| Friday, 8th February 2019, 12:26 pm

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ മന്നത്തിന് എന്ത് സ്ഥാനമാണുള്ളത്: സണ്ണി എം കപിക്കാട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരള നവോത്ഥാനത്തിന്റെ ഉജ്ജ്വല ചരിത്രത്തില്‍ മന്നത്ത് പത്മനാഭന് വലിയ സ്ഥാനമൊന്നുമില്ലെന്ന് ദളിത് ചിന്തകനായ സണ്ണി എം. കപിക്കാട്.

“കേരളം ഓര്‍മ്മസൂചിക 2019” എന്ന പേരില്‍ കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ ഡയറിയിലെ നവോത്ഥാന നായകരുടെ ചിത്രങ്ങളുടെ കൂട്ടത്തില്‍ നിന്നും മന്നത്ത് പത്മനാഭന്റെ ചിത്രം ഒഴിവാക്കിയ വിവാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നമ്മള്‍ നവോത്ഥാനം എന്ന് പൊതുവില്‍ പറയുന്ന, സാമൂഹിക പുരോഗതിക്ക് വേണ്ടി നടന്ന വിശാലമായ പ്രവര്‍ത്തനങ്ങളുടെ ഒരു ഭാഗം നിറവേറ്റാന്‍ ശ്രമിച്ചൊരാള്‍ തന്നെയാണ് മന്നത്ത് പത്മനാഭന്‍. പക്ഷേ മന്നത്ത് പത്മനാഭന്‍ നടത്തിയ നവോത്ഥാന പ്രവര്‍ത്തനം ഒരു കമ്യൂണിറ്റിയ്ക്കകത്തുള്ള അനാചാരങ്ങളെ നീക്കം ചെയ്യുകയും അവരെ ആധുനിക പൗരത്യത്തിലേക്ക് നടത്തിക്കൊണ്ടുവരികയും അതുവഴി ഈ സ്റ്റേറ്റിന്റെ റിസോഴ്‌സസും സ്ഥാനമാനങ്ങളും കൈവശപ്പെടുത്തുന്നതുമായിരുന്നു.- സണ്ണി എം. കപിക്കാട് പറഞ്ഞു.

സാഹിത്യ അക്കാദമി ഡയറിയില്‍ മന്നത്തിന്റെ ചിത്രം ഇല്ലാത്തത് പ്രതിഷേധാര്‍ഹമാണന്നും ഇത് സംഘാടകര്‍ ബോധപൂര്‍വം ചെയ്തതാണെന്നും ആരോപിച്ച് കഴിഞ്ഞ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ രംഗത്തെത്തിയിരുന്നു.

സാഹിത്യ അക്കാദമി മന്നത്ത് പത്ഭനാഭന്റെ ചിത്രം ഒഴിവാക്കിയതിന്റെ കാരണം അറിയില്ലെന്നും എന്നാല്‍ കേരളത്തിന്റെ നവോത്ഥാനത്തില്‍ മന്നത്ത് പത്ഭനാഭന് വലിയ സ്ഥാനമൊന്നും ഇല്ല എന്ന് തന്നെയാണ് താന്‍ കരുതുന്നതെന്നും സണ്ണി എം. കപിക്കാട് ഡൂള്‍ന്യൂസിനോട് പറഞ്ഞു.


മോദി 3000 കോടി രൂപ മോഷ്ടിച്ചതിന് തുല്യമാണിത്; എല്ലാം ചെയ്തത് അനില്‍ അംബാനിക്കുവേണ്ടി: റഫാലില്‍ രാഹുല്‍ ഗാന്ധി


“”അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ വിലകുറച്ചുകാണുകയല്ല. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ പര്‍വതീകരിച്ചുകാണുന്നത് ചരിത്രത്തോട് കാണിക്കുന്ന അനീതിയാണ്. അദ്ദേഹം ചെയ്തുവെന്ന് പറയുന്ന പ്രവര്‍ത്തനങ്ങളെ ഓരോന്ന് എടുത്ത് പരിശോധിച്ചാല്‍ കമ്യൂണിറ്റിയ്ക്കകത്തെ ചില അനാചാരങ്ങളെ നീക്കം ചെയ്യുകയും ആ കമ്യൂണിറ്റിയിലെ ആളുകളെ ആധുനിക പൗരത്യത്തിലേക്ക് കൊണ്ടുവരികയും സ്റ്റേറ്റിന്റെ അധികാരകേന്ദ്രങ്ങളിലേക്കും സ്ഥാനമാനങ്ങളിലേക്കും അവരെ ഉയര്‍ത്തിക്കൊണ്ടുവരികയുമായിരുന്നു.

