നാളത്തെ ദളിത് സമരത്തെ പൊലീസിനെ ഉപയോഗിച്ച് അക്രമത്തിലേക്ക് തള്ളിവിടുമെന്ന് ഭയം: നടക്കുന്നത് ദളിത് പോരാട്ടം തകര്‍ക്കാനുള്ള ശ്രമങ്ങളെന്നും സണ്ണി എം. കപിക്കാട്
Dalit Hartal
നാളത്തെ ദളിത് സമരത്തെ പൊലീസിനെ ഉപയോഗിച്ച് അക്രമത്തിലേക്ക് തള്ളിവിടുമെന്ന് ഭയം: നടക്കുന്നത് ദളിത് പോരാട്ടം തകര്‍ക്കാനുള്ള ശ്രമങ്ങളെന്നും സണ്ണി എം. കപിക്കാട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th April 2018, 1:42 pm

 

കോഴിക്കോട്: തിങ്കളാഴ്ച നടക്കുന്ന ദളിത് ഹര്‍ത്താലിനെ പരാജയപ്പെടുത്താനുള്ള വ്യാപകമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ദളിത് ചിന്തകന്‍ സണ്ണി എം. കപിക്കാട്. വ്യാപാരി വ്യവസായി ഏകോപനസമിതിയും, ബസുടമകളുടെ സംഘടനകളുമെല്ലാം ഇതിനെതിരെ രംഗത്തുവരുന്നതും ഹര്‍ത്താലിനെ അനുകൂലിച്ച് പ്രകടനം നടത്തിയ ദളിത് വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടികളുമെല്ലാം അതിന്റെ ഭാഗമാണെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോടു പറഞ്ഞു.

“ദളിതരുടെ ഹര്‍ത്താല്‍ കേരളത്തില്‍ വിജയിക്കില്ല, വിജയിക്കാന്‍ പാടില്ല എന്നു തീരുമാനിക്കുന്ന ജാതിമേധാവിബോധമാണ് ഇപ്പോള്‍ വര്‍ക്കു ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്തരം സംഘടനകള്‍ മാത്രമല്ല, ഹര്‍ത്താല്‍ വിജയിക്കില്ല എന്ന തരത്തിലുള്ള വ്യാപകമായ പ്രചരണവും നടക്കുന്നുണ്ട്. ജാതീയതയുടെ എല്ലാതരത്തിലുള്ള സ്വഭാവവും ഇതിനുണ്ട്. കേരളത്തിലെ ദളിതരുടെയും ആദിവാസികളുടെയും മുന്‍കൈയ്യില്‍ വിജയകരമായൊരു ഹര്‍ത്താല്‍ നടക്കുന്നതിനെ പ്രതിരോധിക്കുന്ന ജാതിമേധാവിത്വത്തിന്റെ വാക്കുകളാണ് ഈ പറയുന്ന പബ്ലിക് സംഘടനകളില്‍ നിന്നും പുറത്തുചാടിയിട്ടുള്ളത്. അതുകൊണ്ട് ദളിതരെ സംബന്ധിച്ച് ഇതൊരു ആത്മാഭിമാന പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുകയാണ്. ” അദ്ദേഹം പറയുന്നു.


Also Read:ദളിതര്‍ ഹര്‍ത്താല്‍ നടത്തുമ്പോള്‍ മാത്രം എതിര്‍പ്പുമായി വരുന്നവര്‍ തുറന്നുകാട്ടുന്നത് ‘കേരളത്തിലെ ജാതി’


മുമ്പൊന്നുമില്ലാത്തവിധമുള്ളൊരു ക്രമസമാധാന പാലനത്തിന് നാളെ പൊലീസ് തയ്യാറായേക്കുമെന്നും താന്‍ ഭയക്കുന്നതായി അദ്ദേഹം പറഞ്ഞു. “നാളെ പുറത്തിറങ്ങുന്നവനെ പൊലീസ് അതിഭീകരമായി ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അറസ്റ്റു ചെയ്യുമെന്നല്ല ഞാന്‍ പറയുന്നത്. നാളെ പ്രകടനം നടത്താന്‍ കൂടുന്നവരെയൊക്കെ ലാത്തിച്ചാര്‍ജ് ചെയ്യാന്‍ സാധ്യതയുണ്ട്. എന്തുവിലകൊടുത്തും ഈ ദളിത് പോരാട്ടത്തിന്റെ ആത്മവീര്യത്തെ കെടുത്താന്‍ ശ്രമിക്കും.” അദ്ദേഹം പറയുന്നു.

കേരളത്തിന്റെ ചരിത്രത്തില്‍ നേരത്തെ ഇല്ലാത്ത വിപുലമായ ഒരു സഖ്യം ദളിതര്‍ക്കിടയില്‍ രൂപപ്പെട്ടിട്ടുണ്ട്. കണ്ടാല്‍ പരസ്പരം മിണ്ടാത്ത നേതാക്കളടക്കം ഒരുമിച്ച് നിന്നുകൊണ്ടാണ് ഇത്തരമൊരു സമരം നടത്തുന്നത്. ഇത്തരമൊരു വിശാലമായ ഐക്യത്തെ തകര്‍ക്കുക, ഇവരെല്ലാവരും കൂടിയാലും കേരളത്തില്‍ ഒന്നും നടക്കില്ല എന്നുറപ്പിക്കുകയെന്നതൊക്കെയാണ് ദളിത് ഹര്‍ത്താലിനെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നവരുടെ താല്‍പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരമൊരു സാഹചര്യത്തില്‍ സമാധാനപരമായേ ഇടപെടാവൂവെന്നാണ് ദളിത് സംഘടനകള്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമാധാനപരമായ ഒരു പ്രതിഷേധമാണ് ഈ സമരത്തിലൂടെ ഞങ്ങള്‍ നടത്തുന്നത്. അതിനെ ഒരു വയലന്‍സിലേക്ക് തള്ളിവിടാനും വേണമെങ്കില്‍ പൊലീസിനെ ഉപയോഗിച്ചുകൊണ്ട് അതിനെയൊരു വയലന്‍സാക്കി മാറ്റാനും ശ്രമം നടന്നേക്കും.” അദ്ദേഹം പറയുന്നു.


Must Read: ‘തിങ്കളാഴ്ചത്തെ ദളിത് ഹര്‍ത്താലില്‍ ബസ്സിറക്കിയാല്‍ റോഡിലിട്ട് കത്തിക്കും’; മുന്നറിയിപ്പുമായി ഗോത്രമഹാസഭ നേതാവ് എം.ഗീതാനന്ദന്‍


 

തെരുവിലൂടെ ഒരു വണ്ടിയോടിച്ചു കഴിഞ്ഞാല്‍ അതിന് സുരക്ഷ കൊടുക്കാനുള്ള ഉത്തരവാദിത്തം പൊലീസിനുണ്ട്. പക്ഷേ മറ്റു ഹര്‍ത്താലുകള്‍ക്കൊന്നും ഇല്ലാത്ത ജാഗ്രത ഇതിനോടെന്തിനാണെന്നും അദ്ദേഹം ചോദിക്കുന്നു.

ദളിതര്‍ പ്രഖ്യാപിച്ച ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും, ബസ് ഉടമകളുടെ സംഘടനകളും, ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷനും സിനിമാ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കും മറ്റും രംഗത്തുവന്നിരുന്നു. കൂടാതെ കഴിഞ്ഞദിവസം ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ട് ഏറണാകുളത്ത് പ്രകടനം നടത്തിയ ദളിത് വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.