| Friday, 19th April 2019, 5:05 pm

തെരഞ്ഞെടുക്കപ്പെടാന്‍ പോകുന്ന ഇന്ത്യ; സണ്ണി എം കപിക്കാട് സംസാരിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

നരേന്ദ്രമോദിയുടെ കീഴിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ അതിന്റെ കാലാവധി പൂര്‍ത്തിയാക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങിക്കഴിഞ്ഞു. ഏപ്രില്‍ 23 നാണ് കേരളം പോളിംഗ് ബൂത്തിലേക്ക് പോകുന്നത്. നിര്‍ണായകമായ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും അധികം ചര്‍ച്ചയാകുന്ന ദളിത്-ആദിവാസി രാഷ്ട്രീയത്തെക്കുറിച്ചും കേരളത്തിലെ രാഷ്ട്രീയസാഹചര്യങ്ങളെക്കുറിച്ചും സാമൂഹിക-രാഷ്ട്രീയചിന്തകനും പ്രഭാഷകനുമായ സണ്ണി എം കപിക്കാട് സംസാരിക്കുന്നു…

ഈ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പിയുടെ സ്വാധീനം വര്‍ധിക്കാന്‍ സാധ്യതയുണ്ടോ?

ബി.ജെ.പിയുടെ വോട്ട് ബാങ്ക് വര്‍ധിച്ചു വരുന്നുണ്ട്. ശബരിമല വിഷയത്തിന് മുന്‍പ് തന്നെ അത് വര്‍ധിക്കുന്നുണ്ട്. ഒരുപക്ഷെ എല്‍.ഡി.എഫ്-യു.ഡി.എഫ് എന്ന സംവിധാനത്തില്‍ ചുറ്റിക്കറങ്ങിയിരുന്ന രാഷ്ട്രീയ അധികാരത്തില്‍ പുറത്തുപോയവരോ മനംമടുത്തു പോയവരോ ആയ വലിയ വിഭാഗം ആളുകള്‍ ബി.ജെ.പി എന്ന പാര്‍ട്ടിയെ ആശ്രയിക്കുന്ന ഒരു സ്ഥിതിവിശേഷം നിലനില്‍ക്കുന്നുണ്ട്.

ഈ തെരഞ്ഞെടുപ്പില്‍ കേരളത്തിലേയും ജനാധിപത്യവാദികളുടെ മുന്‍പില്‍, പൗരന്റെ മുന്നിലുള്ള പ്രധാനപ്പെട്ട ഒരു കാര്യം ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നത് തന്നെയാണ്. അവരുടെ വോട്ട് ഷെയര്‍ കുറയ്ക്കുക എന്നത് തന്നെയാണ്.

ശബരിമലയുള്‍പ്പടെയുള്ള വിഷയത്തില്‍ വിവിധ രാഷ്ട്രീയകക്ഷികള്‍ എടുത്ത നിലപാടുകള്‍ തെരഞ്ഞെടുപ്പില്‍ വിലയിരുത്തപ്പെടാന്‍ സാധ്യതയുണ്ടോ?

ഒരുപക്ഷെ ശബരിമലയുമായി ബന്ധപ്പെട്ട പൗരബോധത്തിന്റേയും ഭരണഘടനാ ധാര്‍മ്മികതയുടേയും ജനാധിപത്യമൂല്യങ്ങളുടേയും നവോത്ഥാനത്തിന്റേയും വക്താക്കള്‍ ഞങ്ങളാണെന്ന് ആവര്‍ത്തിച്ചുറപ്പിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞിരുന്നെങ്കില്‍ കോണ്‍ഗ്രസിന് ഇപ്പോഴുള്ള മുന്‍കൈ തീര്‍ച്ചയായും ഇടതുപക്ഷത്തിന് കിട്ടുമായിരുന്നെന്നതില്‍ ഒരു തര്‍ക്കവുമില്ല.

അടുത്ത കാലത്ത് ഉയര്‍ന്നുവന്ന ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ സംഭവവികാസമെന്ന നിലയില്‍ ശബരിമല തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല.