എല്ലാ നവോത്ഥാന ധാരകളും അങ്ങനെയൊന്നുമല്ല പ്രവര്‍ത്തിച്ചത്. നവോത്ഥാന ധാരകള്‍ കേരളീയ സമൂഹത്തിന്റെ അവബോധത്തെ അടിസ്ഥാനപരമായി മാറ്റിമറയ്ക്കുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ കേരളീയ സമൂഹം എന്തായിത്തീരണമെന്ന ചോദ്യത്തിന് മന്നത്ത് പത്മനാഭനില്‍ നിന്നും മലയാളികള്‍ക്ക് ഒരു ഉത്തരവും കിട്ടുന്നില്ല. എന്നാല്‍ ശ്രീനാരായണ ഗുരുവിലോ അയ്യങ്കാളിയിലോ വി.ടി ഭട്ടതിരിപ്പാടിലോ നമുക്ക് അങ്ങനെയാരു ഉത്തരം കിട്ടും. ശരിയോ തെറ്റോ എന്നത് വേറെ ഒരു കാര്യം. പക്ഷേ അതില്‍ ഒരു ഉത്തരമുണ്ട്. പക്ഷേ മന്നത്ത് പത്മനാഭന്റെ കാര്യത്തില്‍ അത്തരമൊരു ഉത്തരമില്ല.

വി.ടി ഭട്ടതിരിപ്പാട്, അയ്യങ്കാളി, മന്നത്ത് പത്മനാഭന്‍ എന്ന ലിസ്റ്റ് ചരിത്രത്തോട് കാണിക്കുന്ന ഒരു ചതിയാണ്. അദ്ദേഹം അദ്ദേഹത്തിന്റെ സമുദായത്തിന് ചെയ്തുകൊടുത്ത നല്ല കാര്യങ്ങള്‍ സമുദായം സ്മരിക്കട്ടെ. അക്കാദമി അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അതിന് ഉത്തരം നല്‍കാന്‍ അക്കാദമി ബാധ്യസ്ഥരാണ്.

ഇത്രയും കാലം മന്നത്ത് പത്മനാഭന്‍ കേരളത്തിന്റെ നവോത്ഥാന നായകന്‍ എന്ന് പറഞ്ഞു നടന്നവര്‍ അത് വേണ്ടെന്ന് വെച്ചിട്ടുണ്ടെങ്കില്‍ അതില്‍ ഒരു കാരണം അവര്‍ ചൂണ്ടിക്കാട്ടണം. അയ്യങ്കാളിയെയോ ശ്രീനാരായണ ഗുരുവിനെയോ മനസിലാക്കേണ്ടതുപോലെയല്ല മന്നത്തിനെ മനസിലാക്കേണ്ടത്. അവരുടെ പ്രവര്‍ത്തനങ്ങള്‍ അവരുടെ പ്രത്യേക മണ്ഡലത്തില്‍ വെച്ചാണ് പരിശോധിക്കേണ്ടത്. അതല്ലാതെ ശ്രീനാരണന്‍ സമം മന്നത്ത് പത്മനാഭന്‍ എന്നൊക്കെ പറയുന്നതില്‍ പിശകുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്.

