നവോത്ഥാന മൂല്യങ്ങളെ അട്ടിമറിക്കാനും ഭരണഘടന ധാര്‍മ്മികതയെ ഇല്ലാതാക്കാനുമാണ് ഇപ്പോള്‍ നവ ബ്രാഹ്മണ ശക്തികള്‍ ശ്രമിക്കുന്നത്: സണ്ണി എം. കപിക്കാട്
ശ്രീജിത്ത് ദിവാകരന്‍

കേരളം എന്ന സാമൂഹ്യവ്യവഹാരത്തെക്കുറിച്ചും അത് നിര്‍മ്മിച്ചിട്ടുള്ള ജാതിവ്യവസ്ഥകളെക്കുറിച്ചും ആഴത്തില്‍ അപഗ്രന്ഥിക്കുകയും അതെക്കുറിച്ച് വളരെ വിശദമായി സംസാരിക്കുകയും ചെയ്തിട്ടുണ്ട് എഴുത്തുകാരനും ചിന്തകനും പ്രഭാഷകനുമായ സണ്ണി എം കപിക്കാട്. വളരെ ഋജുവായ, ഏകമുഖമായ ചരിത്രത്തെ കുറിച്ചുള്ള നമ്മുടെ ധാരണകളെ കുടഞ്ഞെറിയാനും സമകാലികമായ ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍, ഇത്തരത്തിലുള്ള ചരിത്ര പഠനം തിരസ്‌കരിച്ച, ബഹിഷ്‌കരിച്ച ദളിതരുടേയും പിന്നാക്ക വിഭാഗങ്ങളുടേയും വലിയ ലോകത്തെ കുറിച്ചുള്ള പുതിയ ധാരണകള്‍ സൃഷ്ടിക്കാനും സണ്ണി എം. കപിക്കാടിന്റെ എഴുത്തും പ്രഭാഷണങ്ങളും കേരളത്തെ സഹായിച്ചിട്ടുണ്ട്. വലതുപക്ഷ രാഷ്ട്രീയം കേരളത്തിന്റെ സ്വാഭിവിക ജീവിതത്തെ അട്ടിമറിക്കാനാനും ബ്രാഹ്മണ്യത്തെ പുനസ്ഥാപിക്കാനും നടത്തുന്ന ഏറ്റവും പുതിയ ശ്രമത്തിന്റെ പശ്ചാത്തലത്തിലാണ് ഈ അഭിമുഖം.

കേരളത്തിലെ നവോത്ഥാനം എന്നത് ഒരു ബഹിഷ്‌കൃതസമൂഹം ഉയര്‍ത്തിക്കൊണ്ടു വന്ന നവോത്ഥാനമാണെന്ന് താങ്കള്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളില്‍ നിന്നും വിഭിന്നമായി 1888ല്‍ ശിവഗിരിയില്‍ പ്രതിഷ്ഠ നടത്തിയ ശ്രീ നാരായണഗുരു, 1893 ല്‍ രാജവീഥിയില്‍ വില്ലുവണ്ടി ഓടിച്ച മഹാത്മാ അയ്യങ്കാളിയും തുടങ്ങി വച്ച സാമൂഹ്യ നവോത്ഥാനമാണ് കേരളത്തിന് ഉള്ളത്. കേരളത്തിലെ സവര്‍ണ്ണജാതിയായിട്ടുള്ള നമ്പൂതിരിമാര്‍, നമ്പൂതിരിയെ മനുഷ്യനാക്കുന്ന എന്ന പക്രിയയിലേക്ക് എത്താന്‍ പിന്നെയും പതിറ്റാണ്ടുകള്‍ വേണ്ടി വന്നു. അത്തരത്തില്‍ ഒരു ബഹിഷ്‌കൃത സമൂഹം ആരംഭിച്ചു വന്ന നവോത്ഥാനത്തെ അട്ടിമറിക്കുന്ന ഒരു സാമൂഹിക അന്തരീക്ഷമല്ലേ ഇപ്പോള്‍ സവര്‍ണ്ണരുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടക്കുന്നത്? പ്രത്യേകിച്ചും ശബരിമല പോലെയുള്ളൊരു വിഷയത്തില്‍.

അത് ഏറ്റവും ശരിയായ നിരീക്ഷണമാണത്. നമ്മള്‍ കേരളീയ സമൂഹം ഇന്ത്യയിലെ ഇതരസമൂഹങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കുന്നത്, അത് കൂടുതല്‍ സമത്വബോധത്തോടെയും സാഹോദര്യബോധത്തോടെയും ജീവിക്കുന്നതിന്റെ പിന്നിലുള്ള യഥാര്‍ത്ഥകാരണം കേരളത്തില്‍ നടന്ന നവോത്ഥാന പ്രക്രിയ കീഴ്ത്തട്ടില്‍ നിന്ന് ആരംഭിച്ചു എന്നതായിരുന്നു. കീഴ്ത്തട്ടില്‍ നിന്നാരംഭിച്ച, ശ്രീ നാരായണഗുരുവിലോ അയ്യങ്കാളിയിലോ അല്ലെങ്കില്‍ പൊയ്കയില്‍ അപ്പച്ചനിലോ അല്ലെങ്കില്‍ സഹോദരന്‍ അയ്യപ്പനിലോ, വി.ടി ഭട്ടതിരിപ്പാടിലോ കാണുന്ന ഈ നവോത്ഥാനധാര വളരെ വലിയ പാളികള്‍ ഉള്ളൊരു പ്രസ്ഥാനമായിരുന്നു.

 

 

ഏകമുഖമായിരുന്നില്ല അത്. കാരണം ഇവയെല്ലാം തന്നെ മുഖ്യമായും മുന്നോട്ട് കൊണ്ടുവന്ന, നവോത്ഥാനം മുന്നോട്ടു കൊണ്ടു വന്ന, അജണ്ട അയിത്തോച്ചാടനം,അടിമത്തം തുടങ്ങിയ സംഗതികളെ മറിക്കടക്കാനുള്ള ഒരു പുതിയ യുക്തിയിലേക്ക് സമൂഹത്തെ നയിക്കുക എന്നതാണ്. അവിടെ നിരവധിയായ ആചാരഅനുഷ്ഠാങ്ങള്‍ ഉണ്ടായിരുന്നു. ആചാര അനുഷ്ഠാനങ്ങള്‍ എന്ന് പറയുമ്പോള്‍ ക്ഷേത്രത്തിന്റെ അകത്ത് നടക്കുന്ന ഒരു കാര്യമല്ല അത്. അതാണ് നമ്മുടെ സമൂഹത്തിന്റെ പ്രത്യേകത. അത് വഴിയിലും വീടുകിലും ഓഫീസുകളിലുമൊക്കെ സംഭവിക്കുന്ന ഒരു കാര്യമാണ് നമ്മുടെ ആചാരങ്ങള്‍ അനുഷ്ഠാനങ്ങള്‍ വിശ്വാസങ്ങള്‍ എന്ന് പറയുന്ന കാര്യം.

അത് ഏതെങ്കിലും ഒരു മതചടങ്ങില്‍ മാത്രം സംഭവിക്കുന്ന ഒരു കാര്യമല്ല. ഇങ്ങനെയുള്ള ആചാരഅനുഷ്ഠാനങ്ങളെ പരിഷ്‌കരിച്ചു കൊണ്ടും പലതിനെയും തള്ളിക്കളഞ്ഞു കൊണ്ടുമൊക്കെയാണ് യഥാര്‍ത്ഥത്തില്‍ നമ്മള്‍ കൂടുതല്‍ എല്ലാവര്‍ക്കും തുല്യ അവകാശം എന്ന ബോധ്യത്തിലേക്ക് വന്നിട്ടുള്ളത്. ശബരിമല വിധിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കേരളത്തില്‍ നടന്നു വരുന്ന പ്രധാനമായ സാമൂഹിക മൂവ്‌മെന്റ് ഒരു നവബ്രാഹ്മണിക്കല്‍ മൂവ്‌മെന്റായിട്ടാണ് ഞാന്‍ അതിനെ മനസ്സിലാക്കുന്നത്.

അതായത് ഈ നവോത്ഥാനം എന്തിനെയാണോ സ്ഥാപിക്കാന്‍ ശ്രമിച്ചത് അതിനെ മുഴുവന്‍ വെല്ലുവിളിക്കുകയും അതിനെ മുഴുവന്‍ വഴിയില്‍ ഉപേക്ഷിക്കാന്‍ സമൂഹത്തെ പ്രേരിപ്പിക്കുകയും ആത്യന്തികമായി സവര്‍ണ്ണ ബ്രാഹ്മണ്‍ അധികാരത്തെ ചോദ്യം ചെയ്യപ്പെടാത്തതായി സ്ഥാപിക്കുക എന്ന യുക്തിയാണ് യഥാര്‍ത്ഥത്തില്‍ ഇതിലൂടെ പുറത്തു വന്നിരിക്കുന്നത്. അതുകൊണ്ട് ഇത് നവോത്ഥാനത്തോടുള്ള ഒരു വെല്ലുവിളിയായി നാം കാണേണ്ടതുണ്ട്. നവോത്ഥാന പാരമ്പര്യത്തെ തിരിച്ചു പിടിച്ചു കൊണ്ട് മാത്രമേ നമുക്ക് ഏതെങ്കിലും തരത്തില്‍ മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കൂ എന്നാണ് ഞാന്‍ വിചാരിക്കുന്നത്.

 

കോണ്‍സ്റ്റിറ്റിയൂഷണല്‍ മൊറാലിറ്റിയെ വെല്ലുവിളിക്കുന്ന തരത്തിലുള്ള ഒരു സോഷ്യല്‍ മൊറാലിറ്റി ഉയര്‍ന്നുവരുകയും അത് ഭരണഘടന എന്ന സ്ഥാപനത്തെ അട്ടിമറിക്കുന്ന തരത്തിലേക്കുള്ള ഒരു വ്യവസ്ഥാപിത ബ്രാഹ്മണാചാരങ്ങളിലേക്ക് തിരിച്ച് പോകുന്ന തരത്തില്‍ വരികയും ഉണ്ടല്ലോ, അതിനെ എങ്ങനെയാണ് കാണുന്നത്?

ഇതിന് അകത്ത് നമ്മള്‍ ആദ്യമായും അവസാനമായും മനസ്സിലാക്കേണ്ട കാര്യം ഇന്ത്യ ഒരു കോണ്‍സ്റ്റിറ്റിയൂഷണല്‍ സ്റ്റേറ്റാണ് എന്നതാണ്. ഒരു ഭരണഘടനയുടെ അടിസ്ഥാനത്തില്‍ ജീവിക്കുന്ന, നിയമവാഴ്ചയുള്ള ഒരു ദേശരാഷ്ട്രമാണ് ഇന്ത്യ എന്ന കാര്യമാണ് നമ്മള്‍ അംഗീകരിക്കേണ്ടത്. അവിടെയാണ് നമ്മള്‍ തുടങ്ങേണ്ടത്. ഇപ്പോള്‍ പരാമര്‍ശിതമായ ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാം എന്ന് കോടതി അഭിപ്രായപ്പെട്ടത് വ്യക്തമായും ഭരണഘടനയെ വ്യാഖ്യാനിച്ചു കൊണ്ടാണ്.

ഇന്ത്യന്‍ ഭരണഘടന ഇന്ത്യയില്‍ ജീവിക്കുന്ന മുഴുവന്‍ മനുഷ്യര്‍ക്കും തുല്യത വാഗ്ദാനം ചെയ്യുന്നുണ്ട്. ആ വാഗ്ദാനം ഏത് ആചാരത്തിന്റെ പേരിലായാലും അനുഷ്ഠാനത്തിന്റെ പേരിലായാലും റദ്ദ് ചെയ്യപ്പെടാന്‍ പാടില്ല. അത് കോണ്‍സ്റ്റിറ്റിയൂഷ്ണല്‍ മൊറാലിറ്റിക്ക്, അത് ഭരണഘടനയുടെ ധാര്‍മിതയ്ക്ക് എതിരാണ് എന്നതാണ് കോടതി അസന്നിഗ്ദധമായി പറഞ്ഞ ഒരു കാര്യം.

ഇവിടെ നാം ആലോചിക്കേണ്ട ഒരു കാര്യം ഈ ആചാര അനുഷ്ഠാനങ്ങള്‍ എന്ന് നമ്മള്‍ പറയുന്ന- സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ പാടില്ല, 10 വയസ്സ് മുതല്‍ 50 വയസ്സ് വരെയുള്ള സ്ത്രീകള്‍ പ്രവേശിക്കാന്‍ പാടില്ല -എന്നതൊന്നും നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഒരു കാര്യമേ അല്ല. ഇതൊക്കെ വെറുതെ പറയുന്ന കാര്യങ്ങളാണ്. 1950 വരെയെങ്കിലും സ്ത്രീകള്‍ സൗകര്യമായി കയറിയിരുന്നു പ്രാര്‍ത്ഥന നടത്തിയിരുന്നു എന്നത് വ്യക്തമാണ്. അതിന് കൃത്യമായ തെളിവുകളുമുണ്ട്. അപ്പോള്‍ ഇത് ഏതാണ്ട് ചിരപുരാതനക്കാലം മുതലേ അവിടെ നൈഷ്ടിക ബ്രഹ്മചാരിയായ അയ്യപ്പന്റെ അടുത്തേക്ക് സ്ത്രീകള്‍ ആരും പോയിരുന്നില്ല എന്നത് പുതിയ ബ്രാഹ്മണിക്കല്‍ മൂവ്‌മെന്റ് ആട്ടിക്കുലേഷന്‍ മാത്രമാണ്.

