'ഇവിടം യുവാക്കള്‍ക്ക് സുരക്ഷിതമല്ലായി തീര്‍ന്നിരിക്കുന്നു'; ജെ.എന്‍.യു അക്രമസംഭവത്തില്‍ പ്രതികരണവുമായി സണ്ണി ലിയോണി
JNU
'ഇവിടം യുവാക്കള്‍ക്ക് സുരക്ഷിതമല്ലായി തീര്‍ന്നിരിക്കുന്നു'; ജെ.എന്‍.യു അക്രമസംഭവത്തില്‍ പ്രതികരണവുമായി സണ്ണി ലിയോണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th January 2020, 6:01 pm

ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധമറിയിച്ച് നടി സണ്ണി ലിയോണി രംഗത്ത്. ഇപ്പോള്‍ നടക്കുന്ന അക്രമസംഭവങ്ങള്‍ മൂലം യാവാക്കള്‍ക്ക് ഈ ലോകം സുരക്ഷിതമല്ലെന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നതെന്ന് പറഞ്ഞ നടി ഈ അവസ്ഥ ഏറെ വേദനിപ്പിക്കുന്നതാണെന്നും പറഞ്ഞു.

‘അക്രമത്തിനിരയായവര്‍ മാത്രമല്ല അവരുടെ കുടുംബങ്ങള്‍ കൂടിയാണ് ഒപ്പം വേദനിക്കുന്നത്. ഇങ്ങിനെ പരസ്പരം ആക്രമിക്കുന്നത് നിര്‍ത്തണമെന്ന് ഞാന്‍ അപേക്ഷിക്കുകയാണ്. പരസ്പരം ആക്രമിക്കാതെ ഒരു പരിഹാരം കണ്ടെത്താന്‍ എല്ലാവരും ശ്രമിക്കണം.’ സണ്ണി ലിയോണ്‍ എ.എന്‍.ഐയോട് പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ പ്രശ്‌നമായി ഞാന്‍ കാണുന്നത് അക്രമസംഭവങ്ങളെ തന്നെയാണ്. അക്രമത്തിലും ഹിംസയിലും ഞാന്‍ വിശ്വസിക്കുന്നില്ല. ഇത്തരം അക്രമങ്ങള്‍ക്ക ഒരു പരിഹാരമുണ്ടാകുമെന്ന് തന്നെയാണ് താന്‍ വിശ്വസിക്കുന്നതെന്നും സണ്ണി കൂട്ടിച്ചേര്‍ത്തു.

DoolNews Video

ജനുവരി അഞ്ചിന് ജെ.എന്‍.യു സര്‍വകലാശാലയില്‍ നടന്ന അക്രമത്തെക്കുറിച്ചുള്ള പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു സണ്ണി ലിയോണി അക്രമത്തെ എതിര്‍ത്തുകൊണ്ടുള്ള മറുപടി നല്‍കിയത്.

മുഖംമൂടി ധരിച്ചെത്തിയ അക്രമി സംഘം വിദ്യാര്‍ത്ഥികളെ ക്രൂരമായി ആക്രമിച്ചതിനെ തുടര്‍ന്ന് ജെ.എന്‍.യു സ്റ്റുഡന്‍സ് യൂണിയന്‍ പ്രസിഡന്റ് അയ്ഷി ഘോഷ് അടക്കം നിരവധി പേര്‍ ആശുപത്രിയിലായിരുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ബോളിവുഡില്‍ നിന്നും അഭിനേതാക്കളും സംവിധായകരുമടക്കം ഒട്ടേറെ പേര്‍ മുന്നോട്ട് വന്നിരുന്നു.