ഇടതുപക്ഷ ജനാധിത്യമുന്നണിയുടെ സര്‍ക്കാര്‍ ഭരിക്കുന്ന കാലത്ത് ശബരിമല വിഷയവുമായി ബന്ധപ്പെട്ട വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനവും അതിന്റെ ചില പ്രാഥമികമായ നടപടി ക്രമങ്ങളും വളരെ വലിയ ഒരു ആവേശം ജനാധിപത്യ-മതേതര പൗരന്‍മാര്‍ക്കിടയില്‍ ഉണ്ടാക്കിയിരുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

ദളിത്-ആദിവാസി വിഭാഗങ്ങളില്‍ നിന്ന് വലിയൊരു പിന്തുണയും ഇടതുപക്ഷത്തിന് അനുകൂലമായി രൂപപ്പെട്ടിരുന്നു. എന്നാല്‍ ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന നവോത്ഥാന പാരമ്പര്യങ്ങള്‍, ഭരണഘടനാധാര്‍മ്മികത, ഭരണഘടനാമൂല്യങ്ങള്‍ തുടങ്ങിയവയെ അവര്‍തന്നെ കൈയൊഴിയുകയോ റദ്ദാക്കുകയോ ചെയ്യുന്ന ഒരു സാഹചര്യമുണ്ടാവുകയും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട് കഴിഞ്ഞപ്പോള്‍ എല്ലാ തവണയും ചെയ്യുന്നത് പോലുള്ള നീക്കുപോക്കുകളിലൂടെ സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കം അവര്‍ നടപ്പിലാക്കിയതോടെ ഈ രൂപപ്പെട്ട് വന്ന പിന്തുണ അവര്‍ക്ക് നഷ്ടമായിട്ടുണ്ട് എന്നതാണ് സംഭവിച്ചിരിക്കുന്നത്.

ഈ പറയുന്ന മത ശക്തികള്‍ക്കും സംഘടിത സമുദായശക്തികളുടേയും മുന്നില്‍ എല്ലാ തവണയും തെരഞ്ഞെടുപ്പിനെ എങ്ങനെയാണ് നേരിടുന്നത് ആ ശൈലി തന്നെ അവര്‍ ആവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഗുണപരമായി മറ്റുള്ള മുന്നണികളില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും അവകാശപ്പെടാന്‍ തെരഞ്ഞെടുപ്പ് മണ്ഡലത്തില്‍ ഇടതുമുന്നണിയ്ക്ക് പറ്റില്ല എന്നതാണ് കാര്യം.

നായര്‍ കമ്മ്യൂണിറ്റിയില്‍ നിന്ന് ഇടതുപക്ഷത്തിന് ആറ് സ്ഥാനാര്‍ത്ഥികളാണുള്ളത്. കോണ്‍ഗ്രസിന്റെ ലിസ്റ്റിലും ആറ് പേരാണുള്ളത്. ബി.ജെ.പിയുടെ ലിസ്റ്റിലും ആറ് പേരാണുള്ളത്. അങ്ങനെയിരിക്കെ എന്താണ് മൂന്നുമുന്നണികളിലും വ്യത്യസ്തമായിട്ടുള്ളത് എന്ന ചോദ്യമുണ്ട്.

സ്ത്രീകളുടെ പ്രാതിനിധ്യം നന്നെ കുറവാണ്. സമാനമായി പട്ടികജാതി-പട്ടികവര്‍ഗ സാന്നിധ്യവും മൂന്ന് മുന്നണികളുടേയും സ്ഥാനാര്‍ത്ഥി പട്ടികയിലില്ല. രണ്ട് സീറ്റില്ലാതെ കൂടുതല്‍ സീറ്റ് കൊടുക്കാന്‍ ആരും തയ്യാറായിട്ടില്ല. ഇതൊക്കെ തകര്‍ക്കാന്‍ പറ്റിയ അന്തരീക്ഷമാണ് നവോത്ഥാന ഭരണഘടനാമൂല്യങ്ങളുടെ ചര്‍ച്ചയിലൂടെ കേരളത്തില്‍ രൂപപ്പെട്ടുവന്നത്. ആ ഒരു പുതിയ ഉണര്‍വിനെ രാഷ്ട്രീയമായി സ്വാംശീകരിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല എന്നത് അവര്‍ക്ക് പുറകോട്ട് പോകാന്‍ വന്‍രീതിയില്‍ കാരണമായിട്ടുണ്ട് എന്നാണ് ഞാന്‍ വിചാരിക്കുന്നത്.

ശബരിമല വിഷയത്തിന് പ്രതികൂലമായി നിലപാട് എടുത്തവരാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ജയിക്കുന്നത് യഥാര്‍ത്ഥത്തില്‍ ബി.ജെ.പിയുടെ ബി ടീം ജയിക്കുന്നതിന് തുല്യമാണ് എന്ന് തന്നെയാണ് പറയുന്നത്. പക്ഷെ വേറൊരു കാര്യം നമ്മള്‍ കാണുന്നത് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നാണ് മത്സരിക്കുന്നത്, അദ്ദേഹം ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണമെന്ന് അഭിപ്രായമുള്ള ഒരാളായിരുന്നു.