 

സ്ത്രീകള്‍ അവിടെ പോയിട്ടുണ്ട്, പ്രാര്‍ത്ഥിച്ചിട്ടുണ്ട് എന്നത് വ്യക്തമായ തെളിവുകളുമുണ്ട്. ഇത് പുതുതായി രൂപം കൊണ്ട 1950 കള്‍ക്ക് ശേഷം രൂപം കൊണ്ട പുതിയൊരു അന്തരീക്ഷമാണ്. ഇവിടെ നാം അറിയേണ്ടത് ഈ കോണ്‍സ്റ്റിറ്റിയൂഷണ്ല്‍ മൊറാലിറ്റിയുടെയും സോഷ്യല്‍ മൊറാലിറ്റിയും തമ്മിലുള്ള മുഖാമുഖമാണ് ഇവിടെ നടക്കുന്നത്. ഒരു സമൂഹത്തില്‍ നമ്മുടെതുപോലെ ഒരു ജനാധിപത്യ രാഷ്ട്രത്തിനുള്ളില്‍ ഭരണഘടനയും അതിന്റെ നിയമവാഴ്ചയും ഉള്ള രാഷ്ട്രത്തിന്റെ ഉള്ളില്‍ സംഭവിക്കുന്നൊരു അനീതി നമ്മള്‍ മനസ്സിലാക്കേണ്ടത് അതിനെ എത്രപേര്‍ പിന്തുണയ്ക്കുന്നു, അതിനെ എത്ര പേര്‍ എതിര്‍ക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലല്ല.

അത് അനീതിയാണോ എന്ന ചോദ്യമാണ് നമ്മള്‍ ഉന്നയിക്കേണ്ടത്. ഇതിന് വ്യക്തമായൊരു തെളിവ് സതി അനുഷ്ഠാനവുമായി ബന്ധപ്പെട്ട് രാജസ്ഥാനില്‍ കോടതി വിധി വന്നപ്പോള്‍ അതിനെതിരെ സതി തിരിച്ച് കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നടന്ന പ്രകടനത്തില്‍ എഴുപതിനായിരത്തോളം സ്ത്രീകള്‍ പങ്കെടുത്തു എന്നതാണ് നമ്മള്‍ അറിയേണ്ടത്.

ഇപ്പോള്‍ കേരളത്തില്‍ സ്ത്രീകളാണ് ഈ സമരത്തിന്റെ മുന്നിലുള്ളത് എന്നത് ഇത് ശുദ്ധഅസബ്ധമായ കാര്യമാണെന്നാണ് ഞാന്‍ പറയുന്നത്. സ്ത്രീകളാണോ പുരുഷന്മാരാണോ എന്നതിലല്ല, അവര്‍ എത്ര പേരുണ്ട് എന്നതും പ്രധാനമല്ല, മറിച്ച് നമ്മുടെ കോണ്‍സ്റ്റിറ്റിയൂഷണ്‍ ലോജിക്കിനകത്ത് ഇത് അനീതിയാണോ എന്നതാണ് പ്രധാനപ്പെട്ട കാര്യം.

അതുകൊണ്ട് ഇപ്പോള്‍ ഈ നടക്കുന്ന ന്യൂ ബ്രാഹ്മണിക്കല്‍ മൂവ്‌മെന്റെ് യഥാര്‍ത്ഥത്തില്‍ രണ്ട് കാര്യങ്ങളാണ് ഇവര്‍ നിറവേറ്റാന്‍ ശ്രമിക്കുന്നത്. ഒന്ന് ഈ ശബരിമലക്ഷേത്രത്തിന് മേലുള്ള പന്തളംരാജകൊട്ടാരത്തിന്റെയും തന്ത്രിക്കുടുംബത്തിന്റെയും പരമാധികാരത്തെ നിലനിര്‍ത്തുക എന്നതാണ് ഒന്നാമത്തെ അജണ്ട.

 

രണ്ടാമത് ഒരു കാര്യം രാജ്യവ്യാപകമായി രൂപം കൊണ്ടിട്ടുള്ള ഹിന്ദുത്വ മൂവ്‌മെന്റിന് സഹായിക്കുന്ന അന്തരീക്ഷം കേരളത്തില്‍ ഉണ്ടാക്കിയെടുക്കുക. ഈ രണ്ട് കാര്യങ്ങളാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇത് വ്യക്തമായും ഇന്ത്യന്‍ ഭരണഘടനയെ വെല്ലുവിളിക്കുന്ന ഒരു മൂവ്‌മെന്റാണ് എന്ന് തന്നെ നാം തിരിച്ചറിയേണ്ടതുണ്ട്. മാത്രവുമല്ല പി.സി ജോര്‍ജ്ജിന്റെ ഒരു പ്രസ്താവന വന്നിട്ടുണ്ട്. പൂഞ്ഞാര്‍ എം.എല്‍ ആണ് അദ്ദേഹം. വനിതകള്‍ വന്നാല്‍ ഞാന്‍ തടയുമെന്നാണ് അദ്ദേഹം പ്രഖ്യാപിക്കുന്നത്.

ഇയാള്‍ യഥാര്‍ത്ഥത്തില്‍ ഒരു ജനപ്രതിനിധി എന്ന നിലയില്‍ ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് കാര്യങ്ങള്‍ ചെയ്‌തോളാമെന്ന് പ്രതിജ്ഞ ചെയ്തിട്ടുളളതാണ്. അദ്ദേഹം വളരെ പരസ്യമായി ഭരണഘടനയെ വെല്ലുവിളിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തെ ഇപ്പോള്‍ തന്നെ അറസ്റ്റ് ചെയ്ത് അകത്തിടാനുള്ള എല്ലാ വകുപ്പുകളും ഉണ്ടെന്നാണ് ഞാന്‍ വിചാരിക്കുന്നത്.

ഈ നിലയ്ക്കാണ് ഇപ്പോള്‍ നടക്കുന്ന ഈ സോഷ്യല്‍ മൊറാലിറ്റിക്ക് വേണ്ടിയുള്ള മുറവിളി. ഇന്ത്യയിലെ സോഷ്യല്‍ മൊറാലിറ്റിയെക്കൂടി നമ്മള്‍ കുറച്ച് ഗൗരവമായി കാണാം. ഇന്ത്യയിലെ സോഷ്യല്‍ മൊറാലിറ്റി എന്ന് പറയുന്നത് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ദര്‍ശനങ്ങളാണ്, ആ നിലയ്ക്കാണ്. ആ ദൈനംദിന ജീവിതത്തില്‍ നടക്കുന്ന പ്രവര്‍ത്തികളെല്ലാം നമ്മുടെ ഒരു മൊറാലിറ്റിയുടെ ഒരു ഭാഗമായിട്ടാണ്.

 

നമ്മള്‍ ഇപ്പോള്‍ വൈക്കത്തിരുന്നാണ് സംസാരിക്കുന്നത്. വൈക്കം ക്ഷേത്രത്തിന്റെ ചുറ്റുമതിലിന് വെളിയിലെ വഴിയിലൂടെ നടക്കുന്നതിനായ് നടന്ന വൈക്കം സത്യാഗ്രഹസമരത്തില്‍ ഈ വൈക്കം ക്ഷേത്രത്തിന്റെ ഉടമയായിരുന്ന ഇണ്ടംതിരുത്തി മനയിലെ നമ്പൂതിരി ഗാന്ധിയോട് പറഞ്ഞൊരു കാര്യം ഒരു സനാതന ഹിന്ദു എന്ന നിലയില്‍ അയിത്തജാതിക്കാരോട് അയിത്തം പാലിക്കാന്‍ ധാര്‍മികമായി താന്‍ ബാധ്യസ്ഥനാണെന്നാണ്. അത് അദ്ദേഹത്തെ ധര്‍മ്മബോധമാണ്.

ഒരു ഈഴവനെ അവിടെ കയറ്റാതിരിക്കുക എന്നത് അദ്ദേഹത്തിന്റെ ധര്‍മ്മബോധമാണ്. ഇതാണ് നമ്മുടെ സോഷ്യല്‍ മൊറാലിറ്റിയുടെ ഒരു സംഗതി. ഈ സോഷ്യല്‍ മൊറാലിറ്റിയെ കോണ്‍സ്റ്റിറ്റിയൂഷ്ണല്‍ മൊറാലിറ്റി കൊണ്ട് മറികടക്കുക എന്നതാണ് ദേശരാഷ്ട്രം ഇപ്പോള്‍ നിര്‍വ്വഹിച്ചിരിക്കുന്ന ഏറ്റവും പുരോഗമനപരമായ ഒരു നടപടി. ആ നടപടിയെ ജനാധിപത്യവാദികള്‍ സ്വീകരിക്കണം എന്നാണ് ഞാന്‍ പറയുന്നത്.

 നേരത്തെ തിരുവിതാംകൂര്‍ എന്ന ഹിന്ദുരാഷ്ട്രത്തെക്കുറിച്ചുള്ള താങ്കളുടെ തന്നെ ഒരുവിശദീകരത്തില്‍ തന്നെ പറഞ്ഞിട്ടുള്ള ഒരു കാര്യമുണ്ട്. തിരുവിതാംകൂറില്‍ ഭരണകൂടവും ജനങ്ങളും തമ്മിലല്ല പ്രശ്‌നമുണ്ടായിരിക്കുന്നത്, ഭരണകൂടവും ഒരു സവര്‍ണ്ണ സമൂഹവും തമ്മിലാണ് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുള്ളത് എന്ന്. രാജവീഥികളിലൂടെ സഞ്ചരിക്കാന്‍ പൊതുജനങ്ങള്‍ക്ക് ഭരണകൂടം അവകാശം കൊടുക്കുമ്പോള്‍ സവര്‍ണ്ണ ജനത അതിനെ എതിര്‍ക്കുന്നു. ഇത്തരത്തില്‍ ഒരു ഭരണഘടനയോ അല്ലെങ്കില്‍ ഭരണകൂടമോ കൊടുക്കുന്ന സ്വാതന്ത്യത്തെപ്പോലും ഹനിക്കാനായി ഒരു സവര്‍ണ്ണജനതയ്ക്ക് ഇടപെടാന്‍ കഴിയും എന്നൊരു അവസ്ഥയില്‍ തന്നെയാണോ ഒരു നൂറുകൊല്ലത്തിനുമിപ്പുറം കേരളം?

അതില്‍ തന്നെയാണ്. കാര്യം ഇതിനെ തന്നെയാണ് സോഷ്യല്‍ മൊറാലിറ്റി എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്ന കാര്യം. തിരുവിതാംകൂര്‍ ചരിത്രത്തില്‍ ചാളകമ്പോളത്തില്‍ പുലയനും പറയനും ഈഴവനുമൊക്കെ സ്വതന്ത്രമായി ചെന്ന് സാധനങ്ങള്‍ വാങ്ങി എന്നുള്ള കാരണത്താല്‍ അന്ന് വലിയൊരു കലാപം നടന്നിട്ടുണ്ട്. ആ കലാപത്തില്‍ ഒരു പക്ഷേ തിരുവിതാംകൂര്‍ ചരിത്രത്തില്‍ ആദ്യമായും അവസാനമായും രാജകൊട്ടാരത്തിന് നേരെ കല്ലെറിയുന്ന സന്ദര്‍ഭം ഉണ്ടായി, അത് നായന്മാരാണ് ചെയ്തത്.

അവിടുത്തെ പ്രമാണിമാരായ നായര്‍ സമൂഹമാണ് അത് ചെയ്തത്. അതായത് ഈ ജാതിയുടെ പ്രത്യേകത എന്താണെന്ന് വച്ചാല്‍ ജാതിയൊരു നിയമമാണ്. ഭരണഘടനയെപ്പോലും വെല്ലുവിളിക്കുന്ന ഒരു നിയമമാണത്. ആ നിലയ്ക്കാണ് ജാതി നമ്മുടെ സമൂഹത്തില്‍ നില്‍ക്കുന്നത്. അതുകൊണ്ടു തന്നെ ഇപ്പോള്‍ ഈ പറയുന്ന ശബരിമല സംരക്ഷിക്കണം എന്ന് പറഞ്ഞ് ഇറങ്ങിയിരിക്കുന്ന ആളുകളെ നയിക്കുന്ന നിയമം ജാതി നിയമമാണ്. ആ ജാതിനിയമമം ഭരണഘടനയെ പരിപൂര്‍ണ്ണമായി മറികടന്ന് പോകാന്‍ കഴിയുന്ന വിധത്തിലുള്ള ഒരു ശക്തി അതിനുണ്ട്.

 

ഡോ. അബേദ്കര്‍ പറയുന്ന ഒരു കാര്യമുണ്ട്, ഭരണഘടന നിയമം എല്ലാം പോലീസിന്റെ സഹായത്താല്‍ സ്റ്റേറ്റ് നടപ്പിലാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ സോഷ്യല്‍ മൊറാലിറ്റി എന്ന് പറയുന്ന സംഗതിയില്‍ സമൂഹം നേരിട്ട് ഇടപെടുകയാണ് ചെയ്യുന്നത്. അതിന് ശക്തിക്കൂടുമെന്ന് അബേദ്കര്‍ പറഞ്ഞു. അതാണ് ഇപ്പോള്‍ നടന്നു വരുന്ന ഒരു കാര്യം. ഇവിടെ ജനാധിപത്യസമൂഹം ഈ വിഷയത്തെ സമീപിക്കേണ്ടത് സ്ത്രീ-പുരുഷ സമത്വം എന്നത് മര്‍മ്മ പ്രധാനമായ ഇന്ത്യന്‍ ഭരണഘടനയുടെ വാഗ്ദാനമായിരിക്കേ അത് വെല്ലുവിളിക്കാന്‍ ഇന്ത്യയിലെ ഒരു കൂട്ടര്‍ക്കും അവകാശമില്ല എന്നൊരു കാര്യമാണ് നമ്മള്‍ അടിവരയിടേണ്ടത്.

