'ദളിതന്റെ പരാതിയില്‍ സവര്‍ണന്‍ തടവനുഭവിക്കുന്നത് നീതികേടാണെന്നു കരുതി കോടതി തന്നെ അയാള്‍ക്കുവേണ്ടി ജാമ്യം എടുക്കുന്നു'; -സണ്ണി എം. കപിക്കാട്
Dool Talk
'ദളിതന്റെ പരാതിയില്‍ സവര്‍ണന്‍ തടവനുഭവിക്കുന്നത് നീതികേടാണെന്നു കരുതി കോടതി തന്നെ അയാള്‍ക്കുവേണ്ടി ജാമ്യം എടുക്കുന്നു'; -സണ്ണി എം. കപിക്കാട്
ഹരിമോഹന്‍
Wednesday, 2nd October 2019, 3:03 pm
2018 മാര്‍ച്ച് 20-ല്‍ എസ്.സി-എസ്.ടി അതിക്രമം തടയല്‍ നിയമം ദുര്‍ബലപ്പെടുത്തിക്കൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി അതേ കോടതി തന്നെ ഇന്നലെ റദ്ദാക്കി. ഈ സാഹചര്യത്തില്‍ ദളിത് ചിന്തകനും സാമൂഹ്യപ്രവര്‍ത്തകനുമായ സണ്ണി എം. കപിക്കാട് ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു.

അഭിമുഖം: സണ്ണി എം. കപിക്കാട്/ഹരിമോഹന്‍

* എസ്.സി-എസ്.ടി അതിക്രമം തടയല്‍ നിയമത്തെ ദുര്‍ബലപ്പെടുത്തിയ അതേ സുപ്രീംകോടതി തന്നെ ആ വിധി റദ്ദാക്കിക്കൊണ്ട് വിധി പുറപ്പെടുവിച്ച സാഹചര്യത്തില്‍ എന്തു തോന്നുന്നു?

എസ്.സി-എസ്.ടി അതിക്രമം തടയല്‍ നിയമത്തിന്റെ യഥാര്‍ഥ സ്പിരിറ്റിനെ ദുര്‍ബലപ്പെടുത്തുന്ന വിധിയാണു കഴിഞ്ഞവര്‍ഷമുണ്ടായത്. അതു റദ്ദു ചെയ്തുകൊണ്ടുള്ള സുപ്രീംകോടതി വിധി തികച്ചും സ്വാഗതാര്‍ഹമാണ്.

* കഴിഞ്ഞവര്‍ഷം ഇത്തരമൊരു വിധിയിലേക്കെത്താനുള്ള പ്രധാന കാരണം ഈ നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന വാദമാണ്. ഈ വാദത്തിലേക്കെത്താനുള്ള കാരണങ്ങളായി തോന്നുന്നത് എന്തൊക്കെയാണ്?

കഴിഞ്ഞപ്രാവശ്യത്തേതുപോലെ ഒരു വിധിയുണ്ടാവാന്‍ കാരണം ഈ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന ഒരു വാദഗതിയാണ് അവിടെ ഉന്നയിച്ചിരുന്നത് എന്നതുകൊണ്ടാണ്. എന്നാല്‍ നമ്മളതില്‍ മനസ്സിലാക്കേണ്ട ഒരു കാര്യം ഇന്ത്യയിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കു വേണ്ടി, സ്ത്രീകള്‍ക്കോ ആദിവാസികള്‍ക്കോ ദളിതര്‍ക്കോ അനുകൂലമായ ഒരു നിയമമുണ്ടായാല്‍, ആ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന ഒരാരോപണം പൊതുവിലുള്ളതാണ്. സ്ത്രീകളുടെ കാര്യത്തിലായാലും ആദിവാസികളുടെ കാര്യത്തിലായാലും ദളിതരുടെ കാര്യത്തിലായും ഈയൊരാരോപണം പെട്ടെന്നുണ്ടാവാറുണ്ട്.

