| Friday, 26th July 2019, 12:45 pm

'എന്ത് കണക്കുകളുടെ അടിസ്ഥാനത്തിലാണ് അഗ്രഹാരങ്ങളില്‍ ദാരിദ്ര്യമാണെന്ന് പറയുന്നത്?'; സവര്‍ണ്ണപ്രീണനമാണ് കോടിയേരി നടത്തുന്നതെന്ന് സണ്ണി കപിക്കാട്

ആല്‍ബിന്‍ എം. യു

ചേരികള്‍ക്ക് സമാനമായ ദുഃസ്ഥിതിയില്‍ കേരളത്തിലെ പല അഗ്രഹാരങ്ങളും മാറിയിട്ടുണ്ടെന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകളോട് പ്രതികരിച്ച് ദളിത് ചിന്തകന്‍ സണ്ണി എം കപിക്കാട്. കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം സവര്‍ണ്ണപ്രീണനം ഉദ്ദേശിച്ചാണെന്നും വാക്കുകള്‍ വസ്തുതയുടെ അടിസ്ഥാനത്തിലല്ലെന്നും അദ്ദേഹം ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

സണ്ണി എം. കപിക്കാടിന്റെ പ്രതികരണം..

അഗ്രഹാരത്തിലെ താമസ സൗകര്യങ്ങളും ജീവിത സൗകര്യവും ചേരി പ്രദേശങ്ങളിലെയും ലക്ഷംവീട് കോളനികളിലെയും വീടുകളുടെതിന് സമാനമാണെന്ന അഭിപ്രായം ഊതിവീര്‍പ്പിക്കപ്പെട്ടതാണ്. വസ്തുതാപരമായ കാര്യങ്ങളുണ്ടെങ്കില്‍, വസ്തുതകളുടെ അടിസ്ഥാനത്തില്‍ അവരുടെ ജീവിതാവസ്ഥ മോശമാണെങ്കില്‍ സര്‍ക്കാര്‍ സഹായിക്കുന്നതിനൊന്നും നമ്മള്‍ എതിരല്ല. പക്ഷെ കേരളത്തില്‍ ഊതിവീര്‍പ്പിക്കപ്പെട്ട കണക്കുകളുടെയും ദാരിദ്യത്തിന്റെ പേരില്‍ നിരുത്തരവാദപരമായ പ്രസ്താവനകള്‍ ഇറക്കാന്‍ പാടില്ല. വസ്തുതാപരമായ കണക്ക് പുറത്ത് വിടട്ടെ. എന്താണവരുടെ ജീവിതാവസ്ഥ, വരുമാനമെന്താണ്?, അങ്ങനെയുള്ള കാര്യങ്ങള്‍ വസ്തുതയുടെ അടിസ്ഥാനത്തില്‍ വേണം അഭിപ്രായം പറയുവാന്‍.

ഇതിന് മുമ്പ് ദേവസ്വം ബോര്‍ഡില്‍ പ്രശ്‌നമുണ്ടായപ്പോള്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഭൂപരിഷ്‌ക്കരണത്തിലൂടെ ദരിദ്രമാക്കപ്പെട്ട ഒരു വിഭാഗമാണ് ബ്രാഹ്മണര്‍ എന്നാണ് പറഞ്ഞത്. ഇതൊക്കെ വെറുതെ പറയുന്നതാണ്. ഇതൊക്കെ വെറും നുണകളാണ്. കേരളത്തിലെ ഭൂപരിഷ്‌ക്കരണത്തില്‍ യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ നഷ്ടപരിഹാരം പോലും കൊടുത്തിട്ടുണ്ട്. മാത്രമല്ല, ഏറ്റെടുക്കപ്പെട്ടപ്പോള്‍ അതാത് കുടുംബങ്ങള്‍ക്ക് ജീവിക്കാനാവശ്യമായ ഭൂമി മാറ്റിവെച്ച് മിച്ചമുള്ള ഭൂമിയാണ് ഏറ്റെടുത്തത്. അങ്ങനെയുള്ളൊരു കാര്യത്തില്‍ ഈ കേരളത്തില്‍ ഒരു വിഭാഗം ദരിദ്രമായി പോയി എന്നൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് പറയുന്നത് എത്ര നിരുത്തരവാദിത്വപരമാണ്.

