| Sunday, 11th November 2018, 5:27 pm

കത്തിക്കേണ്ടത് തന്ത്രസമുച്ചയം; ബ്രാഹ്മണന്റെ കാല് കഴുകിയ വെള്ളം കുടിക്കാന്‍ ഇനി ഞങ്ങളെ കിട്ടില്ല: സണ്ണി എം. കപിക്കാട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ശബരിമലയില്‍ സ്ത്രീകള്‍ കയറേണ്ട എന്ന് പറയുന്നവര്‍ തന്ത്രസമുച്ചയം എന്ന പുസ്തകം വായിച്ചുനോക്കണമെന്ന് ദളിത് ചിന്തകനും എഴുത്തുകാരനുമായ സണ്ണി എം. കപിക്കാട്. രാഹുല്‍ ഈശ്വര്‍ പറഞ്ഞത് പോലെ രക്തം വീണാലോ മൂത്രമൊഴിച്ചാലോ മാത്രമല്ല പട്ടികജാതിക്കാര്‍ കയറിയാലും ശബരിമല പോലുള്ള ക്ഷേത്രങ്ങള്‍ അശുദ്ധമാകുമെന്ന് തന്ത്രസമുച്ചയത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മൂവാറ്റുപുഴ മരടിയില്‍ നാഷണല്‍ ഫോറം ഫോര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫ് സോഷ്യല്‍ ജസ്റ്റിസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“തന്ത്രസമുച്ചയത്തില്‍ പറയുന്ന ഒരു കാര്യം ശബരിമല പോലുള്ള ക്ഷേത്രം അശുദ്ധമാകാന്‍ രക്തം, കഫം, മലം, മൂത്രം, വിയര്‍പ്പ്, ആര്‍ത്തവം ഇവയൊക്കെയാണ്. പിന്നെയുമുണ്ട്… തീര്‍ന്നിട്ടില്ല ലിസ്റ്റ് ചണ്ഡാളര്‍, ഇപ്പറയുന്ന താന്ത്രികസമുച്ചയത്തിലുള്ള കാര്യമാണ് ഞാന്‍ പറയുന്നത്. ഇവിടെ ആരെങ്കിലും സ്ത്രീകളവിടെ പ്രവേശിക്കരുത് എന്ന് വാശിപിടിക്കുന്നുണ്ടെങ്കില്‍ അവരതൊന്ന് വായിച്ചുനോക്കണം.”

ALSO READ: മന്ത്രി ജി.സുധാകരന്റെ ഭാര്യ കേരളാ സര്‍വ്വകലാശാലയിലെ പദവി രാജിവച്ചു

ഇവര്‍ സുപ്രീംകോടതിയില്‍ കൊടുത്ത കേസ് ജയിക്കാന്‍ വേണ്ടി, സ്ത്രീകളെ അകത്തേക്ക് പ്രവേശിപ്പിക്കാതിരിക്കാന്‍ വേണ്ടി, തന്ത്രികള്‍ കോടതിയില്‍ കൊടുത്ത പുസ്തകത്തിന്റെ പേരാണ് തന്ത്രസമുച്ചയം. അതിനകത്ത് പറയുന്നത് രക്തം, കഫവും മലവും മൂത്രവും മാത്രമല്ല പട്ടികജാതിക്കാര്‍ കയറിയാലും പിന്നോക്കക്കാര്‍ കേറിയാലും ആ ക്ഷേത്രം അശുദ്ധമാകും എന്നാണ്.


അത് പരിഷ്‌കരിച്ചല്ലോ. ഇപ്പോ പട്ടികജാതിക്കാരെ വിളിച്ചുകൊണ്ടല്ലേ പോകുന്നത്. പിന്നോക്കക്കാരെ അവര് വിളിച്ചുകൊണ്ടല്ലേ പോകുന്നത്. ആ ആചാരം പരിഷ്‌കരിച്ചിട്ട് ഒന്നും സംഭവിച്ചില്ലല്ലോ എന്നും അദ്ദേഹം ചോദിക്കുന്നു. ശബരിമലയില്‍ ആചാരം പരിഷ്‌കരിച്ചിട്ടില്ല എന്ന് പറയുന്നത് ശുദ്ധതട്ടിപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ക്ഷേത്രത്തില്‍ അശുദ്ധിയുണ്ടായാല്‍ ശുദ്ധിയാക്കേണ്ടതെങ്ങനെയാണ് എന്നത് തന്ത്രസമുച്ചയത്തില്‍ പറയുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ALSO READ: നെയ്യാറ്റിന്‍കര കൊലപാതകം: ഡി.വൈ.എസ്.പി ഹരികുമാറിനെ സഹായിച്ചയാള്‍ പിടിയില്‍

“മൂന്ന് വഴികളാണ് തന്ത്രസമുച്ചയം പറയുന്നത്. ഒന്ന് പശുവിനെയും കിടാവിനെയും കൊണ്ട് കെട്ടുക, പശു അവിടെ മൂത്രമൊഴിച്ച് ചാണകമിട്ട് കളയുമ്പോ ശരിയായിക്കോളും. രണ്ടാമതൊരു വഴി ബ്രാഹ്മണന്റെ കാല് കഴുകിയ വെള്ളമൊഴിക്കുക, മൂന്ന് ബ്രാഹ്മണന്റെ ഉച്ഛിഷ്ടം ഭക്ഷിക്കുക.”

പശുവിനെയും കിടാവിനെയുമൊക്കെ നിങ്ങള്‍ നോക്കിക്കോണം. പിന്നെ പറഞ്ഞ രണ്ട് കാര്യങ്ങളും ഈ കേരളത്തില്‍ നടക്കില്ല. അതിന് സുകുമാരന്‍ നായരല്ല, ശ്രീധരന്‍പിള്ളയല്ല, ആരായാലും അനുവദിച്ച് തരില്ല, ഇതാണ് ഞങ്ങള്‍ പറയുന്ന കാര്യം- അദ്ദേഹം പറഞ്ഞു.

ബ്രാഹ്മണന്റെ കാല് കഴുകിയ വെള്ളം കുടിക്കാന്‍ ഇനി ഞങ്ങള്‍ തയ്യാറല്ല. തന്ത്രസമുച്ചയം വെച്ച് ഇവിടത്തെ സംഘികള്‍ വിചാരിക്കുന്നുണ്ട് എങ്കില്‍ ഭരണഘടനയെ ഉയര്‍ത്തിപിടിച്ചുകൊണ്ട് ഇന്ത്യന്‍ രാഷ്ട്രത്തിന്റെയും ഇന്ത്യന്‍ സമൂഹത്തിന്റെയും അന്തസ് സംരക്ഷിക്കാനുള്ള പുതിയൊരു പ്രസ്ഥാനം ഇവിടെ രൂപപ്പെട്ടുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more