ഞാന്‍ മനസ്സിലാക്കിയിടത്തോളം കോടതി വിധി സ്ത്രീകളുമായി ബന്ധപ്പെട്ട എന്തെങ്കിലും വിഷയമാണെന്ന് വിചാരിക്കുന്നില്ല. രണ്ട് കാരണങ്ങളുണ്ട്. ഒന്ന് സുപ്രീംകോടതി ഈ വിധിയില്‍ വളരെ വ്യക്തമായും പറഞ്ഞൊരു കാര്യം ശബരിമലയും അയ്യപ്പഭക്തരുടെ പ്രവാഹത്തെയും ഒരു പ്രത്യേക സ്ഥാനമായി എടുക്കാന്‍ പറ്റില്ല. അത് പൊതുവില്‍ ഹിന്ദുമതം എന്ന് പറയുന്ന ഒരു ഭാഗം മാത്രമാണെന്ന കൃത്യമായ നിരീക്ഷണമുണ്ട്. എന്ന് പറഞ്ഞതിന്റെ അര്‍ത്ഥം നാളെ ശബരിമല എന്നു പറയുന്നത് ഒരു പൊതുസ്ഥമായി മാറും, അപ്പോള്‍ പൊതുസ്ഥലത്തിന് ആവശ്യമായ നിയമങ്ങളെ ബാധകമാവുകയുള്ളു.

അങ്ങനെ ബാധകമായാലുള്ള പ്രശ്‌നം സ്ത്രീകള്‍ അവിടെ കയറും എന്നതു മാത്രമല്ല, പരമ്പരാഗതമായി പന്തളം കൊട്ടാരവും ഈ പറയുന്ന തന്ത്രികളുടെ കുടുംബവും കൈവശം വച്ചിട്ടുള്ള അധികാരം റദ്ദ് ചെയ്യപ്പെടുകയും പൂജ പഠിച്ചിട്ടുള്ള പട്ടികജാതിക്കാരനും ഈഴവനുമൊക്കെ അവിടുത്തെ പൂജാരിയാകണമെന്ന അവകാശവാദം ഉന്നയിച്ചാല്‍ നിയമപരമായി അതിനെ തടയാന്‍ പറ്റില്ല. ഇതാണ് പ്രശ്‌നം.

അതുകൊണ്ട് ഇവര്‍ ഈ താന്ത്രിക വിധിയിലൂടെയാണ് എപ്പോഴും ഈ കൗശലം എപ്പോഴും ഈ ബ്രാഹ്മണര്‍ കേരളത്തില്‍ കാണിക്കുന്നത്. അതിന് ഏറ്റവും നല്ലൊരു ഇരയാണ് അയ്യപ്പന്‍ എന്നുള്ളതാണ്. അയ്യപ്പന്റെ അവിടെ നടന്നിട്ടുള്ള വെടിവഴിപാടിന്റെ അവകാശം ഉണ്ടായിരുന്നത് ഈഴവ കുടുംബത്തിനാണ്. അത് ഈ താന്ത്രിക വിധിയിലൂടെയാണ് അവര്‍ അതിനെ റദ്ദ് ചെയ്തത്.

 

അതുപോലെ തന്നെ മലയരവിഭാഗമായിരുന്നു ജ്യോതി ആദ്യം കത്തിച്ച് കൊണ്ട് വരുന്നവര്‍. അത് അവരുടെ അവകാശമായിരുന്നു. അവരുടെ അവിടെ നടന്നിരുന്ന ഉത്സവമായിരുന്നു. അവരില്‍ നിന്നും കെ.എസ്.ഇ.ബിയും പിന്നെ ദേവസ്വംബോര്‍ഡും അത് പിടിച്ചെടുക്കുകയാണ് ചെയ്തിട്ടുള്ളത്. അത് മാത്രവുമല്ല. ഈ പറയുന്ന മലയരന്മാര്‍ക്ക് തേന്‍ അഭിഷേകം എന്നു പറയുന്നൊരു ചടങ്ങുണ്ടായിരുന്നു. ഒരു മൂപ്പന്റെ നേതൃത്വത്തില്‍ അവര്‍ തേനുമായി വരുന്ന സമയത്ത് തന്ത്രികള്‍ ശ്രീകോവിലില്‍ നിന്നിറങ്ങി മാറി നില്‍ക്കണമായിരുന്നു. ഇവര്‍ അകത്ത് കയറിയിട്ടാണ് തേനഭിഷേകം ചെയ്തിരുന്നത്. ഇതും താന്ത്രിക വിധിയിലൂടെയാണ് യഥാര്‍ത്ഥത്തില്‍ ഇത് ശരിയല്ല, അയ്യപ്പന് അത് താല്‍പര്യമില്ലെന്ന് കണ്ടെത്തിയത്.

ഇതുപോലെ തന്നെ ചെട്ടിക്കുളങ്ങര ഭഗവതിക്ഷേത്രത്തില്‍ ഈഴവന്‍ പൂജാരിയായാല്‍ ദേവി കോപിക്കുമെന്ന് പറഞ്ഞതും താന്ത്രിക വിധിയിലൂടെയാണ്. അതായത് തീര്‍ത്ഥത്തിന്റെ മതപരമായ അവകാശങ്ങളെ റദ്ദ് ചെയ്യാന്‍ ഉപയോഗിക്കുന്ന ഏറ്റവും നിഗൂഢമായ കാര്യമാണ് ഈ താന്ത്രിക വിദ്യ. ഇതിനകത്ത് വേറൊരു കാര്യവുമില്ല. ബ്രാഹ്മണിക്കല്‍ ഓര്‍ഡറിനെ തിരിച്ചുകൊണ്ട് വരിക എന്നുള്ള വളരെ വ്യക്തമായൊരു സംഗതിയാണ്.

അതിന് എന്‍.എസ്സ്.എസ്സിനെ പോലെയുള്ള എല്ലാക്കാത്തും ബ്രാഹ്മണരുടെ ദാസന്മാരായിട്ടുള്ള സമുദായമാണത്, അതാണ് അതിന്റെ ഒരു സംഗതി. അവര്‍ അതിന്റെ കൂടെ നില്‍ക്കുന്നു. പക്ഷേ എന്തിനാണ് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് പോലെയുള്ള സവര്‍വ്വമത സര്‍വ്വസമുദായങ്ങളും അംഗങ്ങളായിട്ടുള്ള ഒരു പാര്‍ട്ടി എന്തിനാണ് ഇതിന്റെ പുറകെ നടക്കുന്നത് എന്നത് അവര്‍ നാളെ ഉത്തരം പറയേണ്ടി വരും. അവര്‍ക്ക് അത് വലിയൊരു നഷ്ട്ക്കച്ചവടം കൂടിയായിരിക്കും ഇത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

 വൈക്കം സത്യാഗ്രഹം പോലെ അല്ലെങ്കില്‍ അയിത്തോച്ചാടനം എന്ന ആശയം അജണ്ടയായി എറ്റെടുത്തൊരു പാര്‍ട്ടി ഒരുതരത്തില്‍ അയിത്തത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലേക്കുള്ള ഒരു നിലപാടാണ് ഇപ്പോള്‍ എടുത്തിരിക്കുന്നത്.

തീര്‍ച്ചയായും. വൈക്കത്ത് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് കെ.പി.കേശവമേനോന്‍ അടക്കമുള്ള അന്നത്തെ സമുന്നദരായിട്ടുള്ള ആളുകളുടെ നേതൃത്വത്തിലാണ് വൈക്കം സത്യാഗ്രഹം നടക്കുന്നത്. അന്ന് ആദ്യത്തെ സത്യാഗ്രഹത്തിന് മൂന്ന് പേരായിരുന്നു, അപ്പോള്‍ അവിടെ പോലീസ് നില്‍പ്പുണ്ട്. പോലീസ് ചോദിച്ചു നിന്റെ ജാതി എന്താണ്, അപ്പോള്‍ പറഞ്ഞു ഞാന്‍ നായരാണെന്ന്. അപ്പോള്‍ അകത്തേക്ക് പൊക്കോളാന്‍ പറഞ്ഞു. ബാഹുലേയന്‍ എന്ന് പേരുള്ള രണ്ടാമത്തെ ആളോട് ചോദിച്ചു എന്താണ് നിങ്ങളുടെ ജാതിയെന്ന്, ഈഴവനാണെന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ക്ക് പോകാന്‍ പറ്റത്തില്ലെന്ന് പറഞ്ഞു.

 

അടുത്ത അളോട് ചോദിച്ചു, അയാള്‍ പുലയന്‍ ആണെന്ന് പറഞ്ഞപ്പോള്‍ നീയും പോകാന്‍ പറ്റത്തില്ലെന്ന് പറഞ്ഞു. അപ്പോള്‍ നായര്‍ പറഞ്ഞു അവരെ കയറ്റി വിടാതെ ഞാന്‍ പോകില്ലെന്ന്. ഇത് പറഞ്ഞിട്ടാണ് ഈ സത്യാഗ്രഹപരിപാടി നടക്കുന്നത്. ഈ നിലയ്ക്ക് ആ സമരം വ്യാപകമായി ജനപിന്തുണ ഉണ്ടാവുകയും ഈ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന ഇന്ത്യയുടെ ചരിത്രത്തില്‍ നടന്ന ഏറ്റവും കാതലായ ഒരു മൂവ്‌മെന്റായി ചരിത്രത്തില്‍ അടയാളപ്പെടുത്തുകയും ചെയ്തു.

അത്തരം പാരമ്പര്യമുള്ള ഒരു പാര്‍ട്ടി ഇപ്പോള്‍ ഈ പറയുന്ന തന്ത്രികുടുംബത്തിന് മുഴുവന്‍ അവകാശം കൊടുക്കണമെന്നും സ്ത്രീകളെ മുഴുവന്‍ പ്രവേശിവ്വിക്കാന്‍ പാടില്ലെന്നും പറയുന്ന ഒരു അതപതനത്തിലേക്ക് വന്നു എന്നു തന്നെയാണ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഈ നീക്കത്തില്‍ നിന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്.

ആര്‍.എസ്.എസ് ഇന്ത്യയില്‍ മുഴുവന്‍ ഒരു ബ്രാഹ്മണാധികാരം നടപ്പിലാക്കാന്‍ ശ്രമിക്കുന്നു. ആര്‍.എസ്സ്.എസ്സിന്റെ വിങ്ങായിട്ടുള്ള ബി.ജെ.പി ഭരിക്കുന്നു. ഈ ബി.ജെ.പിയാണ് ഏറ്റവും ശക്തമായിട്ട് ഇവിടെ ശബരിമല വിഷയത്തില്‍ ആളെ കൂട്ടാന്‍ ശ്രമിക്കുന്നത്. നേരത്തെ നമ്മള്‍ സൂചിപ്പിച്ച താന്ത്രിക അധികാരം വഴി ബ്രാഹ്മണര്‍ക്ക് മാത്രമായി അധികാരങ്ങളെ നിജപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ തന്നെ മറു വശത്ത് എല്ലാ ഹിന്ദുക്കളും ഒന്നാണ് എന്ന് പറയുന്നൊരു മുദ്രാവാക്യം വിളിക്കുകയും വളരെ കൃത്യമായി ജാതിവ്യവസ്ഥ പാലിച്ചുകൊണ്ട് ബ്രാഹ്മണര്‍,നായര്‍,ഈഴവര്‍,പുലയര്‍ എന്ന് പറയുന്ന ക്രമത്തില്‍ തന്നെ പ്ലകാര്‍ഡ് പിടിച്ച് നില്‍ക്കുകയും ചെയ്യുന്നുണ്ട്. ആ യാഥാര്‍ത്ഥ്യമെല്ലാം ഉള്ളപ്പോഴും കേരളത്തില്‍ ഒരു വിഭാഗം സബാള്‍ട്ടണ്‍ സൊസൈറ്റിയെ ഈ ഒരു വിശ്വാസ മൂവ്‌മെന്റിലേക്ക് ആകര്‍ഷിക്കാനും ഇവര്‍ക്ക് ആയിട്ടുണ്ട് എന്നുള്ളതും ശരിയല്ലേ?

തീര്‍ച്ചയായും. അത് ഇവിടെ മാത്രമല്ലാ രാജ്യവ്യാപകമായി കീഴ്തട്ടിനെ ഹിന്ദുത്വ ഫോള്‍ഡിലേയ്ക്ക് ആഗിരണം ചെയ്യുന്ന ഒരു പ്രക്രിയ കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി വളരെ സമര്‍ത്ഥമായി അവര്‍ നടത്തുന്നുണ്ട്. കേരളത്തിലിപ്പോള്‍ നടക്കുന്നതും സമാനസ്വഭാവമുള്ളതാണ്. നമ്മളെല്ലാം ഹിന്ദുക്കളാണെന്ന് വാദിക്കുകയും ആ ഹിന്ദുത്വത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നൊരു ജോലിയിലാണ് അവര്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

പക്ഷേ അവരുടെ മുന്നില്‍ വലിയൊരു തടസ്സമുണ്ട്. ഇപ്പോള്‍ എന്‍.എസ്സ്.എസ്സാണ് പുനര്‍പരിശോധന ഹര്‍ജി ആദ്യം കൊടുക്കുന്നത്. ശബരിമല വിധിയുമായി ബന്ധപ്പെട്ട്. ഈ എന്‍.എസ്സ്.എസ്സാണ് കഴിഞ്ഞ ആഴ്ചയില്‍ സാമുദായിക സംവരണത്തിനെതിരെ ഹര്‍ജി കൊടുത്തതും. വളരെ വലിയ യുക്തിബന്ധം അതിനകത്തുണ്ടെന്നാണ് തെളിയിക്കുന്ന ഒരു കാര്യം.

 

അതിനോടൊപ്പം തന്നെ കേരളത്തിലെ പ്രധാനപ്പെട്ട ദളിത് പിന്നോക്ക സംഘടനകള്‍ ഈ മൂവ്‌മെന്റിനെതിരെയും ഈ വിധിക്കനുകൂലമായും രംഗത്ത് വന്നിട്ടുണ്ട്. പ്രത്യേകിച്ച് വെള്ളാപ്പള്ളി നടേശനടക്കം രംഗത്ത് വരികയും ഈ മൂവ്‌മെന്റ് അനാവശ്യമായൊരു മൂവ്‌മെന്റാണെന്നും സുപ്രീംകോടതി വിധി മാനിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും തുറന്ന് പറയുകയുണ്ടായി. മാത്രമല്ല ഇത് തമ്പ്രാന്മാരുടെ ഒരു കളിയാണെന്നും അദ്ദേഹം പറയുകയുണ്ടായി.