എന്നാല്‍ ബാക്കിയുള്ള നിയമങ്ങളെക്കുറിച്ചൊന്നും ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം ഉണ്ടാകാറില്ല. ക്രിമിനല്‍ കോഡ് ദുരുപയോഗം ചെയ്യപ്പെടാറുണ്ട്. എന്നിട്ടും ക്രിമിനല്‍ കോഡ് ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപണം ആരും ഉന്നയിക്കാറില്ല. ഇതിങ്ങനെ ദുരുപയോഗം ചെയ്യുന്നുവെന്ന ഒരാരോപണം ഉന്നയിക്കപ്പെടാന്‍ കാരണം, എസ്.സി-എസ്.ടി അതിക്രമം തടയല്‍ നിയമത്തിലോ, സ്ത്രീകളുടെ പ്രത്യേക അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിയമത്തിലോ പ്രതിയാക്കപ്പെടുന്നതു സമൂഹത്തിലെ പ്രബലരാണെന്നുള്ളതാണ്.

സ്ത്രീയുടെ പരാതിയിന്മേല്‍ പുരുഷന്‍ നിയമനടപടിക്ക് വിധേയനാകുന്നത്, ഒരു പുരുഷാധിപത്യ സമൂഹത്തിന്റെ മൂല്യങ്ങള്‍ക്ക് ഒട്ടും നിരക്കുന്നതല്ലാത്തതുകൊണ്ടാണ് ദുരുപയോഗം ചെയ്യുന്നതാണെന്നു തോന്നുന്നത്. എന്നുപറയുന്നതുപോലെ തന്നെയാണ് എസ്.സി-എസ്.ടി അതിക്രമം തടയല്‍ നിയമപ്രകാരവും സംഭവിക്കുന്നത്. അവിടെ അകത്തുപോകുന്നത് സവര്‍ണനായതുകൊണ്ടാണ്, അവന്‍ കുറ്റവാളിയാണെങ്കില്‍പ്പോലും അകത്തുപോകുന്നത് നീതിപൂര്‍വകമല്ല, പ്രത്യേകിച്ച് ഒരു പട്ടികജാതിക്കാരന്റെ, അല്ലെങ്കില്‍ ഒരു പട്ടികജാതിക്കാരന്റെ പരാതിയില്‍ ഒരു സവര്‍ണന്‍ തടവനുഭവിക്കുക എന്നതു നീതികേടാണുള്ള ഒരു ജാതിബോധത്തിന്റെ ഭാഗമായിട്ടാണ് ഈ ദുരുപയോഗം എന്ന വാക്ക് തന്നെയുണ്ടാകുന്നത്. അല്ലാതെ ഈ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നില്ല എന്നതാണു യാഥാര്‍ഥ്യം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പിന്നെ ഇതിനകത്ത് അവര്‍ക്കു മുന്‍കൂര്‍ ജാമ്യത്തിന് അവകാശമുണ്ടെന്നും അതോടൊപ്പം തന്നെ പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടാല്‍ മാത്രമേ അറസ്റ്റ് ചെയ്യാവൂ എന്നു പറയുന്നതോടെ ആ നിയമം ദുര്‍ബലപ്പെടുകയാണു ചെയ്യുന്നത്. യഥാര്‍ഥത്തില്‍ ഇത്തരമൊരു പെരുമാറ്റം സാമൂഹിക കുറ്റകൃത്യമാണ്. അതുകൊണ്ടാണ് ഒരു പൊതു ഇടത്തില്‍ ദളിതര്‍ ആക്രമിക്കപ്പെടുമ്പോള്‍, ദളിത് സ്ത്രീകള്‍ നഗ്നയാക്കപ്പെടുമ്പോള്‍ നോക്കിനില്‍ക്കുന്ന ആള്‍ക്കൂട്ടമുണ്ടാകുന്നത് ഇതൊരു സാമൂഹിക കുറ്റകൃത്യമായതുകൊണ്ടാണ്. ആ നോക്കിനില്‍ക്കുന്നവര്‍ക്കൂടി പങ്കാളിയാകുന്ന ഒരു കുറ്റകൃത്യമാണ് അവിടെ സംഭവിക്കുന്നത്.

