ലോകത്തെ മനുഷ്യരെല്ലാം തുല്യരാണെന്ന തത്വചിന്ത ഈ പറയുന്ന സനാതവാദികള്‍ അംഗീകരിക്കുമോ: സണ്ണി എം. കപ്പിക്കാട്
Kerala News
ലോകത്തെ മനുഷ്യരെല്ലാം തുല്യരാണെന്ന തത്വചിന്ത ഈ പറയുന്ന സനാതവാദികള്‍ അംഗീകരിക്കുമോ: സണ്ണി എം. കപ്പിക്കാട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th September 2023, 10:32 pm

കോഴിക്കോട്: സനാതനവാദികളായ ആളുകള്‍ എന്താണ് സനാതനധര്‍മം എന്ന് ആദ്യം പറയേണ്ടതുണ്ടെന്ന് സണ്ണി എം. കപ്പിക്കാട്. സനാതന ധര്‍മത്തെ നിരന്തരം തള്ളിപ്പറഞ്ഞ ചരിത്രം ഇന്ത്യക്കുണ്ടെന്നും ഇന്ത്യന്‍ സമൂഹം നവീകരിക്കണമെന്നും മനുഷ്യന്‍ മനുഷ്യനായി ജീവിക്കണമെന്നും കരുതിയവരെല്ലാം പല സമയങ്ങളില്‍ ഇതിനെതിരായി നിന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ സനാതനധര്‍മത്തെ കുറിച്ചുള്ള പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ മനോരമ ന്യൂസ് കൗണ്ടര്‍ പോയിന്റില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു സണ്ണി എം. കപ്പിക്കാട്. സനാതനവാദം രാജ്യത്തെ 80ശതമാനം വരുന്ന ആളുകളുടെ കാര്യമാണെന്നത് വെറും വീമ്പത്തരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സണ്ണി എം. കപ്പിക്കാടിന്റെ വാക്കുകള്‍

എന്താണ് സനാതന ധര്‍മം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അതിനായി വാദിക്കുന്നവര്‍ പറഞ്ഞുതരണം. വേദ ഇതിഹാസങ്ങളുടെയും പുരാണങ്ങളുടെയും അതിനെ തുടര്‍ന്നണ്ടായ ആചാര അനുഷ്ടനാങ്ങളുടെയും ബോധ്യവും അത് മുന്നോട്ടുവെക്കുന്ന മനുഷ്യ സങ്കല്‍പ്പവും സമൂഹ സങ്കല്‍പ്പവും പിന്തുടരുന്നവരാണ് സനാതികള്‍ എന്നാണ് ഞാന്‍ മനസിലാക്കുന്നത്.

എന്ത് സമൂഹ്യ സങ്കല്‍പ്പമാണ് ഇവരീപ്പറയുന്ന ‘പുരതാന പവിത്ര’ ഇന്ത്യക്കുള്ളത്. വര്‍ണാശ്രമ ധര്‍മത്തിന്റെയും ജാതിയുടെയും സമൂഹ സങ്കല്‍പ്പം ആധുനിക സമൂഹത്തിന് യോചിച്ചതാണോ. ലോകത്ത് ജനിക്കുന്ന മനുഷ്യരല്ലാം തുല്യരാണെന്നുള്ള തത്വചിന്ത ഇവരീ വാദിക്കുന്ന സനാതന ധര്‍മം പഠിപ്പിക്കുന്നുണ്ടോ.

 

ഉദയനിധി പറഞ്ഞതില്‍ ഒരു തെറ്റും ഇല്ലെന്ന് വിചാരിക്കുന്നയാളാണ് ഞാന്‍. ഇത് ഉദയനിധിയുടെ കണ്ടുപിടുത്തമൊന്നുമല്ല. സനാതന ധര്‍മത്തെ നിരന്തരം തള്ളിപ്പറഞ്ഞ ചരിത്രം ഇന്ത്യക്കുണ്ട്. ഇന്ത്യന്‍ സമൂഹം നവീകരിക്കണമെന്നും മനുഷ്യന്‍ മനുഷ്യനായി ജീവിക്കണമെന്നും കരുതിയവരെല്ലാം മനുഷ്യവുരുദ്ധമായ ഈ ധാര്‍മിക വ്യവസ്ഥയെ തള്ളിപ്പറഞ്ഞിട്ടുണ്ട്.

സനാതനവാദം രാജ്യത്തെ 80ശതമാനം വരുന്ന ആളുകളുടെ കാര്യമാണെന്ന് ആരും വീമ്പ് പറയേണ്ട. ഇത് വ്യക്തമായും രാജ്യത്തെ ബ്രാഹ്മണിക്കല്‍ സവര്‍ണ ഹിന്ദുവിന്റെ താല്‍പര്യമാണ്. ബ്രാഹ്മണനെ പൂജിക്കണം എന്ന് പറയാത്ത ഒരു ഇതിഹാസ പുസ്തകവും ഇന്ത്യയിലില്ല.

ആധുനിക സമൂഹത്തില്‍ അച്ഛന്‍ ചെയ്യേണ്ട തൊഴിലല്ല മകന്‍ ചെയ്യേണ്ടത്. ചെരുപ്പുകുത്തിയുടെ മകന്‍ ചെരുപ്പ് കുത്തിയാകരുതെന്ന് ഭരണകൂടം ആഗ്രഹിക്കുമ്പോഴാണ്, അത് പുരോഗമനപരമാകുന്നത്. അല്ലാതെ അവന് വലിയ ചെരുപ്പുകുത്തിയുടെ കട ഉണ്ടാക്കിക്കൊടുക്കുന്നത് ജാതിയെ നിലനിര്‍ത്തുന്നതാണ്. ഇതാണ് സനാതികള്‍ ആഗ്രഹിക്കുന്നത്.

Content Highlight: Sunny M. Kapicadu said that people who are sanadhanists should first say what sanadhandharma