കേരളത്തില്‍ ഈ വിധി വന്ന തൊട്ട് പിറ്റേ ദിവസം തന്നെ കെ.പി.എം.എസിന്റെ നേതാവ് പുന്നല്ല ശ്രീകുമാര്‍ ഈ വിധിയെ സ്വാഗതം ചെയ്തു കൊണ്ട് പ്രസ്ഥാവന ഇറക്കിയിരുന്നു. ഇതിന് ശേഷം കേരള ചേരമ സാംബവ ഡവലപ്‌മെന്റ സൊസൈറ്റിയുടെ സംസ്ഥാന പ്രസിഡന്റ് കെ.കെ സുരേഷ്- അവരൊക്കെ ലക്ഷക്കണക്കിന് അനുയായികള്‍ ഉള്ള സംഘടനയുടെ നേതാക്കളാണ്- ഈ വിധിയെ സ്വാഗതം ചെയ്തു കൊണ്ടും ആ വിധിയെ മാനിക്കണമെന്ന് പറഞ്ഞു കൊണ്ടും ശബരിമലയില്‍ സ്ത്രീപ്രവേശനം ഉറപ്പിക്കണമെന്ന് പറഞ്ഞു കൊണ്ടും പ്രസ്താവനയിറക്കി.

എന്നാല്‍ ഈ പ്രസ്താവനകളൊന്നും തന്നെ നമ്മുടെ പ്രധാനപ്പെട്ട മീഡിയകളില്‍ ഇടംപിടിച്ചില്ല എന്നതില്‍ ഒരു ഗൂഢാലോചന ഉണ്ടെന്നാണ് ഞാന്‍ വിചാരിക്കുന്നത്. കാരണം ഇത്തരം എതിര്‍ ശബ്ദങ്ങളെ തമസ്‌കരിക്കുകയും രാഹുല്‍ ഈശ്വറിനെപ്പോലെ ഫ്രോഡായിട്ടുള്ള മനുഷ്യന്മാരെ ആഘോഷിക്കുകയും ചെയ്യുന്ന ദൗത്യമാണ് കഴിഞ്ഞ രണ്ടാഴ്ചയായിട്ട് കേരളത്തിലെ പ്രധാന മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്ന ദൗത്യം.

മാത്രവുമല്ല ഈ ചാനല്‍ ചര്‍ച്ചകളില്‍ ദളിത് വിഭാഗത്തിന്‍ നിന്നോ പിന്നോക്ക വിഭാഗത്തില്‍ നിന്നോ ഒരു പ്രാധിനിത്യം പോലും കാണാനില്ല എന്നത് വളരെ ഗൗരവമായി നമ്മള്‍ എടുക്കേണ്ടതുണ്ട്. മറ്റൊരു തരത്തില്‍ കീഴ്തട്ടില്‍ നിന്നും ഉയര്‍ന്നു വന്നിട്ടുള്ള പ്രതിരോധത്തെ എതിര്‍പ്പിനെ മായിച്ച് കളയുന്ന ഒരു ജോലി ഹിന്ദുത്വ ശക്തികള്‍ക്ക് വേണ്ടി കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഏറ്റെടുത്തിട്ടുണ്ടെന്ന് ഞാന്‍ സംശയിക്കുന്നു.

 കേരളത്തില്‍ വീണ്ടും ഈ സംവരണം ഒരു ചര്‍ച്ചയായിട്ട് വരുന്നുണ്ട്. അതില്‍ സാമ്പത്തിക സംവരണം വേണമെന്നുള്ള ചര്‍ച്ച ഒരു ഭാഗത്ത് നിന്ന് വരുന്നു. അതോടൊപ്പം തന്നെ സംവരണം തന്നെ ആവശ്യമാണോ എന്നുള്ളഈ കാലത്ത് ഒരു തരത്തിലും അംഗീകരിച്ച് കൊടുക്കാന്‍ കഴിയാത്ത മറ്റൊരു ചര്‍ച്ചയെ സജ്ജീവമായിട്ട് നിലനിര്‍ത്താനായി പലരും കൃത്യമായി ശ്രമിക്കുന്നുണ്ട് എന്നു തോന്നുന്നു. അതുമായിട്ട് ഇതിനെ എങ്ങനെ കാണണം?

അത് വളരെ പ്രധാനപ്പെട്ട ഒരു പ്രശ്‌നമാണ്. അതായത് നമ്മള്‍ നേരത്തെ പറഞ്ഞക്കാര്യത്തിലേക്കാണ് നമ്മള്‍ വീണ്ടും വരുന്നത്. ഇന്ത്യയിലെ ഭരണഘടനാ സംവിധാനത്തിനകത്ത് ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് ചില പ്രത്യേക അവകാശങ്ങള്‍ ഉറപ്പിക്കേണ്ടി വന്നത് എന്തുകൊണ്ട് എന്നതിന് ഒരു ഭരണഘടന തത്ത്വത്തെ നമ്മള്‍ ഒരിക്കലും അഭിമുഖീകരിക്കുന്നില്ല. നമ്മള്‍ ആ കാര്യം അല്ല പറയുന്നത്. സംവരണവുമായി ബന്ധപ്പെട്ട് വേറെ ചില കാര്യങ്ങളാണ് നമ്മള്‍ പറയുന്നത്.

ഇപ്പോള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ഒരു തത്ത്വമായിട്ട് ഈ സംവരണത്തെ മനസ്സിലാക്കാതിരിക്കുകയും സംവരണം എന്നത് ഈ പാവപ്പെട്ട മനുഷ്യന്മാര്‍ക്കും കഴിവില്ലാത്ത മനുഷ്യന്മാര്‍ക്കും കൊടുക്കുന്ന ഒരു അധികസംരക്ഷണമാണെന്നുള്ള ഒരു പൊതുബോധമാണ് ഈ ചര്‍ച്ചയുടെയെല്ലാം അടിസ്ഥാനമായി നില്‍ക്കുന്നത്. അത് മാറാതെ, ഭരണഘടന തത്ത്വമെന്ന നിലയില്‍ തന്നെ സംവരണത്തെ മനസ്സിലാക്കിയില്ലെങ്കില്‍, കാര്യമില്ല. അത് ഇടത്പക്ഷത്തിനും ബാധകമാണ്.

ഇടത്പക്ഷം സംവരണത്തെ മനസ്സിലാക്കുന്നത് അധിക സംരക്ഷണം എന്ന നിലയ്ക്കാണ്. അതുകൊണ്ടാണ് ഈ പാവപ്പെട്ട നമുഷ്യന്മാര്‍ക്ക് ഈ സവര്‍ണ്ണരിലെ പാവപ്പെട്ടവര്‍ക്കും അതേ സംരക്ഷണം നല്‍കണം എന്ന് പറയുന്നത്. അത് ഇങ്ങനെ മനസ്സിലാക്കുന്നതാണ്. അതില്‍ ഈ അധിക സംരക്ഷണത്തിന്റെ കാര്യമേ അല്ല.

 

നീതിയുടെ സ്വാഭാവിക വിതരണമില്ലാത്ത ഒരു സമൂഹത്തിനകത്ത് എല്ലാവര്‍ക്കും നീതി ഉറപ്പിക്കുന്നതിന്റെ ഭാഗമായി രൂപപ്പെട്ട ഭരണഘടന സംവിധാനമാണ് സംവരണം. അതിനകത്ത് അത്തരം ഒരു ഭരണഘടനാ സംവിധാനം ഇല്ലെങ്കില്‍ വലിയൊരു വിഭാഗം ഇതിന് വെളിയിലാണ് നില്‍ക്കുന്നത്. അതിപ്പോള്‍ സംവരണമില്ലാത്ത മേഖലകളില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക സമുദായങ്ങളുടെ പ്രാതിനിധ്യം മാത്രം നോക്കിയാല്‍ നമുക്കത് പിടികിട്ടും,ഇതിന്റെ പ്രധാന്യം എന്നുള്ളത്. അതുകൊണ്ട് ഇതിനെ ദാരിദ്ര്യമായിട്ടോ അല്ല ഇതിന് യഥാര്‍ത്ഥത്തില്‍ ബന്ധമുള്ളത്.

ഇന്ത്യന്‍ ഭരണഘടന പറയുന്നതുപോലെ സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നില്‍ക്കുന്നവര്‍ എന്നാണ് അതിനെ വിശദീകരിക്കുന്നത്. ഇന്ത്യയിലെ വിവേചനത്തിന്റെ കേന്ദ്രബിന്ദു സാമൂഹികമാണ്. ജാതിയാണെന്നുള്ള തിരിച്ചറിവാണ് അവിടെ പ്രധാനം. അതില്‍ സാമ്പത്തികമായി ദാരിദ്യമുള്ളവര്‍ക്ക് ഒട്ടനവധി അവസരങ്ങള്‍ ഇല്ലാതെ വരുന്നുണ്ട്. അത് നമ്മള്‍ സമ്മതിക്കുന്ന കാര്യമാണ്. പക്ഷേ ഇന്ത്യയക്കകത്തെ വിവേചനത്തിന്റെ യഥാര്‍ത്ഥ സ്രോതസ്സ് ജാതിയാണ് എന്നുള്ളതാണ് എപ്പോഴും നമ്മള്‍ കണ്ടു വരുന്നത്.

നേരത്തെ നിങ്ങള്‍ സൂചിപ്പിച്ചതുപോലെ ഇതിനകത്തെ ലിസ്റ്റ് പറയുമ്പോഴും ശബരിമലയെ സംരക്ഷിക്കണമെന്ന മൂവ്‌മെന്റിലെ വ്യത്യസ്തജാതികളുടെ ലിസ്റ്റ് പറയുമ്പോള്‍ കൃത്യമായൊരു അധികാരക്രമത്തിലാണ് അത് പറയുന്നത്. നമ്പൂതിരി മുതല്‍ നായാടി വരെ എന്നേ പറയുന്നുള്ളൂ അല്ലാതെ നായാടി മുതല്‍ നമ്പൂതിരി വരെ എന്ന് പറയാന്‍ മലയാളികള്‍ക്ക് കഴിയുന്നില്ല. ഇതാണ് അവരില്‍ ഉറച്ചു നില്‍ക്കുന്ന ജാതിബോധം. ഇങ്ങനെ വളരെ വ്യക്തമായും ജാതി നിലനില്‍ക്കുന്ന ഒരു സമൂഹത്തിനകത്ത് ഈ സംവരണ വിവിധമായ ഒരു മനോഭാവത്തെ സൃഷ്ടിക്കുന്നതില്‍ ഇടത്പക്ഷം അടക്കമുള്ള രാഷ്ട്രീയ ധാരകള്‍ക്ക് വ്യക്തമായൊരു പങ്കുണ്ടെന്നാണ് ഞാന്‍ വിചാരിക്കുന്നത്.

കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ വെങ്കിടേഷ്
രാമകൃഷണന്‍ കന്‍ഷിറാമുമായിട്ടുള്ള ഒരു ചര്‍ച്ചയെക്കുറിച്ച് പറഞ്ഞിട്ടുണ്ടായിരുന്നു. കന്‍ഷിറാമിന്റെ ഔദ്യോഗിക വസതിയില്‍ ഒരിക്കല്‍ മാധ്യമങ്ങള്‍ ഇരച്ചു കയറിയ ഒരു സംഭവമുണ്ടായിരുന്നു. അപ്പോള്‍ അദ്ദേഹം തന്നോട് ചോദിച്ചത് രണ്ട് ചോദ്യങ്ങളാണെന്നാണ് വെങ്കിടേഷ് രാമകൃഷണന്‍ പറഞ്ഞത്. ഒന്ന് മാധവറാവു സിന്ധ്യയുടെ വീട്ടിലാണെങ്കില്‍ ഇത്തരത്തില്‍ ഇടിച്ചു കയറാനായി നിങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എന്തെങ്കിലും രീതിയില്‍ ധൈര്യമുണ്ടാകുമോ? രണ്ട് ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളില്‍ എത്ര ദളിതര്‍ ഉണ്ട്? എനിക്ക് തോന്നുന്നു നേരത്തെ നമ്മള്‍ പറഞ്ഞ പല ശബ്ദങ്ങളെയും തിരസ്‌കരിക്കുന്നു എന്നുള്ള വിഷയത്തിലേക്ക് വരുമ്പോള്‍ ഈ പ്രശ്‌നവും വളരെ പ്രധാനപ്പെട്ടതാണെന്ന്. വിദ്യാഭ്യാസത്തിന്റെ പ്രധാന്യത്തെക്കുറിച്ച് മഹാത്മാ അയ്യങ്കാളി പറഞ്ഞിട്ടുണ്ട്. 10 ബി.എ ക്കാര്‍ ഉണ്ടാകണമെന്ന് പറഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ വളരെ വേഗത്തില്‍ മുന്നോട്ട് പോയെങ്കിലും മാധ്യമരംഗത്തെ ദളിത് അസാന്നിധ്യം വാര്‍ത്തകളിലും കാണാം എന്ന് തോന്നുന്നു.

തീര്‍ച്ചയായിട്ടും. അത് പ്രധാനപ്പെട്ട കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്. കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ ഈ പൊതുബോധത്തിന്റെ സംരക്ഷകരായിട്ടാണ് എപ്പോഴും രംഗപ്രവേശം ചെയ്യാറുള്ളത്. കാര്യങ്ങളെ സൂക്ഷ്മമായി പഠിക്കുവാനോ മാറിനിന്ന് നോക്കി കാണുവാനോ ഉള്ള യാതൊരു പരിശീലനവും അവര്‍ക്ക് കിട്ടുന്നില്ല എന്നതാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. കാരണം അവര്‍ ചോദിക്കുന്ന ചോദ്യങ്ങളും അവരുടെ പെരുമാറ്റ രീതികളും അതിന് തെളിവാണ്.