* സി.ആര്‍.പി.സിയിലെ (ക്രിമിനല്‍ നടപടിച്ചട്ടം) ലോജിക്ക് വെച്ച് എസ്.സി-എസ്.ടി അതിക്രമം തടയല്‍ നിയമത്തിലും നടപടിയെടുക്കുന്ന ഒരു സാഹചര്യമാണ് ആദ്യ വിധിയില്‍ക്കൂടി സംഭവിച്ചത്. ആ ലോജിക്ക് വെച്ച് ഈ വിഷയത്തില്‍ ഇടപെടുക എന്നതു വിഡ്ഢിത്തമല്ലേ?

സി.ആര്‍.പി.സിയിലെ ലോജിക്ക് വെച്ച് അതിനെ അളക്കാന്‍ പറ്റില്ല. സി.ആര്‍.പി.സിയുടെ ലോജിക്ക് വെച്ച് അതന്വേഷിച്ചു കണ്ടുപിടിച്ച് പ്രതിയാണെന്നു ബോധ്യപ്പെട്ട് ശിക്ഷിക്കുന്നതല്ല അതിന്റെ ലോജിക്ക്. ഇതൊരു സാമൂഹിക കുറ്റകൃത്യമായതുകൊണ്ട് ഇര, അല്ലെങ്കില്‍ ആക്രമിക്കപ്പെടുന്നയാള്‍ പരാതിപ്പെട്ടാല്‍ ആ സമയത്തുതന്നെ നടപടിയുണ്ടാകുന്നതിലൂടെയാണ് ഈ സാമൂഹിക കുറ്റകൃത്യത്തെ ഒരു പരിധി വരെ തടഞ്ഞുനിര്‍ത്താന്‍ പറ്റുന്നത് എന്നതാണ് അതിന്റെ പിന്നിലുള്ള ഒരു കാര്യം.

സാമൂഹിക കുറ്റകൃത്യത്തെ തടഞ്ഞുനിര്‍ത്താന്‍ നമുക്കു പറ്റണമെങ്കില്‍ പ്രഥമദൃഷ്ട്യാ തന്നെ നിയമനടപടിയുണ്ടാകുമെന്നുള്ള ഒരു ഭീഷണി പലപ്പോഴും ഈ കുറ്റകൃത്യത്തില്‍നിന്ന് മനുഷ്യരെ പിറകോട്ടു വലിക്കും എന്നൊരു സങ്കല്‍പ്പം കൂടി പ്രാവര്‍ത്തികമാകണം. അപ്പോള്‍ ഇതൊരു സാമൂഹിക കുറ്റകൃത്യമായതുകൊണ്ടാണ് ഇത്തരമൊരു നടപടി ആവശ്യമായി വരുന്നത്. അതിനെ സാമാന്യമായ സി.ആര്‍.പി.സിയുടെ ലോജിക്ക് വെച്ചുകൊണ്ട് അളക്കുന്നതോ അതിനെക്കുറിച്ചു സംസാരിക്കുന്നതോ ശരിയല്ല.

അതുകൊണ്ട് ഇതു പുനഃസ്ഥാപിച്ചത് തികച്ചും സ്വാഗതാര്‍ഹമായ കാര്യമാണെന്നതില്‍ തര്‍ക്കമില്ല. ഒരുപക്ഷേ ഇന്ത്യന്‍ ഭരണഘടനയുടെ 17-ാം വകുപ്പ് സ്വാര്‍ഥകമാകണമെങ്കില്‍ ഈ നിയമം കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കുവാനാണ് ഇന്ത്യ ശ്രമിക്കേണ്ടത്.

* ഇന്നലെ വിധി പുറപ്പെടുവിച്ചുകൊണ്ട് സുപ്രീംകോടതി നടത്തിയ സുപ്രധാനമായ ചില നിരീക്ഷണങ്ങളുണ്ട്. തൊട്ടുകൂടായ്മയും ഭ്രഷ്ടുമൊക്കെ ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ടെന്നും ദളിതരുടെ പോരാട്ടം തുടരുകയാണെന്നുമൊക്കെ. മുന്‍പും ജാതിവിവേചനത്തെക്കുറിച്ച് കോടതി ചില നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. പക്ഷേ ഇതേ മനോഭാവമുള്ള കോടതി തന്നെയാണു കഴിഞ്ഞവര്‍ഷം ഈ നിയമത്തെ ദുര്‍ബലപ്പെടുത്തിയതും. ഇതെന്തുകൊണ്ടാണെന്നു തോന്നുന്നു?

