വളരെ സങ്കീര്‍ണ്ണമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന കേന്ദ്ര കഥാപാത്രം കൊവിഡ് ക്വാറന്റീനില്‍ കഴിയുന്ന കഥ – ഒറ്റ വാചകത്തില്‍ രഞ്ജിത്ത് ശങ്കര്‍ ചിത്രമായ സണ്ണിയെ ഇങ്ങനെ പറയാം.
തകര്‍ന്നടിഞ്ഞ കരിയര്‍, സാമ്പത്തിക ബാധ്യത, കൈവിട്ടു പോയ ആഗ്രഹങ്ങളും പാഷനും, വ്യക്തിജീവിതത്തിലെ താളപ്പിഴകള്‍, പ്രിയപ്പെട്ടവരുടെ മരണങ്ങള്‍, കുറ്റബോധം ആഞ്ഞുകൊത്തുന്ന ചില പ്രവൃത്തികള്‍ എന്നിങ്ങനെ ജീവിതത്തില്‍ ഒരാള്‍ക്ക് എന്തൊക്കെ പ്രശ്‌നം ഉണ്ടാകാം എന്ന് നിങ്ങള്‍ക്ക് ലിസ്റ്റ് ചെയ്യാന്‍ കഴിയുമോ അതുമുഴുവന്‍ ഉള്ളയാളാണ് സണ്ണി.
ഈ പ്രശ്‌നങ്ങളുടെ പാരമ്യത്തിലെത്തി നില്‍ക്കുന്നിടത്താണ് പ്രേക്ഷകര്‍ സണ്ണിയെ കാണുന്നതും പരിചയപ്പെടുന്നതും. കൊവിഡ് കാലത്ത് ക്വാറന്റീനില്‍ കഴിയേണ്ടി വരുന്ന ഒരാള്‍ കടന്നുപോകുന്ന ഏകാന്തതയെ ജീവിതത്തിലെ കടുത്ത ഒറ്റപ്പെടലുമായി ബന്ധപ്പെടുത്തി കൊണ്ടാണ് സണ്ണി കഥ പറയുന്നത്.
ട്രെയ്‌ലറിലും പ്രൊമോഷന്‍ അഭിമുഖങ്ങളിലും പറഞ്ഞതു പോലെ ഇത് സണ്ണി എന്ന ഒരൊറ്റ കഥാപാത്രം മാത്രമുള്ള സിനിമയാണ്. മറ്റുള്ള കഥാപാത്രങ്ങള്‍ ഫോണ്‍കോളുകളായാണ് പ്രധാനമായും എത്തുന്നത്. ഏറെ പരിചയമുള്ള അഭിനേതാക്കളുടെ ശബ്ദങ്ങളായതുകൊണ്ട് സണ്ണിക്ക് വരുന്ന ഫോണ്‍വിളിയുടെ അപ്പുറത്തുള്ളവരെ നമുക്ക് എളുപ്പത്തില്‍ കാണാമെന്ന് മാത്രം.
ഒരു മുറിയും ഒരൊറ്റ കഥാപാത്രവും മാത്രം കടന്നുവരുന്ന സിനിമകളില്‍, അവിടെ നിന്നും രക്ഷപ്പെടാനുള്ള കഥാപാത്രത്തിന്റെ ശ്രമമായിരിക്കും
സാധാരണയായി കഥാഗതി. എന്നാല്‍ സണ്ണി ഇക്കാര്യത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്.
ഒരൊറ്റ കഥാപാത്രത്തെ വെച്ചു മാത്രം ചെയ്യാന്‍ സാധിക്കുന്ന ചിത്രമല്ല സണ്ണി, പക്ഷെ കഥ പറയാന്‍ ഈ ഒരു രീതി സംവിധായകന്‍ തെരഞ്ഞെടുത്തിരിക്കുകയാണ്. അതുതന്നെയാണ് സണ്ണിക്ക് അവകാശപ്പെടാനാകുന്ന ഒരേയൊരു പ്രത്യേകതയും.
കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നോ പ്രൈമറി കോണ്‍ടാക്ടായത് മൂലമോ ക്വാറന്റൈനില്‍ കഴിഞ്ഞവരായിരിക്കും നമ്മളില്‍ ഭൂരിഭാഗവും. അത്തരത്തിലുള്ളവര്‍ക്ക് ഒരുപക്ഷെ സിനിമ മറ്റൊരു തലത്തിലുള്ള അനുഭവം നല്‍കിയേക്കാം.
ക്വാറന്റൈന്‍ പലര്‍ക്കും തങ്ങളുടെ അതുവരെയുള്ള ജീവിതത്തെ കുറിച്ച് ആഴത്തില്‍ ആലോചിക്കാനും പരിശോധിക്കാനും ചില മാറ്റങ്ങള്‍ വരുത്താനുമുള്ള അവസരമായി തീര്‍ന്നതായി പറഞ്ഞു കേട്ടിട്ടുണ്ട്. അത്തരത്തിലൊരു ട്രാന്‍സ്‌ഫോമേഷനിലൂടെ സണ്ണിയും കടന്നുപോകുന്നുണ്ട്.
സിനിമയെ മുഴുവന്‍ സ്വന്തം ചുമലിലേറ്റിക്കൊണ്ടാണ് ജയസൂര്യ സണ്ണിയായി മാറിയിരിക്കുന്നത്. ജയസൂര്യയില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന നിലവാരത്തില്‍ തന്നെയുള്ള പെര്‍ഫോമന്‍സ് അദ്ദേഹം നല്‍കുന്നുണ്ട്. പക്ഷെ, ജയസൂര്യയുടെ ഏറ്റവും മികച്ച പെര്‍ഫോമന്‍സുകളുടെ കൂട്ടത്തിലൊന്നായി സണ്ണിയെ വിശേഷിപ്പിക്കാനാവില്ല.