കന്‍ഷിറാം ചോദിച്ച അതേ ഒരു സന്ദര്‍ഭം കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. വിനായകന് ഏറ്റവും നല്ല നടനുള്ള അവാര്‍ഡ് കിട്ടുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ അവിടെ ചെന്നിട്ട് നിങ്ങളുടെ അമ്മയെ ഒന്ന് കെട്ടിപിടിച്ച് നില്‍ക്കാമോ എന്ന് ചോദിക്കുന്നുണ്ട്. ആ സമയത്ത് വിനായകന്‍ പറയുന്ന ഒരു മറുപടി നിങ്ങള്‍ ജീവിതത്തില്‍ എന്നോട് അഭിനയിക്കാന്‍ പറയരുത് എന്നാണ്. അപ്പോള്‍ ഇത് മോഹന്‍ലാലിന്റെ വീട്ടിലാണെങ്കില്‍ സംഭവിക്കില്ല.

വെങ്കിടേഷ് രാമകൃഷണന്‍

അമ്മയെക്കെട്ടിപിടിക്കാന്‍ പറയുന്നതിനായി അവന്റെ നാക്ക് വഴങ്ങത്തില്ല. ഇത് വളരെ വ്യക്തമായിട്ടും വിനായകന് അവാര്‍ഡ് കിട്ടിയതില്‍ എന്തോ ഒരു അത്ഭുതമാണ്. ഇയാളുടെ ശേഷികൊണ്ടാണ് കിട്ടിയതെന്ന് അംഗീകരിക്കാനുള്ളൊരു ജാതിബോധം നമ്മെ അനുവദിക്കുന്നില്ല എന്നതാണ്. ഇതാണ് പ്രശ്‌നം. ഈ നിലയ്ക്ക് കന്‍ഷിറാം അന്ന് പറഞ്ഞ ചോദ്യം വളരെ പ്രസക്തമാണ്. കേരളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഈ നിലയിലാണ്.

അനിഹിലേഷന്‍ ഓഫ് കാസ്റ്റിന്റെ അരുന്ധതി റോയുടെ ആമുഖത്തിനകത്ത് മുന്നൂറ്റിപതിന്‌ഞ്ചോളം മാധ്യമപ്രവര്‍ത്തകരെ ഇന്റര്‍വ്യൂ ചെയ്ത ഒരു കണക്ക് അവര്‍ പറയുന്നുണ്ട്. ഡല്‍ഹിയിലെ ഹിന്ദി, ഇംഗ്ലീഷ് പത്രങ്ങളിലെ എക്‌സിക്യൂട്ടീവ് സ്ഥാനത്തുള്ള മുന്നൂറ്റിപതിനഞ്ച് പേരെയാണ്. ഈ മുന്നൂറ്റിപതിനഞ്ച് പേരില്‍ ഒരൊറ്റ ദളിതനോ, ആദിവാസിയോ ഇല്ലെന്നാണ് അവരുടെ കണക്ക് സാക്ഷ്യപ്പെടുത്തുന്നത്. ഇത് കേരളത്തിലായാലും മാധ്യമമേഖലയില്‍ ദളിതരുടെ അസാന്നിധ്യം വളരെ പ്രധാനപ്പെട്ട കാര്യമായിട്ട് എടുക്കേണ്ടതുണ്ട്.

കൈരളി ചാനലിലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഒരുമാസം മുന്നേ എന്നെ വിളിച്ചിട്ട് പറഞ്ഞ ഒരു കാര്യം ഈ മേഖലയില്‍ ഒരു റിസര്‍ച്ച് നടത്തുന്നുണ്ട്, അദ്ദേഹം ഏതാണ്ട് കുറേ ആളുകളെ ഇന്റര്‍വ്യൂ ചെയ്തതിന് ശേഷം പത്തോ ഇരുപത്തഞ്ചോ പേരെ മാത്രമേ കണ്ടെത്താന്‍ പറ്റിയിട്ടുള്ളു. മാത്രവുമല്ല, ഇരുപതിനായിരം രൂപയ്ക്കും മുകളില്‍ ശമ്പളം വേടിക്കുന്നത് നാലോ അഞ്ചോ പേരെ ഉള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞത്.

 

ഇത് നമ്മുടെ കേരളത്തില്‍ നടക്കുന്നൊരു കാര്യമാണ്. രണ്ട് അര്‍ത്ഥമാണ് ഇതില്‍ ഉള്ളത്. ഒന്ന് ദളിതരുടെ അഭാവം ഈ ദളിത് പ്രശ്‌നത്തിനോടുള്ള ഒരു ക്രിയേറ്റീവായ നിലപാട് സ്വരൂപിക്കുന്നതില്‍ നിന്നും മീഡിയയെ തടയും. ഇതിനകത്തുള്ള പ്രശ്‌നം എന്ന് പറഞ്ഞാല്‍ എന്റെ പ്രസന്‍സ് പോലും കാസ്റ്റ് ഡിസ്‌കോസില്‍ ഒരു പ്രധാനപ്പെട്ട ഒരു കാര്യമായി മാറും. ഞാനില്ലാത്തൊരു സ്‌പേയ്‌സില്‍ പറയുന്ന ഒരു കാര്യമായിരിക്കില്ല, ഞാന്‍ ഉള്ള സ്‌പേയ്‌സില്‍ പറയുക. അപ്പോള്‍ ഞങ്ങള്‍ ആരും തന്നെ ആ പ്രദേശത്തില്ലാ എന്നു പറഞ്ഞാല്‍ ഏകപക്ഷീയമായ മുന്‍വിധികളായിരിക്കും അവിടെ ഉണ്ടായി വരിക എന്നുള്ളതാണ് ഞാന്‍ പറയുന്ന ഒരു കാര്യം.

നമ്മുടെ മാധ്യമത്തില്‍ തന്നെ ഈ കാസ്റ്റുമായി ബന്ധപ്പെട്ട, സോഷ്യല്‍ ഓഡറുമായി ബന്ധപ്പെട്ട, സോഷ്യല്‍ സൈക്കിയുമായി ബന്ധപ്പെട്ട ഇന്നവേറ്റീവായിട്ടുള്ള അഭിപ്രായങ്ങളിലേക്ക് പോകാനുള്ള ഒരു അവസരം കൂടിയാണ് ഈ ദളിത് പ്രാതിനിധ്യമില്ല എന്നതുകൊണ്ട് സംഭവിക്കുന്നത് എന്നുകൂടി നമ്മള്‍ കാണണം. കുറച്ച് പേര്‍ക്ക് ജോലി കിട്ടുന്നതിന്റെ കാര്യം മാത്രമല്ല എന്നാണ് ഞാന്‍ പറയുന്നത്.

 പ്രജാസഭയിലെ അംഗമായിട്ട് മഹാത്മാ അയ്യങ്കാളി നടത്തുന്ന ആദ്യ പ്രസംഗത്തില്‍ പറയുന്നത് ഭൂ അധികാരത്തിന്റെ പ്രശ്‌നമാണല്ലോ. ഭൂമി പട്ടികജാതികാര്‍ക്ക് കൊടുക്കാനുള്ള നടപടി സ്വീകരിച്ചിട്ടില്ല എന്നുള്ള പരാതിയാണല്ലോ ആദ്യമായി ഉന്നയിക്കുന്നത്. ഇത്രയും വര്‍ഷങ്ങള്‍ക്കും ശേഷം ഇപ്പോഴും ഈ ഭൂ അധികാരത്തിന്റെ കാര്യം ദളിത് ആദിവാസി മേഖലകളില്‍ അങ്ങനെ നിലനില്‍ക്കുന്നുണ്ടോ

തീര്‍ച്ചയായിട്ടും. അതിനകത്ത് രണ്ട് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് കേരളത്തിലെ ഭൂമിയുടെ മേല്‍ നാമമാത്രമായ അവകാശമുള്ളൊരു വിഭാഗമാണ് കേരളത്തിലെ ദളിതരും ആദിവാസികളുമെന്ന് കണക്കുകള്‍ തെളിയിച്ചിട്ടുണ്ട്. കേരളത്തിലെ ദരിദ്രരിലെ ബഹുഭൂരിപക്ഷവും, 90 ശതമാനത്തിലധികവും, ഈ വിഭാഗത്തില്‍ നിന്നുള്ളവരാണെന്നും കണക്കുകള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഈ വിഭാഗം മുഴുവനും ഭൂമിയുടെ ഉടമസ്ഥതയില്‍ നിന്നും പുറത്ത് നില്‍ക്കാന്‍ കാരണം കേരളത്തിലെ ഗവണ്‍മെന്റ് തന്നെയാണ്.

കേരളത്തെ മാറി മാറി ഭരിച്ച ഗവണ്‍മെന്റ് പോളിസി തന്നെയാണ് ഇവരെ ഭൂ ഉടമസ്ഥതയില്‍ നിന്നും പുറത്ത് നിര്‍ത്തുന്നത് എന്നാണ് ഞാന്‍ പറയുന്ന ഒരു കാര്യം. അല്ലാതെ വേറെ ഏതെങ്കിലുമൊരു സമുദായവുമായിട്ടുള്ള സംഘര്‍ഷത്തിനപ്പുറം സ്റ്റേറ്റിന്റെ പോളിസി തന്നെയാണ് ഇവരെ ഭൂരഹിതരാക്കി നിലനിര്‍ത്തുന്നത്. അപ്പോള്‍ 1912 ല്‍ മഹാത്മാ അയ്യങ്കാളി നടത്തുന്ന ആദ്യ പ്രസംഗത്തില്‍ പൊതുവല്‍ ഭൂമികള്‍ ഞങ്ങള്‍ക്ക് പതിച്ച് തരണമെന്നും, ഞങ്ങളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ചെയ്യാനുള്ള അവസരം നല്‍കണമെന്നും പറയുന്നുണ്ട്.

 

അതോടുകൂടി തന്നെ അദ്ദേഹം പറയുന്നൊരു കാര്യം അന്ന് ദിവാന്‍ പറഞ്ഞത് എങ്കില്‍ ഒരു കാര്യം ചെയ്യൂ അയ്യങ്കാളി തന്നെ എവിടെയൊക്കെയാണ് ഭൂമി ഉള്ളതെന്ന് കണ്ടുപിടിക്കാന്‍ പറയുന്നു. അദ്ദേഹം രണ്ടാമത്തെ സഭയില്‍ പറയുന്നൊരു കാര്യം പൊതുവല്‍ ഭൂമി ചെന്ന് കണ്ടുപിടിക്കുമ്പോള്‍ റവന്യൂവകുപ്പും ഫോറസ്റ്റ് വകുപ്പും കൂടി ആ ഭൂമിയില്‍ നിന്ന് ബലം പ്രയോഗിച്ച് ഇറക്കി വിടുന്നു എന്നതാണ് അദ്ദേഹം പറയുന്നൊരു പരാതി.

ആ പരാതി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് പറയുന്നത്. ഇപ്പോഴും ഈ റവന്യൂവകുപ്പും ഈ ഫോറസ്റ്റ് വകുപ്പും ദളിതര്‍ക്കെതിരെ പ്രത്യേകിച്ച് ആദിവാസികള്‍ക്കെതിരെ അവരെ ഒരു തരത്തിലും ജീവിക്കാനനുവദിക്കാത്ത തരത്തിലാണ് അവരുടെ നിയമനിര്‍മ്മാണവും അതിന്റെ നടപടിക്രമങ്ങളുമെല്ലാം ഉണ്ടായി വരുന്നത്. ഈ രാമന്‍ മേട്ടൂര്‍ എന്ന് പറയുന്ന മലയരയസഭയുടെ സ്ഥാപകന്‍ അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ പറയുന്നൊരു കാര്യം ഈ ഫോറസ്റ്റ് നിയമത്തിന്റെ പേരില്‍ ആദിവാസികള്‍ വ്യാപകമായി അക്രമിക്കപ്പെടുകയും കുടിയിറക്കപ്പെടുകയും ചെയ്യുന്നുണ്ട്.

ആദിവാസികളെ കൊണ്ട് തന്നെ മുരുക്കിന്റെ കമ്പ് വെട്ടിച്ച് ഈ ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ കൈയില്‍ മുള്ള് കൊള്ളാതിരിക്കാന്‍ ആ ഭാഗത്തെ മുള്ള് കളഞ്ഞിട്ട് അതുകൊണ്ട് തന്നെ ഈ വെട്ടി കൊണ്ട് വന്നവനെ അടിച്ചൊരു സംഭവം, ഇത് തന്നെയാണ് പുതിയ രൂപത്തില്‍ ഇവര്‍ക്കെതിരെ നടക്കുന്നത്. അത് കേരളത്തില്‍ നടന്ന ഭൂപരിഷ്‌കരണം ആ ഭൂപരിഷ്‌കരണത്തിലൂടെ ഒര് സെന്റ് ഭൂമി പോലും, അതായത് കുടികിടപ്പ് അവകാശം അല്ലാതെ കൃഷിയോഗ്യമായ ഒര് സെന്റ് ഭൂമി പോലും കിട്ടാത്തവരാണ് ഇവര്‍. അത് പരിഭാഷണം ചെയ്യണമെങ്കില്‍ ഭൂമിയുടെ പുതുവിതരണം വേണമെന്ന് 2000 മുതലെങ്കിലും ആദിവാസികളും ദളിതരും ആവശ്യപ്പെടുന്നുണ്ടെങ്കിലും പ്രക്ഷോഭം നടക്കുന്നുണ്ട്. ആളുകള്‍ കൊല്ലപ്പെടുന്നുണ്ട്.