കേരളത്തിലെ രാഷ്ട്രീയസ്ഥിതി കാരണമാണ് ഇവിടെ ഇങ്ങനെ ഒരു നിലപാട് എടുത്തത് എന്ന് തുറന്നുപറഞ്ഞയാളാണ് രാഹുല്‍ ഗാന്ധി. അതുകൊണ്ട് ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സ്വീകരിച്ചത് കോണ്‍ഗ്രസിന്റെ ദേശീയ നയമാണ് എന്നൊന്നും നമ്മള്‍ വിചാരിക്കേണ്ടതില്ല.

പക്ഷെ ഇപ്പോള്‍ നമ്മള്‍ അകപ്പെട്ടിരിക്കുന്ന പ്രതിസന്ധി എന്ന് പറഞ്ഞാല്‍ ഈ രണ്ട് കൂട്ടരെ തെരഞ്ഞെടുക്കുകയെന്നതല്ലാതെ മറ്റുവഴിയില്ലെന്നാണ്. അതായത് ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്ന സ്ഥിതി നമുക്ക് മുന്നില്‍ വന്നിട്ടുണ്ട് എന്നതാണ്. മുസ്‌ലിം ലീഗിന്റെ കൊടിയുമായി ബന്ധപ്പെട്ടിട്ടുള്ള വിഷയത്തില്‍ യു.ഡി.എഫ് നേതാക്കള്‍ ലീഗ് നേതാക്കളോട് രഹസ്യമായി പറഞ്ഞിട്ടുള്ള കാര്യം നിങ്ങള്‍ കൊടി കൊണ്ടുവരരുതെന്നാണ്. അല്ലാതെ നിങ്ങള്‍ കൊടി കൊണ്ടുവരൂ അത് നിങ്ങളുടെ അന്തസിന്റെ ചിഹ്നമാണെന്നല്ല കോണ്‍ഗ്രസ് പറഞ്ഞത്.

എന്ന് പറഞ്ഞാല്‍ അവരുടെ ഭീഷണിയ്ക്ക് ഇവര്‍ വഴങ്ങുന്നു എന്നാണ് നമ്മള്‍ മനസിലാക്കേണ്ടത്. അതായത് ഏത് പോയന്റിലാണ് സംഘപരിവാറിനെ പ്രതിരോധിക്കേണ്ടത് എന്നതില്‍ ഒരു വ്യക്തതയും ഈ പ്രതിപക്ഷകക്ഷികള്‍ക്കിടയില്‍ ഇല്ല എന്നതാണ് അതിന്റെ കാര്യം.

സി.പി.ഐ.എമ്മിനോട് വൈരുധ്യമുള്ള ഒരു വലിയ വിഭാഗമുണ്ട്. കൊലപാതക രാഷ്ട്രീയവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളില്‍ പ്രതിപട്ടികയിലുള്ളത് സി.പി.ഐ.എമ്മാണ്. ആ സമയത്താണ് ജയരാജനെ പോലൊരാള്‍ സ്ഥാനാര്‍ത്ഥിയാകുന്നത്. അതുണ്ടാക്കിയിട്ടുള്ള അസ്വാരസ്യങ്ങള്‍ ഒരു വശത്തിലൂടെ ഉയര്‍ന്നുവന്നിട്ടുണ്ട്.

അതേസമയം തന്നെ സമാന ക്രിമിനാലിറ്റിയുള്ള സുധാകരന്റെ കാര്യം അങ്ങനെ ചര്‍ച്ചയാകുന്നില്ല. സുധാകരന്‍ ക്രിമിനലാണെന്നോ അദ്ദേഹത്തിന്റെ ക്രിമിനല്‍ പശ്ചാത്തലമോ ഒന്നും ചര്‍ച്ചയാകുന്നില്ല.

കേരളത്തിലെ ദളിത് ബഹുജന്‍ രാഷ്ട്രീയത്തിന് ഈ തെരഞ്ഞെടുപ്പിലുള്ള പ്രാധാന്യമെന്താണ്?