ചിത്രത്തിന്റെ പ്രധാന കഥാഗതിയേക്കാള്‍ മികച്ച രീതിയില്‍ അവതരിപ്പിച്ചിരിക്കുന്ന സണ്ണിയും നിമ്മിയും സുഹൃത്ത് രാജേഷും തമ്മിലുള്ള ബന്ധമാണ്. കോളേജ് സഹപാഠികള്‍ പ്രണയിച്ച് വിവാഹം കഴിച്ച് ശേഷം പിരിയുമ്പോള്‍ ഇരുവരുടെയും സുഹൃത്തുക്കളായിരുന്നുവര്‍ രണ്ട് പേര്‍ക്കുമിടയില്‍ പഴയ സൗഹൃദം കാത്തുസൂക്ഷിച്ച് മുന്നോട്ടുപോകുന്നത് സിനിമയില്‍ വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്.
ട്രെയ്‌ലറിലെ സൂചനകളില്‍ നിന്നും വ്യത്യസ്തമായല്ല സിനിമ സഞ്ചരിക്കുന്നതെങ്കിലും ട്രെയ്‌ലര്‍ നല്‍കുന്ന അത്രയും പിരിമുറുക്കമോ ആകാംക്ഷയോ സിനിമക്ക് അവകാശപ്പെടാനാകുന്നില്ല.
ഒന്നര മണിക്കൂര്‍ മാത്രമുള്ള ചിത്രത്തിന് തിരക്കഥയിലെയും സംവിധാനത്തിലെയും പാകപ്പിഴകള്‍ മൂലം കുറഞ്ഞത് ഒരു മൂന്ന് മണിക്കൂറെങ്കിലും ദൈര്‍ഘ്യം തോന്നിപ്പിക്കുന്നുണ്ട്. ക്വാറന്റീനില്‍ കഴിയുന്ന ഒരാള്‍ അനുഭവിക്കുന്ന വിരസത പ്രേക്ഷകനിലേക്ക് എത്തിക്കാനുള്ള ശ്രമമായിരുന്നു സംവിധായകന്‍ നടത്തിയിരിക്കുന്നത് എന്നാണെങ്കില്‍ മാത്രം ഇത് മനസിലാക്കാം.
ചിത്രത്തിന്റെ പകുതിയിലേറെ സമയവും കഥാപാത്രത്തെയും അയാള്‍ നേരിടുന്ന പ്രശ്‌നങ്ങളെയും അവതരിപ്പിക്കാന്‍ എടുക്കുന്നത് തന്നെ അലോസരമാകുന്നുണ്ട്. മാത്രമല്ല, ജയസൂര്യ മികച്ച രീതിയില്‍ പെര്‍ഫോം ചെയ്ത സീനുകളും ഇമോഷണല്‍ രംഗങ്ങളും ഉണ്ടായിട്ടു പോലും സണ്ണിയുമായി ഒരു കണക്ഷന്‍ പ്രേക്ഷകന് അനുഭവിക്കാന്‍ സാധിക്കുന്നില്ല.
ചിത്രത്തിന്റെ ആദ്യ ഭാഗങ്ങള്‍ ഹയാത് ഹോട്ടലിന്റെ ക്വാറന്റീന്‍ രീതികളുടെ/ ആഡംബര സൗകര്യങ്ങളുടെ പരസ്യം പോലെ ചെറുതായെങ്കിലും തോന്നിപ്പിച്ചിരുന്നു. സംഭാഷണങ്ങളിലെ കൃത്രിമത്വമായിരുന്നു ആസ്വാദനത്തെ ബുദ്ധിമുട്ടിലാക്കിയ മറ്റൊരു ഘടകം. ഫോണില്‍ വിളിക്കുന്നവരുടെയും അടുത്ത ഫ്‌ളാറ്റിലെ കഥാപാത്രത്തിന്റെയുമെല്ലാം ഡയലോഗുകളില്‍ ഇത് നിറഞ്ഞുനില്‍ക്കുന്നുണ്ടായിരുന്നു.
സണ്ണിക്ക് തോന്നുന്ന ഹാലുസിനേഷന്‍, കുടുംബം, സാമ്പത്തിക പ്രശ്‌നങ്ങള്‍, സംഗീതവുമായുള്ള റീകണക്ഷന്‍ എന്നിങ്ങനെ സിനിമയിലെ ഒട്ടുമിക്ക പ്ലോട്ടിനും പൂര്‍ണ്ണതയില്ലെന്ന് മാത്രമല്ല, അവസാന ഭാഗമത്തെുമ്പോള്‍ തിരക്കിട്ട് ഇവയെല്ലാം പൂര്‍ത്തികരിക്കാനുള്ള ഓട്ടപ്പാച്ചിലും നടക്കുന്നുണ്ട്.
വളരെ മികച്ചതെന്നോ വളരെ മോശമെന്നോ പറയാനാകാത്ത ഏവറേജിന് തൊട്ടുമുകളില്‍ നില്‍ക്കുന്ന ചിത്രമാണ് സണ്ണി. പരീക്ഷണത്മാകമായ അവതരണരീതി കൊണ്ടുവരാന്‍ ശ്രമിക്കുക കൂടി ചെയ്ത ചിത്രമാണ് സണ്ണിയെന്നും പറയാം.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Sunny Movie Review