രാമന്‍ മേട്ടൂര്‍

ആയിരക്കണക്കിന് മനുഷ്യര്‍ പങ്കെടുത്തതാണ്. പക്ഷേ കേരളത്തിലെ ഭരണപ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ ഇലക്ഷന്‍ മാനിഫെസ്റ്റോയില്‍ പോലും ഇപ്പോഴും ആ ആവശ്യം ഇടംപിടിച്ചിട്ടില്ല എന്നതാണ് വാസ്തവം. കേരളത്തിലെ ഗവണ്‍മെന്റിന്റെ അടുത്ത് ഭൂമിയില്ലാത്തതു കൊണ്ടൊന്നുമല്ല, ഭൂമി ഉണ്ടെന്നുള്ളത് തന്നെ സര്‍ക്കാര്‍ രേഖകളില്‍ വ്യക്തമാണ്. സര്‍ക്കാര്‍ കമ്മീഷന്‍ തന്നെ തുറന്ന് പറഞ്ഞിട്ടുള്ള കാര്യമാണ്. ഏറ്റവും അവസാനത്തെ കമ്മീഷന്‍ തന്നെ പറഞ്ഞത് അഞ്ച്‌ലക്ഷം ഏക്കര്‍ ഭൂമി നിയമതടസ്സമില്ലാതെ ഏറ്റെടുക്കാന്‍ ഉണ്ടെന്നാണ്. ആ ഭൂമി ഏറ്റെടുത്ത് ഭൂരഹിതരായിട്ടുള്ള ദളിതര്‍ക്കും ആദിവാസികള്‍ക്കും മാത്രമല്ല, ലക്ഷക്കണക്കിന് തോട്ടം തൊഴിലാളികള്‍ ലയത്തില്‍ ജീവിച്ച് അവിടെ തന്നെ മരിച്ച് മണ്ണടിയുന്ന സ്ഥിതിയാണ് ഉള്ളത്.

അവര്‍ക്കൊല്ലാം ജീവിക്കണമെങ്കില്‍ ഭൂമിയുടെ പുനര്‍വിതരണം ആവശ്യമാണ്. ആ ഒരു നിലയിലല്ല ഗവണ്‍മെന്റ്, അത് ഇടത്പക്ഷമായാലും കോണ്‍ഗ്രസ്സായാലും ഇതിനെ കാണുന്നത്. യഥാര്‍ത്ഥത്തില്‍ ഇത് ജീവത്തായ ആവശ്യമാണ്. ഇപ്പോഴും അത് വളരെ ശക്തമായി ഈ വിഭാഗം ഉന്നയിക്കുന്നുണ്ട്.

എത്രയോ വര്‍ഷങ്ങളായിട്ട് ഇവിടുത്തെ ദളിത് ആദിവാസി സമൂഹങ്ങള്‍ ഭൂവധികാര പ്രശ്നം ശക്തമായിട്ട് ഉന്നയിക്കുന്ന പ്രശ്‌നമായി ഉര്‍ത്തുന്നുണ്ട്. പക്ഷേ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രത്യേകിച്ച് ഇടത്പക്ഷം പ്രശ്നങ്ങളെ വര്‍ഗ്ഗബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ് കാണ്ടുകൊണ്ടിരുന്നത്. എന്നാല്‍ ദളിത് രാഷ്ട്രീയ-ആദിവാസീ രാഷ്ട്രീയത്തിന്റെ പ്രത്യക്ഷത ഇവര്‍ അവസാനം അംഗീകരിക്കാനെങ്കിലും തുടങ്ങിയ ഒരു സാഹചര്യമാണ്. ഈ സാഹചര്യത്തിലും ഭൂമി പ്രശ്‌നങ്ങളെ മുന്നോട്ട് കൊണ്ട് പോകാനായിട്ട് ഏതെങ്കിലും തരത്തിലുള്ള സാധ്യതകള്‍ കാണുന്നുണ്ടോ, മുഖ്യധാരാ രാഷ്ട്രീയം ഇതിന് എപ്പോഴെങ്കിലും വഴങ്ങുമെന്ന് തോന്നുന്നുണ്ടോ?

ഇതിനകത്തുള്ള ഒരു കാര്യം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രധാന വീഴ്ച്ചകളിലൊന്ന് അതിനെ ജാതിയുമായി ബന്ധപ്പെട്ട നമ്മുടെ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ ഒരിക്കലും അവര്‍ മനസ്സിലാക്കിയിരുന്നില്ല എന്നതാണ് അതിന്റെ തിരിച്ചടിക്ക് കാരണം. അതിനെ ഇന്ത്യയിലെ പ്രധാനപ്പെട്ട രാഷ്ട്രീയകക്ഷിയായി മാറാന്‍ കഴിയാതെ പോയതിന്റെ പ്രധാന കാരണം ഇന്ത്യ ജീവിക്കുന്ന ഒരു യാഥാര്‍ത്ഥ്യം എന്താണെന്ന് അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. അവര്‍ എപ്പോഴും നേരത്തെ പറയുന്നതു പോലെ വര്‍ഗ്ഗങ്ങളുടെ അടിസ്ഥാനത്തില്‍ നോക്കി കാണാനാണ് ശ്രമിച്ചിട്ടുള്ളത്.

അതിന്റെ യുക്തിയാണ് അവര്‍ എപ്പോഴും പ്രവര്‍ത്തിപ്പിച്ചിട്ടുള്ളത്. ഇപ്പോള്‍ ഈ അടുത്തക്കാലത്തായിട്ട് അവര്‍ ദളിത് സംഘടന ഉണ്ടാക്കിയിട്ടുണ്ട്, കേരളത്തില്‍ പട്ടികജാതി ക്ഷേമസമിതി ഉണ്ടാക്കിയിട്ടുണ്ട്, ആദിവാസി ക്ഷേമസമിതി ഉണ്ടാക്കിയിട്ടുണ്ട്. ഇങ്ങനെ അവര്‍ തന്നെ സ്വന്തം നിലയ്ക്ക് ആദിവാസി,ദളിത് വിങ്ങുകള്‍ ഉണ്ടാക്കി കൊണ്ട് പ്രവര്‍ത്തനത്തിലേക്ക് വന്നിട്ടുണ്ട്. ഇത് യഥാര്‍ത്ഥത്തില്‍ കേരളത്തിലും ഇന്ത്യയിലും രൂപപ്പെട്ട് വന്ന ദളിത് ,ആദിവാസി മൂവ്‌മെന്റുകളോടുള്ള ഒരു മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടി പ്രതികരണമായിട്ടാണ് ഞാന്‍ അതിനെ കാണുന്നത്.

 

അവര്‍ക്ക് ഇനി അതിനെ അഭിസംബോധനചെയ്ത് മുന്നോട്ട് പോകാന്‍ പറ്റാത്ത ഒരു സ്ഥിതി വിശേഷം അവര്‍ക്ക് മുന്നില്‍ വന്നിട്ടുണ്ട്. അഭിസംബോധനയിലൂടെ ഇവര്‍ സാമൂഹിക യാഥാര്‍ത്ഥ്യത്തിലേക്ക് അവര്‍ എത്രമാത്രം ആത്മാര്‍ത്ഥമായി വരുന്നുണ്ട് എന്നത് സംശയാസ്പദമായ കാര്യമാണ്.

പട്ടികജാതി ക്ഷേമസമിതി തന്നെ ഉണ്ടാക്കിയിരിക്കുന്നത് കേരളത്തിലെ ദളിത് മൂവ്‌മെന്റുകളെ പ്രതിരോധിക്കാന്‍ കൂടിയാണ് എന്നാണ് ഇതിന്റെ സമീപക്കാല അനുഭവങ്ങളില്‍ നിന്നും എനിക്കി ബോധ്യപ്പെട്ടിട്ടുള്ള ഒരു കാര്യം. ആദിവാസി ക്ഷേമസമിതി ഉണ്ടാക്കിയത് ഗോത്രമഹാസഭ നടത്തിവിപുലമായ ഒരു ആദിവാസി മുന്നേറ്റത്തെക്കൂടി തടയിടാന്‍ വേണ്ടിയിട്ടായിരുന്നു. അങ്ങനെ കേരളത്തിലെ വെളിയില്‍ ഇത് ദളിത് മൂവ്‌മെന്റാണ്.

കേരളത്തിലെ ദളിതര്‍ അവര്‍ക്ക് അസ്പശ്യരാണ്. ഇങ്ങനെ സംഘടിത രാഷ്ട്രീയ പാര്‍ട്ടികളുടെ എല്ലാ കൗശലങ്ങളും ഇക്കാര്യത്തില്‍ ഇടത്പക്ഷം കാണിക്കുന്നുണ്ട്. അതല്ലാതെ അവര്‍ കാര്യങ്ങള്‍ തുറന്ന് ചര്‍ച്ച ചെയ്യാന്‍ തയ്യാറാകണം. കേരളത്തിലെ ദളിത് ആദിവാസി മേഖലകളില്‍ നിന്ന് പുതിയ സോഷ്യല്‍ മൂവ്‌മെന്റുകളെ അഡ്രസ്സ് ചെയ്യാന്‍, അവര്‍ അപ്രസക്തരാണ് കുഴപ്പക്കാരാണ് പ്രശ്‌നക്കാരാണ് എന്നുള്ള ആരോപണത്തിന് പകരം അവര്‍ ഉന്നയിക്കുന്ന പുതിയ രാഷ്ട്രീയം എന്താണ് എന്ന് മനസിലാക്കാനും, അവര്‍ ഉന്നയിക്കുന്ന പുതിയ അവകാശങ്ങളോട് ക്രിയാത്മകമായി പ്രതിപ്രവര്‍ത്തിക്കാനുമാണ് ഇടത്പക്ഷം ശ്രമിക്കേണ്ടത്.

അല്ലാതെ കേരളത്തിന് വെളിയില്‍ അവര്‍ ദളിത് മൂവ്‌മെന്റിന്റെ അള്‍ക്കാരും കേരളത്തിനകത്ത് അവര്‍ പട്ടികജാതി ക്ഷേമസമിതിയും എന്നുള്ള ഈ നിലയ്ക്കുള്ള സമീപനം ഒട്ടും ആത്മാര്‍ത്ഥതയില്ലാത്തതാണെന്നാണ് എനിക്കി ബോധ്യപ്പെട്ടൊരു കാര്യം.

വര്‍ഷങ്ങളായിട്ട് ആര്‍.എസ്.എസ് വളരെ നേരത്തെ ഛത്തിസ്ഗഢ്, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിജയകരമായി ചെയ്യുകയും ഇപ്പോള്‍ കേരളത്തിനും വളരെ സജീവമായിട്ട് ചെയ്യുന്നൊരു കാര്യമാണ് ആദിവാസികളെ വനവാസികളാക്കി ചിത്രീകരിക്കുകയും വനവാസി കല്യാണ്‍ എന്ന് പറയുന്ന സംഘടനയില്‍ ഇവരെ അണിനിരത്തുകയും എന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രളയത്തിന് ശേഷമുള്ള വയനാടിനെ ചിത്രീകരിക്കാന്‍ പോകുമ്പോള്‍ അവിടത്തെ ഒരു ഊരിലെ കുട്ടികളുടെ എല്ലാം കയ്യില്‍ രാഖി കാണുന്ന തരത്തിലേക്ക് ഒരു പ്രത്യക്ഷ ഹൈന്ദവ വല്‍ക്കരണം നടക്കുന്നു. നമ്മളിപ്പോള്‍ കേള്‍ക്കുന്ന പോലെ കരിന്തണ്ടന്റെ ക്ഷേത്രത്തെ അവര്‍ പൂര്‍ണ്ണമായും ഹൈന്ദവ ക്ഷേത്രമായി മാറ്റാന്‍ ശ്രമിക്കുകയാണ്. ആചാരങ്ങളെ മുഴുവന്‍ നമ്മള്‍ നേരത്തെ പറഞ്ഞ താന്ത്രിക ബ്രാഹ്മണ്യത്തിന്റെ വഴിയിലേക്ക് കൊണ്ടുവരാനായിട്ടുള്ള ഒരു ശ്രമം വളരെ സജ്ജീവമായിട്ട് നടക്കുന്നില്ലേ, അതിനൊരു പ്രതിരോധം ഉള്ളില്‍ നിന്ന് തന്നെ ഉണ്ടായി വരുമോ?

ഇതിനകത്തുള്ള ഒരു പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രവര്‍ത്തന രീതികള്‍ കേവലം ബി.ജെ.പി, ആര്‍.എസ്.എസ് എന്ന് മാത്രം കാണുന്നതില്‍ ഒരു പരിമിതിയുണ്ട്. ഇതിനപ്പുറം സമൂഹത്തിന്റെ ആചാര അനുഷ്ഠാനങ്ങളെ തിരിച്ച് പിടിച്ചു കൊണ്ടും അതിനെ സ്ഥാപിച്ചു കൊണ്ടുമാണ് പലപ്പോഴും ഹിന്ദുത്വത്തിലേക്ക് ആദിവാസി സമൂഹങ്ങളെയും ദളിത് സമൂഹങ്ങളെയും ആകര്‍ഷിച്ച് നിര്‍ത്തുന്നത്. നാഗാലാന്റില്‍ എഴുപതുകള്‍ മുതല്‍ ആരംഭിക്കുന്ന ഒരു പ്രവര്‍ത്തനത്തെക്കുറിച്ച് വിശദമായൊരു പഠനം പുറത്ത് വന്നിട്ടുണ്ട്.

 

അവര്‍ അവിടെ ചെന്നിട്ട് ക്രിസ്തുമത വിശ്വാസികളല്ലാത്ത ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാത്ത ആദിവാസികള്‍ക്കിടയിലാണ് ആര്‍.എസ്.എസ് പ്രവര്‍ത്തിച്ചിട്ടുള്ളത്. അപ്പോള്‍ അവര്‍ അവരുടെ ദൈവങ്ങളെ തന്നെ അവിടെ സ്ഥാപിക്കാനായിട്ടുള്ള ശ്രമം നടത്തുന്നു. പിന്നെ രണ്ടാംഘട്ടത്തില്‍ നിങ്ങളുടെ ദൈവങ്ങളും ഞങ്ങളുടെ ദൈവങ്ങളും സമാനമാണെന്ന പുതിയ പ്രചാരണം അഴിച്ച് വിടുന്നു.

