| Wednesday, 10th March 2021, 4:20 pm

'അന്ന് അവാര്‍ഡ് ഷോകളില്‍ നിന്നും പുറത്താക്കി, ഇന്ന് ഞാന്‍ എവിടെയെത്തിയെന്ന് കണ്ടോ'; ബോളിവുഡിലെ ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ് സണ്ണി ലിയോണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യ മുഴുവന്‍ ആരാധകരുള്ള ബോളിവുഡ് താരമാണ് നടി സണ്ണി ലിയോണി. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ സിനിമയില്‍ തന്റേതായ ഇടം ഉറപ്പിച്ച നടിയാണ് സണ്ണി ലിയോണി. താന്‍ ജീവിതത്തില്‍ നേരിട്ട വിവിധ പ്രശ്‌നങ്ങളെ കുറിച്ചും അവയെല്ലാം തരണം ചെയ്ത് മുന്നോട്ടുപോയതിനെ കുറിച്ചും സംസാരിക്കുകയാണ് നടി ഇപ്പോള്‍. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു സണ്ണി തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്.

മാര്‍ച്ച് എട്ട് വനിതാദിനത്തില്‍ മോജിഇന്ത്യ എന്ന ആപ്പ് നടത്തിയ #Unfiltered എന്ന ക്യാംപെയ്‌നിന്റെ ഭാഗമായിട്ടായിരുന്നു സണ്ണി ലിയോണിയുടെ വീഡിയോ. ചെറിയ ടെക്‌സ്റ്റുകളിലൂടെയാണ് പല സംഭവങ്ങളും നടി പറഞ്ഞുവെക്കുന്നത്.

21ാം വയസ്സില്‍ വിദ്വേഷ മെയിലുകള്‍, മുന്‍വിധിയും സ്ത്രീവിരുദ്ധവുമായ കമന്റുകള്‍, ഡാന്‍സ് ചുവടുകളുടെ പേരില്‍ വിമര്‍ശനം, സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്നും ഓഫറുകളോ പിന്തുണയോ ലഭിച്ചില്ല, അവാര്‍ഡ് ഷോകളില്‍ നിന്നും പുറത്താക്കി എന്നിങ്ങനെ സിനിമാമേഖലയില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങളാണ് സണ്ണി ലിയോണി വീഡിയോയുടെ ആദ്യ ഭാഗത്ത് പറയുന്നത്.

എന്നാല്‍ ഇന്ന് താന്‍ സ്വപ്‌നതുല്യമായ ജീവിതമാണ് നയിക്കുന്നതെന്ന് അടുത്ത ഭാഗത്തില്‍ സണ്ണി ലിയോണി പറയുന്നു. ബേബി ഡോള്‍ എന്ന എക്കാലത്തെയും വലിയ ബ്ലോക്ക് ബസ്റ്റര്‍ നല്‍കാനായെന്നും മേക്കപ്പ് പ്രൊഡക്ടുകളുടെ പുതിയ ബ്രാന്റ് തുടങ്ങി ബിസിനസില്‍ വിജയിക്കാനായെന്നും സണ്ണി പറയുന്നു. ഒപ്പം മനോഹരമായ ഒരു കുടുംബവും തനിക്കുണ്ടെന്ന് സണ്ണി കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ ആരാണോ അതില്‍ ഞാന്‍ അഭിമാനിക്കുന്നു. സ്വന്തം അധ്വാനത്തിലൂടെ വളര്‍ന്നുവന്ന സ്ത്രീയാണ് ഞാന്‍,’ സണ്ണി ലിയോണി വീഡിയോയുടെ അവസാന ഭാഗത്ത് പറയുന്നു.

നിരവധി പേരാണ് വീഡിയോയുടെ താഴെ സണ്ണിയെ പിന്തുണച്ച് എത്തിയിരിക്കുന്നത്. സണ്ണി മികച്ച ഒരു വ്യക്തി കൂടിയാണെന്നും എല്ലാവര്‍ക്കും പ്രചോദനമാണെന്നുമാണ് മിക്ക കമന്റുകളും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Sunny Leone shares her bad experience in Bollywood

We use cookies to give you the best possible experience. Learn more