| Thursday, 16th February 2017, 12:17 am

ഇത്തരത്തിലൊരാള്‍ എങ്ങനെ നേതാവായെന്ന് സി.പി.ഐ പറയണം; മനോജ് ചരളേല്‍ നടത്തിയ ജാതി അധിക്ഷേപം കേവലം നാക്കുപിഴയല്ലെന്ന് സണ്ണി.എം.കപിക്കാട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊട്ടാരക്കര: ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയ്‌ക്കെതിരെ ജാതീയമായ അധിക്ഷേപം നടത്തിയ സി.പി.ഐ കൊല്ലം ജില്ലാ അസി.സെക്രട്ടറി മനോജ് ചരളേലിന് സംഭവിച്ചത് കേവലം നാക്ക് പിഴയല്ലെന്ന് സണ്ണി.എം.കപിക്കാട്. സ്ഥിരമായി ജീവിതത്തില്‍ അദ്ദേഹം ഇത്തരത്തിലുള്ള പ്രയോഗം നടത്താറുണ്ടെന്നും അതിന്റെ പ്രതിഫലനം മാത്രമാണിതെന്നും ദലിത് ആക്ടിവിസ്റ്റും സാമൂഹ്യ പ്രവര്‍ത്തകനുമായ സണ്ണി പറഞ്ഞു.


Also Read: ‘തിയ്യന്മാരുടെ കൂടെ പൊട്ട് തൊട്ട് നില്‍ക്കുന്നെന്ന് ആരോപിച്ച് നാദാപുരത്തെ ലീഗ് പ്രവര്‍ത്തകര്‍ തന്നെ വേട്ടയാടുന്നു’


മനസ്സിന്റെ അടിത്തട്ടില്‍ ഉറച്ച് പോയ കാഴ്ച്ചപ്പാടിലെ ന്യൂനത മനസ്സിലാക്കി അദ്ദേഹം സ്വയം പരിഹരിക്കണമെന്നും ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഉത്തരവാദിത്വമാണതെന്നും സണ്ണി പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഇന്നും ജാതി ചിന്ത നിലനില്‍ക്കുന്നുവെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് അത് തിരുത്താന്‍ പാര്‍ട്ടി തയ്യാറാകാത്തതാണ് കുഴപ്പമെന്നും അദ്ദേഹം ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

തന്റെ പ്രതിശ്രുത വധുവുമായി നടത്തിയ സ്വകാര്യ സംഭാഷണത്തിനിടെ ഗോപകുമാറിനെ ” പന്നപ്പുലയനെന്ന് ” വിളിച്ച് അധിക്ഷേപിക്കുന്ന മനോജ് ചരളേലിന്റെ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് വിവിധ ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്ന് വരുന്നത്.

ജാതിയത മേന്മയായി കൊണ്ടു നടക്കുന്ന മനോഭാവമാണ് ഇതിന് പിന്നിലെന്നും താഴ്ന്ന ജാതിക്കാരെ അവരില്ലാത്ത അവസരങ്ങളില്‍ പുച്ഛിക്കുന്ന സവര്‍ണ്ണക്കൂട്ടങ്ങളുടെ പൊതു സ്വഭാവമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം മനോജിന്റെ പ്രതിശ്രുത വധുവായിരുന്ന പെണ്‍കുട്ടി കുറച്ച് കൂടി മനുഷ്യബോധമുള്ള യുവതിയായിരുന്നുവെന്നും അതിനാലാണ് മനോജിന്റെ വാക്കുകളെ നിഷേധിക്കാന്‍ അവര്‍ തയ്യാറായാതെന്നും സണ്ണി പറഞ്ഞു.


Also Read: സോഷ്യല്‍ മീഡിയ ലവ് ജിഹാദ് ഗ്രൂപ്പില്‍ താന്‍ അംഗമാണ് എന്നാല്‍ വര്‍ഗ്ഗീയ പരമായ ഒരു കമന്റുകളും പറഞ്ഞിട്ടില്ല: രാഹുല്‍ ഈശ്വര്‍


ഇത്തരത്തിലൊരാള്‍ എങ്ങനെ നേതാവായെന്ന് പാര്‍ട്ടി പറയണമെന്നും പാര്‍ട്ടി പങ്കിടുന്ന പൊതു ബോധം എന്താണെന്നും അദ്ദേഹം ചോദിക്കുന്നു. ജാതിയതയെ കുറിച്ച് പാര്‍ട്ടി വേണ്ടത്ര ഗൗനിക്കുന്നില്ലെന്നും തിരുത്തപ്പെടേണ്ടതാണെന്ന ബോധം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പകരുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മനോജിനോട് വിശദീകരണം ചോദിച്ച പാര്‍ട്ടി നിലപാട് ശാശ്വതമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്ത് പരിണാമാണ് പാര്‍ട്ടിയ്ക്ക് സംഭവിച്ചിട്ടുള്ളതെന്ന് ചോദിച്ച സണ്ണി സി.പി.ഐ ജനങ്ങളോട് മാപ്പ് പറയണമെന്നും പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ അനവധി മനോജുമാരുണ്ടെന്നും അവരെ മാറ്റിയെടുക്കാന്‍ കഴിയണമെന്നും ശാസനയില്‍ തീരുന്നതല്ല കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more