സണ്ണി ലിയോണിന്റെ പേരില്‍ ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ മഹ്താരി വന്ദന്‍ യോജനയില്‍ തട്ടിപ്പ്
national news
സണ്ണി ലിയോണിന്റെ പേരില്‍ ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ മഹ്താരി വന്ദന്‍ യോജനയില്‍ തട്ടിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd December 2024, 12:33 pm

റായ്പൂര്‍: ഛത്തീസ്ഗഡ് സര്‍ക്കാര്‍ നടപ്പിലാക്കുന്ന മഹ്താരി വന്ദന്‍ യോജന പദ്ധതിയില്‍ തട്ടിപ്പ്. വിവാഹിതരായ സ്ത്രീകള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്ന പദ്ധതിയാണ് മഹ്താരി വന്ദന്‍ യോജന. ബസ്തര്‍ മേഖലയിലെ തലൂര്‍ ഗ്രാമത്തിലാണ് തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്തത്.

വ്യാജ അക്കൗണ്ട് തുറന്ന് സംഘം പണം തട്ടുകയായിരുന്നു. അഭിനേത്രി സണ്ണി ലിയോണിന്റെ പേരിലാണ് തട്ടിപ്പ് സംഘം വ്യാജ അക്കൗണ്ട് തുറന്നത്. പ്രതിമാസം 1000 രൂപയാണ് സര്‍ക്കാര്‍ പദ്ധതിയിലൂടെ അനുവദിക്കുന്നത്.

തട്ടിപ്പ് നടത്തിയ സംഘം പ്രതിമാസം 1000 രൂപ സണ്ണി ലിയോണിന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിലൂടെ കൈപ്പറ്റുകയായിരുന്നു. മാര്‍ച്ച് മുതല്‍ ഈ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണ് വിവരം. അടുത്തിടെ നടന്ന പരിശോധനയിലാണ് തുക നിക്ഷേപിച്ച അക്കൗണ്ടുകളില്‍ ഒന്ന് സണ്ണി ലിയോണിന്റേതാണെന്ന് തിരിച്ചറിഞ്ഞത്.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനും ബാങ്ക് അക്കൗണ്ട് കണ്ടുകെട്ടാനും സര്‍ക്കാര്‍ ഉത്തരവിട്ടു. തട്ടിപ്പ് നടന്ന വിവരം പുറത്തുവന്നതിന് പിന്നാലെ പൊലീസ് പ്രതിയെ പിടികൂടി. വീരേന്ദ്ര ജോഷി എന്നയാളാണ് തട്ടിപ്പിന് പിന്നില്‍. ഇയാള്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.

താലൂരിലെ അംഗനവാടി ജീവനക്കാരിയായ വേദമതി ജോഷിയുടെ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ചാണ് സംഘം അപേക്ഷ രജിസ്റ്റര്‍ ചെയ്തതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അംഗനവാടി ജീവനക്കാരിയും തട്ടിപ്പ് സംഘത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം തട്ടിപ്പ് വിവാദമായതോടെ ബി.ജെ.പി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. പദ്ധതിയുടെ 70 ലക്ഷം ഗുണഭോക്താക്കളില്‍ പകുതിയിലധികവും വ്യാജമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

മരണപ്പെട്ട ആളുകളുടെ അക്കൗണ്ടുകളിലേക്ക് ഉള്‍പ്പെടെ പണം നിക്ഷേപിക്കുന്നുണ്ടെന്ന് ഛത്തീസ്ഗഡ് പി.സി.സി ചീഫ് ദീപക് ബൈജ് പറഞ്ഞു.

നേരത്തെ പദ്ധതിയില്‍ അഴിമതിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ജയവര്‍ധന്‍ ബാഗേല്‍ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സണ്ണി ലിയോണിന്റെ പേരില്‍ വ്യാജ അക്കൗണ്ട് തുറന്ന് തട്ടിപ്പ് നടത്തിയ വിവരം പുറത്തുവരുന്നത്.

Content Highlight: ‘Sunny Leone’ Fake Beneficiary Scandal: Chhattisgarh Man Booked For Fraud In Mahtari Vandan Yojana