സവര്‍ണ്ണ സമൂഹങ്ങളെ പ്രീണിപ്പിക്കുക എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നയമായി മാറിയിട്ടുണ്ട്. ആര്‍.എസ്.എസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായിട്ടാണെങ്കിലും അതൊരു നയമാണ്. അഗ്രഹാരങ്ങളുടെ ശോചനീയാവസ്ഥയെ കുറിച്ച ചിന്തിക്കുന്ന ഇവര്‍ക്ക് 29000ലധികം വരുന്ന ദളിത് കോളനികളിലെ അവസ്ഥയെ കുറിച്ച് എന്താണ് ഉത്കണ്ഠയില്ലാത്തത്. കേരളത്തിലെ നഗരകേന്ദ്രങ്ങളിലാണ് അഗ്രഹാരങ്ങള്‍ ഉള്ളതെന്ന് കോടിയേരിക്കെന്താണ് മനസിലാവാത്തത്. കേരളത്തിന്റെ ഏത് നഗരത്തിന്റെ കേന്ദ്രങ്ങളിലാണ് ദളിത് കോളനികളുള്ളത്. ചേരിപ്രദേശത്താണ്. കോട്ടയം, എറണാംകുളം, തിരുവനന്തപുരം ഏത് നഗരത്തിന്റെയും ഹൃദയ ഭാഗത്താണ് ബ്രാഹ്മണ സെറ്റില്‍മെന്റുകള്‍ ഉള്ളത്. എന്ത് ദാരിദ്യത്തെ കുറിച്ചാണ് ഇവര്‍ പറയുന്നത്, എന്ത് വസ്തുതകളുടെ അടിസ്ഥാനത്തിലാണ് പറയുന്നത്.

കൊച്ചിയില്‍ നടന്ന ബ്രാഹ്മണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വന്ന ഐ.ഐ.ടി അധ്യാപിക ഹിന്ദു പത്രത്തില്‍ അവകാശപ്പെട്ടത് ഞങ്ങളെ തകര്‍ക്കാന്‍ പലരും നോക്കി, എന്നാല്‍ ഞങ്ങള്‍ തകര്‍ന്നില്ല, ലോക വ്യാപകമായി ഞങ്ങള്‍ ഉന്നത സ്ഥാനത്താണ് എന്നാണ്.

കേരളത്തിലെ ബ്രാഹ്മണര്‍ ദരിദ്രരായി ജീവിച്ചു കൊള്ളണം എന്ന് അഭിപ്രായം എനിക്കില്ല. അവര്‍ക്ക് ദാരിദ്ര്യമുണ്ടെങ്കില്‍ പരിഹരിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. പക്ഷെ ഊതിവീര്‍പ്പിച്ച കണക്കുകളും ദാരിദ്യവും കെട്ടുകഥകളും പറഞ്ഞുകാണ്ട് ഇത്തരം നിരുത്തവാദിത്വപരമായ പ്രസ്താവന ഇറക്കരുത്. അങ്ങനെ ഇറക്കുന്നതിന് പിന്നില്‍ സവര്‍ണ്ണപ്രീണനം തന്നെയാണ് കോടിയേരി ബാലകൃഷ്ണന്‍ ഉദ്ദേശിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അടുത്ത കാലത്ത് സ്വീകരിക്കുന്ന പല നയങ്ങളിലും ഈ വാസന കാണാന്‍ സാധിക്കും.

ഇവിടെ മനുഷ്യര്‍ അധ്വാനിച്ചാണ് ജീവിക്കുന്നത്. പണിയെടുക്കാതെ ജീവിക്കണം എന്ന് പറഞ്ഞാല്‍ ഒരു ജനാധിപത്യ സമൂഹത്തില്‍ നടക്കില്ല. പണിയെടുക്കാതെ പണ്ടത്തെ പോലെ ഒരു ഫ്യൂഡല്‍ കാലഘട്ടത്തില്‍ ജീവിച്ചത് പോലെ ഇനിയും ജീവിക്കാന്‍ അവകാശമുണ്ടെന്ന് പറയുന്നത് അംഗീകരിക്കാന്‍ പറ്റില്ല. പണിയെടുക്കട്ടെ. അവരുടെ ദാരിദ്യമെന്താണെന്ന് അവര്‍ പറയട്ടെ. കൂലിപ്പണിക്കും പോവാം. ലക്ഷകണക്കിന് മനുഷ്യര്‍ ഇവിടെ കൂലിപ്പണിക്ക് പോയാണ് ജീവിക്കുന്നത്. ബ്രാഹ്മണര്‍ക്ക് കൂലിപ്പണിക്ക് പോയാല്‍ എന്താണ് കുഴപ്പം.

കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന തികച്ചും
നിരുത്തരവാദപരമാണ്. വസ്തുതാപരമായ യാതൊരു കണക്കുകളുടേയും അടിസ്ഥാനത്തിലല്ല അത് പറഞ്ഞിട്ടുള്ളത്. അല്ലെങ്കില്‍ സര്‍ക്കാര്‍ കണക്കുകള്‍ പുറത്ത് വിടട്ടെ. ഭരിക്കുന്ന പാര്‍ട്ടിയുടെ സെക്രട്ടി എന്ന നിലയില്‍ കോടിയേരി ബാലകൃഷ്ണന് കുറച്ചു കൂടി ഉത്തരവാദിത്വം ഉണ്ട്. അത് കോടിയേരി ചെയ്യണം.

ആല്‍ബിന്‍ എം. യു

സൗത്ത്‌ലൈവ് , തല്‍സമയം, ന്യൂസ്‌റെപ്റ്റ് എന്നിവിടങ്ങളില്‍ സബ് എഡിറ്റര്‍ ആയിരുന്നു. ഇപ്പോള്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. തൃശ്ശൂര്‍ ലോ കോളേജില്‍ നിന്ന് നിയമ ബിരുദം. കേരള പ്രസ്അക്കാദമിയില്‍ നിന്ന് ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more