ഇന്ത്യന്‍ കോടതി സംവിധാനത്തിന്റെ പ്രശ്‌നമായി അതിനെ എടുക്കേണ്ടതുണ്ട്. ഉന്നത കോടതികളുടെ പ്രവര്‍ത്തനത്തില്‍ പ്രധാനപ്പെട്ട ഒരു കാര്യം സബ്ജക്ടീവായ ഒരു വീക്ഷണമാണ്. സബ്ജക്ടീവ് മാത്രമല്ല അതില്‍ പ്രവര്‍ത്തിക്കുക, അവിടെയിരിക്കുന്ന ജഡ്ജിയുടെ മനോഭാവം, ജഡ്ജി കാര്യങ്ങളെ മനസ്സിലാക്കുന്ന വിധം, അയാളുടെ സോഷ്യല്‍ സ്റ്റാറ്റസ്, അയാളുടെ വ്യക്തിപരമായ ചരിത്രം ഇങ്ങനെ പല കാര്യങ്ങള്‍ കൂടിച്ചേര്‍ന്നിട്ടാണ് ആ വിധിയെ അതു സ്വാധീനിക്കുന്നത്. അതു തര്‍ക്കമില്ലാത്ത കാര്യമാണ്. അതുകൊണ്ട് പലപ്പോഴും ഏകപക്ഷീയമായ തിരിച്ചും മറിച്ചുമുള്ള വിധികള്‍ ഇന്ത്യയില്‍ സര്‍വസാധാരണമാകുന്നത് ഇതില്‍ സബ്ജക്ടീവായ ഘടകം ഇതിനകത്ത് പ്രധാനപ്പെട്ട സംഗതിയായതുകൊണ്ടാണ്.

കേവലമായ നിയമത്തിന്റെ നേരിട്ടുള്ളൊരു വ്യാഖ്യാനമോ അത്തരമൊരു ഒബ്ജക്ടിവിറ്റിയോ നമ്മുടെ വിധികളില്‍ പലപ്പോഴും കാണാറില്ല എന്നതും നമ്മുടെ മുന്നിലുണ്ട്. അതുകൊണ്ട് ബോംബെ ഹൈക്കോടതി ഇങ്ങനെയൊരു വിധി പുറപ്പെടുവിച്ചതിനു മുന്നില്‍ ഈയൊരു പക്ഷപാതം, ഒരു മുന്‍വിധി അതിലടങ്ങിയിട്ടുണ്ട് എന്നതാണു നമ്മള്‍ കാണേണ്ടത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യയില്‍ ഇപ്പോഴും വ്യാപകമായ അയിത്തവും അതിക്രമങ്ങളും ഒക്കെ കോടതി നിരീക്ഷിക്കുമ്പോള്‍ത്തന്നെ ഇതേ കോടതി തന്നെ നേരെ വിരുദ്ധമായൊരു പരാമര്‍ശം നടത്തുമെന്നു നമുക്കു പ്രതീക്ഷിക്കാമെന്നാണു ഞാന്‍ പറഞ്ഞത്. അതിനു കാരണം ഈ സബ്ജക്ടീവായ ഘടകമാണ്. ഇതു മറികടക്കാന്‍ കോടതിയുടെ മുന്‍പിലുള്ള ഒരേയൊരു വഴി, ഇനി ഇന്ത്യന്‍ നിയമത്തെ വ്യാഖ്യാനിക്കുമ്പോള്‍, ആ കോടതിക്കു മാര്‍ഗനിര്‍ദേശമാകേണ്ടത് ഇന്ത്യന്‍ ഭരണഘടനയുടെ മൊറാലിറ്റിയായിരിക്കണം, ഭരണഘടനയുടെ സ്പിരിറ്റായിരിക്കണം, ഭരണഘടനയുടെ പൊതുലക്ഷ്യം എന്നതായിരിക്കണം. അവ കോടതി നിരന്തരം ഉയര്‍ത്തിപ്പിടിച്ചാല്‍ ഇത്തരമൊരു വിധിയില്‍ നിന്ന് മാറിനില്‍ക്കാന്‍ കഴിയും. പലപ്പോഴും അങ്ങനെ കാണാറില്ല എന്നതാണു നമ്മുടെ വസ്തുതാപരമായ യാഥാര്‍ഥ്യം.