ഒരു ഇരുപത് വര്‍ഷം കഴിയുമ്പോള്‍ ക്രിസ്തുമതത്തിലേക്ക് പോകാതെ നിന്ന നാഗാലാന്റിലെ ആദിവാസികളുടെ ബഹുഭൂരിപക്ഷം പേരുടെ വീടുകളിനകത്ത് സരസ്വതിയും ഭഗവതിയും സ്ഥാനം പിടിച്ചുവെന്ന വിശദമായൊരു പഠനം വരുന്നുണ്ട്. ഈ നിലയ്ക്ക് ജനങ്ങളുടെ വിശ്വാസം എന്ന് പറയുന്ന പ്രധാനപ്പെട്ട സ്ഥലത്താണ് ഇവര്‍ കടന്ന് കയറാന്‍ ശ്രമിക്കുന്നത്.

കേരളത്തില്‍ ഇത് സുസാധ്യമാകുന്നത് കേരളത്തിലെ രാഷ്ട്രീയ കക്ഷികള്‍ക്ക്, ഇടത്പക്ഷമായാലും കോണ്‍ഗ്രസായാലും ഈ പറഞ്ഞ ആദിവാസി മേഖലയില്‍, ആദിവാസികള്‍ എന്ന നിലയില്‍ അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ സമഗ്രമായി മനസിലാക്കുവാനോ അഭിസംബോധന ചെയ്യുവാനോ അത് അനുസരിച്ച് അവരെ ഉള്‍ക്കൊള്ളുവാനോ കഴിഞ്ഞില്ല എന്നിടത്താണ് ഇവര്‍ യഥാര്‍ത്ഥത്തില്‍ പ്രവേശിക്കേണ്ടത്.

ഇതിനെ ഞാന്‍ മനസിലാക്കുന്നത് ഇന്ത്യയ്ക്ക് അകത്തും കേരളത്തിനകത്തും ഹിന്ദുത്വ രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്താന്‍ കഴിയുന്ന ഓരേ ഒരു വിഭാഗം ദളിതരും ആദിവാസികളും പിന്നോക്ക സമുദായത്തിലുള്ളവരുമാണ്. അവര്‍ പിന്‍മടങ്ങിയാല്‍ മാത്രമേ ഇവര്‍ ദുര്‍ബലപ്പെടാന്‍ പോകുന്നുള്ളൂ. ഇപ്പോള്‍ ഈ ശബരിമല പ്രശ്‌നത്തില്‍ പിന്നോക്ക നേതൃത്വവും പട്ടികജാതി നേതൃത്വവും കൂടി അതിനോട് ഇടഞ്ഞതോടെ യഥാര്‍ത്ഥത്തില്‍ വലിയൊരു തിരിച്ചടിയെ നേരിടുകയാണ്. ഒരു സംശയവുമില്ലാത്ത കാര്യമാണ്.

 

 

ആദിവാസികള്‍ക്കിടയില്‍ നിന്നും തന്നെ ഉണ്ടാകുന്ന ഒരു പ്രതിരോധപ്രസ്ഥാനം, ഇപ്പോള്‍ ഗോത്രമഹാസഭ ആ നിലയ്ക്ക് ആദ്യഘട്ടത്തില്‍ വളരെ സജ്ജീവമായി മുന്നോട്ട് വന്ന ഒരു മൂവ്‌മെന്റായിരുന്നു. ഇത്തരം സംഗതികളെ മുഴുവന്‍ മറികടന്ന് ഈ ഹിന്ദുത്വ രാഷ്ട്രീയത്തെ സ്ഥാപിക്കാന്‍ വലിയൊരു അന്തരീക്ഷം രാഷ്ട്രീയമായ അനുകൂലമായ ഒരു അന്തരീക്ഷം ഹിന്ദുത്വ ശക്തികള്‍ക്കുണ്ടെന്നാണ്.

എങ്കിലും ഞാന്‍ മനസ്സിലാക്കിയിടത്തോളം ഈ ഹിന്ദുത്വ രാഷ്ട്രീയത്തെ പരാജയപ്പെടുത്താനായിട്ട് ഈ പറയുന്ന ആദിവാസി വിഭാഗങ്ങളില്‍ നിന്ന് തന്നെ നടത്തുന്ന മൂവ്‌മെന്റുകള്‍ക്കേ അതിനുള്ള സാദ്ധ്യതയുള്ളൂ, അതുകൊണ്ട് നമ്മള്‍ ജനാധിപത്യവാദികള്‍ ചെയേണ്ട ഒരു കാര്യം അത്തരം മൂവ്‌മെന്റുകള്‍ക്ക് പരമാവതി സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നൊരു സമീപനത്തിലേക്ക് വരണം.

പക്ഷേ കേരളത്തിലെ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ഇടത്പക്ഷ പ്രസ്ഥാനങ്ങളായാലും വലതുപക്ഷ പ്രസ്ഥാനങ്ങളായാലും ആദിവാസികള്‍ സ്വന്തം നിലയില്‍ ഒരു മൂവ്‌മെന്റ് നടത്തിയാല്‍ അത് അപകടമാണെന്ന് പ്രചരിപ്പിക്കുന്നവരാണ്. അവര്‍ ആ സമീപനം തിരുത്തണം. അവര്‍ സ്വന്തമായി സംസാരിച്ച് തുടങ്ങുന്ന മൂവ്‌മെന്റുകളെ പ്രോത്സാഹിപ്പിക്കുവാനും അവരുമായി ഒരു സംഭാഷണം സ്ഥാപിക്കുവാനുമാണ് യഥാര്‍ത്ഥത്തില്‍ ശ്രമിക്കേണ്ടത്. അങ്ങനെ ശ്രമിച്ചാല്‍ ഈ പറയുന്ന ഹിന്ദുത്വവല്‍ക്കരണത്തെ തടയാന്‍ കഴിയും.

ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു ചോദ്യം ചോദിച്ചോട്ടെ. കേരളത്തില്‍ യുക്തിവാദം എന്നുള്ളത് ഒരുതരത്തില്‍ ഹൈന്ദവതയുടെ കൂട്ടിച്ചേര്‍ക്കലിലേക്ക് മാറുന്ന തരത്തിലേക്ക് പ്രവര്‍ത്തിക്കുന്നുണ്ടോ..ഇപ്പോള്‍ അവസാനമായി പറയുകയാണെങ്കില്‍ നജ്മല്‍ബാബുവായ് മാറിയ ടി.എന്‍.ജോയിയുടെ ശവസംസ്‌കാരത്തെ യുക്തിവാദം അതിന്റെ ഒരു തരത്തില്‍ അതിന്റെ ഹൈന്ദവ ലോജിക് കൊണ്ട്, നജ്മല്‍ബാബുവിനെ ടി.എന്‍.ജോയ് ആക്കി മാറ്റി ഘര്‍വാപ്പസി നടത്തി സംസ്‌കരിക്കുന്ന ഒരു അവസ്ഥ വരുന്ന ഒരു തരത്തിലേക്ക് നമ്മുടെ യുക്തിവാദം പോയിട്ടുണ്ടോ.. എന്താണ് താങ്ങളുടെ അഭിപ്രായം?

ഇന്ത്യയിലെ യുക്തിവാദപ്രസ്ഥാനം അതിന്റെ അടിസ്ഥാനമായിട്ടുളള സംഭവം അതിന്റെ യുക്തികളും അതിന്റെ രീതികളും യഥാര്‍ത്ഥത്തില്‍ വളര്‍ത്തിയെടുത്തിരിക്കുന്നത് നമ്മളെല്ലാവരും തുല്യപൗര്‍ന്മാരാണ് എന്നൊരു സംഗതിയില്‍ നിന്നാണ് പ്രമേയം ആരംഭിക്കുന്നത്. പിന്നെ മാത്രവുമല്ല രണ്ടാമത്തെ അവരുടെ പ്രമേയം എന്ന് പറയുന്നത് മനുഷ്യന്‍ യുക്തി കൊണ്ട് സമ്പൂര്‍ണ്ണമാണ് വേറെ ഒന്നും തന്നെ മനുഷ്യനെ സംബന്ധിച്ച് ആവശ്യമില്ലാത്തതാണ്.

ഈ രണ്ട് കാര്യങ്ങളെ സംബന്ധിച്ചിടത്തില്‍ നിന്നാണ് അവരുടെ വാദം ആരംഭിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് ഹിന്ദുത്വ രാഷ്ട്രീയത്തെ സഹായിക്കുന്നു എന്ന നിഗമനത്തിലേക്കാണ് എപ്പോഴും വന്ന് വീഴുക. ഒരു ഉദാഹരണം പറയാം, ഈ പറയുന്ന നജ്മല്‍ബാബുവിന്റെ കേസില്‍, ഹിന്ദുത്വഭീകരതയുടെ കാലഘട്ടത്തില്‍ ഒരു രാഷ്ട്രീയ വ്യക്തി എന്ന നിലയില്‍ അദ്ദേഹം എടുത്ത രാഷ്ട്രീയ തീരുമാനമാണ് ഇസ്ലാം മതം സ്വീകരിക്കുക എന്നത്. ചരിത്ര പ്രസിദ്ധമായ ചേരമാന്‍ പള്ളിയില്‍ അടക്കം ചെയ്യണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ രാഷ്ട്രീയ തീരുമാനമാണ്.

 

ടി.എന്‍.ജോയ് എന്ന് വിളിക്കപ്പെട്ട നജ്മല്‍ബാബുവിനോട് ഏതെങ്കിലും തരത്തില്‍ നമുക്കൊരു ആത്മാര്‍ത്ഥയുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ തീരുമാനത്തോട് വിയോജിച്ച് കൊണ്ട് തന്നെ നമുക്ക് അദ്ദേഹത്തോട് ഐക്യപ്പെടാവുന്നതാണ്. ജനാധിപത്യം അതൊക്കെയാണ് നമ്മെ പഠിപ്പിക്കുന്നത്. പക്ഷേ ഇവര്‍ ചെയ്ത ഒരു കാര്യം എന്താണെന്ന് വച്ചാല്‍ ഇദ്ദേഹം എന്തോ കുറ്റകൃത്യം ചെയ്തിരിക്കുന്നു എന്ന നിലയ്ക്കാണ് നിഗമനത്തില്‍ അവര്‍ എത്തിച്ചേരുന്നത്. ഈ കുറ്റകൃത്യം അത് ഇസ്ലാം മതമായതുകൊണ്ട് മാത്രം സംഭവിക്കുന്ന കാര്യമാണ്. ഇസ്ലാമിനോടുള്ള ഈ ഒരു വിരോധം നമ്മുടെ സെക്കുലാര്‍ ബോധത്തിന്റെ മുഖമുദ്രയായിട്ടു തന്നെ കാണാം.

ആ മുഖമുദ്രയാണ് നജ്മല്‍ബാബുവിന്റെ കാര്യത്തില്‍ അവിടെ വിജയിച്ചത് എന്നാണ് എനിക്കി തോന്നുന്നത്. അതുകൊണ്ട്, ഈ രണ്ടാമതൊരു കാര്യം എല്ലാ പൗരന്മാരും തുല്യമാണ് നമുക്കിടയില്‍ വിവേചനമില്ലെന്നൊരു യുക്തിസഹജമായിട്ടുള്ള കാര്യത്തിനകത്ത് ജീവിക്കുന്നവര്‍ക്ക് സംവരണം എന്ന തത്ത്വത്തെ ഒരിക്കല്‍ പോലും അംഗീകരിക്കാന്‍ കഴിയില്ല. കാരണം അത് നമ്മള്‍ യഥാര്‍ത്ഥത്തില്‍ തത്ത്വത്തില്‍ തുല്യരായിരിക്കെ തന്നെ ജീവിതാവസ്ഥയില്‍ ജീവിക്കുന്നതിനകത്ത് നമ്മള്‍ എത്രമാത്രം അസമാനമാണ് എന്നൊരു യാഥാര്‍ത്ഥ്യത്തിലേക്ക് അവര്‍ക്ക് പോകാനേ പറ്റില്ല.

കേരളത്തിനകത്തെ സ്വതന്ത്രചിന്താഗതിയുടെ ചര്‍ച്ചാവേദിയൊക്കെ സംവരണം എന്നതില്‍ നെടുകെയും കുറുകെയും പിളര്‍ന്നിട്ടുണ്ടെന്ന് നമ്മള്‍ അറിയണം. ഈ അടുത്തക്കാലത്ത് സംഭവിച്ചൊരു കാര്യമാണ്. സംവരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട എന്ന് തന്നെ നിലപാടുളള ശുദ്ധയുക്തിവാദികളുണ്ട്. അവര്‍ ശുദ്ധഹൈന്ദവാദികളായി പരിവര്‍ത്തനപ്പെടുമ എന്ന് തന്നെയാണ് ഞാന്‍ പറയുന്നത്.

 ഒരു കാര്യം കൂടി. ഇന്ത്യ മുഴുവന്‍ ആര്‍.എസ്.എസ്, അല്ലെങ്കില്‍ അതിഹൈന്ദവത എല്ലാക്കാലത്തും ശ്രമിച്ചൊരു കാര്യം എന്ന് പറയുന്നത് ജനമനസ്സിലേക്ക് ഒരു പ്രതിപക്ഷ പ്രസ്ഥാനത്തുള്ള മുസ്ലീം സമുദായത്തെ പ്രതിഷ്ഠിക്കുക എന്നുള്ളതാണ്. കേരളത്തില്‍ ഇപ്പോള്‍ നോക്കുമ്പോള്‍ അത് വളരെ വിജയകരമായി നടപ്പാക്കാന്‍ ഈ ഹൈന്ദവ ശക്തികള്‍ക്ക് കഴിഞ്ഞെന്ന് തോന്നുന്നു.

