ്യം പറഞ്ഞു.

‘ഞങ്ങളുടെ മലയാളം ലൈബ്രറിക്ക് ഒരു മികച്ച കൂട്ടിച്ചേര്‍ക്കലായി ഈ ശക്തമായ സിനിമയെ അവതരിപ്പിക്കാന്‍ ഡ്രീംസ് എന്‍ ബിയോണ്ടുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ അതീവ സന്തുഷ്ടരാണ്. ജയസൂര്യയുടെ നൂറാമത്തെ ചിത്രമായ സണ്ണി ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകര്‍ഷിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു

തന്റെ 100 മത്തെ ചിത്രം ആമസോണ്‍ പ്രൈം വീഡിയോയില്‍ പ്രദര്‍ശിപ്പിക്കാന്‍ പോകുന്നതിലും 240 രാജ്യങ്ങളിലുടനീളമുള്ള ആഗോള പ്രേക്ഷകരിലേക്ക് എത്തുന്നതിലും എനിക്ക് ഏറെ സന്തോഷമുണ്ടെന്നും നടന്‍ ജയസൂര്യ പറഞ്ഞു.

പുണ്യാളന്‍, സു സു സുധി വാത്മീകം, പ്രേതം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഞാന്‍ മേരിക്കുട്ടി, പ്രേതം 2 എന്നീ ചിത്രങ്ങളാണ് ഇതിനു മുമ്പ് ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടിലുണ്ടായ മറ്റു സിനിമകള്‍.

മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് ഷമീര്‍ മുഹമ്മദ്. സിനോയ് ജോസഫാണ് ശബ്ദലേഖനം ചെയ്യുന്നത്.

‘ഊമപ്പെണ്ണിന് ഉരിയാട പയ്യന്‍’ എന്ന ചിത്രത്തിലാണ് ജയസൂര്യ ആദ്യമായി നായകനാകുന്നത്. പിന്നീട് നായകന് പുറേമേ വില്ലനായും സ്വഭാവ നടനായും ഗായകനായുമൊക്കെ ജയസൂര്യ എത്തിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Sunny  Song Released

We use cookies to give you the best possible experience. Learn more