വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ കൂട്ടരാജി; സണ്ണി എം.കപിക്കാട് പ്രതികരിക്കുന്നു
ദളിത് വിരുദ്ധതമൂലം വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്നും നേതാക്കള്‍ രാജിവെച്ചതില്‍ ദളിത് ചിന്തകനും എഴുത്തുകാരനുമായ സണ്ണി എം.കപിക്കാട് ഡൂള്‍ ന്യൂസിനോട് പ്രതികരിക്കുന്നു
“കേരളത്തില്‍ രൂപപ്പെട്ട ഫ്രറ്റേണിറ്റി പ്രസ്ഥാനമോ എസ്.ഡി.പി.ഐ പോലുള്ള പ്രസ്ഥാനങ്ങളോ വെല്‍ഫെയര്‍ പാര്‍ട്ടിയോ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയമായ ആശയം എത്രമാത്രം പ്രവര്‍ത്തനക്ഷമമാണ് എന്നതാണ് ഇപ്പോള്‍ തര്‍ക്കവിഷയമായിരിക്കുന്നത്. പുറത്ത് വരുന്നവര്‍ പറയുന്നൊരു കാര്യം അത് പ്രവര്‍ത്തനക്ഷമമല്ല എന്നതാണ്. അവര്‍ക്കെന്തുകൊണ്ടോ മുസ്ലീങ്ങളല്ലാത്ത വിഭാഗങ്ങളോട് നീതി പുലര്‍ത്താന്‍ കഴിയുന്നില്ല എന്ന ഗുരുതരമായ ആരോപണമാണ് അവര്‍ ഉന്നയിക്കുന്നത്. അതിന്റെ ഒരു പ്രശ്നവും അതാണ. ദളിതര്‍ തമ്മിലുള്ള പ്രശ്നമോ, പാര്‍ട്ടിക്കകത്ത് ചിലര്‍ക്ക് കിട്ടുന്ന പരിഗണനയുടെ പ്രശ്നമോ ചിലര്‍ക്ക് കിട്ടാതെ പോയതിന്റെ കാര്യമോ അല്ല ഇത്.
ഞാന്‍ വളരെ നേരത്തെ പറയുന്നൊരു കാര്യമുണ്ട്. പൊളിറ്റിക്കല്‍ സഖ്യമേ സാധ്യമാകൂ. ഈക്വല്‍ സ്റ്റാറ്റസില്‍ വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ സഖ്യമേ സാധ്യമാകൂ. അതല്ലാത്ത ഏതൊരിടപാടും ഈ പറയുന്ന അവഗണനയും ഏറ്റവും അവസാനം അപമാനിക്കപ്പെട്ടും പുറത്ത് പോകലൊക്കെയായിരിക്കും ഫലം. ദളിതരും മുസ്ലീങ്ങളും മാത്രമല്ല എല്ലാ വിഭാഗങ്ങളും തമ്മിലും രാഷ്ട്രീയ സഖ്യമേ സാധ്യമാകൂ.
ഇവര്‍ ഏതൊക്കെ വിഭാഗങ്ങളോടാണ് നീതി പുലര്‍ത്തിയിട്ടുള്ളത്. ദളിതര്‍ കുറെ പേര് രാജിവച്ചു പുറത്തുവന്നു. ഇവര്‍ കുറച്ച് പേര്‍ പുറത്ത് വന്നതിന്റെ കാര്യമെന്താ? മത്സ്യതൊഴിലാളികളോട് നീതി പുലര്‍ത്തിയിട്ടുണ്ടോ? ആദിവാസികളോട് നീതി പുലര്‍ത്തിയിട്ടുണ്ടോ? പറ്റില്ല. അതാണ് നമ്മള്‍ ആലോചിക്കേണ്ടത്. എന്തുകൊണ്ട് ഇവര്‍ക്ക് ഇത് കഴിയാതെ പോകുന്നു എന്നത് തന്നെയാണ് ആലോചിക്കേണ്ടത്. അല്ലാതെ അവരെ ഏകപക്ഷീയമായി കുറ്റപ്പെടുത്താനോ പുറന്തള്ളപ്പെടെണ്ടവര്‍ ആണെന്ന് പറയാനോ ഞാന്‍ തയ്യാറല്ല. ചര്‍ച്ച ചെയ്യണം. തുറന്നു ചര്‍ച്ച ചെയ്യണം.