നവോത്ഥാന നായകനാണ് അദ്ദേഹം എന്നതില്‍ ഒരു തര്‍ക്കമുണ്ട്. അദ്ദേഹം ചെയ്തുവെന്ന് പറയുന്ന വൈക്കത്ത് നടന്ന സവര്‍ണജാഥ, അത് ശരിക്കും സവര്‍ണ വിഭാഗങ്ങളുടെ പിന്തുണ ഈഴവവിഭാഗങ്ങള്‍ക്ക് നേടിക്കൊടുക്കുന്ന സംവിധാനം ആണെങ്കില്‍ മാത്രമേ അത് ചരിത്രകാരന്‍മാര്‍ കാണുകയുള്ളൂ. എന്നാല്‍ ശൂദ്രരായി പരിഗണിക്കപ്പെട്ടയാളുകള്‍ സ്വയം സവര്‍ണരായി പ്രഖ്യാപിച്ച ഒരു ജാഥയായിരുന്നു അത് എന്ന് എന്തുകൊണ്ടാണ് നമുക്ക് മനസിലാകാതെ പോകുന്നത്. ശൂദ്രസ്ഥാനം മാത്രമുണ്ടായിരുന്ന കേരളത്തിലെ ഒരു ജനവിഭാഗം ഞങ്ങള്‍ സവര്‍ണരാണ് എന്ന് സ്വയം പ്രഖ്യാപിച്ച ഒരു ജാഥ കൂടിയായിരുന്നു അത്.


Dont Miss മന്നത്ത് പത്മനാഭന്‍ പരിഷ്‌കരണ വാദിയോ വര്‍ഗ്ഗീയ വാദിയോ?


മന്നത്ത് പത്മനാഭന്‍ മോശമാണ് എന്നല്ല ഞാന്‍ പറയുന്നത്. അദ്ദേഹത്തിന്റെ സംഭാവനകളെ ആ അര്‍ത്ഥത്തിലാണ് നമ്മള്‍ സ്വീകരിക്കേണ്ടത് എന്നാണ്. അല്ലാതെ അതിനെ പര്‍വതീകരിച്ചുകാണുക, അദ്ദേഹം ജനിച്ച ജാതിയുടെ പ്രിവിലേജ് വെച്ച് അതിനെ പരിശോധിക്കുക അത് ശരിയായ സമീപനമല്ല എന്നാണ് കരുതുന്നത്.

മന്നത്ത് പത്മനാഭന്‍ ചെയ്ത കാര്യങ്ങളേയല്ല ശ്രീനാരായണ ഗുരു ചെയ്തത്. തികച്ചും വ്യത്യസ്തമായ കാര്യങ്ങളാണ് ചെയ്തത്. മലയാളിയുടെ മാനദണ്ഡങ്ങളെ മാറ്റാന്‍ എന്ത് സംഭാവനയാണ് മന്നത്ത് മുന്നോട്ടുവെക്കുന്നത് എന്ന ചോദ്യമാണ് അതില്‍ ഉള്ളത്. സാമൂഹിക ജീവിതത്തിലെ മാനദണ്ഡങ്ങളെ മാറ്റിമറിക്കാന്‍ പോന്ന ഒന്നും ചെയ്തിട്ടില്ലെന്ന് തന്നെ പറയാം.

വി.ടി ഭട്ടതിരിപ്പാട് പ്രബുദ്ധ കേരളത്തെ കുറിച്ച് പറയുന്നുണ്ട്. ജാതിഭേദമോ മതദ്വേഷമോ ഇല്ലാത്ത മലയാളിയെ കുറിച്ച ശ്രീനാരായണ ഗുരു പറയുന്നുണ്ട്. എല്ലാവര്‍ക്കും തുല്യ അവകാശമുള്ളൊരു ദേശത്തെ കുറിച്ച് അയ്യങ്കാളി പറയുന്നുണ്ട്. മന്നത്ത് പത്മനാഭന്‍ എന്താണ് പറഞ്ഞത്. ആ ചോദ്യം ബാക്കിയുണ്ട്. ഇതിനെയെല്ലാം കൂടി ഒരൊറ്റ ചരടില്‍ കെട്ടിത്തൂക്കേണ്ട കാര്യമില്ല എന്നതാണ്.””- സണ്ണി എം. കപിക്കാട് പറഞ്ഞു.


Also Read നായരവധി എന്തുകൊണ്ട് എതിര്‍ക്കപ്പെടണം?


Latest Stories

We use cookies to give you the best possible experience. Learn more