തീര്‍ച്ചയായും, ഹിന്ദു എന്നത് ഏകതാനമായ ഒരു സമൂഹമല്ല, അത് ആഭ്യന്തരമായ വലിയ ശിഥിലീകരണ പ്രവണതയുള്ളതും ആക്രമണപ്രത്യാക്രമണ സാധ്യതയുള്ളതുമായ ഒരു സോഷ്യല്‍ എന്റിറ്റിയാണ് ഹിന്ദു എന്നുള്ളത്. അപ്പോള്‍ ഇവര്‍ക്കിടയില്‍ ഒരു ഐക്യം രൂപംകൊള്ളണമെങ്കില്‍ പുറത്തൊരു ശത്രുവിനെ നിര്‍മ്മിക്കേണ്ടതുണ്ട് എന്നുള്ളത് അവര്‍ക്കിടയില്‍ തുടക്കം മുതലേയുള്ള ഒരു സിദ്ധാന്തമാണ്. 1924ല്‍ നാഗ്പൂരിലാണ് ആര്‍.എസ്.എസ് രൂപം കൊള്ളുന്നത്.

 

ഈ നാഗ്പൂര്‍ ഒരിക്കലും ഒരു മുസ്ലീം ഏരിയായിരുന്നില്ല. നാഗ്പൂര്‍ ശരിക്കും പറഞ്ഞാല്‍ ദളിത് മൂവ്‌മെന്റിന്റെ ഏരിയായിരുന്നു, അബേദ്കറിന്റെ ഏരിയയായിരുന്നു. അന്ന് ആര്‍.എസ്.എസ് രൂപീകരിക്കുമ്പോള്‍ അവര്‍ പറയുന്ന ഒരു കാര്യം അബ്രാഹ്മണപ്രസ്ഥാനത്തെ അപ്രസക്തമാക്കുന്നതിന് വേണ്ടിയിട്ടാണെന്നാണ്. എന്ന് പറഞ്ഞാല്‍ ജാതിവ്യവസ്ഥയ്ക്ക് ദോഷകരമാകുന്ന രീതിയില്‍ ഒരു മൂവ്‌മെന്റ് ഇതാ ഉയര്‍ന്നു വന്നിരിക്കുന്നു. നമുക്കിടയിലുള്ള ഐക്യം ഇതാ തകര്‍ന്നിരിക്കുന്നു. ബ്രാഹ്മണരെ ചോദ്യം ചെയ്യുന്ന മൂവ്‌മെന്റിതാ ഉണ്ടായിരിക്കുന്നു ഇതിനെ റദ്ദ് ചെയ്യാനാണ് യഥാര്‍ത്ഥത്തില്‍ ഈ ആര്‍.എസ്.എസ് ഉണ്ടാകുന്നത്.

പിന്‍ക്കാലത്താണ് അവര്‍ക്ക് മനസിലാകുന്ന ഒരു കാര്യം ഈ ജനതയെ ഐക്യപ്പെടുത്താന്‍ കഴിയണമെങ്കില്‍ പുറത്തൊരു ശത്രുവിനെ നിര്‍മ്മിക്കേണ്ടതുണ്ട് എന്നത്. അപ്പോള്‍ ആ ഘട്ടം മുതല്‍ തന്നെ ഇവര്‍ മുസ്ലീം വിരോധം ഇന്ത്യയുടെ നാശത്തിന്റെ സാമൂഹികമായ എല്ലാ നാശത്തിന്റെയും ഏക കാരണം മുസ്ലീംകളുടെ സാന്നിധ്യമാണെന്നുള്ള വമ്പന്‍ പ്രചാരണം അവര്‍ നടത്തിയിട്ടുണ്ട്. കേരളത്തില്‍ ഒരു പക്ഷേ അത് അങ്ങനെ വിലപ്പോകില്ലായിരുന്നു. വിലപ്പോകില്ല എന്ന പറയാന്‍ രണ്ട് കാരണങ്ങളുണ്ട്.

ഒന്ന് കേരളത്തില്‍ സമുദായം എന്നത് വളരെ പ്രബലമാണ്. സമുദായം എന്നത് മാര്‍ക്‌സിസ്റ്റുകള്‍ പറയുന്നതുപോലെ പുരാതനമായ ഒരു കാര്യമല്ല. ഇറ്റ്സ് എ കണ്ടംപററി കണ്‍സ്ട്രക്റ്റ്. അത് സമകാലീനമായി നിര്‍മ്മിച്ചെടുത്തൊരു കാര്യമാണ്. സമുദായത്തിന് എല്ലാ സോഷ്യല്‍ ഇന്റിറ്റിയേയും പോലെ തന്നെ ദോഷവശങ്ങളും ഉണ്ടാകാം. എങ്കിലും കേരളീയ സമൂഹം കണ്ടെടുത്ത വിമോചനത്തിന്റെ പ്രധാനപ്പെട്ട മാര്‍ഗ്ഗങ്ങളിലൊന്നാണ് സമുദായ രൂപീകരണം എന്നു പറയുന്ന കാര്യം. ഈ ഹിന്ദു വിഭാഗത്തിലെ വ്യത്യസ്ത വിഭാഗങ്ങള്‍ സമുദായങ്ങളായ് രൂപീകരിക്കപ്പെട്ടതോടെ എല്ലാ തരത്തിലും ഹിന്ദു എന്ന ബോധം ദുര്‍ബലപ്പെട്ട സ്ഥലമാണ് കേരളം.

 

അതുകൊണ്ടാണ് ആര്‍.എസ്.എസിന് ക്ഷിപ്രസാധ്യം അല്ലാത്തത്. ശരിക്കും മാര്‍ക്സിസ്റ്റുകളൊക്കെ പറയുന്നത് ഞങ്ങള്‍ ഇവിടെ ഉള്ളതുകൊണ്ടാണെന്നാ, അവര്‍ ഇവിടെ ഉള്ളതുകൊണ്ടല്ല. സമുദായങ്ങള്‍ ഉള്ളതുകൊണ്ടാണ് ഇത് സാധ്യമാകുന്നത്. ഇപ്പോള്‍ തന്നെ ഈ മൂവ്‌മെന്റിനെ ആരാ യഥാര്‍ത്ഥത്തില്‍ വെല്ലുവിളിച്ചത്, വെള്ളാപ്പള്ളി നടേശനാണ് ഈ മൂവ്‌മെന്റിനെ വെല്ലുവിളിച്ചത്. പുന്നല ശ്രീകുമാറാണ് വെല്ലുവിളിച്ചത്. അവര്‍ക്കെ അതിന് പറ്റത്തുള്ളൂ, അതാണ് അതിന്റെ കാര്യം.

കമ്മ്യൂണിസ്റ്റുകാരൊന്നും വെല്ലുവിളിച്ചാല്‍ നില്‍ക്കില്ലിത്. മറിച്ച് ഇതിനകത്തു തന്നെ ഉണ്ട് എന്ന് തന്നെ സങ്കല്‍പ്പിക്കപ്പെടുന്ന വിഭാഗങ്ങള്‍ പിറകോട്ട് മാറുമ്പോഴാണ് അവര്‍ ദുര്‍ബലപ്പെടുന്നത്. ഇങ്ങനെ ഈ ആര്‍.എസ്.എസിന് കടന്ന് കയറാന്‍ പറ്റാത്ത രീതിയില്‍ തടസ്സമായിട്ട് ഈ സമുദായങ്ങള്‍ ഇവിടെ ഉണ്ടായിട്ടുള്ളത്.

രണ്ടാമതൊരു കാര്യം പുരാതനമായ ചരിത്രമുള്ള മുസ്ലീം വിഭാഗം ഇവിടെ ഉണ്ടായിരുന്നു. അതിലകത്തൊരു എലീറ്റ് ക്ലാസുണ്ട്. അവര്‍ക്ക് ദേശീയ പ്രസ്ഥാനമായും കേരളത്തിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് കൊണ്ട് രാഷ്ട്രീയ നേതൃത്വവും ഉണ്ടായിരുന്നു. അവര്‍ ഒരുപക്ഷേ മിതവാദികളായിട്ടുള്ള, ഒരുപക്ഷേ ജനാധിപത്യ രാഷ്ട്രീയവുമായി ബന്ധപ്പെടാന്‍ കഴിയുന്ന വിധം പക്വമായ രാഷ്ട്രീയ നിലപാടുകള്‍ കൈക്കൊള്ളുന്ന മുസ്ലീം ലീഗ് എന്ന പാര്‍ട്ടിയും ഈ പറയുന്ന ആര്‍.എസ്.എസിന്റെ നുഴഞ്ഞു കയറ്റത്തെ പ്രതിരോധിച്ചിട്ടുള്ള പ്രധാനഘടകങ്ങളില്‍ ഒന്നാണ്. ഇങ്ങനെ പല കാരണങ്ങളാലാണ് ഈ ഹിന്ദുത്വ രാഷ്ട്രീയത്തിന് കടന്നുവരാന്‍ കഴിയാതെയിരുന്നത്.

ഇങ്ങനെയുള്ളൊരു സംഗതികകത്ത് മുന്നണി രാഷ്ട്രീയം രൂപം കൊള്ളുന്നതോടെ, കേരളത്തിലെ മുന്നണി രാഷ്ട്രീയം എന്ന് പറഞ്ഞാല്‍ ചില രാഷ്ട്രീയ പാര്‍ട്ടികളുടെ മുന്നണികളാണെന്ന് പ്രത്യക്ഷത്തില്‍ നമുക്ക് തോന്നാമെങ്കിലും അത് ചില സമുദായങ്ങളുടെ ഇടപാടാണ്.

പ്രബലമായ ചില സമുദായങ്ങളാണ് അതിന്റെ അടിത്തറയായി നില്‍ക്കുന്നത,. ക്രിസ്ത്യന്‍ വിഭാഗമാകാം നായര്‍ വിഭാഗമാകാം ഈ പറയുന്ന എസ്.എന്‍.ഡി.പിയാകാം മുസ്ലീമാകാം അങ്ങനെ സംഘടിത സമുദായങ്ങളുടെ ഒരു കൊടുക്കല്‍ വാങ്ങലാണ് ഈ മുന്നണി രാഷ്ട്രീയത്തില്‍ യഥാര്‍ത്ഥത്തില്‍ നടന്ന് വരുന്നത്. നമ്മള്‍ അത് കൃത്യമായി കാണേണ്ടതാണ്. ഈ കൊടുക്കല്‍ വാങ്ങലിനകത്ത് നഷ്ടപ്പെട്ട് പോയ, അധികാരം കിട്ടാതെ പോയ, സമ്പത്ത് കിട്ടാതെ പോയ വലിയൊരു വിഭാഗം ഇവിടെയുണ്ട് അത് മത്സ്യത്തൊഴിലാളികള്‍, ദളിതര്‍, ആദിവാസികള്‍ തുടങ്ങിയ വിഭാഗങ്ങളാണ്.

 

നമ്മള്‍ നോക്കിയാല്‍ ഈ ആര്‍.എസ്.എസ് ആദ്യമായി പിടിമുറുക്കുന്നൊരു സ്ഥലം ധീവരരാണ്. ഈ ധീവരരെ പിടിമുറുക്കാന്‍ അവര്‍ക്ക് കഴിഞ്ഞത് ധീവരര്‍ക്കിടയില്‍ നവോത്ഥാന പ്രവര്‍ത്തനം നടക്കാത്തതുകൊണ്ടൊന്നുമല്ല. പണ്ഡിറ്റ് കറുപ്പന്റെ നേതൃത്വത്തില്‍ വലിയൊരു നവോത്ഥാനം നടന്നൊരു സ്ഥലമാണ് ധീവര സമുദായം എന്ന് പറയുന്നത്. പക്ഷേ ധീവരര്‍ മുന്നണി രാഷ്ട്രീയത്തില്‍ അവഗണിക്കപ്പെട്ട വിഭാഗമായിരുന്നു എന്നതുകൊണ്ടാണ് ധീവരര്‍യിലേക്ക് ആര്‍.എസ്.എസിന് കടന്ന് കയറാന്‍ കഴിഞ്ഞത്.

ഇപ്പോള്‍ സി.കെ ജാനുവൊക്കെ എന്‍.ഡി.എ യിലേക്ക് പോകുന്നത് സി.കെ ജാനു എന്തോ വലിയ തെറ്റു ചെയ്തു എന്ന തരത്തിലാണ് നമ്മള്‍ പലരും കാണാറുള്ളത്. ഞാന്‍ പറയുന്നത് ഇടത്പക്ഷവും വലത്പക്ഷവും കൂടി നടത്തിയ നിരന്തരമായ വഞ്ചനകളാണ് യഥാര്‍ത്ഥത്തില്‍ സി.കെ ജാനുവിനെ കൊണ്ട് ഇങ്ങനെ ഒരു തീരുമാനം എടുപ്പിക്കുന്നത് എന്നാണ് ഞാന്‍ മനസിലാക്കുന്ന ഒരു കാര്യം.

ഇങ്ങനെ ഈ മുന്നണി രാഷ്ട്രീയത്തില്‍ ഇടംകിട്ടാതെ പോയ വിഭാഗങ്ങള്‍ക്കകത്തേക്കാണ് യഥാര്‍ത്ഥത്തില്‍ ഈ പറയുന്ന ഈ ആര്‍.എസ്.എസിന്റെ ഹിന്ദുത്വ രാഷ്ട്രീയ ശക്തികള്‍ കടന്ന് വന്നത്. അപ്പോള്‍ കേരളത്തിലെ പ്രബലമായ എസ്.എന്‍.ഡി.പി അടക്കമുള്ളവര്‍ അതിന് അനുകൂലമായൊരു നിലപാട് എടുത്തതോടെയാണ് യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ ഈ എന്‍.ഡി.എ എന്ന് പറയുന്ന സംഗതി രാഷ്ട്രീയമായി വലിയൊരു ശക്തിയായ മാറിയിട്ടുള്ളത്.

ശ്രീജിത്ത് ദിവാകരന്‍
മാധ്യമ പ്രവര്‍ത്തകന്‍, ഡൂള്‍ന്യൂസ് മുന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍. പത്ര, ദൃശ്യ മാധ്യമങ്ങളിലായി 19 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍ ടി.വി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.