| Wednesday, 3rd June 2020, 1:20 pm

'ഓൺലൈൻ വിദ്യാഭ്യാസം വഴിവെക്കുക പുതിയ വിവേചനത്തിന്'; ദേവികയുടെ മരണത്തിന് കാരണം തെറ്റായ നയസമീപനമെന്ന് സണ്ണി.എം. കപിക്കാട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വളാഞ്ചേരി: മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം ഇൻസ്റ്റിറ്റൂഷണൽ കൊലപാതകമാണെന്ന് സാമൂഹിക നിരീക്ഷകൻ സണ്ണി.എം.കപിക്കാട്. ഡൂൾ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഓൺലൈൻ വിദ്യാഭ്യാസം തുടങ്ങിയ ദിവസം തന്നെയാണ് മലപ്പുറം ജില്ലയിലെ ഒരു ദളിത് വിഭാ​ഗത്തിൽപ്പെട്ട ദേവികയെന്ന കുട്ടി ആത്മഹത്യ ചെയ്യുന്നത്. കുട്ടിക്ക് പഠിക്കാൻ ഒരവസരം കിട്ടിയില്ല എന്നതാണ് ആത്മഹത്യയ്ക്ക് കാരണമായി പറഞ്ഞത്. ഇത് ഒരു ആത്മഹത്യയെന്നതിനപ്പുറം ഇൻസ്റ്റിറ്റ്യൂഷണൽ മർഡറാണ്. സർക്കാരിന്റെ തെറ്റായ നയസമീപനത്തിന്റെയും ഇടപാടുകളുടെയും ഒരു ഫലമായി വേണം ഈ മരണത്തെ കാണുവാൻ. സണ്ണി.എം.കപിക്കാട് പറഞ്ഞു.

“കൊവിഡുയർത്തിയ ഒരു പ്രത്യേക സാഹചര്യം ഉണ്ടായിരുന്നെങ്കിലും ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെയും, പുതിയ തലമുറയുടെയും ഭാവിയിലാണ് തങ്ങൾ ഇടപെടുന്നത് എന്നൊരു ഉത്തരവാദിത്തം സർക്കാർ ഈ കാര്യത്തിൽ കാണിച്ചില്ല എന്നത് ഉറപ്പാണ്. ​ഗവൺമെ‍ന്റിന്റെ തന്നെ കണക്കുപ്രകാരം ലക്ഷക്കണക്കിന് കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമില്ലായിരുന്നു. കുട്ടികൾ ജീവിക്കുന്ന പ്രദേശങ്ങൾ‌, അവരുടെ ജാതീയമായ സ്ഥിതി, സാമ്പത്തികമായ സ്ഥിതി, മാതാപിതാക്കളുടെ വിദ്യാഭ്യാസം, അവരുടെ വീടിന്റെ സ്ഥിതി എന്നു തുടങ്ങി പലകാരണങ്ങളാൽ കുട്ടികൾക്ക് ഈ ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യം ഉണ്ടാകുന്നില്ല എന്നത് സർക്കാരിന് തന്നെ ബോധ്യപ്പെട്ടിട്ടുള്ളതാണ്.

നേരത്തെ തന്നെ കേരളത്തിലെ തന്നെ വിവിധ സംഘടനകൾ, പൗരാവകാശ പ്രവർത്തകർ എന്നിവർ ഈ വിഷയം സർക്കാരി‍ന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തിരുന്നു. പിന്നാക്ക പ്രദേശത്തെയും, പിന്നണി ജനവിഭാ​ഗത്തിലെയും ദരിദ്ര ജന വിഭാ​ഗത്തിലെയും വിദ്യാർത്ഥികൾക്കു കൂടി പ്രായോ​ഗികമായ സൗകര്യം ഉണ്ടാക്കിയതിനു ശേഷം മാത്രമേ സർക്കാർ ഓൺലൈൻ വിദ്യാഭ്യാസ പരിപാടിയിലേക്ക് കടക്കാവൂ. അല്ലെങ്കിൽ വലിയ തരത്തിലുള്ള ഒരു മാറ്റിനിർത്തൽ നേരിടും. പിന്നാക്ക പ്രദേശങ്ങളിലെ വിദ്യാർത്ഥികൾ വിദ്യാഭ്യാസ പ്രവർത്തനത്തിൽ നിന്നും കൂട്ടത്തോടെ പുറത്തു പോകുന്നു എന്ന യാഥാർത്ഥ്യം നമ്മുടെ മുന്നിൽ ഉണ്ടായിരിക്കെ ഈ ഓൺലൈൻ സംവിധാനവും പുതിയ ഒരു വിവേചനത്തിന് കാരണമാകുമെന്ന് ചുണ്ടിക്കാണിക്കപ്പെട്ടിരുന്നു”. അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാർ ഇതൊന്നും മുഖവിലയ്ക്ക് എടുക്കാതെ സർക്കാരിനു സാധ്യമായ മുൻകരുതലുകൾ പോലും സ്വീകരിക്കാതെ ധൃതിപിടിച്ച് നടത്തിയ നീക്കമാണ് ദേവികയുടെ മരണത്തിലേക്ക് കലാശിച്ചത് എന്നാണ് നമ്മൾ കാണേണ്ടത്. ഇവിടെ പ്രസക്തമായ രണ്ട് കാര്യങ്ങൾ കൂടി ചർച്ചയാകേണ്ടതുണ്ട്. ഒന്ന് സർക്കാർ ഇത് നടപ്പിലാക്കിയ രീതിയാണ്. എതൊക്കെ വീടുകളിലാണ് ഫോൺ കണക്ഷൻ ഉള്ളത് എന്നായിരുന്നു സർക്കാർ അന്വേഷിച്ചത്. ഇത് അന്വേഷിച്ചതും വളരെ വിചിത്രമായ രീതിയിലാണ്. അധ്യാപകർ കുട്ടികളെ വിളിച്ചു ചോദിക്കുന്നു വീട്ടിൽ സ്മാർട്ട് ഫോൺ ഉണ്ടോയെന്ന്, ഉണ്ടെന്ന് പറയുന്ന കുട്ടികൾക്ക് ക്ലാസുകളിൽ പങ്കെടുക്കാൻ സാധിക്കും എന്ന നി​ഗമനത്തിലാണ് അവർ എത്തിച്ചേർന്നത്. രണ്ടാമത്തേത്, ഒരു സ്മാർട്ട് ഫോണോ ലാപ്പ് ടോപ്പോ ടി.വി കണക്ഷനോ ഉണ്ട് എന്നതുകൊണ്ട് അത് സ്വാഭാവികമായും ഓൺലൈൻ വിദ്യാഭ്യാസം ആയിക്കൊള്ളും എന്ന സങ്കൽപം തന്നെ അടിസ്ഥാനപരമായി തെറ്റാണ് എന്നതാണ്. ‌