* എല്ലാ വിഭാഗങ്ങളിലുമുള്ളവര്‍ ഒരു കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ വേണമെന്നു നിശ്ചയിച്ചാല്‍ ഈ പ്രശ്‌നങ്ങള്‍ ഏറെക്കുറേ പരിഹരിച്ചുകൂടേ?

കോടതി ഇപ്പോള്‍ നിരീക്ഷിച്ച കാര്യങ്ങള്‍ മാത്രം മതി ഈ നിയമം എത്രയും പെട്ടെന്നു ഫലപ്രദമായി നടപ്പിലാക്കണം എന്നു തീരുമാനിക്കുവാന്‍. എന്നാല്‍ അതേ സമയത്തുതന്നെ ബോംബെ ഹൈക്കോടതി അവിടുത്തെ ഒരുന്നതന്‍ കൊടുത്ത പരാതിയിന്മേല്‍ നടപടിക്രമങ്ങള്‍ എടുത്തപ്പോഴാണ് ഇപ്പറയുന്ന പരാമര്‍ശങ്ങളുണ്ടായത്.

കാരണം, അയാളോടൊരു അനുകൂല സമീപനം കോടതിക്കു തോന്നുകയാണ്. ഇരയാക്കപ്പെട്ട ആളാണ് അയാളെന്നു കോടതിക്കു തോന്നുകയാണ്. അയാളങ്ങനെ പെരുമാറില്ല എന്നൊരു മുന്‍കൂര്‍ ജാമ്യം അയാള്‍ക്കു വേണ്ടി കോടതി എടുക്കുകയാണ്. ഇങ്ങനെയൊരു സബ്ജക്ടീവായ ഘടകം പ്രവര്‍ത്തിക്കുന്നുണ്ട്. അതു വളരെ വേഗം പ്രവര്‍ത്തിക്കുന്നുണ്ട്. ഇതു കോടതിയുടെ ശാപമാണ്.

ഇതിനകത്താണ് എല്ലാ വിഭാഗത്തിലും പെട്ട മനുഷ്യര്‍ കോടതിയിലുണ്ടായിരിക്കണം എന്നു പറയുന്നത്. ഈ സബ്ജക്ടീവ് ഘടകങ്ങളെ ദുര്‍ബലപ്പെടുത്താവുന്ന പ്രധാനപ്പെട്ട ഒറു നടപടിയുണ്ടാകണമെന്നാണ് എനിക്കു തോന്നുന്നത്. എല്ലാ വിഭാഗങ്ങളിലും പെട്ടവര്‍ ഒരേ ബെഞ്ചിലുണ്ടെങ്കില്‍ ഇത്തരം ഏകപക്ഷീയതകള്‍ പ്രവര്‍ത്തിക്കാനുള്ള സാധ്യത കുറവാണ്. അവരെ ഒരുതരത്തില്‍ അതു പരിമിതപ്പെടുത്തും. അതു കേവലം കുറേപ്പേര്‍ പ്രവര്‍ത്തിക്കണമെന്നുള്ളതല്ല കാര്യം. കാരണം, നമ്മുടെ ജുഡീഷ്യറി തന്നെ നേരിടുന്ന അടിസ്ഥാനപരമായ ദൗര്‍ബല്യങ്ങള്‍ കൂടി പരിഹരിക്കാനാണ് എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഇതില്‍ വേണമെന്നു പറയുന്നത്.


ഹരിമോഹന്‍
മാധ്യമപ്രവര്‍ത്തകന്‍