| Thursday, 18th November 2021, 10:29 pm

നിങ്ങള്‍ നൂറ്റാണ്ടുകളോളം സംരക്ഷിച്ചിട്ട് രക്ഷപ്പെടാതെ പോയ ഒരു സമൂഹത്തെയാണ് ഞാന്‍ പ്രതിനിധാനം ചെയ്യുന്നതെന്ന് ഓര്‍ക്കണം; രാഹുല്‍ ഈശ്വറിനോട് സണ്ണി എം. കപിക്കാട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: അയ്യപ്പധര്‍മസേനാ നേതാവ് രാഹുല്‍ ഈശ്വറിനെതിരെ ദളിത് ചിന്തകന്‍ സണ്ണി എം. കപിക്കാട്. രാഹുല്‍ എല്ലാ ചര്‍ച്ചകളിലും താനൊരു ബ്രാഹ്മണനാണ് എങ്കിലും കീഴാളര്‍ക്ക് വേണ്ടി പോരാടി എന്ന് പറയുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവറിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘കേരള എസ്.സി-എസ്.ടി കമ്മീഷനില്‍ ആദ്യമായി സ്വീകരിക്കപ്പെട്ട ഒരു നോണ്‍ എസ്.സി-എസ്.ടി പരാതിക്കാരന്‍ രാഹുല്‍ ഈശ്വറാണ്. മല അരയരുടെ ഗോത്രാവകാശങ്ങള്‍ക്ക് വേണ്ടി അറസ്റ്റ് ചെയ്യപ്പെട്ട പോരാടിയ എന്നോടാണോ ആ പറയുന്നത്. ഇത് താങ്കളുടെ ഉള്ളിലെ ജാതീയതയാണ് വെളിവാക്കുന്നത്,’ എന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ പരാമര്‍ശം.

എന്നാല്‍ ദളിതര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ദളിതര്‍ക്കറിയാം എന്നായിരുന്നു സണ്ണി എം. കപിക്കാടിന്റെ മറുപടി.

രാഹുല്‍ കഴിഞ്ഞ മൂന്ന്-നാല് വര്‍ഷമായി പറയുന്നതാണ് അയാളാണ് കേരളത്തിലാദ്യമായി പട്ടികജാതിക്കാര്‍ക്ക് വേണ്ടി കേസ് കൊടുത്തതും മല അരയര്‍ക്ക് വേണ്ടി വാദിച്ചതെന്നും. ഏതാണ്ട് രാമന്‍ മേട്ടൂരിന്റെ കാലം തൊട്ട് മല അരയരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം നടക്കുന്നുണ്ടെന്ന് കപിക്കാട് പറഞ്ഞു.

‘മറ്റൊരു കാര്യം ഞാന്‍ ജാതി ഉള്ളില്‍ സൂക്ഷിക്കുന്നത് കൊണ്ടാണ് രാഹുല്‍ ഈശ്വറിനോട് ജാതി പറഞ്ഞതെന്നാണ് പറയുന്നത്. ഇത് എല്ലാ ചര്‍ച്ചകളിലും കീഴാള സമൂഹത്തിനെതിരെ സവര്‍ണര്‍ ഉപയോഗിക്കുന്ന വാദമാണ്. ഇയാളെപ്പോഴും എന്തിനാണ് ഞാന്‍ ബ്രാഹ്മണനാണ് എങ്കിലും മലഅരയന് വേണ്ടി വാദിക്കുന്നു എന്ന് പറയുന്നത്. എന്ത് ഉദാരതയാണ്. ഈ ഉദാരത ആവശ്യമില്ലെന്ന് തന്നെയാണ് ഞങ്ങള്‍ പറയുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങള്‍ നൂറ്റാണ്ടുകളോളം സംരക്ഷിച്ചിട്ട് രക്ഷപ്പെടാത്ത, നശിച്ചുപോയ ഒരു സമൂഹത്തെയാണ് താന്‍ പ്രതിനിധാനം ചെയ്യുന്നതെന്നും സണ്ണി എം. കപിക്കാട് പറഞ്ഞു.

അതേസമയം ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ ഹിഡന്‍ അജണ്ടയുണ്ടോയെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. വൃശ്ചികം ഒന്നിന് ശബരിമല നടതുറക്കുന്ന സമയത്ത് സന്നിധാനത്ത് നിന്നും തീര്‍ത്ഥം വാങ്ങി മന്ത്രി സേവിക്കാതെ കളഞ്ഞിരുന്നു.

ഇതിനെതിരെ സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു. മന്ത്രി വിശ്വാസങ്ങളെ വ്രണപ്പെടുത്തിയെന്നായിരുന്നു വാദം. വിഷയത്തില്‍ മുതലെടുപ്പുമായി ബി.ജെ.പിയും രംഗത്തെത്തിയിരുന്നു.

ശബരിമല തന്ത്രിയില്‍ നിന്ന് തീര്‍ത്ഥം വാങ്ങി കൈകഴുകാന്‍ ഉപയോഗിച്ച ദേവസ്വം മന്ത്രി വിശ്വാസികളെ അവഹേളിക്കുകയാണ് ചെയ്തതൊന്നാണ് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ പറഞ്ഞത്.

എന്നാല്‍ ജീവിതത്തില്‍ ചിലത് കുടിക്കാറില്ലെന്നും തുടര്‍ന്നങ്ങോട്ടും കുടിക്കില്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.

‘ദൈവത്തിന്റെ പേരില്‍ പണം കക്കുന്നവര്‍ പേടിച്ചാല്‍ മതി. അമ്മയോട് ബഹുമാനമുണ്ട്, എന്നുവെച്ച് എന്നും തൊഴാറുണ്ടോ,’ മന്ത്രി ചോദിച്ചു.

ചെറുപ്പം തൊട്ട് താന്‍ ശീലിച്ച ഒരുപാട് കാര്യങ്ങളുണ്ടെന്നും വിശ്വാസത്തിന്റെ പേരില്‍ അതൊന്നും മാറ്റാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ ചെറുപ്പം തൊട്ട് ശീലിച്ച ഒരുപാട് ശീലങ്ങളുണ്ട്. ഞാനീ വെള്ളമൊന്നും കുടിക്കാറില്ല (തീര്‍ത്ഥജലം). ഞാനെന്റെ ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാത്തതുണ്ട്, ഞാനൊരുപാട് കാര്യങ്ങള്‍ കഴിക്കാത്തതുണ്ട്. അതിപ്പോ വിശ്വാസത്തിന്റെ പേരില്‍ കഴിക്കാന്‍ പറഞ്ഞാല്‍ ഞാന്‍ തയ്യാറാവില്ല അതാണ് അതിന്റെ വിഷയം,’ മന്ത്രി പറഞ്ഞു.

എനിക്കെന്റെ വിശ്വാസമുണ്ട്, അതനുസരിച്ച് നിങ്ങളുടെ വിശ്വാസം മോശമാണെന്ന് താന്‍ പറയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Sunny M Kapikadu against Rahul Easwar

We use cookies to give you the best possible experience. Learn more