ഓൺലൈൻ വിദ്യാഭ്യാസത്തിന് ആവശ്യമായ അന്തരീക്ഷം, അടിസ്ഥാന സൗകര്യം എന്നിവ ഉണ്ടായിരിക്കുക എന്നത് മർമ്മപ്രധാനമായ കാര്യമാണ്. ഇത് ഉറപ്പുവരുത്താൻ സർക്കാരിന് പൂർ‌ണ ഉത്തരവാദിത്തം ഉണ്ട്. അതല്ലാതെ കുട്ടികൾക്ക് ലാപ്പ്ടോപ്പ് വാങ്ങികൊടുക്കുകയോ സ്മാർട്ട്ഫോൺ വാങ്ങികൊടുക്കുകയോ ചെയ്യുന്നു എന്നത് കൊണ്ട് വിദ്യാഭ്യാസം സു​ഗമമായിക്കൊള്ളണം എന്നില്ല. അതുകൊണ്ട് ഈ വലിയ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാർ മാറി നിന്ന് ഓൺലൈൻ വിദ്യാഭ്യാസം എന്ന തരത്തിൽ പുതിയൊരു പ്രകടനപരത അഴിച്ചുവിടുകയുമാണ് ചെയ്തത്.

ഈ കുട്ടിയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ ഞാൻ ആവശ്യപ്പെടുന്ന മർമ്മപ്രധാനമായ ഒരു കാര്യം സർക്കാർ ഇപ്പോൾ നടത്തിവരുന്ന തികച്ചും അശാസ്ത്രീയവും അപക്വവുമായ ഓൺലൈൻ വിദ്യാഭ്യാസ പരിപാടി അടിയന്തിരമായി നിർത്തിവെക്കണമെന്നും എല്ലാ കുട്ടികൾക്കും പരമാവധി അവർക്ക് പഠിക്കാനാവശ്യമായ ഭൗതിക സാഹചര്യം ഒരുക്കി എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ ഈ പുതിയ സംവിധാനം സർക്കാർ തുടങ്ങാവൂ എന്നുമാണ്. അതങ്ങനയല്ല തുടങ്ങുന്നതെങ്കിൽ വളരെ വലിയ വിവേചനങ്ങൾക്ക് കാരണമാകുകയും, ദേവികയുടെ മരണം പോലുള്ള ദാരുണമായ സംഭവങ്ങൾക്ക് നമ്മൾ സാക്ഷ്യം വഹിക്കുകയും ചെയ്യും. സണ്ണി.എം.കപിക്കാട് അഭിപ്രായപ്പെട്ടു.

ഇതുമാത്രമല്ല കാസർ​ഗോഡുപോലുളള സ്ഥലങ്ങളിലെ പിന്നാക്ക പ്രദേശങ്ങളിലും, ആദിവാസി മേഖലയിലുമൊന്നും കുട്ടികൾ പലരും ഓൺലൈൻ വിദ്യാഭ്യാസ പരിപാടിയെക്കുറിച്ച് അറിഞ്ഞിട്ടുപോലുമില്ല എന്ന ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇത്തരത്തിൽ അതിദാരുണമായ സ്ഥിതി വിശേഷങ്ങൾ നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നു. വിദ്യാർത്ഥികളുടെ സാമ്പത്തികവും, സാമൂഹികവും, പ്രദേശപരവുമായ ഭിന്നതകൾ പരിഹരിച്ചുകൊണ്ട് മാത്രമേ പുതിയൊരു വിദ്യാഭ്യാസ സമ്പ്രദായമായ ഓൺലൈൻ വിദ്യാഭ്യാസ സംവിധാനത്തിലേക്ക് സർക്കാർ മാറാവൂ. അതുകൊണ്ട് തന്നെ തികച്ചും അശാസ്ത്രീയമായ ഈ നടപടി സർക്കാർ നിർത്തിവെക്കണംമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more