അന്ന് ഏത് രോഗത്തിന്റെ പേരിലാണ് പുലയനെ മാറ്റിനിര്‍ത്തിയത്; സുരക്ഷിത അകലത്തെ അയിത്തത്തോടുപമിച്ച യോഗക്ഷേമസഭയോട് സണ്ണി എം. കപിക്കാട്
കോഴിക്കോട്: കൊവിഡ് മാര്‍ഗനിര്‍ദേശത്തെ അയിത്തവുമായി കൂട്ടിക്കെട്ടിയ യോഗക്ഷേമസഭയുടെ സ്വസ്തി ത്രൈമാസികയുടെ എഡിറ്റോറിയല്‍ മനുഷ്യവിരുദ്ധമെന്ന് ദളിത് ചിന്തകന്‍ സണ്ണി എം. കപിക്കാട്. ഏറ്റവും മനുഷ്യവിരുദ്ധവും സാമൂഹികവിരുദ്ധവുമായ കാര്യമാണ് അയിത്തത്തെ, കൊവിഡ് മാര്‍ഗ നിര്‍ദേശത്തിലെ സുരക്ഷിത അകലവുമായി ബന്ധപ്പെടുത്തിയതിലൂടെ യോഗക്ഷേമസഭ ചെയതതെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.
സണ്ണി എം.കപിക്കാടിന്റെ വാക്കുകളിലേക്ക്:-
കൊറോണ പോലെ അതീവഗൗരവമുള്ള മഹാമാരി പടരുന്ന ഘട്ടത്തില്‍ ഞങ്ങളുടെ പാരമ്പര്യമായിരുന്നു ഏറ്റവും ശരി എന്ന് പറയുന്നവര്‍ അത്രമേല്‍ മനുഷ്യവിരുദ്ധരായിരിക്കുമെന്നാണ് പറയാനുള്ളത്. ഈ സമയത്തെ ഒരിക്കല്‍പോലും മറ്റൊന്നിനും ന്യായീകരണമായി എടുക്കാന്‍ പാടില്ല എന്നിരിക്കെ അത് ന്യായീകരിച്ചെടുക്കുന്നു എന്നുള്ളിടത്താണ് അതിന്റെ പ്രശ്‌നം കിടക്കുന്നത്.
അവര് പറയുന്ന സാമൂഹിക അകലമല്ല യഥാര്‍ത്ഥത്തില്‍ അയിത്തമെന്നത്. സാമൂഹിക അകലമെന്ന വാക്കില്‍ തന്നെ പ്രശ്‌നമുണ്ടെന്ന് നേരത്തെ പറഞ്ഞിട്ടുള്ളതാണ്. സുരക്ഷിത അകലം എന്ന വാക്കേ നമ്മള്‍ ഉപയോഗിക്കാവൂ. സാമൂഹിക അകലം എന്ന് പറയുന്നത് തന്നെ ഇങ്ങനെ ഒരു പാലം അങ്ങോട്ട് പണിയുമെന്ന് എനിക്ക് അന്നേ ഉറപ്പാണ്. അന്നേ വിമര്‍ശിക്കുന്നുണ്ട് സാമൂഹിക അകലം എന്ന വാക്ക് ഉപയോഗിക്കരുത് മറിച്ച് നമ്മള്‍ സുരക്ഷിത അകലം എന്നാണ് ഉപയോഗിക്കേണ്ടത് എന്ന്. സുരക്ഷിത അകലം എന്ന വാക്കായിരുന്നെങ്കില്‍ സ്വസ്തി ഒരിക്കലും ഇങ്ങനെ ഇറങ്ങില്ലായിരുന്നു.
ഇവരോട് നമുക്ക് ഒറ്റവിമര്‍ശനമേ ഉള്ളൂ. ഈ പറയുന്ന കിണ്ടിയെടുത്ത് രണ്ട് കൈയിലെടുത്ത് കഴുകുന്നതും അന്ന് പുലര്‍ത്തിയ വിദൂരസ്ഥതയും എന്തിനായിരുന്നു എന്നാണ് പറയേണ്ടത്. അന്ന് ഏതെങ്കിലും മഹാരോഗത്തിന്റെ ഭാഗമായിട്ടാണോ അങ്ങനെ ചെയ്തത്. മറിച്ച് അന്നവര്‍ ചെയ്തത് 64 അടി പുലയന്‍ മാറി നില്‍ക്കണമെന്നാണ് അവര്‍ പറഞ്ഞത്. നായാടി 96 അടി മാറിനില്‍ക്കണമെന്നാണ് പറഞ്ഞിട്ടുള്ളത്. പുലയനും നായാടിയ്ക്കും രോഗമുണ്ടോ അന്ന് അവരാരും പരിശോധിച്ചിട്ടില്ല.
അതിഭീകരമായ മനുഷ്യവിരുദ്ധമായ ഒരു സംഗതിയേ ഈ ഘട്ടത്തില്‍ പോയി ന്യായീകരിക്കാന്‍ എങ്ങനെ കഴിയുന്നു. ഐ.എ.എസുകാരെല്ലാം ആ മാസികയില്‍ എഴുതിയിട്ടുണ്ടെന്നാണ് പറയുന്നത്. ഇവര്‍ക്കൊക്കെ എങ്ങനെയാണ് ഐ.എ.എസ് കിട്ടിയത്.
പണ്ടുണ്ടായിരുന്ന അങ്ങേയറ്റം മനുഷ്യവിരുദ്ധമായിട്ടുള്ള അയിത്തത്തെ കൊറോണക്കാലത്ത് ന്യായീകരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ എത്രത്തോളം സാമൂഹിക വിരുദ്ധരാണ് എന്നാണ് എനിക്ക് അവരോട് ചോദിക്കാനുള്ളത്.
ഇന്ന് നമ്മള്‍ മാറി നില്‍ക്കണം എന്ന് പറയുന്നത് രോഗം പടരാതിരിക്കാന് വേണ്ടിയാണ്. അന്ന് അതിനായിരുന്നോ പറഞ്ഞിരുന്നത്. അതിനുത്തരം അവര്‍ പറയട്ടെ. വി.ടി ഭട്ടതിരിപ്പാടിന് പകരം സൂര്യനമ്പൂതിരിപ്പാടിനെ തിരിച്ചുകൊണ്ടുവരാനാണ് സ്വസ്തി ശ്രമിക്കുന്നത്.
ബ്രാഹ്മണ്യം എന്ന് പറയുന്നത് കേരള ചരിത്രത്തിന്റെ ഒരുഘട്ടത്തിലും ഗുണം തന്നിട്ടുള്ള പാരമ്പര്യമല്ല.