ഈ പറയുന്ന ദളിത് മുസ്ലീം ഐക്യം കാത്ത് സൂക്ഷിക്കാന്‍ വേണ്ടി മുസ്‌ലീങ്ങള്‍ ഒരു അതിക്രമം കാണിച്ചാല്‍ ദളിതര്‍ മിണ്ടാതിരിക്കണം എന്നൊക്കെ പറയുന്ന അതിസൈദ്ധാന്തികരൊക്കെ തല്‍ക്കാലം രംഗം വിടണം. ഈക്വല്‍ സ്റ്റാറ്റസും വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയമായ സഖ്യവും ആയിരിക്കണം പുതിയ ജനാധിപത്യ പ്രസ്ഥാനത്തിന്റെ മുഖമുദ്ര. എന്നുപറഞ്ഞാല്‍ നയരൂപീകരണത്തില്‍ പോലും എല്ലാ വിഭാഗങ്ങള്‍ക്കും ഇടപെടാന്‍ കഴിയുന്നത് വരെയുള്ള ജനാധിപത്യ സമീപനം ഈ കാര്യത്തില്‍ വേണം. അല്ലാതെ അവര്‍ തീരുമാനം എടുത്തു കൊണ്ട് വന്നിട്ട് ഇതാണ് തീരുമാനം എന്ന് പറയുന്ന പഴയ ശൈലി സാധ്യമല്ല.
എല്ലാ കമ്മിറ്റിയിലും ഇത്ര പേര്‍ ഉണ്ട് എന്നല്ല. അവര്‍ക്ക് ഡിസിഷന്‍ മേക്കിങ്ങില്‍ പങ്കുണ്ട്. പാര്‍ട്ടി കൈകാര്യം ചെയ്യുന്ന റിസോഴ്സില്‍ അവര്‍ക്ക് പങ്കുണ്ട്. അല്ലാതെ റിസോഴ്സ് ചിലര്‍ കൈവശം വെക്കുകയും ഇവര്‍ക്ക് അയ്യായിരമോ പതിനായിരമോ ശമ്പളം കൊടുക്കുകയും ചെയ്യുന്നത് രാഷ്ട്രീയ പ്രവര്‍ത്തനമല്ല. അത് നിര്‍ത്തണം. രാഷ്ട്രീയ പ്രവര്‍ത്തനം എന്നത് എല്ലാ വിഭാഗങ്ങളുമായും തുല്യത എന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ സംസാരിക്കുവാനും അവരുമായി ഇന്‍വോള്‍വ് ചെയ്യാനും കൂട്ടത്തോടെ തീരുമാനമെടുക്കാനും കൂട്ടത്തോടെ നടപ്പിലാക്കാനും കഴിയുന്ന വിധമുള്ള ജനാധിപത്യപരമായിട്ടുള്ള സെന്‍സിബിലിറ്റിയാണ്. അത് ഇതിനകത്തില്ല. അത് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ മാത്രം പ്രശ്നമല്ല. അത് എസ.ഡി.പി.യുടെ മാത്രം പ്രശ്നമല്ല. ഏകപക്ഷീയമായി ഞങ്ങളുടെ കയ്യില്‍ എല്ലാമുണ്ട്. നിങ്ങള്‍ ഞങ്ങളുടെ കൂടെ നില്‍ക്കണം എന്നുള്ള ഇടപാടുകള്‍ നിര്‍ത്തണം. അത് നടക്കില്ല. ഒരു പ്രയോചനവും ഉണ്ടാവില്ല.”