ദളിത് ബഹുജന്‍ രാഷ്ട്രീയം ശക്തമായ ഒരു സ്ഥലമല്ല കേരളം. അത് ഉറപ്പിച്ച് തന്നെ പറയേണ്ടതാണ്. ചില ദളിത് മുന്നേറ്റങ്ങളുണ്ട്, ആദിവാസി മുന്നേറ്റങ്ങളുണ്ട്, ബഹുജന്‍ രാഷ്ട്രീയം പറയുന്ന ചില ചെറുകിട രാഷ്ട്രീയപാര്‍ട്ടികളുണ്ട് എന്നതിനപ്പുറം തെരഞ്ഞെടുപ്പ് പോലുള്ള സംരഭത്തെ സ്വാധീനിക്കാനുള്ള രാഷ്ട്രീയശാഖയായി ദളിത് ബഹുജന്‍ രാഷ്ട്രീയം ഇനിയും ഉയര്‍ന്നുവരാത്തൊരു സ്ഥലമാണ് കേരളം. എന്നാല്‍ അതിന്റെ ചില പ്രാതിനിധ്യങ്ങളുണ്ട്.

ദളിത് -മുസ്ലീം ഐക്യത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ചില പ്ലാറ്റ്‌ഫോമുകളെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കാറുണ്ട്. ഇതൊന്നും നേരിട്ട് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാറില്ല. ദളിത് സംഘടനകളില്‍ നിന്നും ആദിവാസി സംഘടനകളില്‍ നിന്നും രണ്ട് പക്ഷത്തും പിന്തുണ കൊടുക്കുന്ന വിഭാഗങ്ങളുണ്ട്. ചിലയിടത്ത് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. അതിനപ്പുറത്തേക്ക് സംഘടിതമായ രാഷ്ട്രീയശക്തിയായി ഇനിയും അവര്‍ ഉദിച്ചുയര്‍ന്നിട്ടില്ലെന്നാണ് സത്യം.

രാഷ്ട്രീയ പ്രാതിനിധ്യം എന്നുള്ളത് സി.കെ ജാനുവാണ്. സി.കെ ജാനു ഇടതുപക്ഷത്തിന് പിന്തുണ കൊടുത്തിട്ടുണ്ട്. ഗീതാനന്ദന്‍ കോണ്‍ഗ്രസിനും പിന്തുണ കൊടുത്തിട്ടുണ്ട്. പുന്നല ശ്രീകുമാറിനെ പോലെയുള്ള നേതാക്കള്‍ ഇടതുപക്ഷപാളയത്തിലാണുള്ളത്. സി.എസ്.ഡി.എസ് പോലുള്ളവയൊക്കെ ഇടതിനൊപ്പമാണുള്ളത്.

എന്‍.ഡി.എയുടെ ഭാഗമായി നില്‍ക്കുന്ന പട്ടികജാതി സംഘടനകളും ഉണ്ട്. ഒരു ബഹുജന്‍ രാഷ്ട്രീയമെന്ന് വിളിക്കാവുന്ന നിലയില്‍ സ്വതന്ത്രപദവി നേടിയ വിഭാഗമായി ദളിതരേയോ ആദിവാസികളേയോ നിങ്ങള്‍ക്ക് കാണാന്‍ പറ്റില്ല.

മുസ്‌ലിങ്ങളില്‍ സംഘടിത വിഭാഗങ്ങള്‍ യു.ഡി.എഫിനൊപ്പമാണ്. ക്രിസ്ത്യാനികളും യു.ഡി.എഫിനൊപ്പമാണ്. ഒരുപക്ഷെ ഭാവി രാഷ്ട്രീയത്തില്‍ ദളിത്- മുസ്‌ലിം ഐക്യമോ ദളിത്-ബഹുജന്‍ രാഷ്ട്രീയമോ പ്രധാനമായിരിക്കും. ഇപ്പോള്‍ ഏതായാലും അതൊരു സ്വാധീനഘടകമല്ല.

ദളിത് രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന ചില രാഷ്ട്രീയകക്ഷികള്‍ കേരളത്തില്‍ മത്സരിക്കുന്നുണ്ട്?

ഇത്തരമൊരു രാഷ്ട്രീയസാഹചര്യത്തില്‍ അ്ത് ഗുണപരമായി കരുതുന്നില്ല. ചെറിയ സ്ഥാനാര്‍ത്ഥികളെ പലയിടത്തും നിര്‍ത്തി ചെറിയ വോട്ടുകള്‍ പിടിക്കുന്നതും ഗുണപരമായ കാര്യമല്ല.

കാരണം അവര്‍ മുന്നോട്ടുവെക്കുന്ന ഒരു കാര്യവും ഒരു ചര്‍ച്ചയിലും വരാന്‍ പോകുന്നില്ല. അവര്‍ അയ്യായിരമോ പതിനായിരമോ വോട്ട് പിടിക്കുമ്പോള്‍ വേറെ ചില മുന്നണികള്‍ക്കായിരിക്കും ഗുണം ചെയ്ത വരിക. അതുകൊണ്ട് അത്തരം സംഗതികളെ മാറ്റി നിര്‍ത്തിയിട്ട് രാജ്യം നേരിടുന്ന വെല്ലുവിളികളില്‍ നിന്ന് കരകയറാനുള്ള രാഷ്ട്രീയയുദ്ധമായിട്ട് ഈ തെരഞ്ഞെടുപ്പിനെ കാണണം.

അങ്ങനെ കാണുകയാണെങ്കില്‍ ബി.ജെ.പിയേ എങ്ങനെ പരാജയപ്പെടുത്താം എന്നത് തന്നെയാണ് ആലോചിക്കേണ്ടത്. അങ്ങനെ നോക്കുമ്പോള്‍ ബി.ജെ.പിയ്‌ക്കെതിരെ അനുയോജ്യരായ സ്ഥാനാര്‍ത്ഥികളെ മുന്നണി നോക്കാതെ വോട്ട് ചെയ്ത് വിജയിപ്പിക്കുക എന്നതാണ് കേരളത്തിലെ വോട്ടര്‍മാര്‍ ചെയ്യേണ്ടത്. അത്തരമൊരു രാഷ്ട്രീയപ്രബുദ്ധത കേരളം കാണിക്കേണ്ടതാണ്.

ബി.ജെ.പിയെ അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്താന്‍ ഉതകുന്ന രാഷ്ട്രീയവും സഖ്യവും നിലവില്‍ പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ ഉണ്ടോ?

ഇവിടെ കോണ്‍ഗ്രസ് പാര്‍ട്ടിയുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ട്. നിരവധി രാഷ്ട്രീയപാര്‍ട്ടികളുണ്ട്. എന്നാല്‍ ഇവരാരും യഥാര്‍ത്ഥത്തില്‍ ബി.ജെ.പി-സംഘപരിവാര്‍ ഉയര്‍ത്തുന്ന രാഷ്ട്രീയമായ ഭീഷണിയെ നേരിടാന്‍ പ്രാപ്തിയുള്ള വീക്ഷണങ്ങളുമായി നിലയുറപ്പിച്ച പാര്‍ട്ടികളല്ല.

കഴിഞ്ഞ 5 വര്‍ഷത്തിനിടയ്ക്ക് നിര്‍ണായകമായി ഇടപെടാവുന്ന നോട്ടുനിരോധനം, കര്‍ഷക ആത്മഹത്യകള്‍, മുസ്‌ലിങ്ങള്‍ക്കെതിരായ വിദ്വേഷങ്ങള്‍, ദളിതര്‍ക്കെതിരായ ആക്രമണങ്ങള്‍ എന്നിവയിലൊന്നും ഫലപ്രദമായി ഇടപെടാന്‍ പ്രതിപക്ഷകക്ഷികള്‍ക്കായിട്ടില്ല.

അതിനുതകുന്ന പ്രതിപക്ഷ പ്രത്യയശാസ്ത്രം ഇന്ത്യയില്‍ ഇല്ല എന്നുള്ളതാണ് എന്നെ ഭയപ്പെടുത്തുന്ന ഒരു കാര്യം. മോദി പറയുന്ന ഹിന്ദുത്വ ദേശീയതയുടെ വകതിരിവുകള്‍ മാത്രമാണ് മറ്റ് രാഷ്ട്രീയകക്ഷികള്‍ പറയുന്നത്. മറ്റൊരു പൊളിറ്റിക്കല്‍ നരേറ്റീവ് ഇന്ത്യയിലില്ല എന്നതാണ് പ്രശ്‌നം.

എന്നാല്‍ മോദിയുടെ ഭരണം അപകടകരമാണെന്ന് ബോധ്യപ്പെട്ട ഒരു കൂട്ടം പൗരന്‍മാര്‍ ഇവിടെയുണ്ട്. ചില സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുന്നുമുണ്ട്. അതുകൊണ്ട് മോദിയെ പുറത്താക്കുന്നത് അസാധ്യമാണെന്ന് കരുതേണ്ടതില്ല.

ഈ രണ്ട് സാഹചര്യങ്ങളെ മുന്‍നിര്‍ത്തി ഒരുപക്ഷെ തെരഞ്ഞെടുപ്പ് അനന്തര സമയത്ത് ഐക്യം ഈ കക്ഷികള്‍ക്കിടയില്‍ ഉണ്ടാകാം. ആ ഐക്യം ഇപ്പോഴത്തെ ഭരണകക്ഷിയെ പുറത്താക്കാനുള്ള കരുത്ത് നേടിയേക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡൂള്‍ന്യൂസ് ഡെസ്‌ക്